സ്‌ത്രീപർവ്വം(ഗർവ്വം)

എനിക്ക്‌ ഓർമ്മ വെച്ചകാലം മുതൽ ഞാൻ ഇന്ദ്രസദസ്സിൽ എത്തിയതാണ്‌. എന്റെ കൂട്ടുകാരികളായ രംഭ, മേനക, തിലോത്തമ എന്നിവരും അവിടെ എത്തിപ്പെട്ടവരാണ്‌. എങ്ങിനെ എത്തിയെന്നോ-അച്‌ഛനമ്മമാർ ആരെന്നോ ഒന്നും നമുക്കറിയില്ല. സമ്പന്നതയുടെയും സന്തോഷത്തിന്റെയും ദിവസങ്ങളിൽ മറ്റാരേക്കുറിച്ച്‌ ചിന്തിക്കാൻ. സ്വർഗ്ഗസുഖങ്ങളായിരുന്നു നമുക്ക്‌ ചുറ്റും- സന്തോഷമല്ലാതെ നമുക്ക്‌ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ‘ഇന്ദ്രൻ’ എന്നത്‌ ഒരു പദവിമാത്രമാണ്‌- അവിടെ അസുരൻമാർക്കും മനുഷ്യർക്കും ദൈവങ്ങൾക്കും- ആർക്കും എത്തിപ്പെടാൻ കഴിയും- വിശ്വത്തിനെ ജയിക്കുന്നവനാണ്‌ ഇന്ദ്രൻ. അവർ ഞങ്ങൾക്ക്‌ എല്ലാ സുഖങ്ങളും വേണ്ടത്ര നല്‌കിയിരുന്നു. ഞങ്ങൾ അവരുടെ ആജ്ഞാനുവർത്തികളായിരുന്നു. വിശ്വസുന്ദരികളായ ഞങ്ങൾക്ക്‌ സാധിക്കാത്തത്‌ എന്തെങ്കിലുമുണ്ടോ ഈ ജഗത്തിൽ. ഞങ്ങളുടെ സൗന്ദര്യവും സുകുമാരകലകളും വേണ്ടത്ര ഉപയോഗിച്ചിരുന്നു. എന്റെ കൂട്ടുകാരിൽ ഞാനായിരുന്നു ഏറ്റവും സുന്ദരി. ‘ഉർവ്വശി’യ്‌ക്ക്‌ പകരമായി നല്‌കാൻ മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ലെന്ന്‌ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ തന്നെ എന്നിൽ അഹങ്കാരവും ധിക്കാരവും കൂടുതലുണ്ടായിരുന്നു. എത്രയെത്ര സാമ്രാജ്യങ്ങൾ ഞാൻ തകർത്തിട്ടുണ്ട്‌-എത്രയെത്ര ആചാര്യൻമാർ ഇന്ദ്രനുവേണ്ടി യാഗങ്ങൾ നടത്തിയിട്ടുണ്ട്‌. എല്ലാം എന്റെ സൗന്ദര്യത്തിന്റെ സാമർത്ഥ്യമല്ലെ? ആരാധകരെ കൊണ്ടും സമ്മാനങ്ങളെകൊണ്ടും ഞാൻ തികച്ചും അഹങ്കാരിയായി മാറുകയായിരുന്നു. ആരുതന്നെ ഇന്ദ്രപദവിയിൽ എത്തിയാലും ഞങ്ങൾ സന്തുഷ്‌ടരും ഉയർന്ന പദവികളിൽ എത്തുന്നവരുമായിരുന്നു. പൂരുരവസ്സിന്റെ സാമാജ്ര്യത്തെ തകർക്കുന്നതിനായി ഭൂമിയിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ- അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനങ്ങളിൽ- ഞാൻ ആസ്വദിക്കുകയായിരുന്നു- ആവശ്യം കഴിഞ്ഞ്‌ തിരിച്ച്‌ ഇന്ദ്രസദസ്സിൽ എത്താൻ അദ്ദേഹത്തെ ഉപേക്ഷിക്കുമ്പോൾ എനിക്ക്‌ വലിയ അഹങ്കാരമായിരുന്നു-ഒരിക്കൽപോലും ആ സ്‌നേഹത്തെ ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ നോട്ടത്തിലും ഭാവങ്ങളിലും തകരുന്ന സാമ്രാജ്യങ്ങളും പദവികളും ഞാൻ നന്നായി ആസ്വദിച്ചു. ഞാൻ ആഗ്രഹിക്കുന്നതെന്തും നേടാമെന്ന എന്റെ അഹങ്കാരം വർദ്ധിച്ചുകൊണ്ടിരുന്നു. ജരാനരകളോ, മരണമോ, ഒന്നും ഞങ്ങളിൽ ഉണ്ടാവുകയില്ലെന്നതും ഞങ്ങളുടെ അഹങ്കാത്തിനൊരു കാരണമായിരുന്നു. ഇത്രയെല്ലാം അഹങ്കാരിയായിരുന്ന എന്നിൽ ആ സംഭവം വളരെയേറെ മാറ്റങ്ങൾ ഉണ്ടാക്കി. വില്ലാളിവീരനും സൗന്ദര്യത്തിടമ്പുമായ അർജ്ജുനനാണ്‌ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്‌. പതിവുപോലെ ഞങ്ങളുടെ സദസ്സിൽ എത്തിയ അർജ്ജുനനെ കണ്ട മാത്രയിൽ തന്നെ എനിക്ക്‌ അതിയായ ആഗ്രഹം തോന്നി- എന്നിൽ സ്‌ത്രീചിതനായ അർജ്ജുനൻ എത്രയും വേഗം എത്തപ്പെടുമെന്നും ഞാൻ കണക്കാക്കി- പക്ഷെ എന്റെ അടവുകളൊന്നും അവനിൽ ഒരു ഇളക്കവും സംഭവിച്ചില്ല എന്നു മാത്രമല്ല എന്നെ അവഗണിക്കുന്നതായി തോന്നിയ നിമിഷം എന്റെ അഹങ്കാരം കോപമായി മാറി. അവനെ കീഴ്‌പ്പെടുത്തുന്നതിന്‌ അവനെ കയറിപ്പിടിക്കാൻ പോലും ഞാൻ ഒരുങ്ങി- ആ സമയം അവൻ എന്റെ പാദങ്ങളിൽ വീണ്‌ നമസ്‌കരിച്ച്‌- ‘അമ്മെ’- ഈ മകനെ അനുഗ്രഹിച്ചാലും എന്നു പറഞ്ഞപ്പോൾ എന്റെ ശാപവാക്കുകളും കോപവും പെട്ടെന്ന്‌ ആറിത്തണുത്തു. എന്റെ മുലകൾ വാത്സല്യത്താൽ ചുരത്താൻ തുടങ്ങി- അവൻ പറഞ്ഞു നിങ്ങൾ എന്റെ അമ്മയാണ്‌- എന്റെ പിതാവ്‌ ഇന്ദ്രനാണ്‌- അതുകൊണ്ട്‌ മകനെ അനുഗ്രഹിക്കൂ. അപ്പോൾ മാത്രമാണ്‌ എന്നിൽ മറ്റൊരു വികാരമുണ്ടായത്‌. എന്നിൽ അത്‌ പശ്ചാത്താപം ഉണ്ടാക്കി. ഞാൻ അവനെ ആശ്ലേഷിച്ചു. ‘അമ്മ’ എന്ന വിശുദ്ധി എന്നാണെന്നും അതിന്റെ ഉന്നതസ്ഥാനം എന്താണെന്നും ഞാൻ ആദ്യമായി അറിഞ്ഞു. പ്രസവിച്ചതു കൊണ്ടുമാത്രം ‘അമ്മ’ എന്നതല്ല സത്യം. ത്യാഗം, സ്‌നേഹം, സഹിഷ്‌ണുത എന്നീ നിർവ്വചിക്കാൻ കഴിയാത്തത്ര ഗുണവിശേഷമുളളതാണ്‌ ‘സ്‌ത്രീ’ എന്ന്‌ തിരിച്ചറിഞ്ഞു. ഇന്നും മരണമില്ലാത്ത ഞങ്ങൾ സമൂഹത്തിലുണ്ട്‌. ‘ഉർവ്വശി’ പദമെത്താൻ ശ്രമിക്കുന്നവരും അവിടെ മക്കളെ എത്തിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൻമാരും- ഈ ചതിക്കുഴികൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇനിയും ഇന്ദ്രൻമാർ ഉണ്ടായിക്കൊണ്ടിരിക്കും. ഒപ്പം ഉർവ്വശിമാരും. പക്ഷെ അർജ്ജുനൻമാർക്കായി നമുക്ക്‌ കാത്തിരിക്കാം.

Generated from archived content: story1_nov14_08.html Author: sujathavarmma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here