മഞ്ഞില്‍ പുതച്ചു നില്‍ക്കും രാവില്‍
മേലേ മാനത്ത് പുഞ്ചിരി തൂകി കൗമുദിപ്പൂവ്
താഴെ പൊയ്കയില്‍ കാവ്യമെഴുതും
ആമ്പല്‍പ്പൂവിന് ഒരു മുത്തം നല്‍കി മന്ദമാരുതന്‍.
കാട്ടുതെന്നലിന്‍ ചുംബനമേറ്റ്
പ്രണയഗീതം പാടിയൊഴുകും
കാട്ടരുവിയില്‍ തുള്ളിച്ചാടും
പരല്‍മീന്‍ കുഞ്ഞിന് ഒരു മുത്തം നല്‍കി
അമ്പിളിപ്പൂവ്.
സ്വപ്‌നങ്ങള്‍ നെയ്യും കരിമഷി കണ്‍കളില്‍
മുത്തം നല്‍കി!
ഗഗനത്തില്‍ പുഞ്ചിരിതൂകും
അമ്പിളി തന്‍ അരികിലെത്താന്‍
വെള്ളി പാദസരം കിലുക്കി തുള്ളി തുളുമ്പുകയാണ്
സാഗര വീചികള്‍
മാമ്പഴ മണമുള്ള ഇളം തെന്നല്‍ വീശിയപ്പോള്‍
പുല്‍ തലപ്പുകളാടുകയായ്..
സുന്ദരിപ്പെണ്ണിന്‍ കുറുനിരകള്‍
ഇളംകാറ്റിലിളകുന്നതു പോലെ!
തുറന്നിട്ട ജാലകത്തിലൂടെ
എന്നെയും വന്ന് മുത്തി ഒരു തെന്നല്‍
ഹേമന്ത രാവിലെ കുളിരുള്ള തെന്നല്‍
പ്രണയത്തിന്‍ മധുവൂറും തെന്നല്‍
തെന്നല്‍ വന്നു മുത്തിയ നേരം
പനിനീര്‍പ്പൂവിതള്‍ വിടര്‍ന്നു
മമ ചിത്തത്തില്‍
ഞാന്‍ സ്വര്‍ഗപ്പൂങ്കാവനത്തിലേക്കു
സ്വപ്‌നത്തേരിലേറി യാത്രയായി..
Generated from archived content: poem1_sep2_13.html Author: suhra_kodasseri