കാരിച്ചി -തുടിതാളത്തിന്റെ വിസ്‌മയം

ജീവസമൂഹങ്ങളിൽ വളർന്ന ഓരോ കലയും സംസ്‌കാരവും ജീവാർപ്പണത്തിന്റെ രീതിയിൽ വേറിട്ട അത്ഭുതങ്ങൾ തന്നെ. വ്യത്യസ്‌തമായ ജീവമണ്ഡലങ്ങൾ സ്വയം പ്രേരിത ഉത്സാഹത്തിലാണ്‌ വർത്തിക്കുന്നത്‌. അവരുടെ ആചാരങ്ങളും വിചാരങ്ങളും സ്വപ്‌നങ്ങളും നിഗൂഢതകളും പഠനവിഷയമാകേണ്ടതാണ്‌. അതിലൂടെ പുതിയ ഒരു സംസ്‌കാരത്തിന്റെകൂടി ഉളളറയിലേക്ക്‌ ചെല്ലാനാകും.

ഫ്യൂഡൽ പ്രഭുത്വത്തിന്റെ തേർവാഴ്‌ചയിൽ ഉരുണ്ടെറിയപ്പെട്ട്‌ അടിമത്ത ജീവിതത്തിന്റെ പടുകുഴിയിലിറങ്ങിയ കാര്യമാണ്‌ മാവിലന്മാരുടേത്‌. വർഷം മുഴുവൻ അവിശ്രമം അധ്വാനത്തിലേർപ്പെട്ട കൂട്ടർ മംഗലംകളിയിലാണ്‌ അവരുടെ ഉല്ലാസപ്പൂങ്കിനാക്കൾ പങ്കിട്ടത്‌. അതിനായി തുളു കലർന്ന സങ്കരഭാഷയിൽ പാട്ടുണ്ടാക്കുകയും നടനതാളം രൂപപ്പെടുത്തുകയും ഉണ്ടായി. ആഹ്ലാദത്തിന്റെ ഉന്നത ശൃംഗങ്ങളിലാകാം അവരപ്പോൾ വിഹരിക്കുന്നത്‌.

സാമ്രാജ്യത്തത്തിന്റെ ഇരുണ്ട നീതിശാസ്‌ത്രങ്ങളും അധികാരപ്രമത്തമായ ഭരണവും കാലഘട്ടത്തിന്റെ വേറിട്ട മുഖങ്ങളായിരുന്നു. നാട്ടുകാരായ ജന്മികളുടെ ചൂഷണം വേറെയും.

മാവിലരടക്കം അടിസ്ഥാനവർഗ്ഗത്തിന്‌ നിലനില്പ്‌ ഒരു പ്രശ്‌നമായി. ജീവിതത്തോടുളള അവരുടെ പ്രേമം മംഗലംകളിയുടെയും കൊയ്‌ത്തുത്സവത്തിന്റെയും തലത്തിലായിരുന്നു.

മംഗലംകളി-വളരെ കാലത്തോളം ആരുമറിയാതെ അടിയാളരുടെ കയ്യിലൊതുങ്ങിയ ഒരു കലാരൂപം. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വനമേഖലയോട്‌ ചേർന്ന പ്രദേശങ്ങളിൽ മാറിതാമസിക്കുന്ന ഒരു കൂട്ടരുടെ ഉല്ലാസനൃത്തം.

വിളവെടുപ്പിന്റെ മധുരം വെയിലിന്റെ കടുപ്പമറിയാതെ പാടി നുണയുന്ന വേളകൾ.

ഇതിന്റെ പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിലാണ്‌ കാരിച്ചി ഊർജ്ജസ്വലയാകുന്നത്‌. കാഞ്ഞങ്ങാടിനടുത്ത മാലോത്ത്‌ കൊടിയൻകുണ്ടിലെ കാരിച്ചിക്കാണ്‌ ഈ കലയിലെ ഏറ്റവും കൂടിയ പരിചയവും അനുഭവസമ്പത്തും അവകാശപ്പെടാനാവുക.

നൂറ്റിമൂന്ന്‌ വയസ്സിന്റെ ചെറുപ്പമാണ്‌ കാരിച്ചിയുടെ ചലനങ്ങൾക്ക്‌. അതിന്റെ മികവും ആവേശപ്രകടനങ്ങളും പുതുമുറക്കാരികളെയും ഇളക്കുന്ന മട്ടിലാണ്‌.

