പി.യുടെ സഹസ്രാബ്‌ദി

എനിക്കു തെറ്റിപ്പോയതല്ല ഈ സഹസ്രാബ്‌ദപ്രയോഗം. മറ്റൊരു കവിയുടെയും ജാതകം കൈരളി ഇത്രമാത്രം ശ്രദ്ധയോടെ സുരക്ഷിതമായി പത്തായപ്പുരയിൽ സൂക്ഷിച്ചിട്ടില്ല. കൈരളിയെന്നത്‌ അവനോ അവളോ അതോ ഏതായാലും-അത്‌ ദേശമായാലും ഭാഷയായാലും സംസ്‌കാരമായാലും-ത്രിലിംഗങ്ങളിലും ആ പ്രകൃതിപ്രതിഭാസത്തിന്റെ നഗ്നതയുടെയും വേഷക്കൊഴുപ്പിന്റെയും അകവും പുറവും നിറഞ്ഞൊഴുകുന്ന അഴകു മുഴുവൻ തന്റെ കവിതയുടെ രഥോത്സവനാളുകളിൽ ഒറ്റവീർപ്പിനു കുടിച്ചുതീർത്ത കുഞ്ഞിരാമൻനായർ ജനിച്ചുമരിച്ച നാളും പക്കവും നാഴികവിനാഴികകളും മലനാട്ടിനും മലയാൺമയ്‌ക്കും മലയാളത്തിനും ഒട്ടും തെറ്റാതെ അറിയാം. അതോന്നുമറിയാത്ത സാഹിതീഭക്തന്മാരുണ്ടാവാനിടയില്ല.

എനിക്കും നന്നായറിയാം-പി.കുഞ്ഞിരാമൻനായർ കാഞ്ഞങ്ങാട്‌ വെളളിക്കോത്ത്‌, കുഞ്ഞമ്പുകുഞ്ഞമ്മമാരുടെ മൂത്തപിറപ്പായി, 1906 ഒക്‌ടോബർ 26-ന്‌ (1082 തുലാം 9) അവതാരം കൊണ്ടുവെന്ന്‌. കുഞ്ഞിരാമൻനായരുടെ സാഹിത്യസ്‌മരണ നിലനിർത്തുന്നതിന്‌ ഗ്രന്ഥപ്രസിദ്ധീകരണവും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ പി. സ്‌മാരക ട്രസ്‌റ്റിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ഈ ലേഖകന്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികകല്ലുകൾ മറക്കാൻ പറ്റില്ല. ട്രസ്‌റ്റ്‌ ഒരു വർഷം നീണ്ടു നില്‌ക്കുന്ന ഒരു വമ്പൻ ആഘോഷപരിപാടിക്കു രൂപംകൊടുത്തുവരുന്നു. പി. എഴുതി പ്രസിദ്ധീകരിച്ച കവിതകൾ എല്ലാംകൂടെ 2000-ത്തിനടുത്തു വരുന്ന പേജുകളിൽ, ഇതുവരെ സമാഹരിക്കപ്പെട്ടതിനെക്കാൾ സമഗ്രതയോടെ, ‘പി.യുടെ കവിതകൾ’ എന്ന പേരിൽ ഒരു സമ്പൂർണ്ണകാവ്യസങ്കലനം പ്രസിദ്ധീകരിക്കുന്നതിനുളള ഗവേഷണപരിശ്രമങ്ങൾ ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഈ സമയത്ത്‌ ഞാൻ കവിയുടെ ജന്മദിനം മറന്നുകളഞ്ഞുവെന്ന്‌ ആരും ദയവായി പരാതിപ്പെടരുത്‌.

ഇപ്പറഞ്ഞതൊക്കെ ചെയ്‌തുവരുന്നത്‌ ട്രസ്‌റ്റ്‌ പ്രസിഡന്റാണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, ഈ ലേഖനം എഴുതുന്നത്‌ ട്രസ്‌റ്റിന്റെ പ്രസിഡന്റല്ല, നിങ്ങളൊക്കെ അറിയുന്ന എഴുത്തുകാരനാണ്‌-സാഹിത്യവിമർശകനായ അഴീക്കോട്‌ പ്രസിഡന്റ്‌ ചിന്തിക്കാത്തത്‌ വിമർശകൻ ചിന്തിച്ചുകളയും.

