തുടര്‍ പരമ്പര

കാമദേവന്‍ മാടമ്പിത്തമ്പുരാന്റെ വിദ്വല്‍ സദസ്സില്‍ നിന്ന് കൊണ്ട് താമര പറഞ്ഞു.

‘’ ഞാന്‍ തേവിടിശ്ശിയല്ല , കോരന്റെ കുടിയിലെ പുലയപ്പെണ്ണാണ് തമ്പ്രാ..’‘ കശക്കിയ നാരങ്ങാനീര്‍ പോലെ അവള്‍ വിങ്ങിപ്പൊട്ടി.

‘’ നമുക്ക് രണ്ടും ഒന്നുതന്നെയാടീ അറവാണിച്ചീ’‘ മാടമ്പി മുറുക്കിത്തുപ്പിക്കൊണ്ട് പറഞ്ഞു.

‘’ അതേന്ന് ” യജമാനന്റെ പുറകില്‍ ശകുനിമാര്‍ അസ്ക്യമായ ശീല്‍ക്കാരത്തോടെ രംഗം നീട്ടിക്കൊഴുപ്പിച്ചു.

ഒപ്പം കൂട്ടച്ചിരിയും. അവതാളത്തിലെ കയ്യടികള്‍ കൊണ്ടുള്ള മലപ്പടക്കവും.

ഇതിനിടയില്‍ , ചതഞ്ഞരയുന്നതിന് മുന്‍പിലെ ഞരക്കം പോലെ താമരയുടെ തേങ്ങല്‍ അന്തരീക്ഷത്തില്‍ നനുത്ത് നിന്നു . താമരയുടെ അപ്പനും തലകുനിച്ച് പതുക്കെ അവിടന്ന് പിന്‍വാങ്ങി. അവളുടെ കാല്‍പ്പാദങ്ങള്‍ ചവുട്ടിയ താളത്തിനൊത്ത്, സദസ്സിലെ കണ്ണുകളും അവളുടെ നിതംബം കുലുങ്ങിയ താളത്തില്‍ നൃത്തം ചവുട്ടി. പിന്നീട് പരസ്പരം ആര്‍ത്താര്‍ത്ത് ചിരിച്ചുകൊണ്ട് കൂവി വിളിച്ചു.

പടിപ്പുര കടന്നയുടന്‍ അയാള്‍ അരയില്‍ ചുറ്റിയിരുന്ന മുഷിഞ്ഞ തോര്‍ത്തെടുത്ത് പതിനാല് തികയാത്ത താമരയുടെ കുഞ്ഞുമുലകളില്‍ പടുതയണിയിച്ചു. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകള്‍ കണ്ട് അയാള്‍ മൂക്ക് ചീന്തി അടക്കി വച്ച് സകല രോഷവും പുറത്തെടുത്ത് കൈകള്‍ ആകാശത്തേക്ക് വീശിയെറിഞ്ഞു നിസ്സഹായരായ അവരെ നോക്കി സവര്‍ണ്ണദൈവങ്ങള്‍ കൊഞ്ഞനം കാട്ടിയപ്പോള്‍ ‘’ മുത്തപ്പനെ ‘’ അവള്‍ മനസ്സില്‍ തട്ടി വിളീച്ചു. ഒരു കുപ്പി ചാരായവും കോഴിയിറച്ചിയും നേര്‍ന്നു.

അത്ഭുതം…. കണ്ണെത്താ ദൂരം ഹരിതാഭമായ പാടത്തിന് പകരം , വെളുത്ത് നരച്ച ഉപ്പുപാടം. അയാള്‍ തിരിഞ്ഞ് പടിപ്പുരയിലൂടെ അകത്തേക്ക് നോക്കി. അവിടെ കൈകൊട്ടിക്കളിയുടേയും കൂക്കുവിളിയും അട്ടഹാസങ്ങളും മാത്രം. കാമദേവന്റെ തീക്ഷ്ണമായ നോട്ടം തങ്ങളുടെ മേല്‍ നിന്ന് അപ്പോഴും മുറിഞ്ഞിരുന്നില്ല. കുലനാശം ഒരു വിളിപ്പാടകലെയാണെന്ന് തോന്നും വിധം കാക്കകള്‍ കൂട്ടത്തോടെ അപരിചിതമായ ഒച്ചയില്‍ വാവിട്ട് കരഞ്ഞു. അവള്‍ തിരിഞ്ഞ് നിന്ന് ശപിച്ചുകൊണ്ട് വരമ്പിലൂടെ മുന്നോട്ടു നടന്നു.

