കവി പറയാതെവിട്ടത്

ശ്രീമതി റോസി തമ്പി രചിച്ച മുപ്പതു ലഘുകവനങ്ങളുടെ സമാഹാരമാണ് പറയാന്‍ ബാക്കി വച്ചത് എന്ന ഈ കൃതി. പ്രഥമ കവനത്തിന്റെ ശീര്‍ഷകം തന്നെ കൃതിക്ക് പൊതുവെ നല്‍കുന്നത് ഇന്ന് ഒരു സാധാരണ പതിവ് ആണെങ്കിലും ഈ കവി പതിവില്‍ കവിഞ്ഞുള്ള അര്‍ഥസൂചകങ്ങള്‍ അതില്‍ ഒതുക്കി വച്ചിട്ടുണ്ട്.

സൂക്ഷിച്ചുനോക്കിയാല്‍ പറയാന്‍ ബാക്കിവെച്ചതാണ് കവിത. പറയാനാവാതെ വരുമ്പോഴാണ് പറയാന്‍ ബാക്കിവെയ്ക്കുന്നത്. ലോകം പറയാനുവുന്നതെല്ലാം പറഞ്ഞുതീര്‍ക്കുകയും പറയാനാവാത്തത് പറയാതെ വിടുകയും ചെയ്യുന്നു. ലോകം പറയാന്‍ ബാക്കി വെച്ചത് കവി പറയുന്നു. കവിയ്ക്കും പറയാനാവാത്തത് കവിതയുടെ അവാച്യാംശമാണ്. സാഹിത്യചിന്തകന്മാര്‍ ധ്വനി എന്ന് പറയും. അതൊക്കെ സംജ്ഞകള്‍ മാത്രം.

ലോകം പറയാത്തത് കവി പറയുന്നു. കവി പറയാതെ വിട്ടതിന്റെ മാധുര്യം ലോകം ആസ്വദിക്കുകയും ചെയ്യുന്നു. നമ്മുടെ കുഞ്ഞിരാമന്‍ നായര്‍ ഈ ബാക്കിവെച്ചതിനെ യാത്രപറയാതെ പോകല്‍ എന്നു വര്‍ണ്ണിച്ചു.

അത്രമേല്‍ പ്രാണനും പ്രാണനായ് വന്ന നീ

യാത്രപറയാതെ പോയതുചിതമോ. എന്ന ഈരടി ഏറെ പ്രസിദ്ധമാണല്ലോ ?

പറയാന്‍ ബാക്കി വച്ചത് എന്ന കവിതാസമാഹാരത്തിലെ വചനോച്ഛിഷ്ടം കണ്ടുപിടിച്ചു പറയാന്‍ എളുപ്പമല്ല

ഏത് ഇരുട്ടിനും മറയ്ക്കപ്പെടാനാവാത്തൊരു കണ്ണ് കാണുന്നതും ഏതു കാറ്റിനും അടച്ചു കളയാനാവാത്തൊരു കാത് കേള്‍ക്കുന്നതും ആ ബാക്കിയാണ്.

അത് ഉള്ളുടലിനെ തൊട്ടുണര്‍ത്തുന്നു. പുഞ്ചിരി ദാഹം തീര്‍ക്കുകയും ഉള്ളില്‍ ഒരാകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന മുഹൂര്‍ത്തമാണ് അത്. ഈ അതി ദുര്‍ലഭമായ അനുഭവത്തെ അത്ര തന്നെ ദുര്‍ലഭമായ വചനചിത്രങ്ങളെക്കൊണ്ട് വിവരിക്കുന്ന കവിതകളാണ് ഈ സമാഹാരത്തില്‍ തുടര്‍ന്നു വരുന്നവയെല്ലാം.

