ഇരുമ്പുകൂടം കൊണ്ട് പാറയുടയ്‌ക്കുന്ന ഒരാളിന്റെ വിദൂരദൃശ്യം കാണൂ. കൂടത്തിന്റെ സഞ്ചാരം ശ്രദ്ധിക്കൂ. ഓരോ സഞ്ചാരവും വായുവിൽ ഒരു ‘റ’ വരയ്‌ക്കുകയല്ലേ.
നേർത്ത പിടിയുളള ഇരുമ്പുകൂടം താഴെ നിന്നും ഉയർത്തി ആയത്തിനായി വീണ്ടും ഉയർത്തുമ്പോൾ പിടി വളഞ്ഞ് കൂടം പിന്നിൽ തൂങ്ങി നിൽക്കും. അതിനെ കല്ലിൽ വീഴ്‌ത്തുമ്പോഴൊക്കെ കൂടം ആരും കാണാതെ വായുവിൽ ഓരോ ‘റ’ വരച്ചുകൊണ്ടിരുന്നു.
പാറയുടയ്‌ക്കുന്ന കുമാരനും ഇതൊന്നും അറിഞ്ഞില്ല. ജനം ഭയന്ന സൂര്യഗ്രഹണ ദിവസത്തിലും അയാൾ പണിതുടർന്നു. പ്രകൃതിയിൽ എന്തും സംഭവിക്കാം. ഭൂമികുലുക്കം ഉണ്ടാവാം. അഗ്നിപർവ്വതം പൊട്ടിത്തെറിക്കാം. തീമഴ പെയ്‌തേക്കാം. ചിലപ്പോൾ നട്ടുച്ചയ്‌ക്കു തന്നെ സൂര്യനും അസ്‌തമിക്കാം….! വരുംവരായ്‌കകൾ പ്രവചിക്കുന്ന ജ്യോതിഷികളും മുന്നറിവുകൾ തരുന്ന ശാസ്‌ത്രജ്ഞരും ഗ്രഹണത്തിന് മാസങ്ങൾക്കുമുൻപേ ഈവിധമുളള പ്രസ്‌താവനകളിറക്കി. മാധ്യമങ്ങൾ ഇത് നാടൊട്ടുക്കും വിളംബരം ചെയ്‌തു. ഭയങ്ങളുടെ ഗവൺമെന്റ് ഗ്രഹണദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ദിനകൃത്യങ്ങൾ ചെയ്യാതെ, ആഹാരം കഴിക്കാതെ, ജനവാതിലുകൾ തുറക്കാതെ ജനം വീടിനകത്തിരുന്നു. ചാനലുകൾ സംപ്രേഷണം ചെയ്‌ത ഗ്രഹണദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നതാണ് അവർ ചെയ്‌ത ഏക ധീരകൃത്യം.
മുന്നറിയിപ്പുകൾ ഭയന്ന പാറക്കമ്പനി മേസ്‌തിരിയും ഗ്രഹണ ദിവസം അവധി കൊടുത്തു.
“അവധിയാണെങ്കിൽ വെളളങ്കുടിക്കാനൊളള കാശ് മേസിരി തരണം.” കുമാരന്റെ നിർബന്ധത്തിൽ മേസ്‌തിരി അയഞ്ഞു.
പകൽ മുഴുവൻ പാറയുടച്ച് അന്തിക്ക് അരലിറ്റർ വാറ്റ് ചാരായവും മോന്തി ക്രൂശിതനായ ക്രിസ്‌തുവിന്റെ നിലയിൽ മലർന്ന് കിടന്നുറങ്ങുകയാണ് കുമാരന്റെ പതിവ്.
