ഒരു സിനിമാക്കഥ പോലെ

വെയിലത്ത്‌ പെട്ടെന്നൊന്നും വാടാത്ത ചുവന്ന പൂക്കൾ നിറഞ്ഞ മരത്തിനു ചുവട്ടിലാണ്‌ അയാൾ. ഒരിളംകാറ്റ്‌ വീശിയപ്പോൾ ഒരുപാട്‌ പൂക്കൾ അയാളിലേക്ക്‌ ചൊരിഞ്ഞു.

ക്ഷേത്രങ്ങൾ, പളളികൾ, അനുഗ്രഹവും ആശ്വാസവുമേകുന്ന തിരുമുറ്റങ്ങൾ.

ദൈവനാമങ്ങളുരുവിടുന്നവരുടെയും പാവങ്ങളുടെയും നാട്ടിൽ യൂദാസ്‌ എത്തിയിട്ട്‌ ഒരു രാത്രി കഴിഞ്ഞ്‌ പകലിന്റെ പകുതിയുമായി.

അയാൾ ഒറ്റയ്‌ക്ക്‌ പുറപ്പെട്ടു. വയലുകളിലെ സംഗീതം കേട്ടുകൊണ്ട്‌ കുറെദൂരം നടന്നു.

പുഴകളുടെ ഓരത്ത്‌ കക്ക വാരുന്ന പെണ്ണുങ്ങളെയും പൂഴിമണൽ കടത്തുകാരെയും കണ്ടു.

നഗരങ്ങളുടെ ബഹളത്തെക്കാൾ അയാളിഷ്‌ടപ്പെട്ടത്‌ ശാന്തവും കുളിർമ്മയുമുളള നാട്ടിൻപുറങ്ങളായിരുന്നു.

മഹത്തരമായ ജീവിതത്തിൽ യാതൊന്നും ബാക്കിയാക്കാതെ മറുകര കടന്ന ദിവ്യപുരുഷന്മാരെ ഓർമ്മിക്കാൻ ആ പേരുകളിൽ തന്നെ സ്ഥാപനങ്ങളും ആലയങ്ങളും മലയാളനാട്ടിൽ ഉണ്ടെന്നുളളതിൽ അയാൾ..

പഴയ ചതിവിൽ വേദനയൂറുന്ന മനഃസ്താപമുണ്ട്‌. ആരുടെയൊക്കെ ശാപവും പഴിയും കേട്ടിരിക്കുന്നു. വഞ്ചനയുടെ പര്യായം, ഘാതക ശിരോമണി എന്നൊക്കെ വിളിച്ചവരുമുണ്ട്‌.

സത്യം സത്യമായി പറഞ്ഞാൽ എന്നെക്കുറിച്ച്‌ ഇത്രയേയുളളൂ. വ്രണിതനും ആലംബമറ്റവനും കിരാതമൂർത്തിയുമായി അലഞ്ഞലഞ്ഞ്‌ നടക്കുന്ന ഒരാൾ.

പഴയ നിയോഗമല്ല ഇന്ന്‌. ജീവിതത്തിൽ പുതിയ താളവും വസന്തങ്ങളും കുടിയേറിയിരിക്കുന്നു. മനസ്സിൽ ആയിരം ശിവരാത്രികൾ പതിയിരിക്കുന്നു. എന്റെ വേഷം കണ്ടാലറിയില്ലേ സ്വഭാവവും വിശ്വാസവും ജീവിത പരിസരവും അന്നത്തേതിൽ വ്യത്യസ്തമായിരിക്കുന്നുവെന്ന്‌.

പഴയ യൂദാസായിപോലും പരിഗണിക്കപ്പെടരുതേ എന്ന പ്രാർത്ഥനയാണ്‌ എന്റെ ചുണ്ടിൽ.

നടന്നലഞ്ഞ്‌ ഒരു മൈതാനത്തിലാണ്‌ എത്തിയത്‌. കന്മതിലിൽ കുറെ ചെറുപ്പക്കാർ ഇരിക്കുന്നതും മൈതാനത്തിൽ അവിടവിടെ ചിതറിയ കൂട്ടങ്ങളായി കളിക്കുന്നവരെയും കണ്ടു. കുഞ്ഞുങ്ങളും വാല്യക്കാരത്തികളും മുതുക്കന്മാരും എല്ലാവരുമുണ്ടായിരുന്നു.

യൂദാസിനെ ആരും ശ്രദ്ധിച്ചിരിക്കയില്ല. എന്നാൽ അയാൾ ചുറ്റുപാടുകളെ വിശദമായി അപഗ്രഥിച്ചു.