രണ്ട്

പൊടുന്നനെ ഉയര്‍ന്നു പൊങ്ങിയ രൗദ്രത്തിരമാല രേവതിയുടെ ഉറക്കത്തെ ഖണ്ഡിച്ചു. മേലാസകലം കടുത്ത വേദനയാണ്. നീണ്ട് നിവരാന്‍ പോലും കെല്‍പ്പില്ലാതെ , അവള്‍ ജനലഴിയിലൂടെ മാനത്ത് കത്തുന്ന വിളക്കിനെ ദയനീയതയോടെ നോക്കിക്കിടന്നു. അശോകന്‍ എത്രയോ നേരമായി തന്നേയും നോക്കി ഉറക്കം വരാതെ കസേരയിലിരിപ്പാണ്. അയാള്‍ എണീറ്റ് വന്ന് രേവതിക്ക് സമീപമിരുന്നു. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ മൊട്ടുകളെ അശോകന്‍ ആര്‍ദ്രമായി ഞെരിച്ചു.

‘കിഷോര്‍ എന്തു പറഞ്ഞു. വന്നതു മുതല്‍ എന്താ ഒന്നും പറയാത്തത്?’‘

രേവതി മറുപടി പറയാന്‍ താത്പര്യമില്ലാതെ, മിഴിച്ച് നിന്ന് കണ്ണുകളെ പൂട്ടി അവള്‍ ഇരുട്ടാക്കി.

നദിപോലൊഴുകിയ ഇരുട്ട് എല്ലാം ശാന്തമാക്കാനെന്ന പോലെ പടര്‍ന്ന് പിടിച്ചു.

‘’ സിനിമ എങ്ങനെയുണ്ടായിരുന്നു?’‘

‘’ പഴയ അതേ തറവാടും ദാസിപ്പെണ്ണും . അവളെ വേട്ട് വലിച്ചെറിയുന്ന ആണ്‍തരിയും’‘

‘’ ആരൊക്കെയാ സിനിമയിലുള്ളത്’‘ മനസില്‍ കത്തുന്ന കനലുണ്ടെങ്കിലും അതില്‍ നിന്ന് മാറി ചിന്തിച്ചപ്പോളെന്തൊരാശ്വാസം.

‘’ പ്രധാനപ്പെട്ടവരൊക്കെ പുതിയവരാ’‘

‘’ പടം ഇഷ്ടപ്പെട്ടില്ലേ’‘

രേവതി ഒന്നു മൂളീ . മറുപടി പറയാന്‍ അസാധ്യമായതെന്തോ തന്നെ സ്പര്‍ശിക്കുകയും വേദനിപ്പിക്കുകയും ചെയ്ത പോലെ അവള്‍ അസ്വസ്ഥയായിരുന്നു.

‘’ നിങ്ങള്‍ക്ക് വല്ല പാര്‍ക്കിലോ കായലോരത്തോ അല്ലെങ്കില്‍ വല്ല ഹോട്ടലിലോ പോയാല്‍ പോരായിരുന്നോ’‘

അവള്‍ ജാള്യത മറക്കാനെന്നവണ്ണം അശോകനില്‍ നിന്നും കണ്ണെടുത്തു.

‘’ തിരക്കുണ്ടായിരുന്നോ’‘

‘’ ബാല്‍ക്കണി നിറഞ്ഞിരുന്നു. ഇന്റെര്‍വെല്ലിന് ഞാന്‍ താഴേക്ക് നോക്കിയിരുന്നു. എണ്ണിയാല്‍ പത്തു പേര്‍ കാണും. ‘’

രേവതി എന്തോ ഉന്മേഷം ലഭിച്ച പോലെ എഴുന്നേറ്റിരുന്നു.

