നിയോഗങ്ങൾ

ഇന്ന്‌ എന്റെ സ്‌കൂളിലെ Open House ആയിരുന്നു. ക്ലാസ്സിലെ കുട്ടികളുടെയെല്ലാം അച്ഛനമ്മമാർ വളരെ ആകാംക്ഷയോടെ എത്തിയിരുന്നു. പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ, എല്ലാം ഞങ്ങൾ അദ്ധ്യാപകർ കാണാറുണ്ട്‌. അവരുടെ അതിരുകവിഞ്ഞ ആകാംക്ഷകൾ എനിക്ക്‌ പ്രയാസമുണ്ടാക്കാറുണ്ട്‌. പതിവുപോലെ ഇന്നും ജോബിയുടെ ആരും എത്തിയില്ല. അവൻ ഒരു ശരാശരി പഠിത്തക്കാരനാണ്‌, ക്ലാസ്സിലെ വളരെ ശാന്തനും. ജോബിയോട്‌ അവന്റെ അച്ഛനമ്മമാരേക്കുറിച്ചു​‍്‌ ചോദിച്ചാൽ നിർവികാരമായി മുഖം കീഴ്‌പോട്ടാക്കി നിൽക്കും. എത്ര ചോദിച്ചാലും ഉത്തരം നല്‌കാറില്ല. അവനില്ലാത്തപ്പോൾ മറ്റ്‌ കുട്ടികൾ അവന്റെ അച്ഛനെപ്പറ്റിയെന്നോടു​‍്‌ പറയാറുണ്ട്‌. ടീച്ചറെ, അവന്റെ അച്ഛൻ പട്ടണത്തിലെ മാർക്കറ്റിലെ വലിയ ‘ഗുണ്ട’യാണെന്നും അവന്റെ അച്ഛൻ പല പ്രാവശ്യം കത്തിക്കുത്തുകൾക്ക്‌ ജയിലിൽ പോയിട്ടുണ്ടെന്നും മറ്റുംമറ്റും. ആ കുട്ടികൾ ഇതു പറയുമ്പോൾ അവരുടെ മുഖത്തെ ആരാധനയും ഭയവും ഞാൻ തിരിച്ചറിയാറുണ്ട്‌. അതുകൊണ്ടുതന്നെ ഞാൻ അവരെ കൂടുതൽ പറയാൻ അനുവദിക്കാറില്ല. എങ്കിലും ഞാൻ പ്രിൻസിപ്പാളിനോട്‌ അന്വേഷിച്ചപ്പോൾ കുട്ടികൾ പറയുന്നതിൽ കാര്യമുണ്ടെന്ന്‌ തോന്നി. അവനെ സ്‌കൂളിൽ ചേർക്കാൻ അവന്റെ അച്ഛൻ മ​‍്രാതമാണ്‌ ഉണ്ടായിരുന്നത്‌. അവന്റെ അച്ഛനെ കണ്ടതും മാനേജർ വളരെ ബഹുമാനത്തോടെയാണത്രെ പെരുമാറിയിരുന്നത്‌. കൂടാതെ സംഭാവനയൊന്നും വാങ്ങിയതുമില്ല. എനിക്ക്‌ അവന്റെ കാര്യം ഓർത്ത്‌ വിഷമം തോന്നി. പതിവുപോലെ എന്റെ സഹപ്രവർത്തകർ എന്നെ കളിയാക്കാനും തുടങ്ങി. ടീച്ചർക്ക്‌ ഒരു വിഷയം കിട്ടി, അല്ലെ സങ്കടപ്പെടാൻ ശരിയാണ്‌, എന്റെ Students ന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ഇടപെടാറുണ്ട്‌. സഹപ്രവർത്തകർ പറയും ടീച്ചറു​‍്‌ പഠിപ്പിച്ചാൽ പോരേ ബാക്കി അവരുടെ കാര്യങ്ങളെല്ലാം എന്തിനന്വേഷിക്കണം? പണ്ടത്തെപോലെ ഇന്നത്തെ കുട്ടികൾ അദ്ധ്യപകരെ ബഹുമാനിക്കുന്നുണ്ടോ? സ്‌നേഹിക്കുന്നുണ്ടോ അറിയില്ല. എനിക്ക്‌ ഇങ്ങിനെയൊക്കെ ആകാനേ കഴിയൂ. എന്റെ മോനും പറയാറുണ്ട്‌ – തിരിഞ്ഞു നോക്കാൻ സമയമില്ലാതെ ഞങ്ങൾ ഓടുകയാണെന്ന്‌. ആയിരിക്കാം ഞാൻ ഇന്നും എന്റെ അദ്ധ്യാപകരെ ഓർമ്മിക്കുന്നുണ്ട്‌ – സ്‌നേഹിക്കുണ്ട്‌ – ബഹുമാനിക്കുന്നുണ്ട്‌ – ജോബിയുടെ അമ്മയെ അവന്റെ അച്ഛന്‌ ഗുണ്ടായിസത്തിലെപ്പോഴോ എവിടെ നിന്നോ കിട്ടിയതാണെത്രെ. ഇവൻ അവന്റെ മകൻ തന്നെയാണോ – അതും അറിയില്ല. ഒരു ദിവസം ഞാനവനേയും കൂട്ടി സ്‌കൂളിലെ ഗ്രൗണ്ടിലെ മരത്തണലിലേയ്‌ക്ക്‌ കൊണ്ടുപോയി – അവൻ ഒറ്റക്കായതുകൊണ്ട്‌ പലതും പറയുന്നകൂട്ടത്തിൽ അവന്റെ അമ്മയെയും അച്ഛനെയുംകുറിച്ച്‌ അന്വേഷിച്ചു. അന്നവൻ ആദ്യമായി മനസ്സുതുറന്നു. എന്റെ അച്ഛൻ വല്ലപ്പോഴുമെ വീട്ടിൽ വരാറുളളു. വന്നാൽ എനിക്കും അമ്മയ്‌ക്കും വേണ്ടുന്നതെല്ലാം തരാറുണ്ട്‌. ഞാൻ അച്ഛനോട്‌ സ്‌കൂളിൽ വരാത്തതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌ – അപ്പോൾ അച്ഛൻ പറയും മോനേ… ഞാൻ സ്‌കൂളിൽ പഠിച്ചിട്ടില്ല. എനിക്ക്‌ എഴുത്തും വായനയും ഒന്നും അറിയില്ല – നിന്റെ കൂട്ടുകാർ നിന്നെ കളിയാക്കും. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ട്‌ ഞാൻ വരില്ല – നീ ഇതൊന്നും ആരോടും പറയണ്ട. നിനക്ക്‌ വേണമെങ്കിൽ അമ്മയെ കൊണ്ടു പോകാമല്ലൊ. പക്ഷെ അമ്മ അച്ഛന്റെ കൂടെ അല്ലാതെ എങ്ങോട്ടും പോകാറില്ല. എന്തുകൊണ്ടോ അമ്മയ്‌ക്ക്‌ എല്ലാവരേയും പേടിയാണ്‌. അവർ അത്രയ്‌ക്ക്‌ അനുഭവിച്ചിരിക്കാം. എനിക്ക്‌ വളരെ വിചിത്രമായി തോന്നി അവന്റെ വികാരങ്ങൾ. പിന്നീട്‌ ഞാൻ അവനോടു​‍്‌ ഒന്നും ചോദിക്കാറില്ല. അവന്റെ അച്ഛൻ പറഞ്ഞിട്ടുള്ളത്രെ – നിനയ്‌ക്ക്‌ പഠിക്കണമെങ്കിൽ ഞാൻ പഠിപ്പിക്കാം. നിനക്ക്‌ പഠിക്കാൻ താല്‌പര്യമില്ലെങ്കിൽ അതും അച്ഛനെ വിഷമിപ്പിക്കില്ലെന്ന്‌. അവർ അവനെ സ്‌നേഹിച്ചിരുന്നോ? എന്തിനായിരിക്കാം അവന്റെ അമ്മയെ സംരക്ഷിച്ചിരുന്നത്‌. ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാതെ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുമോ? ഇതുതന്നെയല്ലെ ശങ്കുണ്ണിയുടെ കഥയും.

ഞാൻ ജനിച്ചതും വളർന്നതും ഒരു നാട്ടിൽ പുറത്തായിരുന്നു. ആ നാട്ടിലെ എല്ലാവർക്കും എല്ലാവരേയും അറിയാമായിരുന്നു. സങ്കടങ്ങളും, സന്തോഷങ്ങളും, പെരുന്നാളുകളും, ഉത്സവങ്ങളും എല്ലാം എല്ലാം അവിടെ ഒരു പോലെ എല്ലാവരും പങ്കുവെയ്‌ക്കപ്പെടുമായിരുന്നു. എങ്കിലും അവിടെയും കള്ളന്മാരും, കുടിയന്മാരുമൊക്കെയുണ്ടായിരുന്നു.