സാമീപ്യത്തില്‍ നിന്ന് സായൂജ്യത്തിന്റെ ഓരത്തെത്തുന്ന സ്നേഹം ഏതോ സ്നേഹം വര്‍ണ്ണിച്ചു വിടര്‍ത്തി തരുന്ന കവിതകളാണ് ഇവ. സ്നേഹം തുടങ്ങിയ ഏതു വികാരവും മനസിന്റെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വര്‍ണ്ണാതീതമായ സൂക്ഷ്മതലങ്ങളിലേക്കെത്തിച്ചേരുന്നു. അപ്പോള്‍ കവി ഹൃദയത്തില്‍ ഉദയം കൊള്ളുന്ന വിചാരമാണ് പറയാന്‍ ബാക്കി വെച്ചത് എന്ന കവിത. എല്ലാ കവികളും ഈ അവാച്യതയുടെ മുന്‍പില്‍ വിനയാന്വിതരായി നില്‍ക്കുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് മഹാകവി കുമാരനാശാന്‍ തന്നതില്ലപരനുള്ളുകാട്ടുവാന്‍ ഒന്നുമേനരനുപായം എന്നും, ഭാഷയതപൂര്‍ണ്ണം എന്നും , നളിനിയെകൊണ്ട് ഇതിനു സമാനമായ സന്ദര്‍ഭത്തില്‍ തുറന്നു പറയിച്ചത് മലയാളത്തിലെ അനശ്വര വചനങ്ങള്‍ ആണല്ലോ?

പാനപാത്രം മനോഹരമായ ഒരു ചെറു കവിതയാണ്. എതോ മരുഭൂമിയില്‍ നിന്നും വന്ന ഒരുവന്‍ ഉറക്കത്തിലും ഉണര്‍വിന്റെ പാനപാത്രം സമര്‍പ്പിക്കുന്നു. അവന്‍ എന്തു ചെയ്യുന്നുവെന്ന് കുറെ ഉല്ലേഖനങ്ങള്‍ പറഞ്ഞ് കവി ആശ്രമം ഉപേക്ഷിക്കുന്നത് കാണുക. കവിയുടെ ഈ മാര്‍ഗ്ഗവും രചനാസങ്കേതവും കവനത്തെ അര്‍ഥസാന്ദ്രവും ഭാവധ്വനനനിപുണവുമാക്കാന്‍ വളരെ ഉപകരിച്ചിട്ടുണ്ട്. സ്നേഹദാതാവായ അവന്‍ അനേകം കവിതകളില്‍ നായകനായി പ്രത്യക്ഷപ്പെടുന്നു. പരകായം അവന്റെ സാമീപ്യസായൂജ്യങ്ങളുടെ പരമമായ ആവിഷ്ക്കാരമാണ്.

അങ്ങിനെ ഭൂമിയില്‍ കുടുംബമുണ്ടായി, ഉറക്കം, നിലാവ് കടമെടുത്ത രാത്രി, ഉച്ചരിക്കപ്പെട്ട വാക്ക് പ്രാ ര്‍ഥനയാകുമ്പോള്‍, ചെവിട്ടോര്‍മ്മ, ഓര്‍മ്മയാചരണം, ഒറ്റയാകലാണ് മരണം തുടങ്ങി മിക്ക രചനകലും ഈ സ്തോഭത്തില്‍ നിന്ന് രൂപം കൊണ്ടതാണ്. അതുകൊണ്ട് അവയില്‍ ലയസാമ്യം കാണുമെങ്കിലും താളഭിന്നതയും കാണാം.

വ്യത്യസ്തഗതിയുള്ള കവിതകളും ഉണ്ട്. സോക്രട്ടീസിന്റെ ഭാര്യ, ദൈവം അവളുടെ കുഞ്ഞായിരുന്നു. കണ്ണല്ല; കണ്ണീരാണു നീ, മണ്ണിര, കാശിയാത്ര, സൈബര്‍ ക്ലാസ് മുതലായ കവിതകള്‍ കാണുക.

ഈ സമാഹാരത്തിലെ കവിതകളെ അപഗ്രഥിച്ചും വിശദീകരിച്ചും എഴുതുന്നത് അവയോട് അപരാധം ചെയ്യലാകും വായനക്കാരനു നേരീയ ഒരു സൂചന നല്‍കുകയേ വേണ്ടു. ഇടനിലക്കാരെ അനുവദിക്കാത്ത കവിതകളാണ് ഇവ. വായനക്കരന്റെ മനസ്സ് ഏകാന്ത വിചനമാക്കുന്ന നിമിഷാര്‍ദ്ധങ്ങളില്‍ ആസ്വദിക്കപ്പെടേണ്ട വരികളാണ് ഇവയിലുള്ളത്.

അതുകൊണ്ട് വായനക്കാരെ ഇനിയും വിഷമിപ്പിക്കാതെ വെറുതെ വിടുന്നു.

പറയാന്‍ ബാക്കിവെച്ചത് – റോസി തമ്പി

പ്രസാധനം – പാം സാഹിത്യ സഹകരണഘം.

പേജ് – 96, വില – 75.

Generated from archived content: book1_aug24_11.html Author: sukumar_azheekode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English