‘ഒരു ഇടവേളയിൽ’

ഓഫീസിലെ തിരക്കേറിയ ജോലിയിലായിരുന്ന ഞാൻ എപ്പോഴാണ്‌ ഈ ആശുപത്രിയിൽ എത്തിയത്‌ – എന്തോ….. ഈ നിമിഷങ്ങളിൽ എപ്പോഴോ ഞാനെന്റെ അപ്പൂപ്പനെ കണ്ടു. അദ്ദേഹത്തിന്റെ മാത്രമായ ഗന്ധം ചെമ്പരത്തിത്താളിയും ലൈഫ്‌ബോയ്‌ സോപ്പും ചന്ദനവും, ഭസ്‌മവും കർപ്പൂരവും മൊക്കെചേർന്നുള്ള ഒരു പ്രത്യേകഗന്ധം – അതെനിക്ക്‌ അനുഭവപ്പെട്ടു. എന്റെ തലമുടിയിൽ തലോടികൊണ്ട്‌ – ഹരിക്കുട്ടാ….. ഉറങ്ങിക്കോളൂ….. നിന്റെ ക്ഷീണമെല്ലാം മാറൂട്ടോ….. എന്ന്‌ ആശ്വസിപ്പിക്കുന്നതായി അനുഭവപ്പെട്ടു.

മരിച്ചവരെ കാണുന്നത്‌ നമ്മൾ മരണത്തോട്‌ അടുക്കുമ്പോഴാണോ…. അല്ല….. അപ്പൂപ്പൻ പറയാറുണ്ട്‌ – അവർ നമ്മുടെ സ്വപ്‌നത്തിൽ എത്തുന്നത്‌ എന്തെങ്കിലും ഓർമ്മിപ്പിക്കാനായിരിക്കുമെന്ന്‌ – എന്നെ എന്തു ഓർമ്മിപ്പിക്കാനാണോവോ?. ഞാൻ പൂർണ്ണമായ്‌ ബോധത്തിൽ എത്തുമ്പോൾ എന്റെ ചുറ്റും ഡോക്‌ടർമാരായിരുന്നു. അവരിൽനിന്നാണ്‌ അറിയാൻ കഴിഞ്ഞത്‌ – ഓഫീസിൽ കുഴഞ്ഞുവീണ എന്നെ സഹപ്രവർത്തകരാണ്‌ ഇവിടെ എത്തിച്ചതെന്ന്‌. ഇപ്പോൾ ഏതാണ്ട്‌ നാല്‌പെത്തെട്ടുമണിക്കൂർ കഴിഞ്ഞത്രെ. ഭാര്യയും മറ്റു ബന്ധുക്കളും സഹപ്രവർത്തകരും എല്ലാരും പുറത്തു കാത്തു നില്‌ക്കുന്നു. ദൂരെയുള്ള മകൻ ഫോണിലൂടെ വിവരങ്ങൾ തിരക്കുന്നു – അത്രയൊന്നും പ്രശ്‌നമില്ല – ചെറിയ തടസ്സം രക്തക്കുഴലിലുണ്ട്‌ – ഒരു ബൈപാസ്സ്‌ സർജറിയുടെ ആവശ്യം ഉണ്ടെത്രെ – ഇന്ന്‌ അതെല്ലാം സാധാരണമാണല്ലൊ. ഏതായാലും ഒന്നു രണ്ടു മാസത്തെ വിശ്രമത്തിനുശേഷം – മകനും കൂടി എത്തിയതിനു ശേഷം നമുക്കത്‌ ചെയ്യാമെന്നാണ്‌ ഡോക്‌ടർമാർ പറയുന്നത്‌. പുറത്ത്‌ നിന്നിരുന്ന ഭാര്യയെ കാണാൻ അനുവദിച്ചു. രണ്ടുദിവസം കൊണ്ടവൾ പരിഭ്രമവും സങ്കടവുംകൊണ്ട്‌ ക്ഷീണിച്ചുപോയതായ്‌ എനിക്ക്‌ തോന്നി. എങ്കിലും എന്നെ ആശ്വസിപ്പിക്കാനായി അവൾ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലെ പതിവുചെക്കപ്പുകൾക്ക്‌ ശേഷം രണ്ടുമാസത്തെ വിശ്രമം അനുവദിച്ച്‌ കിട്ടിയ ഞാൻ വീട്ടിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിന്നും അപ്പൂപ്പന്റെ ഗന്ധവും സ്‌പർശനവും വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഇത്രയും വർഷങ്ങൾക്കുശേഷം എന്നെ കാണാൻ എന്തിനു അപ്പൂപ്പൻ വരണം എന്തെങ്കിലും ഓർമ്മിപ്പിക്കാനായിരിക്കുമോ?

