സൗരയൂഥം

ഷാര്‍ജാ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറിനു മുന്നില്‍ ജനം സിനിമാടിക്കെറ്റെടുക്കാനുള്ള ക്യൂ പോലെ അക്ഷമരായി കാത്തുനില്‍ക്കുകയാണ്. തന്റെ മുന്നിലാണെങ്കില്‍ ഇനിയും ഇരുപത്തിയഞ്ചുപേരോളമുണ്ട്. തൊട്ടടുത്തുള്ള ക്യൂവിലേയ്ക്ക് നോക്കിയപ്പോള്‍ ഇതിനേക്കാളും തിരക്കുള്ളതുപോലെ തോന്നി. മണി രാത്രി പതിനൊന്നിനോടടൂക്കുന്നു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഇനിയും ഒരു മണിക്കൂറെങ്കിലും പിടിക്കും. അത് കഴിഞ്ഞ് മുക്കാല്‍ മണിക്കൂര്‍ വേണം മുറിയിലെത്താന്‍. നാളെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതു കൊണ്ടാണ് മനസ്സിനകത്തെ ഈ പരവേശം. വിമാനത്തിലിരിക്കുമ്പോള്‍ കരുതിയത് പതിനൊന്നരയ്ക്കെങ്കിലും മുറിയിലെത്താമെന്നാണ്. എല്ലാ കണക്കുകളും അസ്ഥാനത്തായിരിക്കുന്നു.

ഈ നിറഞ്ഞ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ അസ്വസ്ഥതയും ദേഷ്യവും നിസ്സഹായതയുമൊക്കെ കാണാന്‍ നല്ല രസമാണ്. പൊതുവേ ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന മനസ്സാണ് തന്റേതെങ്കിലും ഇന്നെന്തുകൊണ്ടോ മനസ്സ് ആളിക്കത്തുന്നത് പോലൊരു തോന്നല്‍. ചിലപ്പോള്‍ മനസ്സ് വ്യാകുലപ്പെടുന്നതിന്റെ കാരണങ്ങള്‍പോലും സ്വയം തിരിച്ചറിയണമെന്നില്ലല്ലോ.

രവിക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു മധ്യവയസ്കനെ വളരെ പരിചയമുള്ളതുപോലെ തോന്നി. എവിടെയോ കണ്ട് പരിചയമുള്ളതുപോലെയുള്ള ദൃഢമായ തോന്നല്‍. നാട്ടുകാരനാവാം എങ്കില്‍ ഇത്ര അപിരിചിതത്വമോ രവി തന്റെ ശ്രദ്ധ നാലുപാടേക്കും തിരിച്ചുവിട്ടു.

ക്യൂവിപ്പോള്‍ പെട്ടെന്ന് ചലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത് നില്‍ക്കുന്ന വരിയിലെ ആളുകള്‍ പെട്ടെന്ന് ചലിച്ച് തുടങ്ങുമ്പോള്‍ മറ്റു വരിയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് പരവേശമാണ്. കൗണ്ടറിലേയ്ക്ക് ശ്രദ്ധിച്ചപ്പോള്‍ തനിക്ക് പരിചയം തോന്നിയ മുഖഭാവമുള്ളയാള്‍ എമിഗ്രേഷനിലെ ഉദ്യോഗസ്ഥനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. സാധാരണയില്‍ക്കവിഞ്ഞ സമയമെടുക്കുന്നത് കാരണം ക്യൂവില്‍ നില്‍ക്കുന്ന ആളുകളുടെ ക്ഷമ നശിച്ച് തുടങ്ങിയിരിക്കുന്നു.മധ്യവയസ്കനായ ആളുടെ മുഖം വിളറി വെളുക്കുന്നത് പോലെ രവിക്ക് തോന്നി. അയാള്‍ ദയനീയ ഭാവത്തില്‍ എന്തൊക്കെയോ ഉദ്യോഗസ്ഥനോട് പറയുന്നത് കാണാം. ക്യൂവില്‍ ഒരു ഉദ്യോഗസ്ഥ വന്നതും പല വരികളില്‍ നില്‍ക്കുന്നവര്‍ ഓടി അതിലേക്ക് കയറി. വരിമാറിയവരില്‍ മെച്ചമില്ലാത്തവര്‍ കയ്യിലിരുന്നതും പോയി ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ലാത്തവരെപ്പോലെ, ജാള്യത പൂണ്ട് നിന്നു.

