ഞാന്‍ എന്നും കണ്ണടയായിരുന്നു …

ഞാന്‍ എന്ന കണ്ണടയും ,
നീയെന്ന കണ്ണാടിയും,
എങ്ങനെ ഇണങ്ങുന്നെന്നറിഞ്ഞുകൂടാ..
കട്ടി ഗ്ലാസിന്റെ ഇട്ടാവട്ടത്തിലൂടെയേ ,
ഞാനെന്നും ലോകത്തെ നോക്കിയുള്ളൂ
നിന്നെയും.

പക്ഷെ,
നീയെന്നും, എന്നെ മുഴുവാനായാലിംഗനം
ചെയ്ത് , എനിക്ക് നേരെ
നീട്ടുകയായിരുന്നു .

ഒരു ചില്ലിന്റെ സാമ്യമേ നമ്മള്‍
തമ്മിലുള്ളൂ …
നിന്നിലേക്ക് ചൂഴ്ന്നിറങ്ങാന്‍
ഞാനെന്റെ കണ്ണട അടുപ്പിച്ചു വച്ചു ,
അകത്തി നോക്കി ,
ചിലപ്പോള്‍ , ചില്ലിനു മുകളിലൂടെ
വെറും കണ്ണിട്ടു നോക്കി…
മൂക്കില്‍ ചാരിവച്ച് തലകുമ്പിട്ടു നോക്കി…
എന്നിട്ടും നിന്നെ മുഴുവനായറിയാന്‍ …?
‘ഹാ ! എന്റെ ശ്രമം വിഫലമായി.’

അപ്പോഴും നീ, എന്നിലെ
ഭാവമാറ്റങ്ങള്‍ എനിക്ക് നേരെ
പ്രതിബിംബിച്ചു …
എന്നിലൂടെ ഋതുക്കള്‍ മാറുന്നത്
ഞാന്‍ കണ്ടത് നിന്നിലൂടെയാണ് …
എന്നിട്ടും, നിന്നെ മുഴുവനായറിയാന്‍
എനിക്കായില്ല…

എന്റെ കണ്ണട ചില്ല് ,
ദിനന്തോറും എന്നിലേക്കമര്‍ന്നപ്പോള്‍ ,
എന്നെ മുഴുവനായി വിഴുങ്ങാന്‍ മാത്രം,
നീ നിന്റെ ചില്ലിട്ട വായ് പൊളിക്കുകയായിരുന്നു.

ഒരുനാള്‍,
കട്ടികണ്ണട ഊരിവച്ചപ്പോള്‍ ,
എന്റെ ലോകവും വിശാലമായി നീയും.
ഇപ്പോള്‍ നമുക്ക് മുന്‍പില്‍ വിശാലമായ നിന്റെ ചില്ലുമാത്രം.

പക്ഷെ,
ഇപ്പോഴെന്തോ നീ നിന്റെ ക്യാന്‍വാസ് അടക്കിപിടിക്കുന്നു.
ഞാന്‍ നിന്നിലേക്കൊതുങ്ങാത്തപോലെ.
ഒരുപക്ഷെ , ഞാന്‍ തടിച്ചതാകും..
നിന്നിലേക്കൊതുങ്ങാന്‍ ഞാന്‍
പട്ടിണി കിടന്നു…

എന്നിട്ടും,
ഞാന്‍ നിന്റെ ക്യാന്‍വാസിനപ്പുറത്തായി…
ഒടുവിലെന്റെ കണ്ണിമകളും നിന്റെ ചില്ലില്‍ ഒതുങ്ങിയില്ല…
ഞാനിതാ വീണ്ടും പടിയിറങ്ങുന്നു
എന്റെ കട്ടികണ്ണടയിലേക്ക് …
നിന്നിലേക്കൊതുങ്ങാന്‍ മാത്രം .

ഒരു വഴിക്ക് മാത്രം നോട്ടമെറിയുന്ന ഞാനും,
എല്ലാം വിഴുങ്ങി മന്ദഹസിക്കുന്ന നീയും മാത്രമേ
ചേരുകയുള്ളൂ.
ഞാന്‍ എന്ന കണ്ണടയ്ക്കും,
നീയെന്ന കണ്ണാടിക്കുമിടയിലെ
ഇണക്കമിതാണന്നറിയുന്നിന്നു ഞാന്‍.

Generated from archived content: poem1_july24_13.html Author: sudhisha_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English