ഡിസിയെക്കുറിച്ച്‌ കുറെ കാര്യങ്ങൾ

സാമാന്യമായ നീതിയും എഴുത്തുകാരോടുളള ഒരു സഹാനുഭൂതിയും പ്രദർശിപ്പിക്കുന്ന, സ്വകാര്യ പ്രസാധകരുടെയിടയിൽ അഗ്രിമസ്ഥാനം വഹിക്കുന്നൊരു പ്രസ്ഥാനമാണ്‌ ഡീസിയുടേത്‌. ഞാൻ അതിനെയൊരു വ്യവസായശാലയെന്നൊന്നും പറയാതെ ഒരു പ്രസ്ഥാനമെന്ന്‌ പറഞ്ഞത്‌, ഇതിന്റെ സ്ഥാപകൻ ഡി സി കിഴക്കെമുറിയായതുകൊണ്ടാണ്‌. അദ്ദേഹം ഒരു നാനാ ശാഖകളോടുകൂടിയ മഹാവൃക്ഷത്തെപ്പോലെ തന്റെ ജീവിതകാലത്ത്‌ അനേകം ജീവജാലങ്ങൾക്ക്‌ തണലും ഉപജീവനസൗകര്യവും സൗഖ്യവും എല്ലാം ഏകികൊണ്ട്‌ നിലനിന്ന ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തെ നാമിപ്പോൾ പറഞ്ഞുപറഞ്ഞ്‌ വെറും ഒരു പ്രസാധകനാക്കിയിരിക്കുകയാണ്‌.

ഡി സി കിഴക്കെമുറിയുടെ ഡി സി ബുക്‌സ്‌ ഇവിടത്തെ പ്രസാധന സാമ്രാജ്യത്തിലെ ഒരു വലിയ ഭൂവിഭാഗമായിട്ട്‌ തീരുവാനുളള ഒരു കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സമഗ്രമായ വിശാലതയായിരുന്നു. അദ്ദേഹം പ്രസാധകനായിട്ട്‌ വന്ന്‌ ആ പ്രസാധകത്വത്തിൽ ചുരുങ്ങിനിന്നിരുന്നുവെങ്കിൽ അദ്ദേഹം ഈ രംഗത്തെ ഒരതികായനാകുകയില്ലായിരുന്നു. ഒരു തൊഴിലിൽ മാത്രം ജീവിക്കുന്നയാൾ ആ തൊഴിലിന്റെ അടിമയായിമാറും. അങ്ങനെ അദ്ദേഹത്തിന്‌ ഒരു സങ്കോചം വരും. ഡീസി ഒരു പ്രസാധകനെന്ന നിലയ്‌ക്ക്‌ തന്റെ മുഴുവൻ ഇന്ദ്രിയങ്ങളെയും ജ്ഞാനകർമ്മേന്ദ്രിയങ്ങളെയും ഉപയോഗിച്ച വ്യക്തിയാണ്‌. അദ്ദേഹത്തെ നാമിപ്പോൾ പ്രസാധന സാമ്രാജ്യത്തിലെ ഒരു ചക്രവർത്തിയായിട്ട്‌ കാണുന്നു. അദ്ദേഹം ഇന്ത്യയിലെതന്നെ പ്രസാധനചരിത്രത്തിലെ ഒരു അത്ഭുതാവഹമായ പ്രതിഭാസമാണ്‌.

ഞാൻ ഡൽഹിയിൽ നാഷണൽ ബുക്‌ട്രസ്‌റ്റിന്റെ ചെയർമാനായിരുന്ന കാലത്താണ്‌ കോട്ടയത്തെ ഈ കേരളീയന്റെ പ്രശസ്‌തി ഇവിടത്തെ പല എഴുത്തുകാരുടെയും പ്രശസ്‌തിയെത്തിയതിനപ്പുറത്ത്‌ എത്തിയതായി എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്‌. അദ്ദേഹത്തിന്റെ പേരിന്റെ പെരുമ എനിക്ക്‌ അന്നേ അറിയാമായിരുന്നു. കേരളത്തിൽ നാം അദ്ദേഹത്തെ കാണുന്നതിലേറെ ഔന്നത്യത്തിൽ ഇന്ത്യയിൽ മറ്റു ഭാഷാസാഹിത്യങ്ങളിൽ അദ്ദേഹത്തിന്റെ അപദാനങ്ങൾ പ്രകീർത്തിക്കപ്പെടുന്നു. അതുകൊണ്ട്‌ നമുക്ക്‌ അഭിമാനിക്കാം.