കുഞ്ഞിരാമൻനായരുടെ കാവ്യസാഗരത്തിന്റെ അപാരമായ പരപ്പിന്റെ അടിയിൽനിന്നുയരുന്ന ഭാവകല്ലോലകൾ നോക്കി മസ്‌തിഷ്‌കസ്‌തബ്‌ധത ബാധിക്കുന്ന ഒരു വിമർശകന്‌ കവി 1906-ൽ ജനിച്ച്‌ 1978-ൽ അന്തരിച്ചുവെന്ന്‌ ആഞ്ഞുറപ്പിച്ച്‌ കാലം നിർണ്ണയിക്കാൻ സാധ്യമല്ല. വടക്കേമലബാറിലെ ഏറ്റവും പ്രഗല്‌ഭനായ ദൈവജ്ഞനെക്കൊണ്ട്‌ പിതാവ്‌ എഴുതിച്ച ജാതകത്തിലെ ജനനമരണസീമകളിൽ ഒതുങ്ങുന്ന കവിയല്ല പി.കുഞ്ഞിരാമൻനായർ. അദ്ദേഹത്തിന്റെ സർഗ്ഗപ്രതിഭയ്‌ക്ക്‌ മറ്റൊരു ജാതകമുണ്ട്‌. കവിത പിറക്കുമ്പോൾത്തന്നെ ആയിരത്താണ്ട്‌ തികഞ്ഞ അസാധാരണനെന്ന്‌.

ശീർഷകത്തിൽ കുറിച്ച ‘സഹസ്രാബ്‌ദി’ ഏകസഹസ്രാബ്‌ദത്തെയല്ല, ബഹുസഹസ്രാബ്‌ദങ്ങളെയാണ്‌ കുറിക്കുന്നത്‌. ‘ശ്രീരാമചരിതം’ എഴുതുന്ന ചിത്രവനത്തിൽ കവി വാല്‌മീകിയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. കവിതയെഴുതാനുളള കാഴ്‌ച വനവേടനായ ആദികവിയിൽ നിന്ന്‌ വനചാരിയായ കുഞ്ഞിരാമൻ നേടി. ജന്മഗൃഹത്തിൽ നിന്നോ ചെറിയ ക്ലാസ്സിൽനിന്നോ ‘സാരസ്വതോദ്യോതിനി’യിൽനിന്നോ തഞ്ചാവൂരിൽ നിന്നോ ലഭിച്ചതല്ല. “ചെറുപ്പത്തിൽ ഇതെഴുതി” എന്ന്‌ ‘ശ്രീരാമചരിതത്തിന്‌ കവിയുടെ വക ഒരു യാദാസ്‌ത്‌ ഉണ്ട്‌. ജന്മാന്തരങ്ങളിലൂടെ ഈ കുഞ്ഞുരാമകവി’യെ ആദിവേടൻ പിറകെയോടിപ്പിടിക്കാൻ പുറപ്പെട്ടിരുന്നു.

ഇന്ത്യയുടെ സാരസ്വതഭൂവിഭാഗങ്ങളിലെല്ലാം കവി വീണ്ടും വീണ്ടും പിറന്നു. ശ്രീകൃഷ്‌ണൻ വൃന്ദാവനത്തിൽ പുല്ലാങ്കുഴലൂതി ഗോപികമാരുടെ ഭവനഭേദനം നടത്തുമ്പോൾ, നീലക്കാർമുകിൽ മേനിയിൽ വിദ്യുന്മാലപുണർന്ന്‌ ലയിക്കുന്ന ഒരു താരകയായിരുന്നു ഈ കവി. ‘പുണ്യഗോദാവരി’യെ ഭവഭൂതി അർപ്പിച്ച നാളുകളിൽ കവി നിളയിൽ അനുരാഗമുഗ്‌ദ്ധനായി കഴിയുന്നുണ്ടായിരുന്നു. പട്ടാമ്പിയിലെ ‘കനകഖനി’യിൽ വേലയെടുത്തു മടുത്ത്‌ നാട്ടിലെത്തിയപ്പോൾ ഭവഭൂതിയുടെ ‘ദണ്ഡകാരണ്യം’ മനസ്സിൽ വിലസി. മറ്റൊരു വിന്ധ്യമേഘംപോലെ അത്‌ ആര്യാവർത്തം മുഴുവൻ പറന്ന്‌ കീഴടക്കി.

