തെറ്റും ശരിയും

യുവകവിയും അധ്യാപകനുമായ പ്രകാശൻ മടിക്കൈയുടെ പ്രഥമ കവിതാ സമാഹാരമാണ്‌ തെറ്റും ശരിയും. കീക്കാംകോട്ട്‌ കെ. പി രൈരു വായനശാല ആന്റ്‌ ഗ്രന്ഥാലയം 2008-ലെ തങ്ങളുടെ സാംസ്‌കാരിക ഇടപെടൽ എന്ന നിലയിലാണ്‌ ഈ പുസ്‌തകം അവതരിപ്പിക്കുന്നത്‌. പുസ്‌തക പ്രസാധനമേഖലയിൽ ഗ്രാമീണമായ ഇടപെടലിന്റെ തുടക്കമാണിത്‌. ഒരുപക്ഷെ നമ്മുടെ വലിയ കവികൾക്കും സാംസ്‌ക്കാരിക നായകൻമാർക്കും കിട്ടാതിരുന്ന സൗഭാഗ്യവും. ജൻമനാട്ടിലെ സാഹിത്യപ്രേമികളും കൂട്ടുകാരും ഒത്തുകൂടി കവിതകൾ ചൊല്ലുകയും അവ സമാഹരിക്കുകയും ചെയ്യുമ്പോഴത്തെ സാംസ്‌ക്കാരികപാഠം മറ്റ്‌ പുതുകവികൾക്ക്‌ കൂടി പ്രചോദനമായിരിക്കും.

വിവിധ ആനുകാലികങ്ങളിലായി വെളിച്ചംകണ്ട ഇരുപത്‌ നല്ല കവിതകളുടെ സമാഹാരമാണ്‌ തെറ്റും ശരിയും. അംബികാസുതൻ മാങ്ങാടിന്റെ അവതാരികയും പി.വി. ഷാജികുമാറിന്റെ പഠനവും ചേർത്തിട്ടുണ്ട്‌.

ചക്കക്കവിത എഴുതിയാൽ

സാധാരണക്കാരൻ കൊണ്ടുപോയി

പാചകം ചെയ്യും

ഉപരിവർഗ്ഗ അംഗം

എത്ര പുച്ഛത്തോടെയായിരിക്കും

ചക്കക്കവിതയെ വെട്ടിനുറുക്കുക

തന്റെ ഗ്രാമീണഭാവനയെ ഉന്നതവർഗ്ഗം ഏതുമട്ടിൽ സ്വീകരിക്കും എന്ന ആശങ്ക കവിക്കുണ്ട്‌. സമകാലികപ്രശ്‌നങ്ങളെ നിഷ്‌കളങ്കമായി നോക്കിക്കാണുകയാണ്‌ കവി. തെറ്റില്ലാത്ത കവിതയുടെ ഒഴുക്കും സാരള്യവും പിന്നെ കൽക്കണ്ട മാധുര്യവും പ്രകാശന്റെ കവിതകളെ വായനക്കാരന്റെ ഹൃദയത്തോട്‌ ചേർക്കുന്നു.

ഗ്രാമത്തിലെ ആളുകൾ സാധാരണഗതിയിൽ ഉപയോഗിക്കുന്ന പദങ്ങൾ ധാരാളമായി ഇതിൽ കാണാം. ഏമ്പൻ, ചപ്പില, തോല്‌, ചാണകത്തറ, തവളക്കൂറ്റ്‌, സൊറ തുടങ്ങിയവ.

“സാക്ഷ അകത്തുളളവന്റെ പേടിമരുന്നാണ്‌

പൂട്ട്‌ പുറത്തേക്ക്‌ പോയവന്റെയും”

ആധുനിക മലയാളിയുടെ ജീവിതം ഇങ്ങനെയും അടയാളപ്പെടുത്താം. സാക്ഷയും പൂട്ടും എന്ന കവിത ഭംഗിയായി അത്‌ സാധിക്കുന്നു. ഇനി മറ്റൊരു കവിത, ഉപ്പുമാങ്ങകൾഃ

ഭരണിയിൽ ഉപ്പുവെളളംപോലെ

വാതിലടച്ച വീട്ടിൽ

ഇരുട്ട്‌ കയറുന്നു.

