നട്ടപ്രാന്ത്

അകലം കുറഞ്ഞ പോലെ
മരണത്തിനും ജീവിതത്തിനും ഇടയില്‍ അകലം ഉണ്ടോ ???
( ഉത്തരമില്ലാത്ത ചോദ്യം )
മരിക്കാന്‍ കൊതിക്കുന്നതിലെന്തു സുഖം
ജീവിക്കാന്‍ പഠിക്കുമ്പോളലേ സുഖം.
കളിക്കൂട്ടുകാരിക്ക് പരിഭവം ,കണ്ണടച്ചങ്ങിരുന്നു.
പരിഭവം പറയാനുള്ളത് പറഞ്ഞു തീരുമ്പോള്‍ ഭ്രാന്തന്‍ എന്ന് വിളിക്കുന്നു
( വെറുംവാക്കിനെതിര്‍ വാക്ക് പരിഹാസം )

എങ്ങിലും ഒറ്റയ്ക്ക് യാത്ര തുടരാന്‍ ഒരു കൊതി
ബഹളങ്ങള്‍ ഭയക്കുന്ന മനസിന്റെ വെറുമൊരു കൊതി
(വിഷാദ രോഗം അല്ലാണ്ടെന്താ )

പറഞ്ഞിട്ട് പോകാന്‍ തോന്നുന്നില്ല
അനുവാദം നല്കിയില്ലെന്കിലോ ?
പോകുവാന്‍ ഉറച്ചവന് എന്തിനു അനുവാദം
അവിടെ എന്തോ കാത്തിരിക്കുന്ന പോലെ
മരുപ്പച്ചക്ക് ഹരിതവര്‍ണം ആരോ പറഞ്ഞിരുന്നു
(പുതിയൊരു പ്രതീക്ഷ )

മരണം മറ്റൊരു ജനനം ആണത്രേ.
അപ്പോള്‍ വീണ്ടും ഒരു കുഞ്ഞാവും
തൊട്ടിലില്‍ ആടിയാടി ഉറങ്ങാന്‍
തുരുമ്പിച്ച ആട്ടുകട്ടിലിനു മരണത്തിന്റെ ശബ്ദം .
( വിളിയൊച്ച )

തേടിയിറങ്ങാന്‍ മടി തോന്നുന്നു
എങ്കിലും മരിക്കണം, കൊതി വെറുതെ ഒരു കൊതി
(നട്ടപ്രാന്ത്‌ )

കൈതാങ്ങിനു വിളിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നു
പുതിയ ലോകത്തേക്ക് ഒരു താങ്ങ്
ചില്ലാട്ടം പറക്കുവാന്‍ ആദ്യത്തെ ഉന്തു ..
(പാപഭയം-നിസഹായത)
പലകുറി വരഞ്ഞു കോറിയ കൈ ഞരമ്പിലെ പാടുകള്‍
വെറുതെ ഒരു നോട്ടം..കൊതിച്ചവന്‍റെ നിരാശ.
(ഉള്‍ഭയം )

അവിടെയൊരു വലിയ മരം ആണത്രേ
സ്വപ്നത്തില്‍ പറഞ്ഞത് മുത്തശ്ശി
മരത്തില്‍ കിളികളെപ്പോലെ ആത്മാവുകള്‍
കൂട്ടു വരാമെന്നു പറഞ്ഞപ്പോ പിണങ്ങിപ്പോകുന്നു
പൌത്രസ്നേഹം (വഴികാട്ടി )

തെക്കെപ്പറമ്പിലെ നാട്ടുമാവിന് സങ്കടം
കടക്കല്‍ വീഴുവാന്‍ വായ പിളര്‍ക്കുന്ന
കോടാലിക്കയിലേക്ക് തുറിച്ചു നോക്കുന്നു
( സ്വാര്‍ഥത )

കുരുക്ക് മുറുക്കുമ്പോള്‍ പുതിയ വഴി കണ്ടു
മരണ ലോകം …ആത്മാക്കളുടെ ലോകം
( പ്രതീക്ഷ )

ശ്വാസം നിലക്കുമ്പോള്‍ വല്ലാത്തൊരു കൊതി
സ്വയം വരിച്ച വിധിയോടുള്ള ഏറ്റുപറച്ചില്‍
( നഷ്ടം )

പുതിയ ലോകം എല്ലാം പഴയ പോലെ
കാലഭഗവാനു പാര്‍ട്ട് ടൈം ജോലി-ലോട്ടറിക്കച്ചവടം
എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ സമരം ചെയ്യുന്നു
പ്രവാസികള്‍ പ്രണയ കവിത പാടി നടക്കുന്നു .
മരണ ലോകത്തെ നിയമസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി .
(സ്തംഭനം)

തിരിഞ്ഞോടാന്‍ കൊതി
കാത്തിരിപ്പ്‌ വീണ്ടുമൊരു ജനനത്തിനു
മരണവും ജനനവും-അകലം കുറഞ്ഞ പോലെ
( വീണ്ടുമൊരു പ്രതീക്ഷ )

Generated from archived content: poem1_feb25_13.html Author: sujith_muthukulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English