എന്റെ അപ്പൂപ്പൻ നാട്ടുംപുറത്തെ ഒരു സ്‌കൂൾ അദ്ധ്യാപകനായിരുന്നു. എനിക്ക്‌ ഓർമ്മവെച്ചനാൾ മുതൽ ഞാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു. എന്റെ അമ്മയും അച്‌ഛനും അനുജത്തിയും കുറച്ചുദൂരെയുള്ള നഗരത്തിലും. ജോലിക്കാരിയായിരുന്ന അമ്മയ്‌ക്ക്‌ രണ്ടുപേരേയും കൂടി നോക്കാൻ ബുദ്‌ധിമുട്ടായിരുന്നോ എന്തോ – ഞാൻ നാട്ടിൽ ഇവരൊടൊപ്പമായിരുന്നു പത്താംക്ലാസ്സ്‌വരെ പഠിച്ചിരുന്നത്‌.

ഒരു സാധാരണ നാട്ടിൻപുറത്തെ വീട്‌. അത്യാവശ്യം പറമ്പ്‌ – പശു – തൊഴുത്ത്‌ – കുളം, പച്ചക്കറികൃഷികൾ അങ്ങിനെ ഒരു സാധാരണ കുടുംബം. ഇതെല്ലാം വിറ്റിട്ട്‌ നഗരത്തിൽ അമ്മയോടൊപ്പം താമസിക്കാൻ പറഞ്ഞ്‌ അമ്മ അപ്പൂപ്പനെ നിർബന്ധിക്കാറുണ്ടായിരുന്നു. പക്ഷെ അപ്പൂപ്പനതു സമ്മതിച്ചിരുന്നില്ല – അന്നെല്ലാം പറയുമായിരുന്നു – ഞങ്ങളിൽ ഒരാൾ ഒറ്റപ്പെടുമ്പോൾ തീർച്ചയായും അവർ നിങ്ങളൊപ്പമാകും – ഇപ്പോൾ ഇങ്ങനെയൊക്കെ ആകട്ടെയെന്ന്‌. പിന്നീട്‌ അവർ നിർബന്ധിക്കാറുമില്ല.

വെളുപ്പിന്‌ അഞ്ചുമണിയോടെ ഞാനും അപ്പൂപ്പനും എഴുന്നേൽക്കും – പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞ്‌ – അടുത്തുള്ള അമ്പലക്കുളത്തിൽ കുളിച്ച്‌ അവിടെ തൊഴുതെത്തുന്നതാണ്‌ ഒരു ദിവസത്തിന്റെ ആരംഭം. ഞങ്ങൾ ഉണരുന്നതിനുമുൻപു തന്നെ അമ്മൂമ്മയുടെ കുളിയെല്ലാം കഴിഞ്ഞ്‌ ഭാഗവതം ചൊല്ലാൻ തുടങ്ങിയിരിക്കും. കറവക്കാരൻ ഭാസ്‌കരൻ – പാലു വാങ്ങുവാൻ വരുന്നവർ – പറമ്പിലെ പണികളിൽ സഹായിക്കുന്ന കുഞ്ഞങ്കരൻ – അങ്ങിനെ….. സജീവമാകും ദിവസം. അവരൊടൊപ്പം നാട്ടുവിശേഷങ്ങളും എത്തും. അപ്പൂപ്പൻ ചായകഴിഞ്ഞ്‌ പത്രപാരായണം തുടങ്ങുമ്പോഴേയ്‌ക്കും ഞാൻ സ്‌കൂൾ യാത്രയ്‌ക്ക്‌ ഒരുക്കമാകും. തേങ്ങനിറയെ ചിരവിയിട്ട ചെറുപയറും നെയ്യും ചേർത്ത പൊടിയരികഞ്ഞിയായിരുന്നു പ്രഭാത ഭക്ഷണം – അതും കഴിച്ച്‌ സ്‌കൂളിൽ പോകുന്ന എന്റെ കൂടെ അപ്പൂപ്പൻ വീടിന്റെ പടിപ്പുരവരെ എത്തും – ഞാൻ സ്‌കൂളിൽ പോകുന്നതും നോക്കിനിൽക്കും – ഞാൻ സ്‌കൂളിൽ നിന്നും തിരിച്ചെത്തുമ്പോഴും ആ പടിപ്പുരയിൽ എന്നെയും കാത്തു നില്‌ക്കാറുണ്ടായിരുന്നു.