അതിലെ അംഗങ്ങൾ

കേടുവരാതിരുന്ന്‌

പിറ്റേന്ന്‌ വാതിലുതുറന്ന്‌

ഉപ്പുമാങ്ങകളായി

പുറത്ത്‌ വരുന്നു

എന്നും അവർ

ആരുടെയൊക്കെയോ

അച്ചാറാണ്‌.

വാതിലടച്ച്‌ ഇരുട്ടിൽ കഴിയുകയുകം കേടുകൂടാതെ പുറത്തിറങ്ങുകയും ചെയ്യുന്ന ഉപ്പുമാങ്ങകൾ എന്ന പ്രയോഗം ചിന്തിപ്പിക്കുന്നതാണ്‌. ആരുടെയൊക്കെയോ അച്ചാറാവാൻ വിധിക്കപ്പെട്ടതാണ്‌ ഓരോ മനുഷ്യജീവിതവും.

അധ്യാപകനായി ജോലി നോക്കുന്നത്‌ കൊണ്ടാവാം കുട്ടികളുമായി ബന്ധമുളള കാര്യങ്ങളാണ്‌ അധികവും പറയുന്നത്‌. മഴ നനഞ്ഞ കുട്ടി, ചോക്ക്‌, തെറ്റും ശരിയും, ഉണ്ട, മാർക്ക്‌, പൊക്ലന്റെ ബാല്യം എന്നീ കവിതകൾ ഉദാഹരണം.

പൊക്ലൻ കുരുന്നുനാളിൽ കവിത വായിച്ചില്ല

കലഹിച്ചു. അതുകൊണ്ട്‌ ഉടനീളം കവിതപോലെ

ആയിത്തീർന്നു പൊക്ലന്റെ ജീവിതവും.

തെറ്റും ശരിയും എന്ന കവിതയിൽ രണ്ട്‌ കുട്ടികളെക്കുറിച്ചാണ്‌ പറയുന്നത്‌. സ്ലേറ്റിൽ തെറ്റുകിട്ടി മായ്‌ക്കാൻ മറന്നുപോയ കുട്ടി വീട്ടിലേക്ക്‌ പോയി. മദ്യപിച്ച്‌ ഉറങ്ങുന്ന അച്‌ഛനേയും അപ്പുറത്തെ വീട്ടിലെ ചേട്ടനോട്‌ സൊറ പറഞ്ഞ്‌ കുളിക്കുന്ന അമ്മയെയും തെറ്റ്‌ കുത്തി. റേഷനരി പുഴുക്കിലെ കല്ലുകളെ ഞെരിച്ചു.

ശരി കിട്ടിയ കുട്ടിയും ആഹ്ലാദത്തോടെ വീട്ടിലേക്ക്‌ പോയി.

ശരിക്ക്‌ പിന്നെ എന്താണ്‌ സംഭവിച്ചത്‌?

ഡ്രൈവറങ്കിളിന്റെ റിക്ഷയിൽ തൂങ്ങിപ്പിടിച്ചു, പപ്പയുടെ കൈയിലെ

ചോക്ലേറ്റിൽ തറഞ്ഞു, ബിരിയാണി വിളമ്പിയ മമ്മിയുടെ കവിളിൽ

തോണ്ടി, എന്നിട്ട്‌ ഉറങ്ങുംമുമ്പ്‌ കിട്ടാറുളള ബ്രഹ്‌മിക്കുപ്പിയിൽ കയറി.