തുഞ്ചൻ കണ്ട പൈങ്കിളിയെ കണ്ട മലയാളത്തിലെ ഒരേയൊരു കവി ഇവൻ മാത്രം. തുഞ്ചന്റെ പറവയുടെ ‘ഗാനനിനദം’ ആണ്‌ പൊന്നാനിപ്പൊന്നണിഞ്ഞ മണിച്ചെന്തെങ്ങിൽ തങ്ങിയതെന്നു തിരിച്ചറിഞ്ഞ ഒരേയൊരു മലയാളകവിയും മറ്റാരുമല്ല. കേരളത്തിലെ നിലം നനയ്‌ക്കുവാൻ പേരാറ്‌ ഈ ഇളനീരിന്റെ ഉറവ്‌ തീർത്തു എന്നു പാടുമ്പോൾ കുഞ്ഞിരാമൻനായർ എഴുത്തച്ഛന്‌ സർഗ്ഗകർമ്മത്തിലെ സഹോദരനായി മാറുന്നു.

രാമായണകാലത്തെ ‘പുഷ്‌പിതാരണ്യവീഥികൾ’ കണ്ട്‌ കൺനിറഞ്ഞ കവി അവ ‘പെരുംചുടല’യായി മാറുന്നതും കൃഷിയിടങ്ങളിൽ ‘ചുക്കിച്ചുളിഞ്ഞുചുരുണ്ടു’ നില്‌ക്കുന്നതും നോക്കിക്കരഞ്ഞു. “കണ്ടാൽ കണ്ണുതട്ടുന്ന ചിങ്ങദിനങ്ങളെ” കവി നേരിട്ടു കണ്ട്‌ ആനന്ദലഹരിപൂണ്ടു. കേരളത്തിന്റെ പ്രാണനെഞ്ചായ തുഞ്ചൻപറമ്പിൽ ഭാരതവും രാമായണവും പൂജാസുമങ്ങളും ചേർന്നുനിന്നതും ആ കവി നിർവൃതി നുകർന്നു കണ്ടു. തിരുനാവായയും മാമാങ്കവും ചരിത്രകാരൻമാർ വായിച്ചറിഞ്ഞപ്പോൾ അവിടത്തെ മഹാക്ഷേത്രത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ഗോപുരത്തൂണുകളിൽ കൽവിളക്കു പിടിച്ചുനില്‌ക്കുന്ന മലനാടൻമങ്കമാർ കവിയോടു ചോദിക്കുന്നത്‌ കവി കേട്ടു-“പാടൂ, ഞങ്ങളെക്കുറിച്ചൊന്നു നീട്ടിപ്പാടൂ.” ആയിരം വയസ്സുചെന്ന അവർ ‘തെങ്ങിൻപൊൻകുലയിൽനിന്നാണോ വരുന്നത്‌’ എന്ന്‌ കവി അന്വേഷിക്കുന്നു.

ശ്രീശങ്കരന്റെ കൈവിരൽകൊണ്ടു തെളിയിച്ച ‘അദ്വൈതദീപം’ കവിക്കു വിശ്വസ്‌നേഹത്തിന്റെ വഴികാട്ടിക്കൊടുത്തു. ‘കൊട്ടയംകാട്ടിലെ പൊൻപുളളിമാനി’നെ പിടിക്കാൻ വലകെട്ടിനിന്ന വെല്ലസ്ലിയെ ഇദ്ദേഹം വെല്ലുവിളിച്ചു. സാമൂതിരിപ്പാടിന്‌ കാഴ്‌ചയും കാണിക്കയും വച്ചുകാട്ടി നാടുപിടിക്കാൻ കുതിച്ചെത്തിയ വാസ്‌കോഡഗാമ തന്റെ ചതിക്കു കോപ്പിടുമ്പോൾ പടിഞ്ഞാറൻ കടൽ തിരക്കൈകൾ പൊക്കി ‘അരുതേ’ എന്നു പറഞ്ഞതു കേട്ട ചെവിയാണ്‌ കവിയുടേത്‌.