അദ്ദേഹം ഇത്തരത്തിൽ വലിയ ആളാകുവാൻ കാരണം അക്കാലത്തെ ഏത്‌ എഴുത്തുകാരനോടും സമശീർഷനായി നില്‌ക്കാൻ ഡിസിക്കു സാധിച്ചിരുന്നു എന്നതുകൊണ്ടാണ്‌. ഇവിടത്തെ മഹാകവികളുടെയും വലിയ വിമർശകരുടെയും മുമ്പിൽ ഡിസി തുല്യാസനസ്ഥനായിരുന്നു. അതായിരുന്നു ഡി സി. അദ്ദേഹത്തിന്റെ ആകൃതിതന്നെയും തന്റെ പ്രസ്ഥാനത്തിന്റെ വലിപ്പത്തിന്റെ ഒരു പ്രതിരൂപമോ അതിന്റെയൊരു മൂർത്തിമദ്‌ഭാവമോ ആണ്‌ എന്നു തെളിയിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രസാധനവൈഭവത്തെ, അപാരമായ കർമ്മശേഷിയെ മറ്റു രംഗങ്ങളിലും വ്യാപരിപ്പിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ പ്രസാധനകലയ്‌ക്ക്‌ കൂടുതൽ പോഷണം കൊടുക്കുകയാണ്‌ ചെയ്‌തത്‌. അന്യരംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചുവെങ്കിലും പ്രസാധനകലയ്‌ക്ക്‌ മന്ദീഭവമുണ്ടാക്കിയില്ല. അതിനെ വർദ്ധിപ്പിക്കുകയാണ്‌ ചെയ്‌തത്‌. നമുക്ക്‌ പലപ്പോഴും തോന്നാറുണ്ട്‌, നമ്മൾ നമ്മുടെ രംഗംവിട്ട്‌ ഒന്നു മാറിപ്പോയാൽ അത്‌ രംഗത്തിനെ അപമാനിച്ചു കളയുമെന്ന്‌. മനുഷ്യമനസ്സിന്റെ അത്ഭുതകരമായ പ്രവർത്തനത്തിനുളള ഒരു സമഗ്രതയുടെ വിജയമാണ്‌ ഡി സിയുടേത്‌.

അദ്ദേഹം പൊതുകാര്യവിശകലനസമർത്ഥനായ ഒരു ഉപന്യാസകർത്താവായിരുന്നു. പ്രസാധനകലയിൽ അറിയപ്പെടുന്നതിനുമുമ്പ്‌ അദ്ദേഹം ലഘു ഉപന്യാസകാരനെന്ന നിലയ്‌ക്ക്‌ കേരളത്തിലാകെ പ്രശസ്‌തനായിരുന്നു. അദ്ദേഹത്തിന്റെ ‘കുറ്റിച്ചൂൽ’, ‘എലിവാണം’ എന്നൊക്കെയുളള ശൈലികൾ എഴുത്തിന്റെ തീക്ഷ്‌ണതയും മധുരിമയും ഒരുപോലെ കാണിക്കുന്നതാണ്‌. നമ്മുടെ സമുദായത്തിന്റെ ഉളളറകളിലേക്ക്‌, രാഷ്‌ട്രീയപ്രവർത്തനത്തിന്റെ രഹസ്യങ്ങളിലേക്ക്‌ കണ്ണുപായിച്ച ഒരാളാണ്‌ ഡിസി.

അദ്ദേഹം ഇവിടത്തെ സ്വാതന്ത്ര്യസമരത്തിന്റെ നടുത്തളത്തിൽ പ്രവർത്തിച്ച ആളാണ്‌, അങ്ങനെ അദ്ദേഹം ജയിൽവാസവും അനുഭവിച്ചു. സ്വാതന്ത്ര്യസമരസേനാനി എന്ന നിലയ്‌ക്കുളള അദ്ദേഹത്തിന്റെ നേട്ടങ്ങളും വളരെ വലുതാണ്‌. അങ്ങനെയൊക്കെയുളള ആളാണ്‌ തന്റെ അന്തിമപ്രണയത്തെ പ്രസാധനത്തിനായി സമർപ്പിച്ചത്‌. മറ്റൊരു വ്യക്തി പ്രസാധനരംഗത്തു വരുന്നതുപോലെയല്ല അത്‌. അനേകരംഗങ്ങളിൽ വിജയം നേടിയ ഒരു മനുഷ്യൻ ഇവിടെ തന്റെ കൊടിയുയർത്തുവാൻ വേണ്ടി വന്നതാണ്‌. ഇതാണ്‌ ഡി സി കിഴക്കെമുറിയുടെ വിജയഗാഥ. അദ്ദേഹം വേറെ രംഗങ്ങളിലും പ്രവർത്തിച്ചു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം സ്വാതന്ത്ര്യസമരസേനാനികളിൽ മിക്കവരും സ്വാതന്ത്ര്യസമരസേനാനിയുടെ പ്രതിഫലമോ സഹായധനമോ വാങ്ങിയിട്ട്‌ ആ പ്രവർത്തനങ്ങളുടെ അദ്ധ്യായങ്ങൾക്ക്‌ അന്തിമ ബിന്ദു കുറിക്കുന്നവരാണ്‌. ഡി സി അങ്ങനെയായിരുന്നില്ല. സ്വാതന്ത്ര്യം സമ്പാദിച്ചതിനുശേഷം സ്വാതന്ത്ര്യത്തിനുവന്ന പ്രകാശഭംഗം അദ്ദേഹം കാണുകയും ഈ പ്രകാശത്തെ മറച്ചുപിടിക്കുന്ന ആസുരശക്തികളെന്തെന്ന്‌ വേർതിരിച്ചറിയുകയും അവരെ ജനസമക്ഷം മറനീക്കി കാണിക്കാൻ ശ്രമിക്കുകയും ചെയ്‌തു.