പെട്ടെന്നാണ് ഉദ്യോഗസ്ഥന്‍ ദെഷ്യസ്വരത്തില്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ച് പുറകെയുള്ള ഇരുമ്പ് കസേരയില്‍ പോയിരിക്കാന്‍ മധ്യവയസ്കനോട് ആജ്ഞാപിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവരൊക്കെ ആശ്വാസം കൊണ്ടെങ്കിലും , തന്റെ മനസ്സിലെ വേദന പൊടുന്നനെ കൂടിയതുപോലെ രവിക്കനുഭവപ്പെട്ടു. അയാളെയോര്‍ത്താവുമോ തന്റെ മനസ്സ് ഇത്രയും നേരം നനുത്ത വേദനയില്‍ ഉരുകുന്നുണ്ടായിരുന്നത്. രവി തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ ഇരുമ്പ് കസേരയില്‍ കൈക്ക് തല കൊടുത്തിരിക്കുകയാണ്. അത്രയ്ക്ക് മുഖപരിചയം തോന്നിയത് കൊണ്ടാണ് മനസ്സ് തന്റെ ഭൂതകാലം മുഴുവന്‍ ഓട്ടപ്രദക്ഷിണം വച്ചത്. എന്നിട്ടും ഒരെത്തും പിടിയുമില്ല. അയാളെ ഇടയ്ക്കിടക്ക് നോക്കിയപ്പോള്‍ കാലുകളറിയാതെ അയാള്‍ക്കടുത്തേക്ക് നീങ്ങുന്നതു പോലെ,തന്റെ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ഒരു മലയാളി തന്നെയാണ്.മുന്നിലാണെങ്കില്‍ മൂന്നാല്‍ പേര്‍ മാത്രമേയുള്ളൂ. എങ്കിലും ഇപ്പൊ വരാമെന്നു പരഞ്ഞ് രവി അയാള്‍ക്കടുത്തെത്തി.

“ചേട്ടനെ എവിടെയോ കണ്ട് പരിചയമുണ്ടല്ലോ”

അയാള്‍ പതുക്കെ തലയുയര്‍ത്തി, അയാളുടെ കണ്ണുകളപ്പോള്‍ കലങ്ങിയിരുന്നു. എങ്കിലും ചിരിക്കാന്‍ ശ്രമിച്ചു.

“ഞാന്‍ രവി പാലക്കാട് കാവശ്ശേരിക്കടുത്താണ് വീട് ” ചാട്ടുളി പ്രഹരം പോലെ അയാളുടെ കണ്ണുകളില്‍ എന്തോ ഒന്ന് ചിമ്മിത്തെറിച്ചു.

“കാവശ്ശേരിയില്‍ എവിടെയാണ് ”

“കാവശ്ശേരി പരിചയമുണ്ടോ” രവി സംശയത്തോടെ ചോദിച്ചു.

“എന്റെ വീട് ചുങ്കത്താണ് ”

മനസ്സിലെ ചില നിഗൂഢ കളികളെക്കുറിച്ച് ബോധ്യം വരുന്നത് ഇതുപോലുള്ള സന്ദര്‍ഭത്തിലാണെന്ന് രവിയോര്‍ത്തു.ഇയാള്‍ തന്റെ വീടിനടുത്തു തന്നെ ജീവിക്കുന്നയാളാവാം, എങ്കിലും ഇരുപത് വര്‍ഷത്തെ ഗള്‍ഫ് ജീവിതവും, വിവാഹവും,സ്വന്തം നാടുപേക്ഷിച്ച് ഭാര്യവീട്ടുകാരുടെ നാട് സ്വന്തമായി വരിച്ച്, കൊഴിഞ്ഞ് പോയ വര്‍ഷങ്ങളില്‍, കഷ്ടി ഒരു മാസം പോലും തന്റെ നാട്ടില്‍ നിന്നുട്ടുണ്ടാവില്ല.പിന്നെയെങ്ങനെയാണ് തന്റെ നാടും ഇതുതന്നെയാണെന്ന് പറയാനാകുക.

