വെളളത്തെപ്പറ്റി നാം കേട്ടിട്ടുളള ഏറ്റവും പ്രചുരപ്രചാരമായ പുരാണകഥ ഭഗീരഥന്റെതാണ്. തന്റെ പൂർവ്വികർ ഗതികിട്ടാതെ നരകിച്ചപ്പോൾ അതിനുളള ശമനത്തിനായി ഭഗീരഥൻ ആകാശഗംഗ എന്ന ജലസ്രോതസിനെ കണ്ടെത്തുകയും ഏറെ കഠിന ശ്രമങ്ങൾക്കുശേഷം ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ആകാശത്തെന്തിനാണ് ഗംഗ എന്നു ചോദിച്ച ആദ്യ മാനവനാണ് ഭഗീരഥൻ. മനുഷ്യർക്കും ജീവനുളളവർക്കുമാണ് ഗംഗയെ ആവശ്യം എന്നദ്ദേഹം തിരിച്ചറിഞ്ഞ് ഹിമാലയത്തിന്റെ മുകളിലേറി അവിടെനിന്നും ആ മഹാനദിയെ മനുഷ്യർക്കായി….ജീവജാലങ്ങൾക്കായി ഭഗീരഥൻ കൊണ്ടുവരികയാണ് ചെയ്‌തത്.
അന്ന് ഭഗീരഥൻ ആകാശത്തിലെ ജലത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോൾ ഇന്ന് മനുഷ്യരാകട്ടെ ഭൂമിയിലെ ജലത്തെ പാതാളത്തിലേക്ക് താഴ്‌ത്തുകയാണ് ചെയ്യുന്നത്. ഇവിടെ നവഭഗീരഥന്മാർ ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ന് എല്ലായിടത്തും നനവ് വറ്റുകയാണ്. നമ്മുടെ ഹൃദയത്തിലെ സ്‌നേഹം വറ്റുമ്പോഴാണ് നദികൾ വരളുന്നതും ആർദ്രത വറ്റുന്നതും. ഇതിനെ ചെറുക്കാൻ ഓരോ ഗ്രാമത്തിലും ഓരോ ഭഗീരഥന്മാർ വേണം. ഒരു ഭഗീരഥപ്രയത്നത്തിനുപകരം പതിനായിരം ഭഗീരഥപ്രയത്നങ്ങളും പ്രസ്ഥാനങ്ങളും ഇന്ന് ആവശ്യമായി വന്നിരിക്കുന്നു. ദൈവമെന്നൊന്നുണ്ടെങ്കിൽ ഈ സത്‌കർമ്മത്തിനായിരിക്കും തീർച്ചയായും അനുഗ്രഹം ചൊരിയുക.
‘സിവിലിസേഷൻ പ്രൊസീഡ്‌സ് ഡിസേർട്ട്‌സ്’ എന്ന് യൂറോപ്പിന്റെ വിചാരത്തിന്റെയും വികാരത്തിന്റെയും ചൈതന്യം ഉൾക്കൊണ്ട സുപ്രസിദ്ധ എഴുത്തുകാരൻ വിക്തർ യൂഗോ പറയുന്നുണ്ട്. ഇന്ന് മനുഷ്യഭാവിയെയും ജലത്തെയും കുറിച്ച് നാം ചിന്തിക്കുമ്പോൾ യൂഗോവിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയായിവരുന്നു. ഒരുപക്ഷെ അദ്ദേഹം പ്രവാചകതുല്യമായി പറഞ്ഞതാകാം ‘സംസ്‌കാരം ഉണ്ടാകുകയാണെങ്കിൽ പിന്നീടുണ്ടാകുന്നത് മരുഭൂമിയായിരിക്കും’ എന്ന്. എന്തായാലും മനുഷ്യസംസ്‌കാരത്തിൽ യാന്ത്രികമോ പൈശാചികമോ ആയ എന്തോ ഒന്ന് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കണം. പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന ഒരു ഘോഷയാത്രയുടെ മഹാബഹളങ്ങൾ സൃഷ്‌ടിക്കാൻ സംസ്‌കാരത്തിന് അഥവാ പരിഷ്‌ക്കാരത്തിന് സാധ്യമാണ്. വലിയ റോഡുകൾ, നീന്തൽകുളങ്ങൾ, വിമാനങ്ങൾ, യന്ത്രസാമഗ്രികൾ ഇതൊക്കെയും സംസ്‌കാരബഹളത്തിന്റെ ലക്ഷണങ്ങളായി കാണാവുന്നതാണ്. സംസ്‌കാരം ഇത്തരത്തിൽ ഒരത്ഭുതലോകമാകയാൽ അത് നമ്മെ കീഴടക്കി പണയപ്പെടുത്തുന്ന സമയത്ത് മാത്രമേ അതിൽ നമ്മെ നശിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കൂ. ആ തിരിച്ചറിവിന്റെ നേരത്ത് നാം തന്നെ ഇല്ലാതായിരിക്കും. സംസ്‌കാരത്തിൽ വിഷമുണ്ട് എന്നുതന്നെയാണ് വിക്‌തർ യൂഗോ പറഞ്ഞതിന്റെ താത്‌പര്യം. നാമിപ്പോൾ മരുഭൂമിയിലേയ്‌ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യം മരുഭൂമിയായികൊണ്ടിരിക്കുന്നത് നമ്മുടെ മനസ്സാണ് എന്ന തിരിച്ചറിവും നമുക്കുണ്ടാകണം.