പണി തുടങ്ങിയാൽ എല്ലാം മറക്കും. ഗ്രഹണമറിയാത്ത സൂര്യന്റെ ആരോഹണവും ചുറ്റുപാടുകളുമൊക്കെ കുമാരൻ മറന്നു. കൂടിക്കിടന്ന പാറകൾ മിക്കതും ചെറുകല്ലുകളായി. ഒന്നുരണ്ടെണ്ണം കൂടി ബാക്കി. പലതവണ കണ്ടിട്ടും പിന്നെയാകാമെന്ന് കരുതി ഒഴിവാക്കിയ ഒരു കല്ലിനുനേരെ കൂടമുയർന്നു. പിന്നിൽ തൂങ്ങുന്ന ഭാരത്തെ കല്ലിലേയ്‌ക്ക് വീഴ്‌ത്താൻ ആയുമ്പോഴാണത് കണ്ടത്. വെൺമേഘനിറമുളള കല്ലിനുനടുവിൽ മഷിക്കായയുടെ നീലനിറത്തിൽ അരച്ചാൺ വണ്ണത്തിൽ ഒരു അടര്.
ഈക്കല്ലുടയ്‌ക്കരുത്…. ഉടയ്‌ക്കരുത്… ഉടയ്‌ക്കരുത്.
തലയ്‌ക്കുമേലെ എത്തിയ ആയവും വേഗവും പിടിച്ചുനിർത്താൻ ആവതു ശ്രമിച്ചെങ്കിലും കൂടം കല്ലിൽ വീണു. ആയത്തിനൊപ്പം കുമാരനും. നീല അടരിൽ പാറ രണ്ടായി പിളർന്നു. അതിനുമേലേയ്‌ക്കായിരുന്നു വീഴ്‌ച.
ഭൂഗർഭങ്ങളുടെ മണമുളള കരിങ്കൽപൊടിയുടെ ഗന്ധമറിഞ്ഞു. ഉറവ ജലം കിനിയുന്ന കരിങ്കൽ പിളർപ്പുകളിലൂടെ, ഇടിമിന്നലേറ്റ് കരിഞ്ഞ വെളിമ്പുറങ്ങളുടെ ധൂസരങ്ങളിലൂടെ വീശിയ ഒരു കാറ്റിൽ കുമാരൻ ഒഴുകി. വിളറിയ ചന്ദ്രപ്രകാശം മാത്രമുളള ഒരു സ്ഥലരാശിയിലേക്ക്… ജന്മാന്തരങ്ങൾക്കപ്പുറത്തേയ്‌ക്ക്… കാറ്റായി… താഴ്‌വരകൾക്കുമേലെ ഉയർന്ന മലകൾ കാറ്റിനെ തടുത്തു. അരൂപിയായ കാറ്റിന്റെ കരുത്ത് ശിലാദാർഢ്യമായ ശരീരമായി.
നെടുനീളൻ ശിലയിൽ ചെങ്കല്ല് കോറിയ ചിത്രത്തിന്റെ അതിരുകളിൽ ഉളിയും ചുറ്റികയും കൊണ്ട് വരകൾ തീർക്കുകയായിരുന്നു. ഗുഹാചിത്രം പോലെ എല്ലാം ദുരൂഹവും അവ്യക്തവുമായിരുന്നു. ശിലാചിത്രത്തിന് വെളിയിലുളള ശിലാഭാഗങ്ങളൊക്കെ ചെത്തിയുടച്ചപ്പോൾ ഭൂമിയ്‌ക്കടിയിൽ നിന്ന് കണ്ടെടുത്ത ഒരു ചരിത്രാവശിഷ്‌ടം പോലിരുന്നു. ചുറ്റിക ഉളിയിലടിക്കുന്നതും ഉളി കല്ലിനെ മെരുക്കുന്നതുമായ ശബ്‌ദങ്ങൾ ഒന്നുചേർന്ന് തന്ത്രിവാദ്യത്തിന്റെ ശ്രുതിപോലെ അഭംഗുരം മുഴങ്ങിക്കൊണ്ടിരുന്നു.
