അവഗണിക്കപ്പെട്ട ആചാര്യൻ

നൂറ്റാണ്ടുകളുടെ പഴക്കമുളള വിവിധ കലകളുടെ ഈടും ഗുണവും നന്മയുടെ അംശങ്ങളും സ്വാംശീകരിച്ച്‌ കുഞ്ചൻ കെട്ടിയുണ്ടാക്കിയതിനെ ആസ്വാദകരിലേക്ക്‌ കൂടുതൽ അടുപ്പിച്ചതും ശാസ്‌ത്രീയമായി പരിഷ്‌ക്കരിച്ചതും മലബാർ രാമൻനായരും മറ്റുമാണ്‌. രാമൻനായർക്കുശേഷം ഉത്തരഭാഗത്തു നിന്ന്‌ അധികംപേർ ഈ രംഗത്ത്‌ ശോഭിച്ചില്ല.

ആധുനിക കാലത്തെ ബഹളങ്ങളിൽ മിക്കവാറും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന ഉത്തമകലയെ പിന്തുണയ്‌ക്കുന്നവർ വിരളമായെങ്കിലും അർപ്പണവും ആത്മാർത്ഥതയും കൈമോശം വരാത്ത ആളുകൾ ഇനിയും ബാക്കിയുണ്ടെന്നത്‌ ആഹ്ലാദം ചുരത്തുന്നു. കച്ചവട താല്പര്യങ്ങളും പൊളളത്തരവും കണ്ടു മടുത്ത ആസ്വാദകരാണ്‌ പിന്മടങ്ങുന്നതെന്ന കാര്യം കലാകാരന്മാരുടെ ശ്രദ്ധയിൽ വരേണ്ടതാണ്‌.

ശാസ്‌ത്രീയ കലയുടെ ചിട്ടവട്ടങ്ങൾ തികഞ്ഞ തുളളലിൽ മനോധർമ്മ വിലാസത്തിലും അഭിനയസാധ്യത മുഴുവനറിഞ്ഞും അരങ്ങിനെ ഉണർത്തി സായൂജ്യം വിരിയിച്ച്‌ നിരവധി കഥാപാത്രങ്ങൾക്ക്‌ കലാലോകത്ത്‌ ചിര പ്രതിഷ്‌ഠ ഏകിയ കുഞ്ഞിക്കൃഷ്‌ണപൊതുവാൾ നിസ്വാർത്ഥമായ കലാസേവനത്തിന്‌ മാതൃകയാണ്‌. എഴുപത്തിമൂന്നിലെത്തിയ ആചാര്യന്‌ അർഹിക്കുന്ന പരിഗണനയൊന്നും കലാകേരളം നൽകിയുമില്ല. കുഞ്ഞുന്നാളിലെ കാലിൽ ചിലങ്കയണിഞ്ഞ കുഞ്ഞിക്കൃഷ്‌ണപൊതുവാൾ പ്രഗത്ഭരായ ഗുരുനാഥന്മാരുടെ വഴിയെ ഈ രംഗത്ത്‌ ശാശ്വതസ്ഥാനം നേടിയെടുത്തു.

നാട്യാചാര്യന്മാർ കല്പിച്ച ഗുണവിശേഷങ്ങൾ ഒക്കെ തികഞ്ഞ രംഗകലയ്‌ക്ക്‌ പുതുമ നിലനിർത്തിക്കൊണ്ടുതന്നെ ലളിതവും സരസവുമായി ആഖ്യാനം നിർവ്വഹിച്ചും അതിനൊത്ത്‌ നടനമാടിയും ഇവിടെ വേരുറപ്പിക്കുകയെന്ന വെല്ലുവിളി വേണ്ടയർത്ഥത്തിൽ അദ്ദേഹം ഏറ്റെടുത്തു. സിനിമാറ്റിക്കിന്റെയും ഫാഷൻ തരംഗങ്ങളുടെയും കാലത്ത്‌ പ്രത്യേകിച്ചും യുവതലമുറയ്‌ക്ക്‌ ഈ മേഖലയിൽ താല്പര്യം കുറഞ്ഞു. എങ്കിലും കലാഭിമുഖ്യം കുറവല്ലാത്ത ഒരു കൂട്ടത്തെ ഉണ്ടാക്കാനായിട്ടുണ്ടെന്ന്‌ കുഞ്ഞിക്കൃഷ്ണപൊതുവാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കന്മാരൻ നമ്പ്യാരുടെയും ശ്രീദേവി അമ്മയുടെയും മകനായി ചെറുവത്തൂരിൽ 1930-ലാണ്‌ ജനനം. വിശ്രുതരായ മലബാർ വി.രാമൻനായർ, കെ.ടി. കുമാരൻ, കന്യാടിൽ കുഞ്ഞിരാമൻ, കൃഷ്ണപൊതുവാൾ, ചന്തുക്കുട്ടി തുടങ്ങിയവരുടെ മേൽനോട്ടത്തിലും ശിക്ഷണത്തിലുമാണ്‌ തുളളൽകലയിൽ പ്രവേശനം നേടിയത്‌. ദേശാഭിമാനി കലാസമിതിയിലൂടെ ആ വളർച്ച വേഗത്തിലായി. മഹാകവി കുട്ടമത്ത്‌ ജയന്തിയോടനുബന്ധിച്ച്‌ അരങ്ങേറ്റം കുറിക്കുകയും തുളളൽ മത്സരത്തിൽ രുഗ്‌മിണി സ്വയംവരം അവതരിപ്പിച്ച്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു.