വിക്‌തർ യൂഗോവിന്റെ ഈ പ്രവചനം തന്നെയാണ് ഗാന്ധിജി തന്റെ പുസ്തകമായ ‘ഹിന്ദുസ്വരാജി’ലും പറയുന്നത്. അദ്ദേഹവും പുച്ഛിക്കപ്പെട്ടു. ഗാന്ധി ക്ലോക്കിന്റെ സൂചി പുറകോട്ട് തിരിക്കുന്നുവെന്നു പറഞ്ഞ് നാം അദ്ദേഹത്തെ പരിഹസിച്ചു. എന്നാൽ മനുഷ്യസംസ്‌കാരത്തിന്റെ ശുഷ്‌കതകളുടെ ഭീകരതയെപ്പറ്റിയാണ് ഗാന്ധി അതിൽ പറഞ്ഞത്. സംസ്‌കാരം അതിന്റെ ഭയങ്കരമായ പീലിവിടർത്തി ആടുന്നത് നാം ശിവന്റെ ആനന്ദനൃത്തമെന്നപോലെയാണ് കാണുന്നത്. എന്നാൽ അത് യഥാർത്ഥത്തിൽ ശിവന്റെ സംഹാരനൃത്തം പോലെയാണ്.
അനിവാര്യമെന്നത് പലപ്പോഴും തട്ടിപ്പായി മാറാറുണ്ട്. ദേർ ഈസ് നോ ആൾട്ടർനേറ്റീവ് എന്ന് ഭരണകൂടം പറയുന്നത് പലരുടെയും നിർബന്ധത്തിനു വഴങ്ങിയാണ്. മറ്റൊരു വഴിയില്ല എന്ന് ഇവർ ആവർത്തിച്ചു പറയുമ്പോൾ പലതും നമുക്ക് അനിവാര്യമായി മാറുന്നു. ദെർ ഈസ് നോ ആൾട്ടർനേറ്റീവ് എന്ന് പത്തുകൊല്ലം മുമ്പേ നമ്മുടെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന ശക്തികൾ പറഞ്ഞു തുടങ്ങിയതാണ്.
ഇതെല്ലാം നമ്മെ ബാധിക്കില്ല എന്നുപറഞ്ഞ് ഉറങ്ങുവാൻ പാടില്ല. പ്രതിരോധിക്കാതിരുന്നാൽ ദുരന്തങ്ങൾ മുഴുവനും നമ്മെ ബാധിക്കുക തന്നെ ചെയ്യും. അകലെയുളള നഭോഗോളങ്ങൾ ജീവിതത്തെ ബാധിക്കുന്നുവെന്ന് വിശ്വസിച്ച് ജാതകം കുറിക്കുന്നവർ ഈ ഭൂമിയിലെ സംഗതികൾ തങ്ങളെ ബാധിക്കില്ല എന്നു വിശ്വസിച്ച് ഉറങ്ങുന്നത് ന്യായമാണോ എന്ന് സ്വയം ആലോചിക്കേണ്ടതാണ്.