കാലിന്മേൽ കാലേറ്റ് വച്ച് പീഠത്തിലിരുന്ന രൂപം. രണ്ട് കൈകൾകൊണ്ട് വീണയിലെ തന്ത്രികൾ മീട്ടി. മറ്റ് രണ്ട് കൈകളിൽ തിരിയുന്ന അക്ഷമാലയും വേദങ്ങളുമേന്തിയിരുന്നു. തലയിൽ താഴികക്കുടത്തിന്റെ മുകൾ ഭാഗം പോലെയുളള കിരീടം. പട്ടുചേലയും ആഭരണങ്ങളും അണിയിച്ച ആ വിഗ്രഹത്തിന്റെ കൊലുസുമണികൾ ചുരണ്ടി മിനുക്കി. നേർത്ത ഉളികൾ കൊണ്ട് നഖങ്ങളും വീണയിലെ തന്ത്രികളും രൂപം വരുത്തി. മാറിടത്തിലും മുലക്കച്ചയിലും ഉളിവെച്ചപ്പോൾ ഏതോ അജ്ഞാതബന്ധത്തിന്റെ സാന്ത്വനം അയാൾ അനുഭവിച്ചു. പിന്നീട് ഉളികൊണ്ടും അരം കൊണ്ടും വിഗ്രഹത്തിനേൽപ്പിച്ച ഓരോ കോറലും അയാളിൽ സുഖദായകമായ വേദനയായി. ഉളിതൊടുമ്പോൾ മൃദുപേശികൾക്ക് ക്ഷതമേൽക്കുമോ… കണ്ണുകൾ രൂപം വരുത്തുമ്പോൾ അയാൾക്ക് ഭയമായി. പിന്നീട് പണി വളരെ അവധാനതയോടെയായി. കൺകോണുകൾ രൂപമാക്കിയപ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞു.
കൃഷ്‌ണമണികളിൽ ഏതേതു ഭാവങ്ങൾ നിറയണം. മുൻധാരണകളെല്ലാം മറന്നുപോയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിഗ്രഹത്തിന്റെ പാദങ്ങളിൽ തല ചായ്‌ച്ചു കിടന്നു. രാവും പകലും അറിഞ്ഞില്ല. എങ്കിലും സൂര്യചന്ദ്രന്മാരെ കണ്ടു. പ്രഭാതത്തിലെ വിശുദ്ധമായ സൂര്യോദയവും വർണ്ണങ്ങളൊടുങ്ങിയ സന്ധ്യയിലെ ചന്ദ്രോദയവും ഓർമയിലവശേഷിച്ചു. അതിൽ ധ്യാനലീനനായ അയാളുടെ ഗാത്രം വിറയ്‌ക്കാൻ തുടങ്ങി. കൃഷ്‌ണമണികളുടെ പണിതീരും വരെ വിറയലുണ്ടായി.
“യെന്റെ ദേവീ…!”
സൃഷ്‌ടിയുടെ പൂർണ്ണതയിൽ അയാളിൽ നിന്ന് അങ്ങനെയൊരു ശബ്‌ദം ഉയർന്നുപൊങ്ങി. ദൂരെ മലകളിലും അകലെ ഒഴുകുന്ന നദിയിലും ചെന്നു മാറ്റൊലിക്കൊളളുംവിധം ഉച്ചത്തിലായിരുന്നു ആ വിളി. അതിന്റെ മാറ്റൊലി കേട്ടപ്പോൾ കുമാരൻ കണ്ടു, ഉദയങ്ങളിലെ സൂര്യചന്ദ്രന്മാരെപോലെ നിർമലവും ശാലീനവുമായ കണ്ണുകൾ. ശൈശവകാന്തിയിലും മുഖം സൃഷ്‌ടിയുടെ സമഗ്രതയിലേയ്‌ക്ക് കൺതുറന്നു നിൽക്കേ അറിയാതെ അയാൾ കൈകൾ കൂപ്പി. കണ്ണുകളുടെ ജലാശയത്തിൽ ചെറുതിരയിളകിയോ? ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിയുകയോ? നീണ്ട പ്രയത്നത്തിന്റെ വിവശതയകന്നു.
‘ദേവീ…“
ആ നിമന്ത്രണത്തിൽ ദേവി കണ്ണിമ ചിമ്മി. ചക്രവാളമാകെ നിറഞ്ഞ് ഒരു മിന്നൽപിണർ. ആകാശം കുലുങ്ങുന്ന ഒരു ഇടിമുഴക്കം. വൈദ്യുതാഘാത്തിൽ അയാൾ വീണു.
