കണ്ണങ്കൈ കുഞ്ഞിരാമൻ

അഭിനയജീവിതത്തിന്റെ 25-​‍ാം വർഷത്തിലെത്തിയ കണ്ണങ്കൈ കുഞ്ഞിരാമന്‌ ഒരാഗ്രഹം കൂടിയേയുളളൂ. ജീവിതാന്ത്യം വരെ നാടകത്തിൽ ഉണ്ടാവണം. കുടുംബം, തൊഴിൽ തുടങ്ങിയ കെട്ടുപാടുകളിൽ അകപ്പെടാതെ വഴിതെറ്റിയാണ്‌ നീങ്ങിയത്‌. അതുകൊണ്ടുതന്നെ സമ്പാദ്യം അനുഭവങ്ങൾ മാത്രവും.

കണ്ണങ്കൈ കുഞ്ഞിരാമൻ എന്ന പേര്‌ കേരളത്തിലെ നാടകപ്രേമികൾക്ക്‌ മറക്കാനാവില്ല. വേഷം നാടകത്തിലെ അച്ചുതൻ, ഉടുത്തുകെട്ടിയ കേശു ആശാൻ, അബ്‌ദുളളയിലെ അബ്‌ദുളള, തമ്പാച്ചിക്കണ്ണെളേപ്പനിലെ കണ്ണെളേപ്പൻ-ഓർമ്മയിൽ സുഗന്ധമാവുന്ന ഒരുപിടി കഥാപാത്രങ്ങൾക്ക്‌ ജീവനേകിയ കലാകാരൻ. വാക്കുകൾക്കുളളിലെ നോവും അത്ഭുതവുമൊക്കെ തേടിപിടിക്കാനുളള തത്രപ്പാടിലാണ്‌ കുഞ്ഞിരാമൻ ജീവിതം തളളിനീക്കുന്നത്‌.

കെട്ടിട നിർമ്മാണത്തിൽ വൈദഗ്‌ദ്ധ്യവും കഴിവുമുളള കുഞ്ഞിരാമനെയാണ്‌ കാസർകോട്‌ ജില്ലയിലെ ചെറുവത്തൂർ കണ്ണങ്കൈയിലെ ആളുകൾ അറിയുക. കല്ല്‌ ചെത്തുകയും ഭംഗിയിൽ പടുത്തു കെട്ടുകയും വീടുകളും മണിമന്ദിരങ്ങളും ഉണ്ടാക്കുകയും ചെയ്യുന്ന കുഞ്ഞിരാമനെ നാട്ടുകാർക്ക്‌ വലിയ സ്‌നേഹമാണ്‌. രാവിലെ മുതൽ വൈകുന്നേരം വരെ ചെമ്മണ്ണ്‌ പുരണ്ട മുണ്ടുടുത്ത്‌ മേലാകെ വിയർപ്പണിഞ്ഞ്‌ ജോലി ചെയ്യുകയാവും. അതിനുശേഷമാണ്‌ നാടകപ്രവർത്തനം. രാവ്‌ പകലാക്കി റിഹേഴ്‌സലും അരങ്ങ്‌ വഴക്കവും. ഇടയിൽ എപ്പോഴൊക്കെയോ വീട്ടിൽ അല്പനേരത്തെ വിശ്രമം. വിവാഹം വൈകിയോ എന്ന ചോദ്യത്തിന്‌ ചിരിയിൽ പൊതിഞ്ഞ മറുപടി. ഇല്ലിഷ്‌ടാ, സമയമായില്ല.

നാടകമെന്നാൽ കണ്ണങ്കൈ കുഞ്ഞിരാമന്‌ പ്രാണനാണ്‌. സ്‌കൂൾ പഠനത്തിനുശേഷം വീട്‌ പുലർത്താൻ കൂലിപ്പണിക്ക്‌ പോയിത്തുടങ്ങിയതാണ്‌. വിളവെടുത്ത വയലിൽ കളിക്കുന്ന വെളളരി നാടകം കണ്ട്‌ വളർന്നു. 1981-ൽ ആദ്യനാടകം -ആലവട്ടത്തിൽ ജോസ്‌ എന്ന കഥാപാത്രമായി. അങ്ങനെ നാട്ടുകാർക്ക്‌ പ്രിയപ്പെട്ട ജോസ്‌ കുഞ്ഞിരാമനുമായി.

‘കഥാപാത്രം വേറൊരാളല്ല. അത്‌ താൻ തന്നെയായി മാറുകയെന്ന പ്രതിഭാസമാണ്‌ നാടകാവതരണത്തിൽ സംഭവിക്കുന്നതെന്ന്‌ കണ്ണങ്കൈ കുഞ്ഞിരാമൻ പറഞ്ഞു. അഭിനയജീവിതത്തിൽ ഇരുപത്തഞ്ചാണ്ട്‌ തികയാറാകുന്നു. ഇതിനകം ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. എങ്കിലും പുതുതായി അഭിനയിക്കുകയാണെന്ന തോന്നലാണ്‌ ഓരോ സന്ദർഭത്തിലും ഉളവാകുന്നത്‌. ചുറ്റിലും നോക്കി ജീവിതത്തെക്കുറിച്ച്‌ പഠിക്കാൻ ചെറുപ്പത്തിലേ ശീലിച്ചു. ആളുകളുടെ സ്വഭാവം, ജീവിതശൈലി, ഇടപഴകൽ ഒക്കെ മനസ്സിലേക്ക്‌ കയറിവരുന്നുണ്ടാവും.’

കേരള സംഗീതനാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടനുളള പുരസ്‌കാരം വേഷം നാടകത്തിലെ അഭിനയത്തിന്‌ ലഭിച്ചു. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ കണ്ണങ്കൈ നാടകവേദി സജീവസാന്നിധ്യമാണ്‌. പലതവണ സമ്മാനം നേടിയിട്ടുണ്ട്‌. സ്വന്തം കൈയിൽ നിന്ന്‌ കാശുമുടക്കിയാണ്‌ കുഞ്ഞിരാമൻ നാടകം എടുക്കുന്നത്‌. ആസ്വാദകരുടെ അഭിനന്ദനവും പ്രശംസയുമാണ്‌ അധ്വാനത്തിനുളള കൂലി. ഇതിനിടയിൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച്‌ ആലോചിച്ചില്ല.

നാടകത്തെ പ്രണയിച്ചിരുന്നില്ലെങ്കിൽ ഒരു സർക്കാർ ജോലിയോ കമ്പനി ഉദ്യോഗമോ സ്വീകരിക്കാമായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ട്‌. എങ്കിലും കൽപ്പണിയിൽ ശ്രദ്ധയോടെ പണിതീർക്കുന്നത്‌ സ്വന്തമായ നാടകവീടാണെന്ന്‌ പറഞ്ഞ്‌ കുഞ്ഞിരാമൻ ചിരിക്കുന്നു. ഈ ചിരിയിലുമില്ല കളങ്കം.

ഒരു സ്പാർക്ക്‌ അത്രയും മതി നാടകത്തിന്‌. കാശ്‌ ഒരു പ്രശ്‌നമാകില്ല. കാണുന്നവന്‌ മുഷിവ്‌ തോന്നരുത്‌. തന്റെ നാടകസങ്കല്പം വെളിപ്പെടുത്തിയശേഷം കുഞ്ഞിരാമൻ തിരിഞ്ഞിരുന്നു. മൗനത്തോടെ ഒരു യാത്രാമൊഴി.

Generated from archived content: essay1_apr20_06.html Author: sujith_kayoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here