‘’ ദാസിപ്പെണ്ണിനെ പ്രലോഭിപ്പിച്ച് സുഖമനുഭവിക്കുന്നത് കാണാന്‍ ബാല്‍ക്കണി തന്നെയാണുത്തമം’‘ അശോകന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘’ കിഷോറെന്തു പറഞ്ഞു’‘ അശോകന്‍ വീണ്ടുമാ ചോദ്യത്തിലേക്ക് തന്നെയെത്തി.

‘’ പ്രത്യേകിച്ചൊന്നുമില്ല . അതേ എക്സ്ക്യൂസുകള്‍ ‘’ രേവതിയുടെ മുഖഭാവം പെട്ടന്ന് മാറി.

‘’ എല്ലാം ശരിയാകും അവനേയും നമ്മള്‍ മനസിലാക്കിയല്ലേ തീരു’‘ അശോകന്‍ അധരാനുകമ്പകൊണ്ടവളെ തഴുകി.

‘’എല്ലാം എന്റെ മാത്രം തെറ്റുതന്നെയാണ്’‘

‘’ നീ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവനൊരു മാറ്റവുമില്ലെ’‘

‘’ രേവതി പുച്ഛത്തോടെയൊന്നു ചിരിച്ചു. അശോകന്‍ ചൂളിപ്പോയി.

‘’ തിയേറ്ററില്‍ കയറുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു എനിക്കത്ര കണ്ട് വയ്യെന്ന് നല്ല മനം പുരട്ടലുണ്ടായിരുന്നു. എന്നിട്ടും ഇരുട്ടിന്റെ സ്വാതന്ത്ര്യത്തില്‍ അവന്റെ കൈകള്‍ക്ക് യാ‍തൊരയവോ വിശ്രമമോ ഉണ്ടായിരുന്നില്ല’‘

അശോകന്റെ അധരരോഷം രേവതിയുടെ മുഖത്തേക്ക് കുറച്ച് തുപ്പല്‍ തെറിപ്പിച്ചു.

‘’ ഇപ്പോഴും ഇവിടെ താമസിക്കുന്നതിലെ അമര്‍ഷമാണോ കിഷോറിന് ‘’

‘’ കിഷോര്‍ കൂടി സമ്മതിച്ചിരുന്നില്ലെ’‘

‘’ കൈകഴുകാന്‍ വല്ല ശ്രമമുണ്ടോ’‘ രേവതി യാന്ത്രികമായി മാത്രം ചിരിച്ചു.

‘’ അശോകന്റെ വഴി ഞാന്‍ മുടക്കില്ല’‘… തീര്‍ച്ച’‘

നഷ്ടബോധം കൊണ്ടോ , കുറ്റബോധം മൂലമാണോയെന്നറിയാതെ അശോകന്‍ നിസ്സഹായനായി രേവതിക്ക് മുന്നില്‍ ശില പോലെ നിന്നു . പിന്നെ മൗനത്തിന്റെ തമോഗര്‍ത്തിലിടറി വീണ് വാതാളിയിലെ ചെറുതരികള്‍ പോലെ , വികാരങ്ങള്‍ ഘനീഭവിച്ച് ലക്ഷ്യമില്ലാതെ അവര്‍ പാറി നടന്നു.

