അറിയപ്പെടാത്ത ദേവനർത്തകരെക്കുറിച്ച്‌

ഉത്തര മലബാറിന്റെ വളക്കൂറുളള മണ്ണിൽ ഹരിതസമൃദ്ധി മാത്രമല്ല നല്ല നാടൻകലകളും അനുഷ്‌ഠാനകലകളും തഴച്ചുവളർന്നിട്ടുണ്ട്‌. അനേകം പാരമ്പര്യസിദ്ധികളുടെയും വരവിസ്‌മയങ്ങളുടെയും നാടാണിത്‌. എങ്കിലും മിക്കകലകളും അനുഷ്‌ഠാനങ്ങളും കാലക്കുത്തൊഴുക്കിൽ ഇടറിവീണ്‌ നാശോന്മുഖമാവുന്നു.

ഇതിന്റെ സംരക്ഷണകാര്യത്തിൽ സദാ ജാഗ്രത നിറഞ്ഞ്‌ പ്രയത്നിക്കാനും ഒരുറച്ച കരയിലേറ്റി നിർത്താനും അമിത ശ്രദ്ധ തന്നെ പതിയണം.

നമ്മുടെ ഹൃത്തടങ്ങളിൽ ആമോദപൂച്ചെണ്ടുകളാവേണ്ട കലകൾ അതാത്‌ കാലഘട്ടത്തിന്റെ മനസ്സാക്ഷി കൂടിയാകുന്നു. വഴിയിൽ ചിതറിപ്പോയ അവ മുത്തുമണികളെപോലെ പെറുക്കി ശേഖരിക്കുവാനും ശിരസ്സിലേറ്റി ആനന്ദനടനമാടാനും മഹാമനസ്‌കത കാട്ടുമ്പോൾ തലമുറകളിലൂടെ കൈവന്ന സമ്പാദ്യത്തിന്‌ മാറ്റേറും.

കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഏറെ പ്രചാരമുളള ഒരു അനുഷ്‌ഠാനകലയാണ്‌ തിടമ്പുനൃത്തം. എന്നാൽ ക്ഷേത്രകലകളുടെ കൂട്ടത്തിൽ ഈ പേരില്ല. തെയ്യത്തിന്റെ മഹിമയും നാമവും കുറിച്ചശേഷം മറ്റൊരു വടക്കൻ കലാരൂപമായ തിടമ്പുനൃത്തത്തെ ആദരിക്കാനും അംഗീകരിക്കാനും നാമെന്തുകൊണ്ടോ മടികാണിച്ചു.

ഏറെ വൈകിയാണെങ്കിലും തിടമ്പുനൃത്തത്തിന്‌ കേരള സംഗീതനാടക അക്കാദമി ഒരു പുരസ്‌കാരം ഏർപ്പെടുത്തിയത്‌ ഉചിതമായി. നാലു ദശകത്തിലേറെയായി ഈ രംഗത്ത്‌ സംഭാവനകളർപ്പിക്കുന്ന കാസർകോട്‌ ജില്ലയിലെ കേശവൻ എമ്പ്രാന്തിരിയ്‌ക്ക്‌ ലഭിച്ച ഈ അവാർഡ്‌ അർഹതയ്‌ക്കുളള മകുടമണിയായി.

ദീർഘകാലത്തേയ്‌ക്ക്‌ കലയെ നെഞ്ചേറ്റിയ ഔദ്ധത്യവും ഓർമ്മതികവും സംഭാഷണമധുരമായി. വാക്കുകളെ അമൃതശുദ്ധിയിൽ ‘അഹം’ കലരാതെ പുറത്തെടുക്കവെ ഇരുൾപൊന്തയിൽ അറിവിന്റെ വെൺനിലാക്കീറ്‌ മിന്നിപ്പൊലിഞ്ഞപോലെ ഒരനുഭവമായി തോന്നി. സംഭാഷണ ശകലങ്ങളിൽ നിന്നു ചിലത്‌-

?തിടമ്പു നൃത്തത്തിന്റെ തുടക്കകാലം, സവിശേഷതകൾ ഇവ ഈ കല പരിചയിക്കാത്തവർക്കുവേണ്ടി ഒന്നു വിശദമാക്കാമോ?