ആ നാട്ടിലെ നാട്ടു പ്രമാണിയായിരുന്നു എന്റെ അമ്മാവൻ. എല്ലാവർക്കും വലിയ സ്‌നേഹ ആദരണീയനാണദ്ദേഹം. എം.ടി.യുടെ കഥകൾ വായിക്കുമ്പോൾ ദുഷ്‌ടനായ അമ്മാവനെപറ്റി വായിക്കുമ്പോൾ എനിക്ക്‌ സങ്കടം തോന്നാറുണ്ട്‌ – കാരണം എന്റെ അമ്മാവൻ നന്മയുടെ ഒരു പ്രതീകമായിരുന്നു. അമ്മാവൻ പടിപ്പുരയിലായിരുന്നു താമസിച്ചിരുന്നത്‌. നാട്ടിലെ ഏതുകാര്യത്തിനും അമ്മാവന്റെ ഉപദേശങ്ങൾ തേടി ആളുകൾ എത്തിയിരുന്നു. ഞാൻ ആ പടിപ്പുരയിൽ ചെന്നിരിക്കാറുണ്ട്‌. അവിടെ ലൈബ്രറിപോലെ ധാരാളം മാസികകളും പുസ്‌തകങ്ങളും ഉണ്ടാകും. അവിടെ വരുന്നവരുടെ വിശേഷങ്ങൾ കേൾക്കാൻ എനിക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. അന്നുതന്നെ കഥകൾ കേൾക്കാനും വായിക്കാനും ഇഷ്‌ടപ്പെടുന്ന എന്നെ ‘സ്വപ്‌നജീവി’ എന്നാണ്‌ വീട്ടിലുള്ളവർ വിളിച്ചിരുന്നത്‌. മുത്തശ്ശിമാരിൽ നിന്നും പുരാണകഥകളും, അമ്മയിൽ നിന്ന്‌ രജപുത്രകഥകളും, ബംഗാളികഥകളും, കവിതകളും എല്ലാം അറിഞ്ഞുകൊണ്ടാണ്‌ വളർന്നത്‌. അവിടെതന്നെ നെല്ല്‌കുത്തിയിരുന്ന ‘നെല്ലുകുത്തുപുര’ ഉണ്ടായിരുന്നു. അവിടെയാണ്‌ ജോലിക്കാരുടെ വിശ്രമസ്‌ഥലം. ഉച്ചയാകുമ്പോൾ അവിടെ ചെന്നിരിക്കാറുണ്ട്‌. ആ വീട്ടിൽ ആർക്കും അവിടെപോയി കഥകൾ കേൾക്കുന്നതൊന്നും ഇഷ്‌ടമല്ല. ‘അച്ചിവർത്തമാനം’ കേൾക്കാൻ അനുവാദമില്ലെങ്കിലും ഞാൻ പോകാറുണ്ട്‌. ‘പാറൂട്ടി’യെ എനിക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. അവൾക്ക്‌ അറിയാത്തകഥകളുണ്ടായിരുന്നില്ല. ഓരോ കഥകൾ പറയുമ്പോഴും ഭാവങ്ങൾ അവരുടെ ശബ്‌ദത്തിലും മുഖത്തും ഉണ്ടായിരിക്കും. അതു കേൾക്കാനും കാണാനും നല്ല രസമായിരുന്നു. അന്നൊന്നും പലതും മനസ്സിലായിരുന്നില്ല. ഇപ്പോൾ ഓർമ്മിക്കുമ്പോൾ ചിരിവരാറുണ്ട്‌. എന്റെ ക്ലാസ്സിലെ ശങ്കുണ്ണിയുടെ കഥയും ഞാൻ പാറൂട്ടി പറഞ്ഞാണ്‌ അറിഞ്ഞിരുന്നതു​‍്‌. അവൻ നന്നായി പഠിക്കുമായിരുന്നു. പക്ഷെ ആരുടെ കൂട്ടും കൂടുമായിരുന്നില്ല. ആളൊരു പ്രത്യേക രീതിക്കാരനായിരുന്നു. അവന്റെ അച്ഛൻ റൗഡികേശുവായിരുന്നു. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ പേടിയുമായിരുന്നു. നമ്മുടെ സങ്കല്‌പത്തിലെ രൂപമൊന്നുമായിരുന്നില്ല കേശുവിന്‌ – ചുവന്ന കണ്ണുകളും കറുത്ത്‌ മെലിഞ്ഞ ഇയാളെ എന്തിനാണ്‌ റൗഡിയെന്ന്‌ വിളിക്കുന്നതെന്നറിയില്ലായിരുന്നു. ഞങ്ങളുടെ വീടിന്റെ മുന്നിൽ വലിയ ഒരു കുളമുണ്ടായിരുന്നു. മഴക്കാലത്ത്‌ കുളം നിറഞ്ഞ്‌ വെള്ളം അടുത്തുള്ള കായലിലേയ്‌ക്ക്‌ ഒഴുകി പോകാൻ ഒരു തോടും ഉണ്ടായിരുന്നു. ആ തോടിന്റെ അരികിലായിരുന്നു കേശുവിന്റെ ചെറ്റപുര. അതിനരികിലൂടെ പോകുമ്പോൾ എന്റെ കാലുകൾ വിറച്ചിരുന്നു. ശങ്കുണ്ണിയുടെ വീട്ടുകാര്യമെല്ലാം പാറൂട്ടിയാണ്‌ പറഞ്ഞിരുന്നത്‌. കേശുവിന്‌ ആരും ഉണ്ടായിരുന്നില്ല. അവൻ കള്ള്‌ കുടിച്ചും വഴക്കുണ്ടാക്കിയും കടത്തിണ്ണയിലാണ്‌ കിടന്നിരുന്നത്‌. അന്നൊരു ദിവസം ശങ്കുണ്ണിയുടെ അമ്മ – മാധവി – നമ്മുടെ നാട്ടുപുറത്ത്‌ അലഞ്ഞു തിരിഞ്ഞു എത്തിയതായിരുന്നു. അവൾ എന്തുപറയുമ്പോഴും – മാധവി എന്ന പേര്‌ ചേർത്താണ്‌ പറഞ്ഞിരുന്നത്രെ. അങ്ങിനെയാണ്‌ മാധവി എന്ന പേര്‌ മനസ്സിലായത്‌. കാഴ്‌ചയിൽ മോശമല്ലാത്ത സ്‌ത്രീ പക്ഷെ ഭ്രാന്തിയായിരുന്നു. സ്വയം പാട്ടുകൾ പാടിയും തെറിവിളിച്ചും അവൾ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ടായിരുന്നു. രാത്രിയായാൽ പക്ഷെ സാമൂഹ്യദ്രോഹികൾ അവൾക്ക്‌ സ്വൈര്യം കൊടുത്തിരുന്നില്ല. അവർ അവളെ ഉപയോഗിക്കുമ്പോൾ – അവൾ ഉറക്കെ കരയുമത്രെ – സുഖം വരുന്നേ – സുഖം വരുന്നേ എന്ന്‌ പറഞ്ഞ്‌ അപ്പോൾ അവർ അവളുടെ വായപൊത്തി പിടിക്കുമ്പോൾ അവളുടെ കൂർത്ത നഖംകൊണ്ട്‌ അവൾ മാന്തികീറുമത്രെ. നേരം വെളുക്കുമ്പോൾ നീറ്റലുമായി പലരേയും കാണാറുണ്ടെന്ന്‌ പാറൂട്ടി പറയാറുണ്ട്‌. എനിക്കതൊന്നും അന്ന്‌ മനസ്സിലായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വയറുവീർപ്പിച്ച്‌ നടക്കാൻ തുടങ്ങി. ഏതുപുരുഷനെകണ്ടാലും അവൾ നീയെന്നാ ഇന്നലെ എന്നെ ചെയ്‌തത്‌ എന്ന്‌ ചോദിക്കാൻ തുടങ്ങി. അതുകൊണ്ട്‌ – പുരുഷന്മാർക്ക്‌ അവളെ പേടിയായി. പക്ഷെ സാമൂഹ്യദ്രോഹികൾക്ക്‌ അതൊരു അനുഗ്രഹാമായിരുന്നു. ഭ്രാന്തിപ്പെണ്ണിന്റെ വാക്കുകൾ ആരു വിശ്വസിക്കും. കേശു പക്ഷെ ഒരു ദിവസം അവളെ തന്റെ പെണ്ണാക്കി ചെറ്റപുരയിൽ താമസിപ്പിക്കാൻ തുടങ്ങി. അതിനുശേഷം മാധവിക്ക്‌ ആരുടെയും ഉപദ്രവം ഉണ്ടായിട്ടില്ല. അവളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം കേശുതന്നെയായിരുന്നു. ക്രമേണ അവളുടെ പാട്ടുകളും വിശേഷങ്ങളും കേൾക്കാതായി. ശങ്കുണ്ണി ജനിച്ചതും വളർന്നതുമെല്ലാം കേശുവിന്റെ കൈയ്യിൽ കിടന്നുതന്നെയായിരുന്നു. മാധവിയെ കേശുവിന്റെ കൂടെ അല്ലാതെ ആരും കണ്ടിട്ടില്ല. ശങ്കുണ്ണിയെ സ്‌കൂളിൽ ചേർത്തതും കേശുതന്നെയായിരുന്നു. പിന്നീട്‌ കേശുവിന്റെ മക്കളെയൊന്നും മാധവി