ഇടവഴിയിൽ മറഞ്ഞ അലാമികൾ

കാലമെത്തിയിട്ടും ഞങ്ങളുടെ ഇടവഴിയിൽനിന്ന്‌ പഴയ രീതിയിൽ മുഴങ്ങിക്കേട്ടിരുന്ന ജസ്‌ ഓ ജായ്‌മാൻ വിളി ഉയരുന്നില്ല. ആധുനികരുടെ തിരക്കിൽ ആസ്വദിക്കാൻ ആളും തരവും ലഭിക്കാതെ കാലത്തിന്റെ മങ്ങിയ പുറത്ത്‌ മാത്രമൊതുങ്ങുന്ന അലാമികൾ ഇന്നും ജീവിക്കുന്നത്‌ പഴയവരുടെ ഓർമ്മകളിൽ മാത്രം. അന്യജാതികളിലും മതത്തിലും ബന്ധിക്കപ്പെട്ടിരുന്നവർ ഇസ്ലാം മതവിശ്വാസികളുടെ ഈ ഉത്സവത്തിലേക്ക്‌ ആകർഷിക്കപ്പെട്ടിരുന്നു. ഒരുമയിലും ആഹ്ലാദത്തിലും നടത്തിയിരുന്ന കൂടിച്ചേരലിന്റെ കലാവിസ്‌മയം അരങ്ങൊഴിയുമ്പോൾ നമുക്കന്യാധീനപ്പെട്ടത്‌ പാരമ്പര്യസത്തയുടെ പ്രകാശനമായ ഒരു നാടൻകലയാണ്‌. ഇക്കാലത്തും മത്സരരംഗത്ത്‌ ഇതവതരിപ്പിക്കുന്ന ചില ക്ലബ്ബുകളാണ്‌ ജീവവായുവേകി ഈ കലയെ തളിരണിയിച്ചു നിർത്തുന്നത്‌.

1963-ൽ അവസാനമായി നടന്ന അലാമിക്കളി കലാമേന്മ പുലർത്തിയ ഒരനുഷ്‌ഠാന കർമ്മം ആയിരുന്നു.

ഇസ്ലാം ചരിത്രത്തിലെ യുദ്ധകഥയെ അടിസ്ഥാനമാക്കി ഹനഫികൾ നടത്തി വന്ന ഒരാചാരം. കാഞ്ഞങ്ങാട്‌ ഇതിനായുളള ആശുർഹാനയിൽ കൈയുടെ രൂപമാണ്‌ പ്രതിഷ്‌ഠ. തങ്ങളുടെ കുടുംബസൗഖ്യത്തിനും മാറാവ്യാധികൾ ഒഴിവാക്കുന്നതിനും നേർച്ച പറഞ്ഞ്‌ ആശുർഹാനയിൽ വരുന്ന വിശ്വാസികളെ നാട നൽകി സ്വീകരിക്കുന്നു. പിന്നെ ഹനഫികളും ഹിന്ദുക്കളും എല്ലാം ചേർന്ന അലാമി കളിക്കാർ പുറപ്പെടുന്നു. പത്തുനാളത്തെ ദേശാന്തരഗമനം. അതുകഴിഞ്ഞ്‌ സംഘം തിരിച്ചെത്തി വിഗ്രഹം നീരണിയിക്കലിലൂടെ ഉത്സവത്തിന്‌ സമാപനം കുറിക്കുന്നു.

നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന ആചാരം ഉത്തരഭാഗത്തുനിന്ന്‌ ഇവിടെ കുടിയേറിയ ഹിന്ദി അറിയുന്ന മുസ്ലീങ്ങളാണ്‌ പ്രചരിപ്പിച്ചത്‌. മുഹമ്മദ്‌നബിയുടെ മകളുടെ മക്കളായ ഹസ്സൻ, ഹുസ്സൈൻ എന്നിവർ വധിക്കപ്പെട്ട കർബലയുദ്ധമാണ്‌ ഇതിൽ സൂചിപ്പിക്കുന്ന കഥ.

തിന്മയുടെ ശക്തി താണ്ഡവനൃത്തമാടുകയും കുടിവെളളം അന്വേഷിച്ചുപോയ രണ്ടുകുട്ടികളെ കിണറ്റിൻകരയിൽ തീപടർത്തി ചതിച്ചു കൊല്ലുകയും ചെയ്‌ത സംഭവം അലാമികളുടെ ചടങ്ങുകളിലെല്ലാം അനുസ്‌മരിക്കുന്നു.

ഹസ്സന്റെയും ഹുസൈന്റെയും പവിത്രകർമ്മങ്ങൾ നിറവേറ്റിയ കൈകളുടെ സ്‌മരണയായിട്ടാണ്‌ കൈയുടെ വെളളിവിഗ്രഹം പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചിരുന്നത്‌. മുഹറം ഒന്നുമുതൽ പതിനൊന്നു ദിവസമാണ്‌ ഉത്സവം നടത്തിയത്‌.

