1969 മുതൽ ഏതാനും വർഷം സജീവമായി എഴുതിയിരുന്ന കഥാകൃത്ത് സുബൈദ എന്ന അബൂബക്കർ ദീർഘമായ മൗനം ഭേദിച്ചത് ഈയിടെയാണ്. അലാമി എന്ന നോവലുമായി രംഗപ്രവേശം ചെയ്‌ത അദ്ദേഹം തന്റെ തിരിച്ചുവരവ് ഒരാഘോഷമായി കൊണ്ടാടി.
മൂന്നര പതിറ്റാണ്ട് കാലത്തെ സാഹിത്യസപര്യ. ഇതിനിടയിൽ നാല് പുസ്‌തകങ്ങൾ-ജയിൽക്കുറിപ്പുകൾ (അനുഭവക്കുറിപ്പുകൾ), പരിപ്പുമുറിക്കുന്ന കത്തി (കഥാസമാഹാരം), സീത (നോവലെറ്റുകൾ), അലാമി (നോവൽ) എന്നിവ പ്രസിദ്ധീകരിച്ചു.
അവാർഡുകളുടെ തിളക്കമോ, ആദരവോ ആഗ്രഹിക്കാത്തതുകൊണ്ട് സമൂഹത്തിന്റെ പുറമ്പോക്കുകളിലും അഴുക്കുചാൽ പരിസരങ്ങളിലുമാണ് നാം ഈ കഥാകാരനെ കണ്ടെത്തുന്നത്.
എളിയ ജീവിതവും സൗഹൃദങ്ങളുടെ വിശാലതയുമാണ് ഈ മനുഷ്യന്റെ പ്രത്യേകത എന്ന് തോന്നിയിട്ടുണ്ട്.
പുതിയ നോവൽ തികച്ചും സംതൃപ്‌തി നൽകുന്നുണ്ടെന്ന് സുബൈദ പറഞ്ഞു. എഴുത്ത് ഇല്ലാതിരുന്ന കാലത്ത് വലിയ ഒറ്റപ്പെടൽപോലെ തോന്നിയിരുന്നു. എഴുതുമ്പോൾ എല്ലാം നേടിയതുപോലൊരു ആനന്ദമാണ് മനസ്സിൽ നിറയുന്നത്.
ഉത്തര കേരളത്തിലെ അനുഷ്‌ഠാനമായിരുന്ന അലാമി നേർച്ചകളുടെ കഥയുമായി കെട്ടുപിണഞ്ഞ ഒരു പ്രമേയമാണ് സുബൈദയുടെ പുതിയ നോവലിൽ ചർച്ച ചെയ്യുന്നത്. മതസൗഹാർദ്ദത്തിന്റെ മാതൃകയായിരുന്ന അലാമി ആചാരം 1966-ന് ശേഷം കണ്ടിട്ടില്ല. മുസ്ലീംമതവുമായി ബന്ധപ്പെട്ട ഈ അനുഷ്‌ഠാനം മതപണ്ഡിതൻമാരുടെ നിർദ്ദേശമനുസരിച്ചാണ് അവസാനിപ്പിച്ചത്. മലയാളിയുടെ മനസ്സിൽനിന്ന് മാഞ്ഞുപോയ ഈ അനുഭവമാണ് നോവലിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒരു സവിശേഷതയാണ്.
പ്രശസ്ത സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഈ നോവലിന്റെ അവതാരികയിൽ പറയുന്നു. “ഈ നോവൽ എന്നെ സ്പർശിച്ചു. ചെറുതാക്കപ്പെട്ട ഒരു വലിയ നോവലാണിത്. അഗാധമായ ഒരു കാവ്യാനുഭവം പോലെ ഈ പുസ്‌തകം വായനയുടെ ശേഷവും നമ്മുടെ പിന്നാലെ വരും.” ഡോ.അംബികാസുതൻ മാങ്ങാടിന്റെ വാക്കുകൾ നമുക്ക് വിശ്വസിക്കാം, ശരിവെക്കാം.
നീലേശ്വരത്തുകാരനായ അബൂബക്കർ എങ്ങനെ സുബൈദയായി എന്നത് ചരിത്രമാണ്. സ്‌കൂളിൽ പഠനം ഇടയ്‌ക്കുവെച്ച് നിർത്തി വിശാലമായ ലോകത്തിലേക്കിറങ്ങിയ അബൂബക്കർ വ്യത്യസ്തമായ അനുഭവങ്ങളെ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങി. തീ കോരിയിടുന്ന അനുഭവങ്ങൾക്കിടയിലും മനസ്സിൽ സ്‌നേഹം നിറച്ചു. അങ്ങനെ എഴുത്തുകാരനായി.
വിദേശരാജ്യങ്ങളിലും ഇന്ത്യയിൽതന്നെ പലയിടത്തും പല ജോലികളും ചെയ്‌ത് ജീവിച്ചു. നാട്ടിൽ തിരിച്ചുവന്ന് പത്രപ്രവർത്തകനായി. ഇപ്പോൾ മലയാളം ന്യൂസിന്റെ ലേഖകനാണ്.
കഥാകൃത്ത് സുബൈദയെക്കുറിച്ച് എ.വി.അനിൽകുമാർ ‘ജീവിതത്തിന് വളരെ അടുത്ത്’ എന്ന പേരിലെഴുതിയ കുറിപ്പിന്റെ ഒടുവിലെ ഭാഗത്ത് ഇങ്ങനെ കുറിച്ചിട്ടു. “വിനയം നിറഞ്ഞ ഈ മനുഷ്യൻ സാഹിത്യത്തെയും നിരൂപക ധിക്കാരികളെയും വിനയാന്വിതരാക്കാതിരിക്കില്ല. കാരണം മനുഷ്യനും വിശപ്പും സുബൈദയെ അത്രമേൽ വേട്ടയാടിയിട്ടുണ്ട്.”
വിശപ്പിന്റെയും കഠിനാധ്വാനത്തിന്റെയും വഴികൾ താണ്ടിയാണ് സുബൈദ ജീവിതത്തിൽ പിടിച്ചുനിന്നത്. കുറച്ചു കഥകൾ മാത്രമാണ് എഴുതിയതെങ്കിലും കരിനാഗം, പരിപ്പു മുറിക്കുന്ന കത്തി തുടങ്ങിയ ഏതാനും കഥകൾ ശ്രദ്ധേയങ്ങളായി നിലനിൽക്കും. മൂന്നര പതിറ്റാണ്ട് രചനാലോകത്ത് കഴിച്ചു കൂട്ടിയിട്ടും സുബൈദയെ ഓർക്കുന്നവർ വിരളം. അലാമി എന്ന നോവൽ സുബൈദയെ സംബന്ധിച്ചിടത്തോളം ഒരുയിർപ്പാണ്.
അംഗീകാരവും ആദരവും നൽകാത്തിടത്ത് സ്വന്തമായി ഒരു കസേര വലിച്ചിട്ട് ഇരിക്കാൻ ഈ കൃതി സുബൈദയെ പ്രാപ്‌തമാക്കുന്നു. നീലേശ്വരം മലയാള പഠന-ഗവേഷണകേന്ദ്രമാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്.
Generated from archived content: essay_nov9_05.html Author: sujith_kayoor