തുളുബ്രാഹ്‌മണരാണ്‌ തിടമ്പുനൃത്തത്തിന്റെ ഉപജ്ഞാതാക്കൾ. കർണാടക സംസ്ഥാനത്തിന്റെ അതിരുകളിൽനിന്ന്‌ കേരളത്തിനകത്തേക്ക്‌ ഈ കല വ്യാപിച്ചു. കർണാടകയിൽ നടത്തിവരാറുളള ‘ദർശനബലി’യുടെ നൃത്ത മാതൃകയാണ്‌ ഇതിൽ സ്വീകരിച്ചത്‌ എന്നും അഭിപ്രായമുണ്ട്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മിക്ക ക്ഷേത്രങ്ങളിലും ഉത്സവത്തിന്റെ ഭാഗമായ ഒരു ചടങ്ങായി ഇത്‌ നടത്തുന്നു. കോഴിക്കോട്‌ ജില്ലയിൽ തിടമ്പുനൃത്തവും കലാകൂട്ടായ്‌മയും പേരെടുത്തു പറയാവുന്ന നിലയിൽ വളർച്ച നേടിയിട്ടുണ്ട്‌.

ചെണ്ട, വലംതല, ശ്രുതി, കുറുംകുഴൽ, ഇലത്താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ തിടമ്പ്‌ തലയിലേറ്റിയ നൃത്തവിദഗ്‌ദ്ധൻ കലാശം ചവുട്ടി ചുവടുവെക്കുന്നു. കുണ്ഡലങ്ങളും സ്വർണ്ണവളകളും മാലയും പട്ടുത്തരീയവും ധരിച്ച്‌ തലപ്പാവ്‌ കെട്ടിക്കഴിയുമ്പോൾ ഒരുക്കങ്ങൾ അവസാനിക്കുന്നു.

ശ്രീകോവിലിനകത്ത്‌ മൂലബിംബത്തോടൊപ്പം പൂജിക്കുന്ന ബലിബിംബമാണ്‌ തിടമ്പിനുളളിലേറ്റുക. ഇത്‌ ഉഷ്ണിപീഠത്തിനു(തലപ്പാവ്‌​‍ാമേൽ ഉറപ്പിക്കുന്നു. ഒരു ചട്ടത്തിനകത്താണ്‌ വിഗ്രഹം ഉറപ്പിക്കുന്നത്‌. കലാകാരൻ തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നിങ്ങനെ നാലു താളങ്ങളിലായി പദന്യാസം ശീലിക്കണം. കേശവൻ എമ്പ്രാന്തിരി പറഞ്ഞു.

മൂന്നു വർഷത്തോളം പരിശീലിച്ചശേഷം ഇരുപത്തിമൂന്നാം വയസ്സിൽ പട്ടേന ശ്രീ വീരഭദ്രക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. നല്ല ചെത്തുകല്ല്‌ തലയിലേറ്റി മാസങ്ങളോളം പരിശീലനം നേടിയിരുന്നു. ഇപ്പോൾ പുതിയ തലമുറക്കാരുടെ പദന്യാസത്തിനിടയ്‌ക്ക്‌ പതർച്ചയും അസ്വാരസ്യങ്ങളും കാണുന്നത്‌ കടുത്ത പരിശീലനത്തിന്‌ മെയ്‌ വഴങ്ങാത്തതുകൊണ്ടു തന്നെയാണ്‌.

