നാട്ടുവൈദ്യന്മാര്‍ക്ക് ചികിത്സ ആവശ്യമുണ്ട്.

ഇന്ത്യയുടെ സ്വന്തമായ ചികിത്സാ സമ്പ്രദായം എന്ന പ്രശസ്തി ആയൂര്‍വേദത്തിനു മാത്രമേയുള്ളു. ഇന്നത്തെ അതിന്റെ അവസ്ഥ എത്ര ദയനീയമാണെന്നിരിക്കിലും സഹസ്രാബ്ദങ്ങളായി ഈ മഹാഭൂഖണ്ഡത്തിലെ കോടിക്കണക്കിനുള്ള മനുഷ്യ സമൂഹത്തിന്റെ ആരോഗ്യം പരിപാലിച്ചു പോന്നത് ആയൂര്‍വേദമാണ് എന്ന സത്യസ്ഥിതിയെ നിഷേധിക്കാന്‍ ആര്‍ക്കുമാകില്ല. ഇന്ന് ലോകരാജ്യങ്ങളില്‍ രണ്ടാമത്തെ ജനസംഖ്യാസ്ഥാനം ഇന്ത്യക്കാണെങ്കില്‍ , അങ്ങനെ മനുഷ്യരെ രോഗവക്രത്തില്‍ നിന്ന് നൂറ്റാണ്ടുകളിലൂടെ മോചിപ്പിച്ച് ജീവിതത്തിന്റെ അനുസ്യൂതിയെ നിലനിര്‍ത്തിയത് ആയൂര്‍വേദത്തിന്റെ നേട്ടമാണ്. മുന്‍ കാലങ്ങളില്‍ രോഗം വന്നവരെ രക്ഷപ്പെടുത്താന്‍ ഈ വൈദ്യരീതിക്ക് സാധിച്ചില്ലായിരുന്നെങ്കില്‍ ആളുകള്‍ മരിച്ചു തീര്‍ന്നു പോയേനേ!

ആയൂര്‍വേദത്തിന് ചികിത്സാജ്ഞാനം മാത്രമല്ല , ഒരു വിശാലമായ സത്യശാസ്ത്രവും ഉണ്ട്. ചികിത്സ മൂന്നു തരത്തിലുണ്ടെന്നു പറയുന്ന ആയൂര്‍വേദം അവയെ രോഗവിപരീതം , ലക്ഷണവിപരീതം, തദര്‍ത്ഥകാരി എന്നാണ് വിഭജിച്ചത്. ഈ വിഭാഗങ്ങളില്‍പെടാത്ത വൈദ്യശാസ്ത്രങ്ങളില്ല. അലോപ്പൊതി രോഗലക്ഷണവിപരീതവും ഹോമിയോപ്പൊതി തദര്‍ത്ഥകാരിയും ഇവ രണ്ടും പലപ്പോഴും രോഗവിപരീതവുമായി പ്രവര്‍ത്തിക്കുന്നു. ത്രിദോഷസിദ്ധാന്തം മനുഷ്യ ശരീരത്തില്‍ പലതരം ശക്തികളുടെ സമാവസ്ഥയാണ് ആരോഗ്യം എന്നു കരുതുന്നു.

‘ പ്രകൃതി ചികിത്സ’ എന പുതിയ വൈദ്യരീതിയും ആയൂര്‍വേദത്തിന് അന്യമോ അപരിചിതമോ അല്ല.

ജീവിതം തട്ടും മുട്ടും കൂടാതെ നയിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ഉറപ്പായിരിക്കണം . അവയാണ് ആയുസ്സും ആരോഗ്യവും സുഖവും. തനിക്ക് വാതവ്യാധിപിടിപെട്ടപ്പോള്‍ കേരളീയനായ സംസ്കൃതമഹാകവി മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പ്രാര്‍ത്ഥിച്ചത് ‘ആയുരാരോഗ്യസൗഖ്യ ‘ത്തിനാണ്. ഇന്ന് അത് എല്ലാവരും അറിയുന്ന ഒരു ശൈലി തന്നെ ആയിട്ടുണ്ട്. ആയൂര്‍വേദം എന്നാല്‍ ആയുസ്സിന്റെ മാത്രം ശാസ്ത്രമാണെന്ന് ധരിക്കരുത്. അത് ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും സുപ്രതിഷ്ഠക്കുള്ള അറിവാണ്.