“ഞാന്‍ ദിനകരന്‍ ”

“ഞാന്‍ ഗോപാലന്‍ മൂത്താരുടെ മോനാണ് ” അത് പറഞ്ഞതും ദിനകരന്‍ തന്നെ മനസ്സിലായതുപോലെ.

“ചെത്ത്കാരന്‍ മായാണ്ടിയേട്ടനെ ഓര്‍മ്മയില്ലേ. ഞാന്‍ അങ്ങേരുടെ മകനാണ്.”

പനത്തലപ്പുകളില്‍ അണ്ണാങ്കുഞ്ഞിനെപ്പോലെ ഇഴഞ്ഞു കയറി, കള്ളുചെത്തി തിരിച്ചിറങ്ങുമ്പോള്‍ മണിക്കൂ‍റ് കഴിയും. ആ സമയം കയ്യിലൊരു വാനനിരീക്ഷണ കഥയുണ്ടാകും. ആകാശത്തിനു മുകളില്‍ കോടാനുകോടി മൈലുകളകലെ താന്‍ കണ്ട മറ്റൊരു ലോകത്തെക്കുറിച്ചുള്ള കഥകള്‍ സൗരയൂഥം കടന്ന് , അനേകം പ്രകാശവര്‍ഷങ്ങള്‍ താണ്ടിയകലെ, അടുത്ത സൂര്യന്റെയും അതിനുചുറ്റും ഭ്രമണത്തിലേര്‍പ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെയും അതിലെ ജീവജാലങ്ങളുടെയും കഥകള്‍. മായാണ്ടിയേട്ടനെന്ന് കേട്ടപ്പോള്‍തന്നെ മനസ്സ് വര്‍ഷങ്ങള്‍അറിയാതെ പുറകിലേക്ക് സഞ്ചരിച്ചു.

രവി എമിഗ്രേഷന്‍ കൗണ്ടറിന് മുന്നിലേക്ക് നോക്കിയപ്പോള്‍ ആളുകള്‍ മിക്കതും ഒഴിഞ്ഞു പോയിരുന്നു. തനിക്കെന്തോ ഒട്ടും ധൃതി തോന്നിയില്ല….

“ഇവിടെ എത്ര വര്‍ഷമായി”

“മൂന്നുവര്‍ഷത്തോളമായി ആദ്യവട്ടം അവധിക്ക് പോയിവരുവാണ് ” ദിനകരന്റെ മുഖത്ത് താല്‍കാലികമായി മറഞ്ഞ് നിന്ന ആധി വീണ്ടും പ്രകടമായി.

“എന്തെങ്കിലും പ്രശ്നമുണ്ടോ”

“രവീ….ക്രഡിറ്റ്കാര്‍ഡില്‍ കുറച്ച് തവണകള്‍ മുടക്കിയിരുന്നു. ബാങ്ക് കാര്‍ പോലീസ് കേസാക്കിയിരിക്കയാണ്. എന്റെ പാസ്സ് പോര്‍ട്ട് വാങ്ങി വച്ചിരിക്ക്യാണ്.” രവിക്ക് ദിനകരന്റെ പ്രശനങ്ങള്‍ ഒറ്റവാചകംകൊണ്ട് വ്യക്തമായി.

“അടക്കാന്‍ എത്ര ബാക്കിയുണ്ട് .”

“നാല്പതിനായിരത്തോളം ദിര്‍ഹമുണ്ട്.” കേട്ടപ്പോള്‍തന്നെ രവിയുടെ തലയിലൊരു പെരുക്കമനുഭവപ്പെട്ടു. താനും കുറെക്കാലം ഇതേ സങ്കീര്‍ണ്ണാവസ്ഥയില്‍ പെട്ടലഞ്ഞവനാണ്.

“കമ്പനിയില്‍നിന്ന് ആറുമാസത്തോളം തന്നെ ശമ്പളമൊന്നും കിട്ടിയില്ല്. ലീവിന് പോകുമ്പോഴും കുടിശ്ശികയുടെ പകുതിക്കാശ് പോലും തന്നില്ല. വന്നശേഷം എല്ലാം ശരിയാക്കാമെന്ന് വിചാരിച്ചാണ് വീണ്ടും കയറിവന്നത്.”