ഇരുട്ട്‌ നേരിയ പാളികൾ അടുപ്പിച്ച്‌ അട്ടിവെക്കുന്നു. മങ്ങിയ വെളിച്ചം മാത്രം. ഒരു സിഗരറ്റ്‌ കൊളുത്താമെന്നു കരുതി ലൈറ്റർ തപ്പുമ്പോഴാണ്‌ കേട്ടത്‌. നോക്കുമ്പോൾ അവൾക്കു ചുറ്റിലുമായി നാലുപേരുണ്ട്‌. പത്തു പന്ത്രണ്ടു വയസ്സ്‌ വരുന്ന കുട്ടികളാണ്‌ എല്ലാം. കളിക്കാൻ നേരത്ത്‌ ഉപയോഗിക്കുന്ന സിംപ്ലൻ ഡ്രസ്സുകളാണ്‌ അവർ ധരിച്ചത്‌.

“ശ്ശൊ. വേണ്ടെന്ന്‌ പറഞ്ഞല്ലോ.”

“………..”

“ഞാൻ നിങ്ങളോടൊപ്പം ചേരുന്നത്‌ ഇന്നത്തോടെ നിർത്തി. കൂട്ടും വെട്ടിയേക്കാം.”

“………”

“ഞാൻ കൂവി വിളിച്ച്‌ ആളുകളെ വരുത്തും. എല്ലാവരും പൊയ്‌ക്കോ വേഗത്തിൽ.”

“………..”

തുടർന്ന്‌ ഒരു ശബ്‌ദവുമില്ല. രണ്ടുപേർ ചേർന്ന്‌ അവളുടെ വായ ബലമായി മൂടുകയായിരുന്നു.

ഇവിടെ ഒരു നിമിഷം.

മൊബൈൽ ഫോണിൽ യൂദാസിന്റെ കുഞ്ഞൻ വിരൽ തത്തി നടന്നു. അഞ്ചു മിനിട്ട്‌ കഴിഞ്ഞിരിക്കണം. ഒരു ഫിയറ്റ്‌ റോഡരികിൽ നിന്നു. ഒരു തടിമാടൻ ഇറങ്ങി. അവർ രണ്ടുപേരും മൈതാനത്തിലേക്ക്‌ കുതിച്ചു ചെന്നു.

ഫിയറ്റ്‌ ഒഴുകിയൊഴുകി ഒരു മണിമേടയ്‌ക്കു മുന്നിലാണ്‌ നിന്നത്‌.

അകത്തേക്ക്‌ നടക്കുമ്പോൾ അവളുടെ ഇളംകരങ്ങൾ യൂദാസിന്റെ പിടിയ്‌ക്കകത്തമർന്നിരുന്നു.

വിഹ്വലയായ മാൻപേടയുടെ നേത്രങ്ങൾ മുകളിലേക്കുയർത്തി അവളൊന്നു നോക്കി.

“സാർ, ഞാനത്തരക്കാരിയല്ല.” ഏതോ സീരിയൽ നടിയുടെ വാക്കുകൾ കടമെടുത്ത്‌ അവൾ അങ്ങനെ പറഞ്ഞൊപ്പിച്ചു.

വലിയ ശീതീകരിച്ച മുറിയിലാണ്‌ അവരെത്തിയത്‌. കസേരയിൽ ആഢംബരത്തോടെ ഇരിക്കുന്ന ആളെ അവൾക്ക്‌ അത്രയേറെ ഇഷ്‌ടമായി. അവൾ മുഖം മറച്ച്‌ ചിരിച്ചു.

യൂദാസ്‌ അവളെ കുറെക്കൂടി മുമ്പിലേക്ക്‌ നീക്കി നിർത്തി. “പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്ന്‌ ഉറപ്പാണോ” എന്ന ചോദ്യത്തിന്‌ യൂദാസ്‌ തല വിലങ്ങനെ ചലിപ്പിക്കുക മാത്രം ചെയ്‌തു.

മേശവലിപ്പു തുറന്ന്‌ നൂറിന്റെ കെട്ടുകൾ ഭദ്രമായി അയാൾ യൂദാസിന്‌ കൈമാറി. പടിയിറങ്ങുമ്പോൾ അതുവരെയില്ലാത്ത തെളിച്ചം മുഖത്ത്‌ ഒട്ടിച്ചു ചേർത്ത്‌ യൂദാസ്‌ നിർന്നിമേഷയായി അവളെയൊന്നു നോക്കി.

രക്ഷിക്കാമെന്ന വാഗ്‌ദാനത്തിൽ പെടുത്തി വഞ്ചിച്ചുവെന്ന്‌ ഇപ്പോഴെങ്കിലും ആ മനസ്സ്‌ നീറുന്നുവോ.

നിശ്ശബ്‌ദമായി അയാളെന്തോ ഉരുവിട്ടു.

ശപിക്കരുതേ കുഞ്ഞേ…..

മനഃപൂർവ്വമല്ലല്ലോ ഇതൊന്നും….. ഒരു കുടുംബം അനാഥമാവാതിരിക്കാൻ വേണ്ടി മാത്രം.

Generated from archived content: aug13_story.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here