ആയുസ്സ് എന്നു പറയുമ്പോള്‍ സാധാരണ ജനങ്ങള്‍ ദീര്‍ഘായുസ്സ് എന്നാണ് ഉദ്ദേശിക്കുന്നത്. അത് അത്ര ശരിയല്ല. ആയുസ്സ് ദീര്‍ഘമായാല്‍ പോരാ, ആരോഗ്യപൂര്‍ണ്ണമായിരിക്കണം. ആരോഗ്യമില്ലാത്ത ദീര്‍ഘായുസ് ശാപമായിത്തീരും. ആരോഗ്യമുള്ളടിത്തോളമേ ആയുസ്സിന് വിലയുള്ളു. ആരോഗ്യമുണ്ടായതുകൊണ്ടും പൂര്‍ണ്ണ ഫലമില്ല. സുഖവും വേണം. ദു:ഖപൂര്‍ണ്ണമായാല്‍ മരണം മതി എന്ന് തോന്നിക്കൂടായ്കയില്ല. ആയൂര്‍വേദ വൈദ്യന്മാരെ നാം നാട്ടുവൈദ്യന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. അലോപ്പൊതി വൈദ്യന്മാരെ ഇംഗ്ലീഷ് വൈദ്യരെന്നോ ഡോക്ടര്‍മാരെന്നോ വിളിച്ചു വരുന്നു. വൈദ്യരായാലും ഡോക്ടറായാലും രോഗം ചികിത്സിച്ചു ഭേദമാക്കുക എന്നതാണ് എല്ലാവരുടേയും മുഖ്യപരിപാടി. പക്ഷെ ഇത് വെറും മിനിമം പരിപാടിയാണ്. രോഗം വന്നു പോയാല്‍ പോര, വീണ്ടും വരാതിരിക്കുകയും വേണം. അതിന് വൈദ്യര്‍ രോഗിയെ ചില ആരോഗ്യസത്യങ്ങള്‍ പഠിപ്പിക്കുകയും വേണം.

ആരോഗ്യം സുഖത്തിന് ഹേതുവാകണമെങ്കില്‍ വൈദ്യര്‍ മാനസികമായ ആരോഗ്യത്തെക്കൂടി പരിഗണിക്കണം. ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താന്‍ ദുശ്ശീലങ്ങളും അമിതരീതികളും മനുഷ്യരെ അടിമയാക്കുമ്പോള്‍ ആരോഗ്യവും സൗഖ്യവും ഇല്ലാതാകുന്നു. മനസ്സിനെ നിയന്ത്രിക്കാനാവാത്തവര്‍ക്കാണ് പ്രമേഹവും പലതരം ദഹനവ്യാധികളും വന്നു ചേരുന്നത്. ഭക്ഷണനിയന്ത്രണമില്ലായ്മ കുട്ടികള്‍ക്കു പോലും മഹാരോഗങ്ങള്‍പകര്‍ന്നു കൊടുക്കുന്നു.

ആയൂര്‍വേദ വൈദ്യന്മാര്‍ കുറെക്കാലമായി വെറും മരുന്നു വില്‍പ്പനക്കാരായി ചുരുങ്ങിപ്പോയിട്ടുണ്ട്. ചരകന്‍,സുശ്രുതന്‍, വാഗ്ഭടന്‍ മുതലായ ഭൈഷജ്യ ചിന്തകന്മാരുടെ ഉപദേശങ്ങള്‍ ഈ ഔഷധവ്യാപാരികള്‍ വിലവെക്കാതായിട്ടുണ്ട്. ആയൂര്‍വേദത്തിന് വാണിജ്യവിപണിയില്‍ സ്ഥാനം ഉണ്ടാക്കാന്‍ ധാരാളം പ്രവര്‍ത്തിച്ച കോട്ടയ്ക്കല്‍ പി. എസ്. വാര്യര്‍ ആയൂര്‍വേദത്തില്‍ മഹാപണ്ഡിതന്‍ ആയിരുന്നു. വെറും കച്ചവടസ്ഥാപനമല്ല കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. കേരളത്തിലെ നാ‍ട്ടുവൈദ്യന്മാര്‍ക്കിടയില്‍ അന്തസ്സും ആഭിജാത്യവും വളര്‍ത്തുവാന്‍ അത് ഏറെ സഹായകമായിട്ടുണ്ട്.