ഒരുപക്ഷേ ദിനകരനിപ്പോള്‍ തോന്നുന്നുണ്ടാവും വരേണ്ടിയിരുന്നില്ലെന്ന്. ഇത്രയും വലിയ കടബാധ്യത തിരിച്ച് വന്ന് കൊടുത്ത് തീര്‍ക്കണമെന്ന സത്യസന്ധത കൊണ്ടായിരിക്കാം. ലോണിലുള്ള കാറും നിറഞ്ഞ ഫ്ലാറ്റുമൊക്കെ ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്നു കളഞ്ഞവരുടെ തിരോധാനകഥകള്‍ എങ്ങും സുലഭമാണ്. ഇതിലും ഭേദം അതായിരുന്നു.

പണ്ട് നാട്ടിന്‍പുറത്തുള്ള കമ്മ്യൂണിസ്റ്റുകാരുടെ പ്രസംഗമോര്‍മ്മ വന്നു. കടത്തിന്റെ കുടിശ്ശികയടക്കാത്തത് കാരണം നമ്മളെയൊക്കെയും അറസ്റ്റ് ചെയ്യാന്‍ അമേരിക്കയും വേള്‍ഡ് ബാങ്കുമൊക്കെ അടുത്തു തന്നെ വരുമെന്ന് പറയുന്ന സഖാവ് മൂസാക്കയുടെ മുഖമാണ് ആദ്യം ഓര്‍മ്മ വന്നത്. അങ്ങനെയൊന്നുമില്ലെങ്കിലും അതിന് സമാനമായ സാഹചര്യമല്ലെ ഇതൊക്കെയെന്ന് രവിയോര്‍ത്തു.

പൊടുന്നനെയാണ് കന്തുറയിട്ടൊരാള്‍ തങ്ങളുടെ അടുത്തേക്ക് വന്നത്. രവി പതുക്കെ കുറച്ചകലം പാലിച്ച് നിന്നു. തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതിമയെപ്പോലെ നിസ്സഹായനായി ദിനകരന്‍ അയാള്‍ക്ക് മുന്നില്‍നിന്നു.

അരപ്പട്ടകെട്ടിയ മായാണ്ടിയേട്ടന്‍ നിറഞ്ഞ കള്ളുകുടവുമായി അടുത്ത് വരുമ്പോള്‍ ഒരു മണമുണ്ട്. കള്ളിന്റെയും വിയര്‍പ്പിന്റെയും കൂടിക്കലര്‍ന്ന ഒരു മണം. മായാണ്ടിയേട്ടന്‍ കള്ളുചെത്തുകാരനായി ചുങ്കത്തു ജനിച്ചില്ലായിരുന്നുവെങ്കില്‍ വല്ല ശാസ്ത്രജ്ഞനോ വൈമാനികനോ ആയേനെയെന്ന് തന്റെ അമ്മാമന്‍ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. അത്രയ്ക്ക് ശാസ്ത്രലോക പരിജ്ഞാനമുണ്ട്.

ദൂരെകാണുന്ന ആ വാകമരത്തലപ്പ് ഇവിടുന്ന് നോക്കിയാല്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന എന്തോ ഒരു ഘരവസ്തുവിനെപ്പോലെ തോന്നും .അതിനടുത്ത് ചെല്ലുന്തോറും അതിനിടയിലെ വിടവുകള്‍ വലുതായിവരും. ആ വിടവുകള്‍ക്കിടയിലൂടെ പ്രകാശ രശ്മികള്‍ ആയാസരൂപേണ കടന്നുപോകും.പ്രകാശത്തിന് കടന്നുപോകാന്‍ കഴിയാത്ത, ഭൂമിയുടെ പ്രതലത്തെക്കാളും വലിപ്പമുള്ള തമോഗര്‍ത്തങ്ങളുണ്ട്. മായാണ്ടിയേട്ടന്‍ പറഞ്ഞുതുടങ്ങിയാല്‍ ഇങ്ങനെയാണ്. ഒന്നുകില്‍ പരമാണുവും ഘര്‍ഷാണുവും… അല്ലെങ്കില്‍ പരന്നുകിടക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് രണ്ട് കൈയും ആകാശത്തേക്കുയര്‍ത്തി പ്രപഞ്ചത്തിന്റെ വലിപ്പത്തെ അഞ്ചു വിരലുകള്‍ക്കുള്ളില്‍ ആവാഹിക്കും.