ആശുർഹാനയിൽ നേർച്ച വിളിച്ച്‌ പുറപ്പെടുന്ന അലാമികളുടെ വേഷവിധാനവും വിചിത്രമാണ്‌. നിറയെ കരിതേച്ച്‌ കറുപ്പിച്ച ശരീരത്തിൽ വെളുത്ത പുളളിക്കുത്തുകൾ, പായയാലോ പാളകൊണ്ടോ കൂർമ്പൻ തൊപ്പിയുണ്ടാക്കി പൂക്കളും മറ്റും ചേർത്തലങ്കരിച്ച്‌ ശിരസ്സിൽ അണിയുന്നു. കൂടാതെ അരയിൽ മണിയും കൈയ്യിൽ നാടയും.

ഇരുകൈകളിലും കോലുമുട്ടി മണിക്കിലുക്കത്തോടൊപ്പം തുളളിക്കളിച്ച്‌ സംഘം വീടുകൾ കയറിയിറങ്ങുന്നു. അന്തി മയങ്ങുമ്പോൾ വഴിക്ക്‌ കാണുന്ന ഏതെങ്കിലും വീട്ടിൽ കയറി കോലടിച്ച്‌ പൂജിച്ച്‌ അവിടെ കൂടും. പത്തുദിവസത്തെ യാത്രയും ഇങ്ങനെ തന്നെ.

ആശുർഹാനയിൽ നേർച്ചയേറി അലാമികളാകുന്ന എല്ലാവരും അതിന്റെ ഗുണഫലവും അനുഭവവും നേടിയതായി ചരിത്രം പറയുന്നു.

പതിനൊന്നാം ദിവസം ആശുർഹാനയ്‌ക്കുസമീപം ഒരു വലിയ കുഴിയിൽ തീക്കനൽ നിറയ്‌ക്കുന്നു. തിരിച്ചെത്തിയ അലാമികൾ തീക്കുഴിക്കുചുറ്റും നിർത്താതെ കോലടിച്ച്‌ കളിക്കുമ്പോൾ തളർന്ന്‌ വീണുപോകും. അപ്പോൾ നേർച്ചക്കാരുടെ എല്ലാം തലയിൽ നനഞ്ഞ മുണ്ട്‌ വിരിച്ച്‌ തീക്കനൽ കോരിയിടുന്നത്‌ ഉത്സവത്തിലെ സവിശേഷ ചടങ്ങാണ്‌.ഏറ്റവുമൊടുവിൽ വെള്ളി വിഗ്രഹത്തെ പുഴയിലേക്ക്‌ മഞ്ചലിൽ കൊണ്ടുപോയി നീരുകൊള്ളിച്ച്‌ തിരിച്ചെത്തിക്കുന്നതോടെയാണ്‌ ഉത്സവസമാപനം.

ശേഷം കനൽക്കുഴി ഭദ്രമായി മൂടിവെക്കുന്നതിനു പിന്നിൽ വിശ്വാസത്തിന്റേതായ ഒരു കഥ കാണാം. അടുത്തവർഷം ഉത്സവത്തിന്‌ കുഴി തുറന്ന്‌ നോക്കുമ്പോൾ കുറച്ചു തീക്കനൽ അണയാതെ നിൽക്കുമെന്ന്‌ വിശ്വാസികൾ പറയുന്നു.

പഴയകാലത്ത്‌ ഭാരതത്തിന്റെ വിവിധകോണുകളിൽ അലാമിക്കളി നടത്തപ്പെട്ടിരുന്നതായി ചരിത്രം. കാസർകോട്‌ ജില്ലയിൽ ഇതിന്റെ നിത്യസ്‌മാരകമായി ഒരു സ്ഥലം ഉണ്ട്‌. ആലാമിപ്പളളി എന്നാണ്‌ പേര്‌. ആദ്യകാലത്ത്‌ ഇവിടെയും ആശുർഹാന ഉണ്ടായിരുന്നതിനാൽ ഈ പേര്‌ നിലനില്‌ക്കുന്നതിൽ അത്ഭുതമില്ല. ഒരു ജന്മിയുടെ ഇടപെടൽ മൂലം പുതിയ കോട്ടയിലേക്ക്‌ ആശുർഹാന ഒഴിച്ചു മാറ്റപ്പെട്ടു. ഇപ്പോൾ അവിടെയും അവശിഷ്‌ടങ്ങൾ യാതൊന്നും ബാക്കിയായിട്ടില്ല. ഇസ്ലാം മതവിശ്വാസപ്രകാരം വിഗ്രഹാരാധന പാടില്ലെന്നതിനാലാണ്‌ ഈ സമ്പ്രദായം 1963-നു ശേഷം നിർത്തൽ ചെയ്‌തത്‌. ഹനഫികൾ പളളിയിൽ നിസ്‌ക്കരിക്കാൻ തുടങ്ങിയതും അവർ വിഗ്രഹം ഉപേക്ഷിച്ചതും മൂലം ആശുർഹാന അനാഥത്വത്തിലായി. അവിടം കാടുപിടിച്ച്‌ നശിച്ചതോടെ അലാമികളുമായി ബന്ധപ്പെട്ടതെല്ലാം പഴങ്കഥയായി.

Generated from archived content: essay_alamikali.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here