മൂന്ന്

ധൈര്യസമേതം ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരാളുമായി തന്റെ ഉദരം ബന്ധം സ്ഥാപിച്ചതിന്റെ അന്വേഷണവുമായാണ് അപ്പന്‍ താമരേയും കൊണ്ട് നാലുകെട്ടിലേക്ക് കയറി വന്നത്. മാസങ്ങളോളം ഒളിച്ച് വച്ച രഹസ്യം പുറത്തായപ്പോള്‍ , അനേക ചോദ്യ ശരങ്ങള്‍ തൊടുത്ത അപ്പന്‍, കൃത്യമായ ഒരുത്തരവും താമരയില്‍ നിന്ന് ലഭിക്കാതെ വന്നപ്പോഴാണ് , കണ്ട ലക്ഷണങ്ങള്‍ വച്ച് കൊണ്ട് മാടമ്പിയുടെ പക്കലെത്തിയത് . ജീവനോടെ തിരിച്ച് വരാന്‍ പോലും പ്രതീക്ഷയില്ലാത്ത സ്ഥലത്തേക്കാണ് ഇരുവരും ധൈര്യസമേതം കടന്ന് വന്നത്. പ്രശ്നപരിഹാരത്തെ കാംക്ഷിച്ചല്ല , മറിച്ച് മരണത്തിന്റെ ചൂര് മൂക്കിലേക്കടുത്തുവെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള പിടച്ചില്‍ മൃതിയടഞ്ഞ് കിടന്ന അഭിമാനത്തെ ഉണര്‍ത്തുകയായിരുന്നു. ജീവനോടെ പടിപ്പുര കടക്കുമ്പോള്‍ ജീവനൊടുക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. വരമ്പിലൂടെ ഇരുവരും നടന്നു. ഉച്ചതിരിഞ്ഞെങ്കിലും ഇളം വെയിലിന് നല്ല ചൂടുണ്ടായിരുന്നു. നടത്തത്തിനിടയില്‍ താമര വയറില്‍ ഇടക്കിടെക്ക് തൊട്ട് നോക്കി. വയറിനകത്തെ ഇളക്കം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പോലെ താമരക്ക് തോന്നി.

‘’ ആ പൊട്ടക്കുളത്തില്‍ ചാടിച്ചാകാ മുത്തേ’‘ അപ്പന്‍ തന്റെ തീരുമാ‍നത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. നറുജീവന്‍ തന്റെയുള്ളില്‍ കിടന്ന് തുടിക്കുകയാണ്. മുറുക്കെ പിടിച്ചിരുന്ന അപ്പന്റെ കൈ അവള്‍ പതുക്കെ വേര്‍പെടുത്തി.

‘’ എനക്ക് കുട്ടീനെ വേണപ്പാ. ഇതിന് അപ്പനില്ലെങ്കിലും നാന്‍ വളര്‍ത്തും. ‘’ വഴിയേ പോയ കാറ്റ് താമരയെ തഴുകിയ ശേഷം കുളത്തില്‍ വിരിഞ്ഞ് നിന്നിരുന്ന ആമ്പലിനെ ഒന്ന് തോണ്ടി. താമര അപ്പനോട് വീണ്ടും കെഞ്ചി നോക്കി. അവള്‍ പറഞ്ഞ് തീരുന്നതിന് മുന്‍പേ അയാള്‍ കുളത്തിനടുത്തേക്ക് നടന്ന് തുടങ്ങിയിരുന്നു. ഉണങ്ങിയ ഇലകള്‍ കൊണ്ടും , കരയോട് ചേര്‍ന്ന വെള്ളത്തിന്റെ ഉപരിതലം മെഴുകിയ പോലെ തോന്നും. ഉണങ്ങിയ തേങ്ങാ പോലെ അയാള്‍ വീണ് താണ് പോയി. എല്ലാം കണ്ട് നിന്ന താമര ഉറക്കെ കാറി നോക്കി.