നിലംപറ്റി കിടന്നു അയാൾ കരഞ്ഞു. കണ്ണീരുകൊണ്ട് ദേവിയുടെ പാദം കഴുകി. നനഞ്ഞ കരിങ്കൽ പൊടിയുടെ ഭൂഗർഭഗന്ധം നുകർന്നു ജന്മങ്ങളെത്ര കിടന്നെന്ന് കുമാരനറിയില്ല. ആർക്കുമറിയില്ല.
********************************************************************
കൂടത്തിന്റെ ആയത്തിൽ വീണ കുമാരൻ പാറയുടെ ഗന്ധത്തിനൊപ്പം നെറ്റിയിലെ മുറിവിന്റെ വേദനയുമറിഞ്ഞു.
”യെവ്‌ടേ യെന്റെ ദേവീ…“ അയാൾ അലറി.
”യെന്റെ ഉളീം ചുറ്റികേം യെവ്‌ടെ..“
അതുകേൾക്കാൻ അവിടെ ആരുമുണ്ടായില്ല. അയാൾ മെല്ലെ തലയുയർത്തി. കത്തിയടങ്ങിയ ചിതകൾപോലെ ചാരനിറത്തിൽ അവിടവിടെ ഉടച്ചുകൂട്ടിയ കരിങ്കൽ കഷ്‌ണങ്ങൾ മാത്രം.
അയാൾ എഴുന്നേറ്റിരുന്നു. കൈതൊട്ടപ്പോൾ നെറ്റിയിലെ മുറിവ് വിങ്ങി. കൈപ്പടത്തിൽ ചോര. ഇരുമ്പുകൂടത്തിന്റെ പിടി അങ്ങനെ ഉയർന്നു നിൽക്കുന്നു.
ഗ്രഹണം കഴിഞ്ഞ് സൂര്യൻ പടിഞ്ഞാറെ ചെരിവിൽ വട്ടംവച്ചു. കുറെ നേരം അയാൾ വേറൊന്നും കണ്ടില്ല. കാണാറായപ്പോൾ ഒരു പാറയെടുത്ത് കുളത്തിലേയ്്ക്ക് വലിച്ചെറിഞ്ഞു.
”പോയിത്തുലയട്ടെ ദേവി…“
കുമാരന്റെ ഓർമ്മയിൽ ഒരു ദേവിയില്ല. അമ്മയില്ല. അച്‌ഛനില്ല. ഒരു വിളറിയ പ്രഭാതത്തിൽ ഉറക്കമുണർന്നിരിക്കുമ്പോൾ തിണ്ണയിലിരുന്ന് ഉമിക്കരിക്കൊണ്ട് പല്ലുതേയ്‌ക്കുന്ന അമ്മാവനെ കണ്ടതാണ് കുമാരനിലെ ഏറ്റവും പ്രാചീനമായ ഓർമ. ചൂരൽ വടികൊണ്ട് ക്ലാസിനെ നിശ്ശബ്‌ദമാക്കുന്ന ടീച്ചറെടുത്ത കേട്ടെഴുത്ത് കണ്ടെഴുതിയപ്പോൾ ടീച്ചർ കുമാരനെ തല്ലിയില്ല. പകരം ക്ലാസിനു വെളിയിൽ നിർത്തി. ഉച്ചക്കഞ്ഞിയുടെ നേരം വരെ വരാന്തയുടെ തൂണും ചാരി നിന്നു. കഞ്ഞികുടി കഴിഞ്ഞ് സ്ലേറ്റുപോലുമെടുക്കാതെ മടങ്ങി. പിന്നെ പൂട്ടിയ കാളകൾക്കുപിറകെ അമ്മാവനോടൊപ്പം. പറമ്പുകളിൽ തൂമ്പാകിളച്ചു. കരിങ്കൽ പണി തുടങ്ങി. അമ്മാവൻ മരിച്ചു. പുര മേയലും വേലികെട്ടലും ഒരു വർഷംപോലും മുടക്കിയില്ല. ഈ കാലത്തിനിടയിൽ ഒരു ദേവി? അന്തിവെയിൽ തിളങ്ങിയ പുഴവെളളം മുറിവിൽ കയറിയപ്പോൾ നൊന്തു. വേദന വളരാൻ വെളളത്തിൽ താണു കിടന്നു. കണ്ണുതുറന്നപ്പോൾ ചുറ്റും പച്ചവെളിച്ചം. ഒരു തിളക്കത്തിൽ കുമാരന്റെ കണ്ണഞ്ചി. കിരീടത്തിലെ രത്‌നതിളക്കം. വീണയുടെ തന്ത്രികൾ മീട്ടുന്ന ദേവി… ശ്വാസത്തിന്റെ പിടിവിട്ടുപോയ അയാൾ എങ്ങനെയോ കരയ്‌ക്കെത്തി.