മറ്റു പ്രസാധകരിൽനിന്ന്‌ ഡി സി അകന്നു നിൽക്കുന്നു. അദ്ദേഹം എഴുത്തുകാരുടെ ചുമലിൽ വലതു കൈവയ്‌ക്കുമ്പോൾ ഇടത്തേ കൈ സ്വാതന്ത്ര്യസമരസേനാനികളുടെ ചുമലിലും അദ്ദേഹത്തിന്റെ സ്‌നേഹപൂർവ്വമായ നോട്ടം സ്വാതന്ത്ര്യത്തെ ചീത്തയാക്കിയവരെ വിമർശിക്കുന്നവരുടെ അണികളിലേക്കും ചെന്നു ചേരുന്നു. അദ്ദേഹം അനേകം ശിരസ്സുകളുളള ഒരു വലിയ പുരാണനായകനെപ്പോലെയാണ്‌ നമ്മുടെ മുമ്പിൽ നിൽക്കുന്നത്‌. അദ്ദേഹം സ്വന്തം വ്യവസായത്തെയും വളർത്തിയെടുത്തു. അദ്ദേഹം എസ്‌.പി.സി.എസിൽ പ്രവർത്തിച്ച്‌ എഴുത്തുകാർക്കൊരു സുരക്ഷിതത്ത്വബോധം ഉണ്ടാക്കിയിരുന്നു. കുറെ കഴിഞ്ഞപ്പോൾ എസ്‌.പി.സി.എസ്‌. തന്നെ അരക്ഷിതമായി മാറി. എസ്‌.പി.സി.എസ്‌ അരക്ഷിതമാകുമ്പോൾ എസ്‌.പി.സി.എസിന്‌ എഴുത്തുകാർക്ക്‌ സുരക്ഷിതത്ത്വം കൊടുക്കാൻ കഴിയാത്ത ഒരവസ്ഥ വന്നു. ആ സമയത്ത്‌ ഇവിടെ എഴുത്തുകാർക്ക്‌ ഒരാശ്രയമായി നിന്നത്‌ പുതിയതായിവന്ന ഡിസിയുടെ എസ്‌.പി.സി.എസിന്റെ അനുഭവത്തോടുകൂടെ പരിചയത്തോടുകൂടെ പ്രവർത്തിച്ച ഈ പുതിയ പ്രസ്ഥാനമായിരുന്നു. അത്‌ ഒരു സ്വകാര്യ വ്യവസായസ്ഥാപനമാണെങ്കിലും അതൊരു പൊതുസ്ഥാപനംപോലെ പ്രവർത്തിക്കുകയാണ്‌. അതിനൊരു വ്യവസായസ്ഥാപനത്തിന്റെ അംഗീകൃതമായ സദാചാരസംഹിതയുണ്ട്‌. അതിൽ നിന്നും അതൊരിക്കലും മാറാറില്ല. എഴുത്തുകാരൻ വഞ്ചിക്കപ്പെടുന്നു എന്നുളെളാരു കോട്ടം ഒരിക്കലും സംഭവിക്കുന്നില്ല.

ഡിസിയുടെ പാരമ്പര്യം എന്നത്‌, ഇന്ന്‌ അസാധാരണമായൊരു പാരമ്പര്യമാണ്‌. അദ്ദേഹത്തിന്റെ പുത്രനായ രവിയുടെ ഏറ്റവും വലിയ ഒരു ക്ലേശം ഈ പാരമ്പര്യത്തെ ഈ രീതിയിൽ നിലനിർത്തുക എന്നതാണ്‌. അദ്ദേഹം തന്റെ മകൻ ഇത്‌ ചെയ്യുമെന്ന ഉറപ്പിലാണ്‌, സന്തോഷത്തിലാണ്‌ പിരിഞ്ഞുപോയത്‌. അച്‌ഛൻ മകനിൽനിന്നും തോൽവി ഇഷ്‌ടപ്പെടുന്നു എന്നതുപോലെ രവിയിൽനിന്നും ഡി സി കിഴക്കെമുറി തോൽവിയെ ഇഷ്‌ടപ്പെടുന്നു. പ്രസാധനരംഗത്തും അതിന്റെ വ്യാപ്‌തിയിലും രവി ഡീസി പല രംഗങ്ങളിലും മുമ്പോട്ടു പോകുന്നുണ്ട്‌. കാലത്തിന്റെ പുതുമയെ ഉൾക്കൊണ്ടുകൊണ്ട്‌ കാലഘട്ടത്തിന്റെ സങ്കീർണ്ണതകളെ മനസ്സിലാക്കി അദ്ദേഹത്തിനു തന്റെ വ്യവസായത്തെ വികസിപ്പിക്കാൻ സാധിക്കുന്നുണ്ട്‌.

(കടപ്പാട്‌ ഃ ഡി സി ബി ന്യൂസ്‌)

Generated from archived content: essay-sep8.html Author: sukumar_azheekode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English