‘’ അപ്പാ..’‘ സ്വരം ഒരു പ്രധിഷേധ സൂചകമായി പുറത്തേക്ക് തെറിച്ചതേയില്ല. ഒച്ചവച്ചിട്ട് വിജനമായ പ്രദേശത്ത് കാര്യമൊന്നുമില്ലായിരുന്നു. അവള്‍ സാകൂതം കുളത്തിലേക്ക് തന്നെ നോക്കി നിന്നു. ഇടക്കെപ്പോഴോ ഒരു കയ്യുയര്‍ന്ന് വന്ന് വിടര്‍ന്ന് നിന്ന താമര ഞെട്ടില്‍ പിടിച്ചെഴുന്നേല്‍ക്കാനൊരു ശ്രമം നടത്തി. കൈകള്‍ക്കൊപ്പം ആമ്പലും ക്ഷണത്തില്‍ വെള്ളത്തിനടിയിലേക്ക് പൂന്തിപ്പോയി. പിന്നെ ഒസ്യത്തിലെ മനസിലാകാത്ത പിന്‍ഗാമിയെ സൂചിപ്പിക്കുമ്പോലെ ഉദകപ്പോളകള്‍ നുരച്ച് പൊങ്ങി.

നാല്

രേവതി അശോകനില്‍ നിന്നും വിവാഹമോചനം നേടിയിട്ട് മൂന്നു മാസമായെങ്കിലും , പഴയ അതേ വീട്ടില്‍ , ഒരേ കട്ടിലില്‍ തന്നെയാണ് ഇന്നുമുറങ്ങുന്നത്. ഒരു മാസത്തേക്കുള്ള താത്ക്കാലിക ഉടമ്പടി മാത്രമായിരുന്നുവെങ്കിലും ദിവസങ്ങള്‍ നീണ്ട് പൊയ്ക്കൊണ്ടിരുന്നു . നഗര ജീവിതത്തിലെ വേഗതക്കൊപ്പം കണ്ടു പിടിച്ച ജീവിത പങ്കാളിയായിരുന്നു അശോകന്‍. മുന്നും പിന്നും ആലോചിക്കാതെയുള്ള ആവേശം. ജീവിതത്തിന്റെ എസ്കര്‍വ് കുത്തനെ താഴേക്ക് വീണു. നക്സലറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിച്ച അതേ വിപ്ലവം തന്റെ ജീവിതത്തിലും അശോകന്‍ പരീക്ഷിച്ചു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞതും നിഗൂഢതകള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്നുമുള്ള സത്യമറിഞ്ഞപ്പോള്‍ ഭ്രമാത്മകതയിലേക്ക് കാലിടറി വീഴുമെന്ന് രേവതി കരുതിയതാണ്. കുഞ്ഞിന്റെ മാറാരോഗത്തില്‍ നിന്നുടലെടുത്ത കുറ്റബോധമാണ് വാക്കുകള്‍ ഉരുളന്‍ കല്ലുകളായി രേവതിയുടെ മേല്‍ പതിച്ചത്. വിവഹത്തിന്റെ ഒന്നാം പടി താണ്ടുന്നതിനു മുന്‍പേ ചരമഗിരിയിലൊളിച്ച യുവമിഥുനങ്ങള്‍. അച്ഛനും അമ്മക്കും ഒരു സൂചന പോലും കൊടുക്കാതെയുള്ള തന്റെ കൃത്യമായിരിക്കം നഗര ജീവിതത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും മുക്തി നേടി നാട്ടുമ്പുറത്തെ ഏതോ വീട്ടിലേക്കുള്‍വലിഞ്ഞത്.

ഒന്നുപദേശിക്കാന്‍ പോലും ഇടം നല്‍കാതെയുള്ള ശാരുകമായ കൃത്യത്തെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം അശോകനില്‍ നിന്ന് പിരിയുന്നതിനേക്കാള്‍ വേദന തോന്നും. ഇരുപത്താറ് വര്‍ഷം തന്ന പരിചരണത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യുപകാരമായ ജ്ഞാതികര്‍മ്മം.