”ദേവീ… ദേവീ… ദേവീ..“
കിതപ്പുമാറിയിട്ടും ഉരുവിട്ടുകൊണ്ടിരുന്നു.
വാറ്റുചാരായം വിൽക്കുന്ന കൈതപ്പൊന്തകൾക്കടുത്ത് ദേവി ഒരിക്കലും വരില്ലെന്ന ധൈര്യമുണ്ടായിരുന്നു കുമാരന്. ഗ്ലാസുകൾ നിറച്ച് വായിലേക്ക് കമഴ്‌ത്തി ഒപ്പം പുഴുങ്ങിയ താറാമുട്ടയും. പതിവും കഴിഞ്ഞ് തുടർന്നു. അവസാനിച്ചപ്പോൾ വലിച്ചെറിഞ്ഞ ഗ്ലാസ് കല്ലിൽ തട്ടിയുടഞ്ഞപ്പോൾ ചുണ്ടോടടുപ്പിച്ച ഗ്ലാസുകൾ താഴ്‌ത്തിയവർക്ക് കൗതുകം. പുഴയിലെ പായൽതുണ്ടുകളെ പോലെ അവരൊക്കെ എങ്ങോട്ടോ ഒഴുകുകയാണ്. അതിൽപെട്ട് കുമാരനും. ഒരുപാട് വെളിച്ചങ്ങളും ആൾത്തിരക്കും ബഹളങ്ങളും… മുളംകഴുക്കോലുകൾ തുരക്കാൻ ഹുങ്കാരത്തോടെ എത്തുന്ന വേട്ടാളിയന്മാരെ പോലെ ഓട്ടോറിക്ഷകൾ… റയിൽവേ സ്‌റ്റേഷനിൽ യാത്രികർക്ക് ഇരിക്കാനുളള ബഞ്ച് കുമാരന് ഉറങ്ങാനുളളതായിരുന്നു. ശബ്‌ദവും ബഹളങ്ങളുമായി ഒരു ട്രെയിൻ ഉറക്കത്തിലേയ്‌ക്ക് വന്നുനിന്നു. ഭാണ്ഡങ്ങളും പെട്ടികളുമായി ആളുകൾ തിക്കിത്തിരക്കി കയറുന്നതുകണ്ടപ്പോൾ ഏതോ ആപത്തു ഭയന്ന കുമാരനും വൈകിച്ചില്ല. ചുറ്റുമിരുന്നവരുടെ മുഖം ഒച്ചിനെ കണ്ടതുപോലെ ചുളിയുന്നതു കണ്ടപ്പോഴേ കുമാരൻ സ്വന്തം വേഷഭംഗി മനസ്സിലാക്കിയൊളളു. കൈലി മുണ്ടിനും മീതെ കെട്ടിയ തോർത്ത് അടിവയറിനെ നനയ്‌ക്കുന്നു. നിറം പോയ ചുവന്ന ഷർട്ടിന്റെ കീറലുകൾ. താടിരോമങ്ങളിലൂടെ മുഖത്തും തലയിലും കൈയോടിച്ചപ്പോൾ നെറ്റിയിലെ മുറിവിന് വിങ്ങൽ. എഴുന്നേറ്റ് വാതിൽക്കൽ താഴെയിരുന്നു. വണ്ടിയുടെ വേഗവും ഇരുമ്പുപാളങ്ങളുടെ ശബ്‌ദവും പുറംകാഴ്‌ചകളുടെ പൊലിമ നശിപ്പിച്ചു. പുറത്തെ ഇരുട്ടുമുഴുവൻ ഉളളിലേക്ക് വന്നു. ഇരുമ്പുതകിടുകളുടെ ഗർജ്ജനം കേൾക്കുന്നത് ഇരുട്ടിലും ഉറക്കത്തിലുമായിരുന്നു അയാൾ. ആ പെരുമ്പറയിൽ ഉണർന്നു. ഉഷസ്സിന്റെ തിരനോട്ടം താഴെ നദിയിൽ മറനീങ്ങുന്ന പുകമഞ്ഞ്. ജലോപരിതലത്തിനു മീതെ ഒരു പക്ഷിയെപോലെ അയാൾ ചിലച്ചു പറന്നു. കുമാരനിലെ പക്ഷി തീവണ്ടിപ്പെട്ടിയിൽ നിന്ന് മോചനം കൊതിച്ചു.