മായാണ്ടിയേട്ടനൊരു അനിയനുണ്ട്. അപ്പുവേട്ടന്‍. രണ്ടുപേരുടേയും കുടുംബങ്ങള്‍ ഒരേ വീട്ടില്‍. ഒരു നീളന്‍ ചുമര്‍ അതിര്‍ത്തിയായി കണക്കാക്കി,വീടിന്റെരണ്ടറ്റങ്ങളെടത്ത് ജീവിച്ചവരാണ്. അപ്പുവേട്ടന്റെ തൊഴിലെന്താണെന്ന് ഇന്നും എനിക്കറിയില്ല.ഇടവഴികളില്‍ ഷര്‍ട്ടിടാത്ത, വെള്ളമുണ്ടുടുത്ത അപ്പുവേട്ടനെ കാണുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ അന്ന് പേടിയായിരുന്നു. കവിലൂര്‍ക്കാവിലെ വേലയ്ക്ക് ഉച്ചവെടിക്ക് തിരികൊളുത്തിയോടുന്ന അപ്പുവേട്ടന്‍, തന്റെ മനസ്സിലെ ഒരുകാലത്തെ നായകനായിരുന്നു. ആ അപ്പുവേട്ടനെ ഒരു രാത്രി തന്റെ ചെത്ത് കത്തികൊണ്ട് മായാണ്ടിയേട്ടന്‍ വെട്ടി. ചുങ്കത്ത് നിന്ന് പതിനഞ്ച് കിലോമീറ്ററോളം അകലെയാണ് ഒരു ഹോസ്പിറ്റലുള്ളത്. വെട്ടുകൊണ്ട അപ്പുവേട്ടനെ മുറ്റത്തുകിടത്തി. മായാണ്ടിയേട്ടന്റെ കെട്ട്യോളും അപ്പുവേട്ടന്റെ കെട്ട്യോളും തമ്മില്‍ പൂര അടി. അതു കണ്ട് നാട്ടുകാരൊക്കെ സ്തബ്ധരായി നില്‍ക്കുകയാണ്. ആസ്പത്രിയിലേക്ക് പോകണമെങ്കില്‍ ജീപ്പ് പിടിച്ച് നാളെ രാവിലെയേ കൊണ്ട് പോകാന്‍ പറ്റുകയുള്ളൂ. അതിനിടയില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, സംഭവിച്ചു. അത്രതന്നെ.

വെട്ടുകഴിഞ്ഞ് ആളുകള്‍ കൂടിത്തുടങ്ങിയപ്പോള്‍ മായാണ്ടിയേട്ടന്‍ പുരയ്ക്കടുത്തെ പനയ്ക്ക് മുകളിലേയ്ക്ക് കയറി. പിന്നീട് എപ്പോള്‍ ഇറങ്ങിവന്നു എന്തൊക്കെ സംഭവിച്ചു എന്നൊന്നും ഓര്‍മ്മ കിട്ടുന്നില്ല.ഓര്‍മ്മകള്‍ ഇങ്ങിനെയാണ്. ചില പഴയ സംഭവങ്ങളിലെ കാഴ്ചകള്‍ മനസ്സില്‍ പതിഞ്ഞ് കിടക്കും.

അന്ന് മായാണ്ടിയേട്ടന്റെ ഭാര്യയുടെ അടിമുണ്ടിന്റെ കോന്തലപിടിച്ച് അമ്മോ…അമ്മോ എന്ന് വാവിട്ടു കരയുന്ന ദിനകരന്റെ മുഖം ഇന്നും മറക്കാനാകുന്നില്ല. അതേ ദിനകരന്‍ ഷാര്‍ജ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ കരച്ചിലിന്റെ വക്കോളമെത്തി നില്‍ക്കുകയാണ്. പുച്ഛത്തോടെ ദിനകരനോട് കയര്‍ത്തുകൊണ്ട് അയാള്‍ അവിടെ നിന്നും പോയി.രവി വീണ്ടും ദിനകരനടുത്തേയ്ക്ക് തന്നെയെത്തി.