പുതിയകാലത്ത്‌ കുട്ടികളിൽ മാത്രം മൂല്യപരിശോധന നടത്തിയിട്ട്‌ കാര്യമില്ലെന്നും തെറ്റും ശരിയും കുടുംബത്തിൽ നിന്ന്‌ പഠിച്ച്‌ തുടങ്ങുമെന്നും അവിടെയാണ്‌ തിരുത്തൽ വേണ്ടതെന്നും ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗുരുശിഷ്യ ബന്ധത്തിന്‌ പുതിയ നിർവചനം നൽകുകയാണ്‌ ചോക്ക്‌ എന്ന കവിതയിൽ-

കോട്ടുവായ ഇട്ടതിന്‌

ജയരാജൻമാഷ്‌

അണ്ട വായിലേക്ക്‌

എറിഞ്ഞ ചോക്ക്‌

ബോക്‌സിൽ സൂക്ഷിച്ചു

………………………………..

സ്‌കൂളു തുറക്കുന്നതിന്‌ മുമ്പേ

ഒരിക്കൽ ജനലുചാടി

അകത്തെത്തി

……………………………….

ചെറിയ കുട്ടികളായി

ജയരാജൻമാഷെയും

സുഹാസിനിടീച്ചറെയും കണ്ടെന്ന്‌

ബോക്‌സു തുറന്ന്‌

ചോക്കെടുത്ത്‌ എഴുതി

ചുമരായ ചുമരൊക്കെയും.

സാധാരണക്കാരന്റെ ജീവിതത്തിലേക്ക്‌ മഴയത്ത്‌ കുട ചെരിച്ച്‌ നോക്കുന്നതുപോലെ തീരെ ലളിതമാണ്‌ പ്രകാശന്റെ രചനകൾ.

‘മ’യും‘ഴ’യും പെയ്യുമ്പോൾ

സൈക്കിൾ മണികേട്ടു,

കരയുന്ന കുഞ്ഞിന്‌ പൊളളുന്ന കടല

(മഴ നനഞ്ഞ കുട്ടി)

എന്നിങ്ങനെ എഴുതുമ്പോൾ കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കതയാണ്‌ തോന്നുന്നത്‌. അതേസമയം തീരം, കണ്ണുകീറൽ, ചേമ്പില എന്നീ കവിതകൾ എടുത്തടിച്ച്‌ കാര്യം പറയുകയും കാലത്തിന്റെ ചൂണ്ടുപലകയായി തറഞ്ഞ്‌ നിൽക്കുകയും ചെയ്യുന്നു.

അവകാശവാദങ്ങളോ നാട്യങ്ങളോ ഇല്ലാതെ നടന്നുപോകുന്ന പച്ചമനുഷ്യനാണ്‌ പ്രകാശൻ.

“പുക തീർന്നുപോയതിൻ പുക

ഉളളിൽ നിറഞ്ഞു” എന്ന്‌ പാടി നടക്കുമ്പോഴാണ്‌ ഈ കവി മികച്ച കവിതകൾ എഴുതുന്നത്‌. പുക തീർന്ന്‌ പോകുമ്പോഴും വീണ്ടും പുകഞ്ഞ്‌ സമൂഹത്തിനുവേണ്ടി പൊരുതുകയാണ്‌ കവി.

ഒറ്റയ്‌ക്ക്‌ നടക്കുന്ന കവിയുടെ തോളിലിട്ട ബാഗുകൾക്കുമുണ്ട്‌ ഒരു പ്രത്യേകത.

ബാഗുകളിലെല്ലാം

ഓരോ തോതുണ്ട്‌

നിറയ്‌ക്കാനുമെടുക്കാനു-

മലങ്കാരമാക്കാനും (ബാഗുകൾ)

ഇത്‌ കേൾക്കുമ്പോൾ അത്രയും ആശ്വാസമെന്ന്‌ വായനക്കാരൻ പറഞ്ഞുകൊളളും. പൊളളുന്ന കാലത്തിൽ ജീവിക്കുന്നവന്റെ ഇടനെഞ്ചിലേക്ക്‌ ഇത്തിരി കുളിർമ്മ ചൊരിയാൻ ഈ കവിതകൾക്ക്‌ കഴിയുന്നു.

Generated from archived content: book1_mar25_08.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English