അടുത്ത സ്‌റ്റേഷനിൽ നിറുത്തിയ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയിട്ടും കുമാരൻ അടങ്ങിയില്ല. ആൾത്തിരക്കിനിടയിലൂടെ ഓടി. സ്‌റ്റേഷനുമുന്നിൽ മൂന്നായി പിരിയുന്ന റോഡിൽ കയറ്റമുളള റോഡിലൂടെയായി ഓട്ടം. ഇറക്കമിറങ്ങി വയലേലകളും കരിമ്പനക്കാടുകളും മേടുകളും താണ്ടി ഓടിക്കൊണ്ടേയിരുന്നു. അരയാൽത്തറ കാണും വരെ ആ ഓട്ടം തുടർന്നു. പുറപ്പെട്ട് പോയ നായ സ്വന്തം വീട്ടിൽ തിരികെ എത്തുമ്പോഴുളള സന്തോഷമാണ് ആൽത്തറ കണ്ട കുമാരനുണ്ടായത്. ഒന്നു വലംവച്ചു. എണ്ണയും കരിയും പിടിച്ച കൺവിളക്കിലെ ദീപനാളം കാറ്റിൽ തെല്ലൊന്നുലഞ്ഞു. ആ ദിശയിൽ കണ്ട പാതയിലൂടെയായി പിന്നീടുളള ഓട്ടം.
പച്ചനിറത്തിലെ വെളളം നിറഞ്ഞ കുളം കണ്ടതോടെ ഓട്ടം നിറുത്തി. കിതപ്പു തീർക്കാൻ കൽപ്പടവുകളിലിരുന്നു. കൊടിമരവും മതിൽക്കെട്ടും ആൾത്തിരക്കുമുളെളാരു ക്ഷേത്രം തെളിഞ്ഞുവന്നു. ഉച്ചഭാഷിണികളിലെ നാമജപം എല്ലാ ബഹളങ്ങൾക്കും മീതെയായിരുന്നുു. അതിന്റെ വിറയാർന്ന വൃദ്ധശബ്‌ദം അയാളെ ശുദ്ധമാക്കി. മുങ്ങിക്കുളിച്ചു.
”ഷർട്ടൂരണം.“
ഗോപുരവാതിൽക്കലെത്തിയപ്പോൾ ഒരശരീരി. കുമാരൻ അനുസരിച്ചു. ചുറ്റമ്പലത്തിലേക്ക് കടക്കുവാൻ കാത്തുനിൽക്കുന്നവരുടെ നീണ്ടവരിക്കുപിന്നിൽ നിന്നു. ജപങ്ങളും സങ്കീർത്തനങ്ങളും പ്രാർത്ഥനകളും വിലാപങ്ങളുമായി നീങ്ങുന്നവർക്കൊപ്പം നീങ്ങി. നമസ്‌കാരമണ്ഡപത്തിന് മുമ്പിൽ വരിയെത്തിയപ്പോൾ ശ്രീകോവിലിലെ തൂക്കുവിളക്കുകളുടെ പ്രകാശത്തിൽ കണ്ടു. ചന്ദനം ചാർത്തി, പൂമാലകളും ആഭരണങ്ങളും അണിഞ്ഞ് വീണമീട്ടി സുഗന്ധതിരികളുടെ പരിമളങ്ങൾക്ക് നടുവിൽ സർവ ഐശ്വര്യങ്ങളോടും കൂടെ ദേവി…! ശ്രീകോവിൽനടയിലെത്തിയപ്പോൾ ദേവി കൂടുതലടുത്തായി. ഉദയങ്ങളിലെ സൂര്യചന്ദ്രന്മാരെപോലുളള കണ്ണുകൾ… കുസൃതിവിരിയുന്ന ചുണ്ടുകൾ… അറിയാതെ കൈകൂപ്പി. താൻ രൂപം കൊടുത്ത ദേവി… ആശ്രയം തേടിവരുന്നവർക്ക് അനുഗ്രഹങ്ങളേകാൻ ഈ ശ്രീകോവിലിൽ… ഉളളിൽ തിരയിളകിയ ആനന്ദത്തെ അമർത്താൻ അയാൾക്കായില്ല.
”യെന്റെ ദേവീ…“
നീട്ടിവിളിച്ചു. ദേവി ആ വിളികേട്ടോ…?
”കുമാരാ…“
ഒരു മന്ത്രണം. അതു ദേവിതന്നെ, കുമാരൻ സംശയിച്ചില്ല. വീണ്ടും കാതോർക്കുമ്പോൾ വരിയുടെ ഒഴുക്കിൽപ്പെട്ടു.
ഗോപുരവാതിൽ വരെ അങ്ങനെപോയി. പുറത്തുകടന്ന് നടക്കുമ്പോൾ പിന്നിൽ കൊലുസ്സുകളുടെ കിലുക്കം… പിൻതിരിഞ്ഞ കുമാരന്റെ കണ്ണഞ്ചി. സർവാഭരണഭൂഷിതയായി വെൺപട്ടുടുത്ത ദേവി… ചുണ്ടുകളിൽ കുസൃതിയല്ല. ആജ്ഞയാണ് കുമാരൻ കണ്ടതും കേട്ടതും.
”നടക്കൂ കുമാരാ..“
നടന്നു. എങ്ങോട്ടെന്നറിയാതെ നടന്നു. ആൽത്തറയും കൽവിളക്കും കഴിഞ്ഞ് വിജനമായ ഒരുപുൽത്തകിടിയിലെത്തിയപ്പോൾ കൊലുസുകളുടെ കിലുക്കം നിലച്ചു.
”കുമാരാ നമുക്കിവിടെയിരിക്കാം…“
ദേവി മൊഴിഞ്ഞു. ക
ുമാരൻ ഇരുന്നു. അഭിമുഖമായി ദേവിയും. ഇരുവരും കണ്ടു. ഒരു ഇളങ്കാറ്റ് വീശി. പുല്ലിനടിയിലും വൃക്ഷത്തടിയിലുമിരുന്ന ചീവിടുകളുടെ ഏകതാനമായ കരച്ചിൽ ജന്മാന്തരസ്‌മൃതിയിലേയ്‌ക്ക് അവരെ ആനയിച്ചു. നടന്നുതീർത്ത കാലദൂരങ്ങളുടെ ചരിത്രവും കഥകളുമത്രയും കണ്ണുകളുടെ വാങ്ങ്‌മയത്തിലൂടെ അവർ അറിഞ്ഞു.
”ദേവിക്ക് സുഖം..“
കുമാരൻ വർത്തമാനത്തിലേക്ക് വന്നു.