“അയാള്‍ എന്താ പറഞ്ഞത് ”

പൈസ അടക്കുന്നത് വരെ ജയിലില്‍ കിടക്കാനാണ് പറയിണത്. പോലീസിപ്പോള്‍ വരുമത്രേ… ആരെങ്കിലും ജാമ്യം നിന്നാല്‍ പകുതിപൈസയടച്ചാല്‍ മതി. ദിനകരന്റെ വാക്കുകളില്‍നിന്ന് മുഴുവന്‍ ഊര്‍ജ്ജവും ചോര്‍ന്ന് പോയതുപോലെ തോന്നി.

“എന്താ ഇനി ചെയ്യാന്‍ പോകുന്നത്.” ദിനകരന്‍ ഒന്നും മിണ്ടിയില്ല ഒന്നരവര്‍ഷത്തോളം പണിയെടുത്താല്‍ അടക്കാന്‍ കഴിയാത്ത കുടിശ്ശിഖയാണ് വരുത്തിയിരിക്കുന്നത്.

തന്റെ സാമ്പത്തിക സ്ഥിതി ഓര്‍ത്തപ്പോള്‍ ദിനകരന്റെ പ്രശ്നത്തെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ രവിക്ക് ധൈര്യം വന്നില്ല.

“മായാണ്ടിയേട്ടന്‍ ഇപ്പോ എവിടെയുണ്ട്.”

“അപ്പന്‍ മരിച്ചു. മരിച്ചിട്ടിപ്പോ നാല് വര്‍ഷത്തോളമായി.”

സൗരയൂഥത്തിലെപ്പോലെ പ്രപഞ്ചത്തിലെ അടുത്ത സൂര്യനിലേക്കെത്താന്‍ ഭൂമിയില്‍നിന്ന് ഇരുപത്തയ്യായിരത്തോളം വര്‍ഷമെടുക്കുമെന്ന് ഒരിക്കല്‍ മായാണ്ടിയേട്ടന്‍ പറഞ്ഞ് തന്നിട്ടുണ്ട്. അതുപോലത്തെ ആയിരക്കണക്കിന് സൂര്യന്മാര്‍ ഈ പ്രപഞ്ചത്തിലുണ്ട്. അവിടെയൊക്കെ ഇതുപോലൊരു ലോകവും മനുഷ്യരുമൊക്കെയുണ്ടാവും . അന്നും ഞാന്‍ ആലോചിച്ചത് പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചായിരുന്നു. നമ്മളൊക്കെ മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ ആത്മാക്കള്‍ അങ്ങനെയുള്ള മറ്റൊരു ലോകത്ത് ജന്മമെടുക്കുകയും, മായാണ്ടിയേട്ടന്റെ ആത്മാവ് ആലോകത്ത് ജനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതിബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞനായി മാറിയിട്ടുണ്ടാവും…. തീര്‍ച്ച.

“ദിനകരന്റെ കുടുംബം ഇപ്പൊ എവിടെയുണ്ട് ”

“ചുങ്കത്തുതന്നെയാണ്… എന്റെ ഭാര്യ മരിച്ചു. രണ്ട് പെണ്‍കുട്ടികളാണ്.അവര്‍ ഭാര്യയുടെ അമ്മയുടെ കൂടെയാണ്.”

ദിനകരന്റെ ഭാര്യയും അതുപോലൊരു ലോകത്ത് വ്യത്യസ്തവേഷത്തില്‍ ജനിച്ച് ജീവിക്കുന്നുണ്ടാവും. വൈകാരികത യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലെന്ന് രവി ആഗ്രഹിച്ചു. എങ്കിലും മായാണ്ടിയേട്ടന്റെ മകനല്ലേ. അത്രയ്ക്ക് ക്രൂരനായി തനിക്കെങ്ങെനെയാണ് ഇവിടം വിട്ട് പോകാന്‍ എങ്ങനെയാണ് കഴിയുക. തന്റെ ധര്‍മ്മസങ്കടം ദിനകരന്‍ മനസ്സിലാക്കുന്നതുപോലെ തോന്നി.

“രവിക്ക് തിരക്കുണ്ടെങ്കില്‍ പൊയ്ക്കോളൂ”

“എന്റെ മൊബൈല്‍ നമ്പര്‍ തരാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ .” രവി പറഞ്ഞു നിര്‍ത്തി.