തനിക്ക്‌ ഭൂതകാലത്തിലും വർത്തമാനഭാവികളിലും നീണ്ടുപോകുന്ന ഒരു ജീവിതമാണുളളതെന്ന്‌ കവിക്കു നന്നായറിയാമായിരുന്നു. താൻ ഒരു കോടി കൊല്ലംമുമ്പത്തെ ലോകത്തിനും ഒരുകോടി കൊല്ലത്തിനുശേഷം വരാനിരിക്കുന്ന ലോകത്തിനും നടുവിലാണെന്ന്‌ തന്റെ ഒരു ഗദ്യലേഖനത്തിൽ കവി തന്റെ സങ്കീർണ്ണമനസ്സിനെ തുറന്നുകാട്ടുന്നുണ്ട്‌. നൂറ്റാണ്ടുകളുടെ ചെറുതിരകൾ താൻ കയറിയ തോണിയെ ‘തളളിക്കൊണ്ടു’ കടന്നുപോകുന്നത്‌ കവി കണ്ടാനന്ദിച്ചു.

നൂറും ഇരുനൂറും അഞ്ഞൂറും കൊല്ലങ്ങൾ തന്റെ വഞ്ചി കടന്നുപോകുന്നത്‌ അനാസക്തനായി കവി കണ്ടിരുന്നു. “എത്രയോ ശബ്‌ദങ്ങൾ. തൻ മാമലച്ചാർത്തു പിന്നിട്ടണഞ്ഞ” പഴംപാട്ടുകൾ ചൂടോടെ കേട്ടുണർന്ന കവി. “അന്ധകാരഗിരികളും കടന്നുവരുന്ന” ഓണത്തോട്‌ തിരിച്ചുപോകാൻ പറഞ്ഞു. ഇപ്പോൾ കേരളം സന്ദർശിക്കാൻ ധൈര്യപ്പെടാത്ത മഹാബലിയോടാകാം കേരളകാര്യങ്ങൾ ചോദിച്ചറിയുന്നത്‌.

അദ്ദേഹം എല്ലാം കണ്ടു. ആദിത്യചന്ദ്രന്മാരും അനലാനിലന്മാരും കണ്ടതിലേറെ ഒരു രാജ്യത്തിന്റെ വിണ്ണിലും മണ്ണിലുംവച്ച്‌ ആടിയ നാടകങ്ങളെല്ലാം കണ്ട്‌ തന്മീയഭാവംപൂണ്ട കവി. മലയാളത്തിൽ തൻസദൃശൻ വേറൊരാളില്ല. ഭാരതീയസാഹിത്യത്തിൽ ഒരു കാളിദാസനുണ്ട്‌.

‘മേഘസന്ദേശ’ത്തിലെ നദീതടങ്ങളും ഗിരിസാനുക്കളും തീരവൃക്ഷങ്ങളും ലതാനികുഞ്ഞ്‌ജങ്ങളും പക്ഷിമൃഗങ്ങളുമെല്ലാം ഒരു വിരഹചിത്രത്തിന്റെ ചട്ടക്കൂട്ടിനുളളിൽ സ്ഥാനം തെറ്റാതെ, വിന്യസിച്ച്‌ ഒരു വീട്ടിൽ, ഒറ്റനോട്ടത്തിൽ, ഒരു നാടാകെ പ്രതിഫലിപ്പിച്ചു തന്ന്‌ സൃഷ്‌ടികർത്താവിനെപ്പോലും നാണിപ്പിച്ച കാളിദാസൻ, ഋതുവിലാസങ്ങളിൽ പ്രകൃതി സാക്ഷാത്‌കരിക്കുന്ന ഭാവഭാസുരതകൾ ഒന്നൊഴിയാതെ വരച്ചുകാട്ടിയ കാളിദാസൻ, ഹിമാലയത്തിലെ ഓരോ കല്ലും പുല്ലും രത്‌നക്കല്ലും പ്രേമത്തിന്റെ വാസന്തോത്സവത്തിൽ വിടർന്നാടുകയും തപസ്സിന്റെ മഹാതാപമേറ്റ്‌ ചലനമറ്റുകിടക്കുകയും ചെയ്‌ത ഗിരിപ്രസ്ഥങ്ങൾ ചിത്രീകരിച്ച കാളിദാസൻ, സംവത്സരാരംഭത്തിലെ പൂക്കളും സംവത്സരാവസാനത്തിലെ ഫലങ്ങളും ഭൂസ്വർഗ്ഗങ്ങളും പ്രണയംകൊണ്ടു കൂട്ടിച്ചേർത്ത കാളിദാസൻ!