പൗരാണികമായ കഥകളും രാഷ്‌ട്രീയ പരിവർത്തനത്തിന്‌ തന്റെ മാതൃരാജ്യം ആശയ സമരം നടത്തുന്ന സംഭവങ്ങളും ഒക്കെ വിഷയങ്ങളാക്കിയ തുളളലുകളാണ്‌ സ്വാതന്ത്ര്യലബ്ധിയുടെ കാലയളവിൽ അവതരിപ്പിച്ചിരുന്നത്‌. ഊട്ടി, അറവങ്ങാട്ട്‌, മംഗലാപുരം, സേലം, വിരാജ്‌പേട്ട, സിദ്ധപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച്‌ ചെറുകാട്‌ രചിച്ച തുളളൽ അവതരിപ്പിച്ചും പോലീസ്‌ വേട്ടയ്‌ക്കെതിരെ നിലകൊണ്ടും സമരത്തിന്‌ ആവേശം പകർന്നു കൊടുത്തു.

പെരളശ്ശേരിയിൽ നടന്ന ഒരു പൊതു സമ്മേളനത്തിൽ എ.കെ.ജി. പൊതുവാളിന്റെ കലാസപര്യയെയും രാഷ്‌ട്രീയമായ ഇച്ഛാശക്തിയെയും അഭിനന്ദിക്കുകയുണ്ടായി. ആറോൺ മിൽ സമരം നടക്കവെ തൊഴിലാളികൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചതിന്‌ പിറകെ പോലീസ്‌ ഭീഷണി ഉയർത്തി. ഒളിവിലും തെളിവിലും നിന്ന്‌ കലാപ്രവർത്തനം നടത്തിയ കാലം ഉന്മേഷകരമായ ഓർമ്മകൾ നിറഞ്ഞതായിരുന്നു. പൊതുവാൾ അഭിപ്രായപ്പെട്ടു.

കുട്ടമത്ത്‌ കുഞ്ഞിക്കൃഷ്ണപൊതുവാൾ രചിച്ച സ്പുട്‌നിക്ക്‌ യുഗം, രാജൻ സംഭവം, അഴീക്കോടിന്റെ ചരിത്രം, മണികണ്‌ഠ വിജയം (തുളളൽ) സീതാസ്വയംവരം, ശ്രീധർമ്മശാസ്ത, വീര ഹനുമാൻ, ശതശൃംഗം, ദാരികവധം (നാടകം) തുടങ്ങിയവ പഴയ കാലത്ത്‌ ഉത്സവങ്ങളോടനുബന്ധിച്ചും പൊതു സമ്മേളനങ്ങളിലും ഉത്തര ദിക്കിലെ ഉൾനാടുകളിൽ നിർബന്ധമുളള പരിപാടികളായിരുന്നു. സാക്ഷരതാപദ്ധതി, കാർഷികരംഗം, ശുചിത്വ ആരോഗ്യപ്രവർത്തനങ്ങൾ എന്നിവയ്‌ക്കുവേണ്ടി അനേകം കൃതികൾ രചിച്ചു. നിരവധി സോവനീറുകളിലും ചെറുകിട പ്രസിദ്ധീകരണങ്ങളിലുമായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും സമാഹരിച്ചിട്ടില്ല. ഈ കൃതികളെല്ലാം ഒരു കാലത്ത്‌ ഈ നാടിന്റെ സംസ്‌കൃതിക്ക്‌ വിലപ്പെട്ടതായിരുന്നു. ആ നിലയ്‌ക്ക്‌ അവ കാലഹരണപ്പെടാൻ പാടില്ലാത്തതുമാണ്‌.

നാല്പതുവർഷമായി അദ്ദേഹം ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കുന്നു. കൂടാതെ വിധികർത്താവിന്റെ റോളിലാണെങ്കിലും പൊതുവേദികളിൽ ഇപ്പോഴും പ്രത്യക്ഷപ്പെടാറുമുണ്ട്‌. എഴുപത്തിമൂന്നിലും മനസ്സിൽ താളവും ചുവടും പിഴയ്‌ക്കുന്നില്ല. അദ്ദേഹത്തിന്റെ വാശിമൂലം വാർദ്ധക്യം വഴി മാറുന്നതായി തോന്നുകയാണ്‌.

Generated from archived content: essay_may20.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English