അശോകനേയും തന്നെയും ഒന്നിച്ചു ചേര്‍ക്കാന്‍ മുന്‍ കൈയെടുത്ത കിഷോര്‍ , തങ്ങള്‍ പിരിയുമ്പോഴും എല്ലാറ്റിനും , സജീവ സാ‍ന്നിദ്ധ്യമായിരുന്നു. രേവതിയോട് മനസില്‍ പൂഴ്ത്തിവച്ചിരുന്ന അനുരാഗത്തിന്റെ പൂമ്പൊടികള്‍ ഇന്നും അതേ തീവ്രതയോടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ജീവിതത്തിലെ അദൃശ്യമായ പടുകുഴിയില്‍ വഴുതി വീണു. തെറ്റുകളില്‍ നിന്നു മനുഷ്യന്‍ പാഠമുള്‍ക്കൊള്ളുമെന്ന് പറയുന്നതേറ്റവും വലിയ തെറ്റാണ്. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനായിതീരുന്നത് തന്നെ. വീട്ടുകാരുടെ സമ്മതം നേടി ഒരു മാസത്തിനകം വിവാഹിതരാവാമെന്ന് കിഷോര്‍ ഉറപ്പ് തന്നു. ഒന്നാകുന്നതിനു മുന്‍പിലെ ഇടവേളയില്‍ അശോകനൊപ്പം തന്നെ രേവതിക്ക് കഴിയാമെന്ന നിര്‍ദ്ദേശം വച്ചത് കിഷോറാണ് . എത്രയോ വിചിത്രമായി തോന്നിയ ജീവിതരഥ്യയില്‍ കിഷോറുമായി പലവട്ടം അടുത്തറിഞ്ഞു.

താന്‍ ഇന്നകപ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണ സന്ധിക്ക് യാതൊരു പരിഹാരവുമില്ലെന്ന് ബോധ്യമുണ്ടായിരുന്നു രേവതിക്ക്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴുള്ള അശോകന്റേയും കിഷോറിന്റേയും മുഖത്തെ ഭാവചലനങ്ങള്‍ക്കുള്ള സാമ്യത , പുരുഷന്റെ സ്ഥായീഭാവത്തെ ന്യായീകരിച്ചു. ആ നിമിഷം രേവതി മൗമായി പുഞ്ചിരിച്ചു. ഇത് എന്റെ മാത്രം അധികാരമാണ്. അല്ല ഞങ്ങളുടെ ആ സ്വതന്ത്ര്യം ഞാന്‍ ആവോളം നുകരും.

അഞ്ച്

ശവം പുറത്തെടുത്ത് സംസ്ക്കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. വഴിയേ വന്ന ചില നായന്മാര്‍ തന്നെ നോക്കി പിറുപിറുത്തപ്പോള്‍ താമര കടുപ്പിച്ചൊന്നു നോക്കി.

‘’ എന്താടി നിന്റപ്പന്‍ ചത്തോ , കുളത്തിനരികിലിങ്ങനെ ഉലാത്താന്‍ ‘’ കഥകളില്‍ കേട്ടറിഞ്ഞ ആത്മാവിന്റെ ശക്തിയെക്കുറിച്ചോര്‍ത്തപ്പോള്‍ താമരക്കൊരു കൊതി തോന്നി. ശരീരത്തിലെ ചൂടാറും മുമ്പേ അപ്പന്റെ ആത്മാവിനെ തനിക്കാവാഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. വഴിയില്‍ നിന്ന് താമരയൊരല്‍പ്പം മാറിനിന്നു. ശകുനം മുടക്കി, തേവിടിശ്ശിയെന്ന് വേദമന്ത്രം പോലെ തുരുതുരാ ഉരുവിട്ടവര്‍ നടന്നു നീങ്ങി. പത്തുവട്ടമാവര്‍ത്തിച്ചാല്‍ ഏത് നുണയും താത്ക്കാലികമായെങ്കിലും സത്യമായി ഭവിക്കുന്നത് പോലെ താനുമൊരു തേവിടിശ്ശിയായി മാറിക്കഴിഞ്ഞിരുന്നില്ലേ. താമര വയറിന്റെ തടിപ്പില്‍ വെറുതെയൊന്നു തൊട്ടു. ഇപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന ഭാഗ്യഹീനന്റെ പുറത്ത് വരവിനെ വിരല്‍കൊണ്ടവള്‍ എണ്ണിനോക്കി . ഇനി കഷ്ടിച്ച് നാലര മാസം. വെളുത്ത സവര്‍ണ്ണന്റെ ബീജം കറുപ്പിലലിഞ്ഞു ചേരാത്തൊരുണ്ണിയായിരിക്കുമവന്‍. ചെറുമന്റെ കീഴാള ബോധ്യമല്ല , പേരിന് പുറകിലൊരു സവര്‍ണ്ണ വാല്‍ നക്ഷത്രം ഘടിപ്പിച്ച് ആഢ്യനായി തന്നെ അവനെ വളര്‍ത്തണം. കുളക്കരയില്‍ തല പാതി വെള്ളത്തില്‍ പൂന്തി , കമഴ്ന്ന് കിടക്കുന്ന അപ്പനാണെ സത്യം. അനന്തമായി പരന്ന് കിടന്ന പാടശേഖരങ്ങള്‍ക്കപ്പുറത്ത് കണ്ട പര്‍വതത്തിനപ്പുറത്തേക്ക് ലക്ഷ്യം വച്ചവള്‍ ഞരങ്ങി നീങ്ങി.