രണ്ട്‌ രണ്ടര മണിക്കൂർ സമയത്തേക്ക്‌ തിടമ്പുനൃത്തം ഉണ്ടാകും. നമ്പൂതിരിയാണ്‌ കലോപാസകൻ. തിടമ്പു തലയിലേറ്റിയശേഷം നൃത്തക്കാരൻ ഒന്നും ഉരിയാടില്ല. വാരിയർ അല്ലെങ്കിൽ നമ്പീശൻ കുത്തുവിളക്ക്‌ പിടിക്കണം. മേളച്ചുമതല മാരാരിൽ നിക്ഷിപ്തമാണ്‌. അന്നുമിന്നും തിടമ്പു നൃത്തത്തിന്റെ കുലപതി വെതിരമന ശ്രീധരൻ നമ്പൂതിരിയാണ്‌. ഗുരുസ്മരണയിൽ മനസ്സ്‌ നമിക്കുമ്പോൾ ഒരേ സമയം കയ്പിന്റെയും മധുരത്തിന്റെയും ചുവയാണെന്ന്‌ കേശവൻ എമ്പ്രാന്തിരി പറഞ്ഞു.

അറുപത്തിയൊൻപതിലെത്തിയ അദ്ദേഹത്തിന്റെ ഗുരുവാണ്‌ വെതിരമന. വാർധക്യത്തിന്റെ ദുരിതത്തിലും കയ്പുനീരിലും നീന്തുമ്പോൾ വെതിരമന എന്ന പ്രതിഭയെ താങ്ങാനും തലോടാനും ആരും എത്തിയില്ല. വിലമതിക്കത്തക്ക ഒരു അംഗീകാരമുദ്രയും കൈവന്നില്ല.

സംഗീത നാടക അക്കാദമി പുതുതായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്‌ വെതിരമനയുടെ പേര്‌ നൽകിയതിലൂടെ ഈ കുലപതിയെ വിസ്‌മൃതിയുടെ കയത്തിൽ പെടാതെ രക്ഷിച്ചിരിക്കുന്നു.

തിക്‌താനുഭവങ്ങളുടെ മനംമടുപ്പും ആലസ്യവും വകഞ്ഞ്‌ അല്പം മധുരം നുണയുന്ന അനുഭൂതി സുഖമുണ്ട്‌ ഈ അവാർഡ്‌ ലബ്‌ധിക്ക്‌. അവഗണിയ്‌ക്കപ്പെട്ട സ്വന്തം ഗുരുവിന്റെ പേരിലുളള അവാർഡ്‌ ആയതിനാലാണ്‌ ഈ സന്തോഷം.

കാസർകോട്‌ ജില്ലയിലെ വിഷ്ണുമംഗലം ക്ഷേത്രം, ബല്ലത്തപ്പൻ, ബേക്കലത്തെ ആഞ്ഞ്‌ജനേയക്ഷേത്രം, കുട്ടമത്ത്‌ ഭഗവതീക്ഷേത്രം, തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ തിടമ്പുനൃത്തം കാലങ്ങളാൽ നടത്തപ്പെടുന്നു. തളിപ്പറമ്പ്‌, തൃച്ചംബരം ശ്രീകൃഷ്‌ണക്ഷേത്രത്തിൽ സവിശേഷമായ ഒരു ചടങ്ങ്‌ ഉണ്ടാകാറുണ്ട്‌. ബലരാമനും ശ്രീകൃഷ്‌ണനും തമ്മിൽ വിടചൊല്ലുന്ന സന്ദർഭത്തിന്റെ അന്തഃസംഘർഷവും ദുഃഖവും വലുതായ വികാരവായ്പിൽ അവതരിപ്പിക്കുന്നു.

അവഗണനയും നാശോന്മുഖമായ പരിപാലനവൃത്തിയും കൊണ്ട്‌ കാലാനുസൃതമായ പോഷണം അലഭ്യമായ കലയാണ്‌ ഇത്‌. അനുഭവങ്ങളുടെ മഹായാനം തുഴഞ്ഞുവന്നവർക്കെ ഈ അവസരത്തിൽ പിടിച്ചു നില്‌ക്കാനാവൂ.

കലയും ജീവിതവും ഒന്നുതന്നെ ഈ കലാകാരന്മാർക്ക്‌. അനുഷ്‌ഠാന ചേരുവയും കലാംശവും വേറിട്ട്‌ കണ്ട്‌ പരിചരിക്കുമ്പോഴെ ഇതിന്റെ സംരക്ഷണദൗത്യം നിറവേറ്റപ്പെടുകയുളളു.

Generated from archived content: essay_thitambu.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English