കഥയിലെ നാട്ടുവഴി

ഫോക്‌ലോർ ടച്ചുള്ള കഥകളിലൂടെ മലയാള കഥാസാഹിത്യത്തിന്‌ പുതിയ വാഗ്‌ദാനമാവുകയാണ്‌ സി. അമ്പുരാജ്‌. വാക്കുകളുടെ സൗന്ദര്യമോ ധാരാളിത്തമോ ഈ കഥകളിൽ കാണുകയില്ല. തെയ്യങ്ങളുടെയും മന്ത്രവാദത്തിന്റെയും താന്ത്രിക ക്രിയകളുടെയും അന്തരീക്ഷത്തിൽ നിന്നാണ്‌ അമ്പുരാജിന്റെ കഥകളും പാത്രങ്ങളും ഉടലെടുക്കുന്നത്‌. പക്ഷേ അവ എണ്ണത്തിൽ അധികവുമല്ല. നീണ്ട നാല്പത്‌ വർഷത്തിനിടയിൽ അമ്പുരാജ്‌ എഴുതിയിട്ടുള്ളത്‌ മുപ്പതോളം കഥകൾ മാത്രം.

ഒരുവർഷത്തെ കണക്കെടുത്താൽപോലും അമ്പുരാജ്‌ കഥയെഴുത്തിൽ വളരെ പിന്നിലാണെന്ന്‌ കാണാം. ഫീച്ചറും ലേഖനങ്ങളുമാണ്‌ ഈ കാലയളവിൽ കൂടുതലായി എഴുതിയത്‌. ജീവിതം ഭദ്രമാക്കുന്നതിനും കുടുംബത്തെ സുരക്ഷിതമായ അഭയത്തിലേക്ക്‌ ചുരുട്ടി വെക്കുന്നതിനും വ്യാപാരമേഖലയിലേക്ക്‌ ശ്രദ്ധിക്കേണ്ടിവന്നത്‌ ഈ കുറവിന്‌ കാരണമായി. ജീവിക്കാനുള്ള പാട്‌ ഒരുവശത്ത്‌. അക്ഷരങ്ങളോടുള്ള പ്രണയം എതിർവശത്ത്‌. എന്നാലും അക്ഷരങ്ങളുടെ ലോകം വല്ലാത്തൊരു അനുഭൂതിയും വിസ്മയവും ആകാറുണ്ടെന്ന്‌ അമ്പുരാജ്‌ പറയുന്നു.

അമ്പുരാജിന്റെ ആദ്യ കഥാസമാഹാരമായ ‘ശന്തനുവിന്റെ പക്ഷി’ അടുത്തയിടെ പുറത്തിറങ്ങിയപ്പോൾ നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. നീലേശ്വരത്തെ മലയാളം പഠനഗവേഷണ കേന്ദ്രമാണ്‌ ശന്തനുവിന്റെ പക്ഷി പ്രസിദ്ധീകരിച്ചത്‌.

‘ജീവിതത്തിന്റെ കണ്ണുകൾ പൊട്ടിയിട്ടില്ല’ എന്ന പേരിലുള്ള കുറിപ്പിൽ പി. വത്സല ഇങ്ങനെ എഴുതുന്നുഃ “കഥ വായിച്ചപ്പോൾ എനിക്ക്‌ ആദ്യം തോന്നിയ കാര്യം, ഇദ്ദേഹം കഥകൾ തന്നെ എഴുതേണ്ട ആളായിരുന്നു എന്നാണ്‌. അമ്പുരാജിന്റെ കഥകൾക്കുള്ള സവിശേഷത, അവയ്‌ക്ക്‌ അവശ്യംവേണ്ട മുറുക്കവും ജൈവപരതയും ആർജ്ജവവും ഉണ്ടെന്നതാണ്‌. കഥകളുടെ രാഷ്ര്ടീയമാണ്‌ ഈ കഥകളിൽ കാണപ്പെടുന്നത്‌. അല്ലാതെ രാഷ്ര്ടീയത്തിന്റെ കഥകളല്ല. അമ്പുരാജിന്റെ സമകാലികരിൽ ഭൂരിപക്ഷം പേരും രാഷ്ര്ടീയത്തിന്റെ കഥകളെഴുതിയപ്പോൾ അമ്പുരാജ്‌ കഥകളുടെ രാഷ്ര്ടീയം കണ്ടെത്തി എന്നാണ്‌ എനിക്കു തോന്നുന്നത്‌”.

ഭാവനയുടെ മായാലോകത്തിൽ കെട്ടിമേഞ്ഞ കഥാസൗധങ്ങളല്ല അമ്പുരാജിന്റെ കഥകൾ. പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങൾ കൊണ്ട്‌ കനപ്പെട്ടവയാണ്‌ (അവതാരികയിൽ അംബികാസുതൻ മാങ്ങാട്‌).

കളത്തേര കുഞ്ഞമ്പുവിന്റെയും ചോനമഠത്തിൽ മാധവിയുടെയും മകനായി 1952ൽ കാസർകോഡ്‌ ജില്ലയിലെ ചാത്തമത്ത്‌ അമ്പുരാജ്‌ ജനിച്ചു. ചാത്തമത്ത്‌ യു.പി സ്‌കൂൾ, കയ്യൂർ ഗവ. ഹൈസ്‌കൂൾ, രാജാസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന്‌ വിദ്യാഭ്യാസം നേടി.

ആനുകാലികങ്ങളിൽ കഥയും ഫീച്ചറും നാടകവും എഴുതാറുണ്ട്‌. നാടൻ കലകളുടെ ശീലുകളും താളബോധവും മനസ്സിൽ പതിഞ്ഞതുകൊണ്ടായിരിക്കാം എഴുത്തിൽ അതിന്റെ പ്രതിഫലനം തെളിഞ്ഞു കാണുന്നത്‌. ഫോക്ക്‌ലോറിനെ ഇത്ര ഗൗരവമായി സമീപിച്ചിട്ടുള്ള എഴുത്തുകാർ വിരളമാണ്‌. വല്ലപ്പോഴും അമ്പുരാജ്‌ എഴുതുന്ന കഥയ്‌ക്ക്‌ പ്രത്യേകമൊരു ചന്തവും ചാരുതയും ഉണ്ട്‌.

ശന്തനുവിന്റെ പക്ഷി എന്ന പുസ്തകം വായിച്ച്‌ കഴിയുമ്പോൾ അമ്പുരാജിനോട്‌ പറയാൻ തോന്നുന്നത്‌ ഇതാണ്‌ ഃ ഇടവേളയുടെ ദൈർഘ്യം കുറച്ച്‌ നല്ല കഥകൾക്കായി തപമിരിക്കാൻ തയ്യാറാവണം.

Generated from archived content: book1_dec13_07.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here