ഇതൊക്കെ പറയുമ്പോൾ ഭരണാധികാരികൾ നമ്മെ ശത്രുവിനോടെന്നപോലെയാണ് പെരുമാറുന്നത്. സ്വന്തം ശബ്‌ദത്തിന്റെ മാറ്റൊലി കേട്ട് ഭയപ്പെടുന്നവരാണവർ. സ്വന്തം ശബ്‌ദത്തോട് പടപൊരുതാതെ ഇ.ഡി.ബിയും ഡബ്ലിയു.ടി.ഒയും പറയുന്ന വാക്കുകൾ ആവർത്തിക്കുകയല്ല വേണ്ടത്. മറിച്ച് അതിബുദ്ധിമാന്മാരല്ലെങ്കിലും മാറ്റങ്ങളെ കാണുവാൻ കഴിയുന്ന കുറെപ്പേർ ഇവിടെയുണ്ട്, അവരുടെ വാക്കുകൾകൂടി കേൾക്കുവാൻ ഭരണാധികാരികൾ തയ്യാറാവണം. മറിച്ചാണെങ്കിൽ ഭരണക്കൂടവും ജനങ്ങളും ഒരുമിച്ചായിരിക്കും തകരുക.
ഒരു വിഭാഗം ജനതയുടെ ജീവിതസുഖം മറ്റൊരു വിഭാഗത്തിന്റെ അടിമത്തത്തിലും ദുഃഖങ്ങളിലും ദാരിദ്ര്യത്തിലും നാശത്തിലും അധിഷ്‌ഠിതമാണ് എന്ന ഭീകരമായ ലോകാധിപത്യ തത്വശാസ്‌ത്രത്തിന്റെ മുന്നിലാണ് നാം. ഇതിനെതിരെ ഒരു കർമ്മതന്ത്രം രൂപീകരിക്കേണ്ടിയിരിക്കുന്നു. അതിന് നമ്മുടെ രാഷ്‌ട്രീയമായ ജീവിതത്തിന് ഏറെ ബുദ്ധിപരവും ഹൃദയപരവുമായ സിദ്ധാന്തം ഉണ്ടാകണം. പുതിയ ലോകവീക്ഷണം സൃഷ്‌ടിക്കണം. മനുഷ്യന്റെ അജയ്യമായ മനസ്സിന്റെ മുഴുവൻ ശക്തിയും പുറത്തേയ്‌ക്ക് കൊണ്ടുവരേണ്ട സമയമാണിത്.
നാമിപ്പോൾ വലിയൊരു സുഖനിദ്രയിലാണ്. അതിൽനിന്നും ഉണരേണ്ട സമയമായിരിക്കുന്നു. ഉദാഹരണമായി പ്ലാച്ചിമടയിലെ ജനങ്ങളുടെ ഉണർവ്വ് വലിയൊരു കോർപ്പറേറ്റ് ഭീമനെ ഭയപ്പെടുത്തി. ഇതുപോലെ കേരളം മുഴുവൻ ഉണരണം. നിളയേയും പെരിയാറിനേയും രക്ഷിക്കാൻ നമ്മുടെ മണ്ണിനെ രക്ഷിക്കാൻ ഇതല്ലാതെ മറ്റൊരു പോംവഴിയില്ല.
ഭഗീരഥന്മാർ വെറുമൊരു കൈയടിയിൽ നിന്നുമാത്രമല്ല സൃഷ്‌ടിക്കപ്പെടുന്നത്. ഇതിന് ഓരോ മനസ്സിലും നൂറുനൂറ് മഹാസ്പന്ദനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. പുറത്തു പറയുവാൻ ഭയം തോന്നുന്ന ചിന്തകൾ നമ്മുടെ മനസ്സിൽ നിന്നുമുണരണം. ഇങ്ങനെ ചിന്തിക്കുന്നവരായിരിക്കും നവഭഗീരഥന്മാർ…നമ്മുടെ പുതിയ യുവാക്കൾ ബാലപാഠങ്ങൾ വിസ്‌മരിക്കപ്പെട്ട ഈ ലോകത്ത് അത് തിരിച്ചുകൊണ്ടുവരുവാൻ ശേഷിയുളളവരായിരിക്കണം ഇവരാണ് പുതുയുഗത്തിനാവശ്യമായവർ. മറ്റുളളവരൊക്കെയും ജീർണ്ണാവശിഷ്‌ടങ്ങൾ മാത്രം.
(ആലുവ സംസ്‌കൃതി സംഘടിപ്പിച്ച വികസനത്തിന്റെ കാണാപ്പുറങ്ങൾ എന്ന സെമിനാറിൽ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ)
Generated from archived content: essay-feb26.html Author: sukumar_azheekode