ആറ്

ഊഷ്മളത നഷ്ടപ്പെട്ട ഭഗ്നഭവനത്തില്‍ ചേതനയറ്റ രണ്ട് നിശ്ചലയന്ത്രങ്ങള്‍ മാതിരി രേവതിയും അശോകനും ഓരോ തുരുത്തില്‍ കിടന്നുറങ്ങി . എല്ലാം നിശ്ചയിച്ചുറപ്പിച്ചത് പോലെ അവള്‍ കണ്ണുകള്‍ പൂട്ടാതെയാണ് കിടക്കുന്നത്. ഇരുട്ടിനെ കരിച്ച് കളയാനുള്ള ശക്തി അവയ്ക്കുണ്ടായിരുന്നു. രേവതി ശബ്ദമുണ്ടാക്കാതെ അടുത്ത മുറിയിലെത്തി വാതിലടച്ചു. ചുമരില്‍ തൂക്കിയിരുന്ന കലണ്ടറിലൊന്നു കണ്ണോടിച്ചു.

ദാവാഗ്നി ബന്ധുരമായ പച്ചപ്പിന്റെ നാശത്തില്‍ അട്ടഹസിച്ചപ്പോള്‍ , ഇരുട്ടിനേക്കാള്‍ എത്രയോ ഭയാനകമാണ് വെളിച്ചാധിക്യമെന്ന് രേവതിക്കപ്പോള്‍ ബോധ്യമായി. നാലു പാടും കത്തിയുയരുന്ന തീനാളത്തിന് നടുവില്‍, തന്നെ ദഹിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട അഗ്നിയെ അവള്‍ കൈകൂപ്പിക്കൊണ്ട് പ്രണമിച്ചു.

അശോകന്റെ നിലവിളി കത്തിപ്പടരുന്ന അഗ്നിച്ചിറകുകളെക്കൊണ്ട് ഭീരുവിനേപ്പോലെ പിടഞ്ഞ് വീണു. തങ്ങള്‍ക്കിടയിലുള്ള ചുമര്‍ അശോകന്റെ മാപ്പപേക്ഷക്ക് പ്രതിബന്ധമായി നിന്നു. വെന്തുരുകിയ മെഴുക് തിരി പോലെ അലിഞ്ഞ് പോകലിനൊടുവില്‍ രേവതി അടിവയറ്റിലൊന്ന് തൊട്ട് നോക്കി. കുരുന്ന് പ്രാണന്റെ പിടച്ചിലോ കുതറലോ ഒന്നുമില്ലാതെ ശാന്തനായി കിടന്നുറങ്ങുന്ന നവജീവന്‍, തന്റെ പരമ്പരയിലെ അവസാന കണ്ണിയാണ്. മനസില്‍ രേവതി മന്ത്രിച്ചു. മരിച്ചു വീഴുന്നതിന് മുന്‍പിലെ ഉദ്ധൃതവാക്യം നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനിച്ചു . ഒരിക്കലും മരണമില്ലാതെ നീലത്താമരകളാണ് ഞങ്ങള്‍. വഞ്ചനയുടെ തുരുത്തില്‍ വീണ്ടും വീണ്ടുമകപ്പെട്ടും ഉയിര്‍ത്തെഴുനേല്‍ക്കുന്ന ഫീനിക്സ് പക്ഷികള്‍.