ആയൂര്‍വേദ വൈദ്യന്മാര്‍ക്ക് അടിയന്തിരമായി വേണ്ടത് അവരുടെ അപകര്‍ഷതാബോധത്തിന്റെ തിരസ്ക്കാരമാണ്. വൈദ്യന്‍ എന്ന പദം ഉപേക്ഷിച്ച് ഡോക്ടര്‍ എന്നു വയ്ക്കുന്ന ആയൂര്‍വേദ വൈദ്യന്‍ സഹതാപാര്‍ഹനാണ്. ഡോക്ടര്‍ എന്ന വാ‍ക്കിനേക്കാള്‍ അര്‍ത്ഥ മഹത്ത്വം ഉള്ള പദമാണ് വൈദ്യന്‍. ആധുനികശാസ്ത്രത്തിന്റെ അനുഗ്രഹം ഉണ്ടെന്നുള്ള ഒരു മിഥ്യാ ഭ്രമമാണ് അലോപ്പൊതിയുടെ ജനപ്രതിപത്തിയുടെ അടിസ്ഥാനം. ഡോക്ടര്‍ എന്ന് വിളിക്കപ്പെടാനോ സ്റ്റെതസ്കോപ്പ് പ്രദര്‍ശിപ്പിക്കാനോ ആഗ്രഹിച്ചതുകൊണ്ടു മാത്രം നല്ല ചികിത്സ പ്രദാനം ചെയ്യാനാവില്ല. ആയൂര്‍വേദ വൈദ്യന്മാര്‍ക്ക് സാമ്പ്രദായിക വിജ്ഞാനം വേണ്ടുവോളം വേണം. പ്രയോഗനൈപുണ്യവും വേണം . ഡോക്ടറെ അനുകരിക്കാന്‍ ശ്രമിക്കുന്ന നാട്ടുവൈദ്യന്‍ അലോപ്പൊതി ഹിംസാത്മകമായ ചിത്സാരീതിയാണെന്ന് മറക്കുന്നു. ആയൂര്‍വേദം രോഗിയോടു അനുകമ്പയുള്ള ചികിത്സാ പദ്ധതിയാണ്. അനുകമ്പ ചികിത്സയുടെ ഭാഗമാണ് നാട്ടുവൈദ്യന്.

ഈ പാരമ്പര്യ സിദ്ധികള്‍ ഉപേക്ഷിച്ചോ വിസ്മരിച്ചോ ഇംഗ്ലീഷ് മരുന്നിന്റെ പ്രചാരകരായി മാറുന്ന വൈദ്യന്മാര്‍ രണ്ടിടത്തും വേണ്ടാത്തവരായി തീരുന്നു. രോഗീ – വൈദ്യബന്ധം ഏറ്റവും മോശമായ രീതിയില്‍ എത്തിച്ചത് പാശ്ചാത്യ ചികിത്സകരായ ഡോക്ടര്‍മാരാണ്. അവരെ മാതൃകയാക്കുന്നത് ആത്മഹത്യാ പരമായിട്ടേ തീരുകയുള്ളു.

ഔഷധങ്ങള്‍ പരസ്യപ്പെടുത്തുക എന്ന ഹീനമായ രോഗീവശീകരണ വിദ്യ പ്രയോഗിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരല്ല, മരുന്നുണ്ടാക്കുന്ന കൂറ്റന്‍ കമ്പനികള്‍. അവരെ അനുകരിച്ചുകൊണ്ട് ആയൂര്‍വേദ ഔഷധങ്ങളും പരസ്യപ്പെടുത്താന്‍ തല്പരരായി കഴിഞ്ഞിട്ടുണ്ട് വൈദ്യന്മാര്‍. നല്ല ചികിത്സാ സ്ഥാപനം എന്നു പരസ്യപ്പെടുത്തുന്നത് വേണ്ടി വന്നേക്കാം. പക്ഷെ കൂടുതല്‍ നല്ല മരുന്ന് എന്റേതാണ് എന്ന് ഒരു ആയൂര്‍വേദ വൈദ്യനും പരസ്യപ്പെടുത്താന്‍ അധികാരമില്ല.

കാരണം ആയൂര്‍വേദ മരുന്നുകള്‍ എല്ലാം ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടവയാണ്. അവ വിധിപ്രകാരം ഉണ്ടാക്കിയാല്‍ എല്ലാം ഒരു പോലെ ഗുണമുള്ളവയായിരിക്കും. ചിലതു മേത്തരവും ചിലതു താണതരവും ആകാന്‍ ആയൂര്‍വേദത്തില്‍ സാധ്യതയില്ല.