എത്രയെത്ര കാര്യങ്ങളാണ്‌ എനിക്ക്‌ പറഞ്ഞു തന്നിട്ടുള്ളതെന്നോ – ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ ഇരുപത്തേഴ്‌ നക്ഷത്രങ്ങളുടെ പ്രത്യേകത – അവയുടെ പേരുകൾ – അവയുടെ ആകാശസ്‌ഥാനങ്ങൾ – അവയുടെ ആകൃതികൾ – അവർക്കു ഭൂമിയിലെ ജീവജാലങ്ങളിലുള്ള സ്വാധീനങ്ങൾ – പ്രകൃതിയിലെ ഋതുഭേദങ്ങൾ – അതിനനുസരിച്ചുള്ള കാർഷികവിളകൾ – പൂവുകൾ – പഞ്ചഭൂതങ്ങളാൽ ഉണ്ടായ പ്രപഞ്ചത്തിൽ – അഗ്നിയുടെ പ്രത്യേകത – അതുകൊണ്ടുതന്നെ അഗ്നിസാക്ഷിയുടെ പ്രത്യേകത – അങ്ങിനെ പ്രകൃതി മനുഷ്യനിലും ചരാചരങ്ങളിലും ഉണ്ടാകുന്ന സ്വഭാവവൈചിത്രങ്ങൾ – കഥകൾ – കവിതകൾ – പുരാണങ്ങൾ അങ്ങിനെ അങ്ങിനെയെത്രയെത്ര കാര്യങ്ങൾ – ഞാൻ പോലുമറിയാതെ എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരം നമ്മുടെ പറമ്പിലുള്ള കുളത്തിലാണ്‌ കുളിച്ചിരുന്നത്‌ – അവിടെ വെച്ചാണ്‌ നീന്താൻ ഞാൻ പഠിക്കുന്നത്‌. അതും കഴിഞ്ഞ്‌ ദീപാരാധനയ്‌ക്ക്‌ മുൻപേ അമ്പലത്തിൽ എത്തും – അമ്പലത്തിന്‌ പുറത്ത്‌ ഒരു വലിയ ആൽത്തറയുണ്ടായിരുന്നു. അവിടെ അപ്പൂപ്പനും കൂട്ടരും കൂടി വിശേഷങ്ങൾ പറഞ്ഞിരിക്കും. ഞങ്ങൾ കുട്ടികൾ അവിടെയെല്ലാം ഓടിനടക്കും. അന്ന്‌ ആ കൂട്ടുകാരിൽ അബ്‌ദുള്ളകുട്ടിയും, ജോസഫും ഒക്കെയുണ്ടായിരുന്നു. ഇന്നാണെങ്കിൽ അങ്ങിനെ ഒരു ആൽത്തറയുണ്ടാകുമോ? ദീപാരാധനയുടെ മണികൾ മുഴങ്ങിയാൽ എല്ലാവരും പിരിയും – പിന്നെ ഞങ്ങൾ തിരിച്ചെത്തും. അന്ന്‌ അത്താഴവും – ഉറക്കവുമെല്ലാം നേരത്തെയായിരുന്നു.

