മനസ്സിനുളളിൽ പുളിയുറുമ്പുകൾ കലമ്പി. ചെകിളകളിട്ടടിച്ച് പിടയുന്ന മീനിന്റെ അവസ്ഥ. ഉളളിൽ ഉറഞ്ഞുപോയ ചില സത്യങ്ങളുടെ പേരിൽ നല്ലതെന്തോ എഴുതി തീർക്കണമെന്ന വ്യഗ്രത. പിന്നെ ഉദയമായി.
നിലത്ത് കാലുറയ്‌ക്കാൻ മടിക്കുന്ന പഴയ മരക്കസേര വലിച്ചിട്ട് ഞാൻ കഥ എഴുതാനുളള തയ്യാറെടുപ്പോടെ ഇരിക്കുകയായിരുന്നു.
വെളിച്ചവും ചൂടും കയറി വരുന്ന വാതിലും ജാലകങ്ങളും ഭാര്യ കൊട്ടിയടച്ച് കഴിഞ്ഞു.
പെട്ടെന്ന് ഞാനിരുന്ന കസേരക്ക് ഒരു വേവൽ. വിങ്ങിയും വിലങ്ങിയും അത് ചലനമാരംഭിച്ചു. നീണ്ടും ചെരിഞ്ഞും ആടിയുമുളള പ്രയാണത്തിൽ ഞാൻ ഉരുണ്ടുതാഴെപോയി. എന്നിട്ടെന്ത്? തറയിൽ കടലാസുറപ്പിച്ച് ഞാൻ എഴുത്തുപണിക്ക് ഏകാഗ്രനായി.
അപ്പോൾ പൊടുന്നനെ ആ വെളളക്കടലാസ് പൊടിഞ്ഞുപാറാൻ തുടങ്ങി. അവിടെ ഒരു ഭീകരജന്തുവിന്റെ മുഖം അവശേഷമായി കണ്ടു. കോന്ത്രാന്റെ വായ കണ്ടാൽ പേടിയാകും. കുറുകിച്ചുകന്ന കണ്ണുകളും, കുറ്റിരോമങ്ങളുളള മൊട്ടത്തല.
അയ്യോ, ഭയന്ന് വിറച്ച ഞാൻ കൈകാലിട്ടടിച്ചു. നിലവിളി തൊണ്ടയിൽ കുടുങ്ങി.
ഈ സമയത്ത് പേനയുടെ മുന വളർന്ന് കുന്തമായി. അതിന്റെ മൂർച്ചയുളള ഭാഗത്ത് ദേഹമുരുമ്മി രക്തംവാർന്ന് ഞാൻ വരണ്ടു.
അധികം കഴിയാതെ ബോധരഹിതനായിരിക്കണം. എപ്പൊഴോ കണ്ണുതുറന്ന് നോക്കുമ്പോൾ ഭാര്യയുണ്ട് അരികിൽ. ആശുപത്രിച്ചുമരുകൾ എനിക്കെളുപ്പം തിരിച്ചറിയുമായിരുന്നു.
“എന്താടീ ഒരു പെണക്കം നെനക്കെന്നോട്.” – ഭാര്യയോട് വെറുതെ തിരക്കി.
“ഇനി മിണ്ടുകയേ വേണ്ട. അങ്ങോട്ടും മിണ്ടില്ല. കുടിച്ചു മറിയണമെങ്കിൽ ഇനിയും ആയിക്കോളൂ. അകത്ത് അടച്ചുപൂട്ടി മുനിയെപ്പോലെ ഇരിക്കണോ അതിന്.” അവളുടെ ഉശിര് ചീറി.
പുലിജന്മമായ ഞാൻ പൂച്ചയുടെ മട്ടിലാണ് ഇരുന്നത്. ഒന്നും ഉരിയാടിയില്ല. പീഡനങ്ങളിലല്ലാതെ എനിക്കെഴുതാനാകില്ലെന്ന് അവൾ ഇനിയും പഠിച്ചില്ല, മോശം.
Generated from archived content: story_ezhuthu.html Author: sujith_kayyur
Click this button or press Ctrl+G to toggle between Malayalam and English