പ്രസവിച്ചതുമില്ല. ശങ്കുണ്ണി നന്നായി പഠിക്കുമായിരുന്നു. ഞങ്ങൾ പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോണ്‌ മാധവി മരിച്ചത്‌. എങ്കിലും ഉയർന്ന മാർക്കോടെ അവൻ പത്താം ക്ലാസ്സ്‌ ജയിച്ചു. പിന്നീട്‌ ഞാൻ പഠനവുമായി നാട്ടിൽ നിന്നും വിട്ടുനിന്നു. വല്ലപ്പോഴും വീട്ടിൽ എത്തുമ്പോൾ പാറൂട്ടിയുടെ വിശേഷങ്ങൾ കേൾക്കാൻ കഴിയാതെ ആയി. അവൾ പ്രായാധിക്യം കാരണം വീട്ടിൽ വരാതെയായി. എനിക്കാണെങ്കിൽ അവളെ പോയി കാണാനും കഴിഞ്ഞില്ല. എന്നൊ ഒരിക്കൽ അവളുടെ മരണവിവരവും എന്നെ വേദനിപ്പച്ചു. വിവാഹം, ജോലി ഇതിനിടയിൽ വല്ലപ്പോഴുമെ നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നുള്ളു. അങ്ങിനെയൊരു യാത്രയിൽ ഏതൊ സഹപാഠിയാണ്‌ പറഞ്ഞതു​‍്‌ – നമ്മുടെ ശങ്കുണ്ണി കേന്ദ്ര ഗവൺമെന്റ്‌ ജോലി കിട്ടി ഡൽഹിയിലാണെന്ന്‌. പോയതിനുശേഷം അവൻ ഒരിക്കൽ പോലും നാട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും. കുട്ടികാലം മുതൽ അവന്‌ അപകർഷതാ ബോധമുണ്ടായിരിക്കും. അതുകൊണ്ടായിരിക്കാം ഒറ്റപ്പെട്ടു പോയിരുന്നതു​‍്‌. കേശുവാണെങ്കിൽ നാട്ടിൽ തന്നെ – അവൻ നന്നായി ജീവിക്കുന്നുണ്ടല്ലൊ അതുമതി – ഞാനത്രയൊക്കെയെ പ്രതീക്ഷിച്ചിരുന്നുള്ളുയെന്ന്‌ കേശു പറയുമത്രെ. പിന്നീട്‌ കേശുവിന്‌ എന്തുസംഭവിച്ചുയെന്നൊന്നും എനിക്കറിയില്ല. അന്ന്‌ എന്തിനാണ്‌ കേശു – മാധവിയെ ഏറ്റെടുത്തത്‌ – സ്‌നേഹം കൊണ്ടായിരിക്കില്ല. പിന്നെ കരുണയോ അതോ – മറ്റൊരു സ്‌ത്രീയും തന്നോടൊപ്പം ജീവിക്കാൻ ഉണ്ടാവില്ലെന്ന തിരിച്ചറിവോ? ജോബിയുടെ അച്ഛനും അവന്റെ അമ്മയെ സംരക്ഷിക്കുന്നതു​‍്‌ എന്തിനാണ്‌ – സ്‌നേഹമാണോ – എന്താണ്‌ സ്‌നേഹം -കാമുകൻ കാമുകിയെ ചുംബിക്കുന്നതോ, സമ്മാനങ്ങൾ കൊണ്ട്‌ ബന്ധങ്ങളെ സന്തോഷിപ്പിക്കുന്നതോ – വാത്സല്യപൂർവ്വം മക്കളെ വളർത്തുന്നതോ …. എന്തായിരിക്കാം. പറക്കമുറ്റതായാൽ ജോബിയും ശങ്കുണ്ണിയെ പോലെ പറന്നുപോവില്ലെ? ഈ ഭൂമിയിൽ നമ്മൾ ഓരോരുത്തരും ഓരോ നിയോഗങ്ങളുമായി എത്തുന്നവരല്ലെ? ഞാൻ അങ്ങിനെ വിശ്വസിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ഓരോ നിയോഗങ്ങളുമായി നമ്മൾ യാത്രതുടരുന്നു.. എപ്പോൾ…. എത്രകാലം. എവിടെ.. കാലിടറുന്നതുവരെ യാത്ര തുടരാം….

Generated from archived content: story1_mar27_09.html Author: sujathavarmma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here