നമ്മുടെ സഹ്യാചലത്തെ പി. ഒരു സമഗ്രഭൂഭാവനയിൽ ഒതുക്കിപ്പിടിച്ചു പറയും- കാളിദാസൻ പൃഥ്വിയുടെ മാനദണ്ഡമാണ്‌ ഹിമാലയം എന്നു വർണ്ണിച്ചതുപോലെ ‘സംഭവസർവ്വസ്വസാക്ഷി സഹ്യാചലം’ എന്ന്‌. കാളിദാസൻ എ.ആർ.തിരുമേനിയുടെ ശവസംസ്‌കാരമുഹൂർത്തത്തിൽ കേരളത്തിൽ പ്രത്യക്ഷീഭവിച്ചുവെന്ന്‌ ആശാൻ ഭാവന ചെയ്‌തത്‌ നമ്മുടെ സ്വാഭിമാനപതാകയെ ‘ദൂരദൂരം’ ഉയർത്തുന്നുണ്ട്‌. എന്നാൽ സഹ്യാചലത്തെ സംഭവസർവ്വസ്വസാക്ഷിയെന്നു വിളിച്ച കുഞ്ഞിരാമൻനായരെ ദൂരെനിന്നു കാണുമ്പോൾത്തന്നെ കാളിദാസനു മനസ്സിലാകുമെന്ന്‌ അഭിമാനിക്കാൻ കേരളീയന്‌ അവകാശമുണ്ട്‌.

കാളിദാസന്റെയും കുഞ്ഞിരാമൻനായരുടെയും മേല്‌പറഞ്ഞ പ്രയോഗങ്ങൾക്ക്‌ ഇതിവൃത്തപരമായ മഹാർത്ഥസൂചനയുടെ കേമത്തം മാത്രമല്ല, കവിയിലേക്കു തിരിഞ്ഞെത്തുന്ന അർത്ഥാന്തരകടാക്ഷത്തിന്റെ തിളക്കവുമുണ്ട്‌. അതായത്‌, ‘ഹിമാലയം പൃഥ്വിയുടെ മാനദണ്ഡം’ എന്നു പറയുമ്പോൾ ഹിമാലയംപോലെ ഉയർന്നുപൊങ്ങുന്ന ഭാവനാശിഖരങ്ങളുളള കാളിദാസന്റെ നേരെ നമ്മുടെ നോട്ടം ചെല്ലുന്നു. ‘സഹ്യപർവ്വതം സഹസ്രാബ്‌ദവൈപുല്യമാർന്ന സമസ്‌തസംഭവങ്ങൾക്കും സാക്ഷിയാണെന്നു പറയുമ്പോൾ, നമ്മുടെ കവി സഹ്യനൊപ്പം സർവ്വസംഭവങ്ങളും സ്വന്തം കണ്ണാലെ കണ്ട അനുഭവംകൊണ്ടവനാണെന്ന്‌ മറ്റൊരർത്ഥം ഉയർന്നുവരുന്നുണ്ടല്ലോ. പി. വർണ്ണിച്ച സഹ്യപർവ്വതം പി.യെത്തന്നെ പ്രതിഫലിപ്പിക്കുന്നു.

ആയിരം വർഷത്തിനുമേലാണ്‌ പി.യുടെ വയസ്സ്‌ ആരംഭിക്കുന്നതെന്നു ഞാൻ കരുതുന്നു.

(കടപ്പാട്‌ ഃ ഡി സി ബി ന്യൂസ്‌)

Generated from archived content: essay1_apr21.html Author: sukumar_azheekode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English