അന്നെല്ലാം റേഡിയോ മാത്രമെ ഉണ്ടായിരുന്നുള്ളു. അതിലെ നാടകങ്ങളും, സംഗീതകച്ചേരിയും മറ്റും അമ്മുമ്മയ്‌ക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. അപ്പൂപ്പന്‌ കഥകളിയായിരുന്നു ഇഷ്‌ടം. ഉത്സവനാളുകളിൽ ഞങ്ങൾ അമ്പലത്തിൽ പോയി കഥകളിയും, പാട്ടുകച്ചേരിയും, മേളവുമെല്ലാം കേൾക്കാറുണ്ട്‌. അപ്പൂപ്പൻ എല്ലാം നല്ലപോലെ പറഞ്ഞു തന്നിരുന്നതുകൊണ്ട്‌ എനിക്ക്‌ നന്നായി ആസ്വദിക്കാൻ കഴിഞ്ഞിരുന്നു. അമ്മൂമ്മയ്‌ക്ക്‌ പാട്ടുകച്ചേരിയിൽ വലിയ അറിവായിരുന്നു. സത്യത്തിൽ ആ കാര്യത്തിൽ അപ്പൂപ്പന്റെ ഗുരു അമ്മൂമ്മയായിരുന്നു. എങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞു അപ്പൂപ്പൻ അമ്മൂമ്മയെ കളിയാക്കാറുണ്ടായിരുന്നു – എനിക്ക്‌ അർത്‌ഥമൊന്നും മനസ്സിലാവില്ലെങ്കിലും – സ്വതവേസുന്ദരിയായിരുന്ന അമ്മൂമ്മയെ അത്‌ കൂടുതൽ സുന്ദരിയാക്കിയിരുന്നു. ഞാനും അപ്പൂപ്പനും കൂടി ഒരു കട്ടിലിൽ കെട്ടിപ്പിടിച്ച്‌ കിടന്നാണ്‌ ഉറങ്ങിയിരുന്നത്‌. അപ്പോൾ അപ്പൂപ്പന്റെ ശരീരത്തിലുള്ള എന്റെ കാലുകളിൽ പതിയെ തടവികൊണ്ടിരുന്നിരുന്നു. അമ്മൂമ്മയാണെങ്കിൽ ദൂരെ മറ്റൊരു കട്ടിലിലുമായിരുന്നു കിടന്നിരുന്നത്‌ – കിടക്കുന്നതിനുമുൻപേ കാലുകൾ നല്ലപോലെ ഇഞ്ചയിട്ട്‌ തേച്ച്‌ കഴുകി ഉണങ്ങിയ തോർത്തുകൊണ്ട്‌ തുടക്കണമെന്നുള്ളത്‌ ഒരു നിർബന്ധമായിരുന്നു – ഒപ്പം ഭൂമിദേവിയ്‌ക്കൊരുപ്രണാമവും. എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷയുടെ ഇടയിൽ ഒരു ദിവസമാണ്‌ അപ്പൂപ്പൻ പറമ്പിൽ തലചുറ്റി വീണതും – മരിച്ചതും – എനിക്ക്‌ കുറെ ദിവസങ്ങളിൽ ഒരുതരം മരവിപ്പായിരുന്നു മനസ്സിൽ – അപ്പൂപ്പൻ പറഞ്ഞിരുന്നതുപോലെ ഞാനും അമ്മൂമ്മയും നഗരത്തിൽ താമസം തുടങ്ങി. കാലം മായ്‌ക്കാത്ത മുറിവുകളില്ലല്ലോ. പിന്നീട്‌ എന്റെ പഠിത്തവും മറ്റുമായി ഞാൻ മറ്റൊരുവഴിത്തിരവായി – അതിനിടയിൽ എപ്പോഴോ അമ്മൂമ്മയും ഞങ്ങളെവിട്ടുപോയി. പ്രിയമുള്ളവരുടെ മരണം – അവരെ മടക്കിതരാൻ കെല്‌പുള്ളതൊന്നും ഇല്ലെന്ന്‌ മനസ്സിലായി. പിന്നീട്‌ ജീവിതയാത്ര തുടങ്ങി – രാവും പകലും ടാർജറ്റുകളിൽ നിന്നും ടാർജറ്റുകളിലേക്ക്‌ പുതിയ പുതിയ പ്രോജക്‌റ്റുകൾ യാത്രകൾ – സ്വദേശത്തും