“എനിക്കിനി പുറത്തിറങ്ങി ജോലി ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല.നാളെ ജോലിക്ക് കയറിയില്ലെങ്കില്‍ പണി പോകും.എന്നെക്കോണ്ട് ഈ കടം വീട്ടാനാവില്ല രവീ. ഈയൊരു ദുരന്തത്തെ നേരിടാനാണോ ദിനകരന്‍ വന്നതെന്നോര്‍ത്ത് രവിയുടെ മനസ്സ് നൊമ്പരപ്പെട്ടു.

രണ്ട് ഷാര്‍ജ പോലീസുകാര്‍ ദിനകരനടുത്തെത്തി.കൈയ്യിലെ സാധനങ്ങളും മൊബൈല്‍ഫോണും ഉടന്‍ വാങ്ങിവച്ചു. എമിഗ്രേഷന് അരിക് ചേര്‍ന്നുള്ള വഴിയിലൂടെ നടക്കാന്‍ ആംഗ്യം കാണിച്ചു.

ദിനകരന്‍ ഒരു തുണ്ടു കടലാസ്സില്‍ തന്റെ അഡ്രസ്സ് എഴുതിതന്നു. നാളെത്തന്നെ ഇതിലൊരു കത്തെഴുതണം. ഇനി രണ്ടുമാസം കഴിഞ്ഞേ ഫോണ്‍ ചെയ്യുകയുള്ളൂവെന്ന് പ്രത്യേകം എഴുതണം. വേള്‍ഡ് ബാങ്കിന്റെ പോലീസുകാര്‍ ദിനകരനെ അറ്സ്റ്റു ചെയ്തു കൊണ്ടു പോകുന്നതുപോലെ രവിക്ക് തോന്നി.

എയര്‍പോര്‍ട്ടിന് പുറത്തുകടന്നപ്പോള്‍ നല്ല ചൂട് കാറ്റാണ് വീശുന്നത്.മാനത്ത് വിരിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങളെക്കണ്ടു എത്രയും പെട്ടെന്ന് മുറിയിലെത്താന്‍ രവിയൊരു ടാക്സിയെടുത്തു.

കാറിലിരിക്കുമ്പോളാണ് തന്റെ മൊബൈല്‍ നമ്പര്‍ ദിനകരന് കൊടുക്കാന്‍ മറന്ന വിവരം രവിക്കോര്‍മ്മ വന്നത്. വാക്കുകൊണ്ടുപോലും വല്ല സഹായം വേണോ എന്ന് ചോദിക്കാന്‍ സാധിച്ചില്ലല്ലോ.ഒരുപക്ഷേ നാളെ ജോലിയില്‍ പ്രവേശിക്കുന്നതോടെ ഇതെല്ലാം ഞൊടിയിടയില്‍ മറക്കാന്‍ സാധിച്ചേക്കാം.കത്തയക്കാനുള്ള അഡ്രസ്സെഴുതിത്തന്ന കടലാസ്സിനായി രവി പോക്കറ്റില്‍ പരതിനോക്കി. ഇല്ല എങ്ങും കാണാനില്ല. എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്ത് കടക്കുന്നതിനിടയില്‍ എവിടെയെങ്കിലും വീണുപോയിട്ടുണ്ടാവാം .രവി വിരലുകള്‍കൊണ്ട് തന്റെ നെറ്റിത്തടത്തിലമര്‍ത്തി കഴിഞ്ഞ ഒന്നര മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങളെല്ലാം മറക്കാന്‍ ശ്രമിച്ചു.

കൈയിലിരുന്ന ഡ്യൂട്ടിഫ്രീ പാക്കറ്റിനകത്തെ മദ്യക്കുപ്പിയിലേക്കൊന്ന് കണ്ണോടിച്ചു. തൊട്ടടുത്ത് ഡ്രൈവിങ്ങ് സീറ്റിലിരുന്ന പാക്കിസ്ഥാനി ഡ്രൈവര്‍ ചോദിച്ചു.”ദാരു ഹൈ ക്യാ…”

ഞാന്‍ അതെയെന്ന് തലയാട്ടി. അയാള്‍‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.“ മലബാറീ ലോക് സബ്പീത്തേ ഹൈ…”

പൊടുന്നനെ ടാക്സി ആകാശം ലക്ഷ്യം വച്ച് മുകളിലേക്ക് പറന്നു…. നിലവിളിയോടെ രവിയും.

Generated from archived content: story1_dec8_12.html Author: sujith-b-krishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here