എൻഡോസൾഫാൻ

രണ്ട്‌ ഉണ്ടക്കണ്ണുകൾ വളർന്ന്‌ വളർന്ന്‌ വാ പിളർക്കുന്ന ഗുഹകളായി. അതുകഴിഞ്ഞ്‌ ചെറുകയ്യുകൾ വളരാൻ തുടങ്ങി. വിരലുകൾ ഉലക്കകളുടെ വണ്ണത്തിൽ തടിച്ച്‌ ചീർത്തു. പിന്നീടാണ്‌ ഞാനറിഞ്ഞത്‌ ഇതിന്റെ രൂപമോ പേരോ പേരില്ലായ്‌മയോ എനിക്കറിയില്ലെന്ന്‌. പേടിച്ച്‌ വിളർത്ത ഞാൻ തുടയിൽ അമർത്തി മാന്തി സ്വന്തം ശരീരത്തിന്റെ വേദന തിരിച്ചറിഞ്ഞു. ഇക്കാണുന്നതൊന്നും എന്തായാലും സ്വപ്നമല്ല. കിടക്കയിൽ ഞാൻ കിടക്കുകയുമല്ല. കസേരയുടെ വിളുമ്പിലേക്ക്‌ പേടികൊണ്ട്‌ തെന്നിമാറിയ ഞാൻ ഏതു നിമിഷവും തറയിലേക്ക്‌ വീണുപോകുമെന്ന സ്ഥിതിയിലാണ്‌. ബോധമറ്റ ശരീരം മണിക്കൂറുകളോളം മൃതദേഹം പോലെ തറയിൽ വീണ്‌ കിടക്കും. ദൈവമേ!

ഏത്‌ വിപത്തിലും അനുഗ്രഹത്തിന്റെ ദിവ്യപ്രകാശം ചൊരിഞ്ഞവന്‌ സ്തുതി. മലപോലെ വന്ന ദുരന്തം മഞ്ഞുപോലെ ഉരുകുവാൻ ഞാനെന്ത്‌ ചെയ്യണം.

അപ്പോൾ അബോധമനസ്സ്‌ ഉണർന്നു. പതുക്കെ ചുണ്ടുകൾ മന്ത്രിച്ചു.

“കഥാപാത്രമേ, നിനക്കിനി പുറപ്പെട്ടിടത്തേക്ക്‌ മടങ്ങാം. വിളിക്കുമ്പോൾ തിരികെ വന്നാൽ മതി.”

എഴുതാൻ വെച്ചിരുന്ന കടലാസ്‌ മടക്കി പുസ്തകക്കെട്ടിനകത്തേക്ക്‌ തിരുകിവെച്ചു. (വർഷങ്ങളോളം കീടനാശിനിയുടെ വിഷം ചീറ്റിയ കാസർകോട്‌ ജില്ലയിലെ ചില ഗ്രാമങ്ങളിൽ അവരുണ്ട്‌. വയറുന്തിയും കണ്ണുകൾ തുറിച്ചും ചീഞ്ഞും ജീവിതം നരകിക്കുന്ന മനുഷ്യപ്രാണങ്ങൾ. മഴയിലൊലിപ്പിക്കുന്ന കടലാസ്‌ വഞ്ചിയുടെ വിലപോലും ഇവർക്ക്‌ നൽകാമായിരുന്നില്ലേയെന്ന്‌ മനസ്സ്‌ ചോദിക്കുന്നു.)

അതാ എൻഡോസൾഫാൻ ഭീകരൻ വീണ്ടും കുന്നോളം പൊക്കത്തിൽ എത്തുന്നു.

അയ്യോ ഓടിക്കോ…

Generated from archived content: story-sept15.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here