വിദേശത്തുമുള്ള യാത്രകൾ – അങ്ങിനെ ജീവിതം പരക്കം പായുകയായിരുന്നു. അതിനിടയിൽ സാധാണ പോലെ അനുജത്തിയുടെ വിവാഹം, സ്വന്തം കുടുംബം കുട്ടികൾ അച്‌ഛനമ്മമാരുടെ വേർപാടുകൾ എല്ലാം എല്ലാം ഒരുയാന്ത്രികതയിൽ ഏറ്റവും വേഗതയിൽ നീങ്ങുകയായിരുന്നു. ഈ വേഗതയിൽ ഒരിക്കൽ പോലും രാത്രികളിൽ നക്ഷത്രങ്ങളെ കാണാനോ – പഴയതെന്തങ്കിലും ഒന്നാസ്വാദിക്കാനോ കഴിഞ്ഞിട്ടില്ല. – അല്ലെങ്കിൽ സമയം കണ്ടെത്തിയിട്ടില്ല – എവിടെ പോകുകയാണെങ്കിലും ലാപ്‌ടോപ്പും മൊബൈൽഫോണും – ചിന്തകളിൽ എപ്പോഴും പുതിയ പ്രോജക്‌ടുകളുടെ ചിത്രം മാത്രമായിരുന്നു. ഇന്നു ഞാൻ തിരിച്ചറിയുന്നു ഈ പരക്കം പാച്ചിൽ എന്തിനായിരുന്നു – മനുഷ്യന്റെ ആവശ്യങ്ങളും, മോഹങ്ങളും സമുദ്രത്തിലെ തിരമാലപോലെയാണ്‌ – അത്‌ മിതേയ്‌ക്ക്‌ മീതെ വന്നുകൊണ്ടിരിക്കും – അത്‌ നമ്മുടെ അവസാന ശ്വാസംവരെ നിലനില്‌ക്കും. എല്ലാവരും ജീവിതത്തെ മറന്ന്‌ കാലത്തിൽ പ്രയാണം ചെയ്യുന്നു. അതിവേഗതയോടെ…. എന്റെ അപ്പൂപ്പൻ എനിക്ക്‌ നല്‌കിയ സ്‌നേഹം, സന്തോഷം, കരുതൽ ഇതെല്ലാം എനിക്ക്‌ മാറ്റാർക്കെങ്കിലും കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ജീവിതത്തിൽ പണത്തിന്റെ ആവശ്യം കൂടിയിട്ടുണ്ട്‌ – അതിൽ കൂടുതൽ ആസക്‌തിയും. അവസാനം പലപ്പോഴും രോഗങ്ങൾ – നമ്മളെ ഓർമ്മിപ്പിക്കുമ്പോൾ – അല്ലെങ്കിൽ തളർത്തുമ്പോൾ മാത്രമാണ്‌ – ഒരു തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകുന്നത്‌ – ഒരിക്കലും തിരിച്ചു നടക്കാൻ കഴിയാത്തത്ര ദൂരത്തിലായിരുന്നു ജീവിതമെന്ന്‌. അതെ വേഗത കൂടുമ്പോൾ – മറ്റു പലതും നഷ്‌ടപെടാതിരിക്കാൻ കഴിയണം – അതെ ഇത്‌ ഓർമ്മിപ്പിക്കാനായിരിക്കാം – അല്ലെങ്കിൽ ഇനിയും തളരാതെ വീഴാതിരിക്കാനായിരിക്കാം – എന്റെ അപ്പൂപ്പൻ എന്റെ സ്വപ്‌നത്തിൽ എത്തിയിരിക്കുന്നത്‌. അപ്പൂപ്പൻ പണ്ട്‌ പറയാറുണ്ട്‌ – ‘പരക്കം പാച്ചിൽ കൊണ്ടുളള ഫലം കാലിന്‌ നൊമ്പരം – ഏകാഗ്രമാകണം ചിത്തം എങ്കിലെ നന്മ കൈവരൂ……..ന്ന്‌ – അതെ ഈ വേഗതയൊന്നു കുറയ്‌ക്കണം.

Generated from archived content: story2_jan11_10.html Author: sujathavarmma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here