അവശതയറിയാതെ കാരിച്ചി പറയുന്നുഃ “കലയുടെ പേരിൽ എത്രദൂരം താണ്ടാനും തയ്യാറാണ്‌.”

കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ മംഗലംകളിയ്‌ക്കായി നടത്തിയ യാത്രകളൊക്കെ ഉത്സാഹം കൊണ്ട്‌ മതിമറന്നതായിരുന്നു. ബസ്സിലും മറ്റുവണ്ടിയിലും സഞ്ചരിച്ചപ്പോൾ കാതിൽ നിറഞ്ഞത്‌ തുടിയടിക്കുന്ന താളം. അപ്പോൾ കാലുകളിലേക്കിറങ്ങുന്ന താളച്ചുവട്‌. ഉന്മേഷഭരിതമായ പാട്ടിന്റെ ശീലിൽ നഷ്‌ടമായ വസന്തങ്ങളുടെ സുഗന്ധവും പുതുമോടിയും ഉലയുന്നു.

കലയ്‌ക്ക്‌ മുഴുവനായി സമർപ്പിച്ച ജീവിതത്തിൽ പരമോന്നതമായ ആചാര്യസ്ഥാനത്ത്‌ വരെയെത്തി കാരിച്ചി. എന്നാൽ സ്വന്തമായി വീടില്ലാത്ത കാരിച്ചിയെ പരിരക്ഷിക്കാൻ അധികൃതരും രംഗത്തില്ല.

ഒട്ടേറെ ബഹുമതിമുദ്രകൾ ലഭിച്ചെങ്കിലും അവ ആരുടെ ശ്രദ്ധയിലും പെടുകയില്ല. ഓലമേഞ്ഞ കുടിലിൽ ഇരുളിന്റെ പരിചരണത്തിൽ പൊതിഞ്ഞാണ്‌ അവയിരിക്കുന്നത്‌.

“സ്വന്തമായി ഒരു വീട്‌ ഉണ്ടാക്കണം. മറ്റൊന്നും എനിക്ക്‌ വേണ്ട.”

കാസർകോട്‌ ജില്ലയിലെ അയ്യങ്കാവിലാണ്‌ കാരിച്ചിയുടെ ജനനം. അവിടെ ഒരു ജന്മി കുടുംബത്തിന്റെ ആശ്രയത്തിലാണ്‌ കഴിഞ്ഞുകൂടിയത്‌. പിന്നീടാണ്‌ ഭർത്താവൊന്നിച്ച്‌ കൊടിയൻകുണ്ടിലേക്ക്‌ മാറിതാമസമായത്‌. ഇപ്പോൾ കൂട്ടിരിക്കാൻ ആരുമില്ല. മക്കളില്ല. ഭർത്താവ്‌ കുറച്ചുമുൻപേ മരിച്ചുപോയി. മംഗലംകളിയിലെ തലമുതിർന്ന കലാകാരിയായ ഇവർക്ക്‌ പക്ഷിപ്പാട്ട്‌, തമ്പുരാൻപാട്ട്‌, വിത്തുപാട്ട്‌ തുടങ്ങിയവയിലും വിരുതും പ്രാവീണ്യവുമുണ്ട്‌.

ഇപ്പോൾ തൃക്കരിപ്പൂർ ഫോക്ക്‌ലോറിന്റെ വിശിഷ്‌ടാംഗമാണ്‌. സംസ്ഥാന സർക്കാരിന്റെ അംഗീകാരവും കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ലഭിച്ചിരുന്നു. അടുത്തയിടെ ഫോക്ക്‌ലോർ അക്കാദമിയുടെ പുരസ്‌കാരവും കാരിച്ചിയെ തേടിയെത്തി. അംഗീകാരങ്ങളുടെ തലയെടുപ്പിലും കൂടുതൽ വിനയാന്വിതയാവുകയാണ്‌ കാരിച്ചി. വിശ്രമമറിയാത്ത കലാസപര്യ. തുടിതാളത്തിന്റെ വിസ്‌മയമായി കാരിച്ചി വേദിയിലേക്ക്‌.

Generated from archived content: essay_karichi.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English