വാഗ്ഭടാചാര്യന്‍ ആരോഗ്യത്തിനും സുജീവിതത്തിനും തമ്മില്‍ വളരെ വലിയ ബന്ധമുണ്ടെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ച വൈദ്യശ്രേഷ്ഠനാണ്. ഏറ്റവും ഫലപ്രദമായ രസായനമായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചത് സത്യം, ക്ഷമ, സര്‍വ്വജീവി സ്നേഹം, ശാന്തത, നന്മ എന്നിവ ചേര്‍ന്ന ജീവിതം നയിക്കലാണ്. സര്‍വ്വരസായനങ്ങളേയും നിഷ്പ്രഭമാക്കുന്ന’ നിത്യരസായനം.’

അതായത് അനാവശ്യമായ സിരാസമ്മര്‍ദ്ദം, വികാരപ്രകമ്പനം, ആന്തരഗ്രന്ഥികളുടെ സ്രവങ്ങളെ തടസ്സപ്പെടുത്തുന്ന ആഗ്രഹങ്ങളുടെ പ്രക്ഷുബ്ധത എന്നിവ ഒഴിവാക്കി പരസുഖതല്‍പ്പരരായി മിതരീതിയില്‍ ജീവിച്ചാല്‍ ഒരു വ്യാധിയും വ്യഥയും മനുഷ്യരെ അലട്ടില്ല. ഈ മട്ടില്‍ ജീവിക്കുന്നവരുടെ സമൂഹം ആദര്‍ശത്തിന്റെ മാതൃകാസ്ഥാനമായിരിക്കും. ശ്രീനാരായണന്‍ ചൂണ്ടിക്കാട്ടിയ ആ ‘ മാതൃകാസ്ഥാനം’ തന്നെ – ഭിന്നതതയും വിദ്വേഷവും ഇല്ലാത്ത സാഹോദര്യത്തിന്റെ ഇരിപ്പിടം.

രോഗം കേവലം സ്വയംകൃതാനര്‍ത്ഥമാണ്. അതിനാല്‍ രോഗകാരണം രോഗിയുടെ ഉള്ളില്‍തന്നെയുള്ളതാണ്. ഇത് രോഗിക്ക് വ്യക്തമാക്കിക്കൊടുത്താല്‍ ചികിത്സയുടെ ആരംഭമായി. ഈ ജ്ഞാനം ഉപദേശിച്ചു കൊടുക്കേണ്ട ഗുരുക്കന്മാരായി വര്‍ത്തിക്കേണ്ടവരാണ് ആയൂര്‍വേദ വൈദ്യന്‍മാര്‍.

ഈയിടെ നിര്യാതനായ ശ്രീ. രാഘവന്‍ തിരുമുല്‍പ്പാട് ഈ അര്‍ത്ഥത്തിലുള്ള ഒരു യഥാര്‍ത്ഥ വൈദ്യനായിരുന്നു. വലിയ വൈദ്യശാലയും ഔഷധവ്യാപാരവും ഇല്ലാത്ത രോഗശമനത്തിന്റെ ശാസ്ത്രീയമായ വശം സത്യസന്ധമായി നടത്തിയ അദ്ദേഹത്തിന് സ്വന്തം വൃത്തിയില്‍ വിജയം നേടാന്‍ മാത്രമല്ല, ആയൂര്‍വേദത്തിന്റെ ജനകീയമായ അംഗീകാരം വളര്‍ത്തിയെടുക്കാനും സാധിച്ചു. രോഗിയോടുള്ള അനുകമ്പയും ശാസ്ത്രത്തിലുള്ള അവഗാഹവും കൊണ്ടാണ് ഈ നിസ്തുല വിജയം അദ്ദേഹം നേടിയത്. എല്ലാ വൈദ്യന്മാര്‍ക്കും നേടാന്‍ കഴിയുന്നതു മാത്രമേ അദ്ദേഹം നേടിയുള്ളു. അത്രയും നേടാന്‍ ഓരോ ആര്യ വൈദ്യനും സാധിച്ചാല്‍ അവര്‍ക്ക് ‘ ശിരസ്സ് സമുന്നതം’ ആയി അതിജീവിക്കാന്‍ കഴിയും. അല്ലെങ്കില്‍ ‘ സ്റ്റെതസ്ക്കോപ്പി‘ നെ കഴുത്തിലിട്ട് എപ്പോഴും നടക്കേണ്ടി വരും.

Generated from archived content: essay1_dec29_11.html Author: sukumar_azheekode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English