ഏഴ്

അവസാനമില്ലാത്ത ഇരകളുടെ ഉപാന്ത്യം പോലെ, കിടക്കയിലമര്‍ന്ന് കിടക്കുമ്പോള്‍ റീമയുടെ അബോധ ധാരക്ക് മുന്നില്‍ താമരയും രേവതിയും പ്രത്യക്ഷപ്പെട്ടു. അവള്‍ ഒരമ്മയുടെയും മുത്തശ്ശിയുടേയും വാത്സല്യത്തോടെ അതിനെല്ലാം സാക്ഷിയായി. ഫെലിക്സിന്റെ ബൈക്കിന്‍ പുറകില്‍‍ പ്രമോദത്തെ പുല്‍കാന്‍, കുമളിക്ക് പുറപ്പെടുമ്പോള്‍ തന്റെ എല്ലാ യുക്തിയും മാഞ്ഞു പോകുന്ന ക്ഷണിക സുഖത്തെ സമുദ്രപ്പരപ്പായി കണ്ട മൂഢത്തം.

മിഥ്യാസ്വാതന്ത്ര്യത്തിന്റെയും ആമോദത്തിന്റേയും പാശാറ് പൊത്തിയ നിറം മന‍സില്‍ കിനിയുമ്പോഴെല്ലാം നാരകന്മാര്‍‍ ഉരഗപ്പുറ്റുകളില്‍ നിന്നുയര്‍ന്നെഴുനേല്‍ക്കും. വകഞ്ഞു മാറ്റിയ ചില്ലകളെ വേടന്‍ മഴുവിനാല്‍ വെട്ടിമാറ്റുമ്പോള്‍ ഓരോ ജന്മവും തിരിച്ചറിഞ്ഞ കടുത്ത യാഥാര്‍ത്ഥ്യം ചാരമായി മണ്ണീലലിഞ്ഞ് ചേരുന്നു. ഒരല്‍പ്പം ചതുരന്മാരായ കോമട്ടികള്‍ പോലും അഭിനയ ഉവണിയാല്‍ വെട്ടിയരിഞ്ഞിടപ്പെടുന്ന വെറും ചപലകള്‍.

ഗ്രഹണത്തിന്റെ ഇരുണ്ട ഛായയ്ക്കു ചുറ്റുമായി കാണപ്പെടുന്ന അല്‍പ്പച്ഛായ സിരകളില്‍ പടര്‍ന്നപ്പോള്‍ നറുബോധം അവളെ ചരിത്രത്തിലേക്കടുപ്പിച്ചു. താമരയും രേവതിയുമൊക്കെ ചൂണ്ടയില്‍ കോര്‍ത്ത വെറും ഞാഞ്ഞൂളുകള്‍ മാത്രമല്ല , എന്റെ പരമ്പരയിലെ പൂര്‍വികരാണ്. ഒരുവന്റെ ഊഴം കഴിഞ്ഞപ്പോള്‍ ഏതോ ആഴത്തിലേക്ക് നിപതിച്ചത് പോലെ റീമ ഒന്ന് ഞരങ്ങിപ്പിടഞ്ഞു …. ഇനിയും വേടന്മാര്‍ , ഇരയെപ്പുല്‍കാന്‍ , മുറിക്ക് പുറത്തപ്പോള്‍ കാവല്‍ നില്‍പ്പുണ്ടായിരുന്നു…

നാടകത്തിന്റെ കര്‍ട്ടന്‍ വീണതും മഴ ചാ‍റിത്തുടങ്ങിയതും ഒന്നിച്ചായിരുന്നു.

Generated from archived content: story1_july21_12.html Author: sujith-b-krishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English