”സുഖം തന്നെ കുമാരാ, ചിട്ടപ്പെടുത്തിയ ഒരേസുഖം മാത്രം..“
”അതെന്തേ അങ്ങിനെ..“
”ഏഴരവെളുപ്പിന് എന്നും അവരെന്നെ ഉണർത്തും. പിന്നെ രാത്രിയാവും വരെ മന്ത്രജപങ്ങളും പൂജകളും അഭിഷേകങ്ങളും നിവേദ്യങ്ങളുമാണ്. ഇടവേളകളുണ്ടെങ്കിലും നാണ്യമെറിഞ്ഞും കാഴ്‌ചകൾ തന്നും ഉദ്ദിഷ്‌ടകാര്യങ്ങൾ നേടാൻ കരഞ്ഞു പ്രാർത്ഥിക്കുന്നവരുടെ തിരക്കാണെന്നും. പഞ്ചാമൃതങ്ങളും പായസങ്ങളും എനിക്കു മടുത്തു കുമാരാ… ഭക്ഷണത്തിലും ഭാഷണത്തിലും ആവശ്യത്തിലുമധികം മധുരം കലർത്തുകയാണിവർ.“
”മധുരം നല്ലതല്ലേ ദേവീ..“
”നല്ലതാണ് കുമാരാ… പക്ഷേ കയ്‌പുകൾ വരാനിരിപ്പുണ്ട്. ഈ മധുരം മാത്രം കഴിച്ച് എന്റെ ശക്തിയൊക്കെപ്പോയീ കുമാരാ… എന്റെ ഈ കൈവിരലൊന്നു തൊട്ടു നോക്കു.“
ദേവി കൈനീട്ടി. സ്‌പർശിക്കാനല്ല ആ ഇളം കൈയ്യിൽ പിടിക്കാനാണ് കുമാരന് തോന്നിയത്. പൂവിനാണ് ഇത്രയും മൃദുലത.
”വിടൂ…“
കരച്ചിൽ കേട്ട് കുമാരൻ ഞെട്ടി.
”കൈവേദനിക്കുന്നു കുമാരാ…“
കുമാരൻ പൂവിനെ വിട്ടു. കുമാരൻ പിടിച്ച ദേവിയുടെ കൈപ്പടം രക്തവർണ്ണമായി. തന്റെ ഇരുകൈകളും നിവർത്തി കുമാരൻ അതിൽ നോക്കിയിരുന്നു. ദേവിയുടെ കൈയ്യിനു വേദനപകർന്ന കറുത്ത കൈത്തഴമ്പുകളെ കണ്ടു. കൂടവും ചുറ്റികയും കല്ലും പിടിച്ചുണ്ടായ തന്റെ തഴമ്പുകളോട് ദേഷ്യം തോന്നി. അപരാധത്തോടെയിരിക്കുമ്പോൾ ദേവി മൊഴിഞ്ഞു.
”ഈ വേദനപോലും സഹിക്കാനാവുന്നില്ല കുമാരാ… അത്രയ്‌ക്ക് ദുർബലയാണിന്ന് ഞാൻ..“
ദേവിയുടെ കണ്ണുകളിൽ ദൈന്യമായിരുന്നു. ദേവി ഒരിക്കലും ദുർബലയായിക്കൂടാ.. ദൗർബല്യത്തിന്റെ ചുറ്റുപാടുകളിൽ നിന്നൊക്കെ ദേവിയെ രക്ഷിക്കണം. കുമാരൻ രക്ഷകനായി.
”ദേവി എന്നോടൊപ്പം വരണം.“
കുമാരന്റെ ക്ഷണം ദേവിയെ അമ്പരപ്പിച്ചു. പ്രകീർത്തനമന്ത്രങ്ങളുടെ ശ്രവണസുഖം.. ആവർത്തനവിരസമെങ്കിലും പഞ്ചാമൃതങ്ങളുടെ മാധുര്യം… ഭക്തരുടെ ആവലാതികൾ. എല്ലാം ഉപേക്ഷിക്കാനോ ഈ കുമാരൻ പറയുന്നത്. ദേവി ചിന്തിച്ചു. അതറിഞ്ഞ് കുമാരൻ മെല്ലെ പറഞ്ഞു.
”ഭക്തരുടെ ആവലാതികൾ ഒരിക്കലും ഒടുങ്ങുന്നില്ല ദേവീ… ഈ ദർശനവും പ്രസാദവും കാരണം അവർ അവരെത്തന്നെ കാണുന്നില്ല ദേവി… അത്രയധികം ശീലങ്ങളുടെ സ്വാധീനതയിൽപ്പെട്ടുകഴിഞ്ഞു അവർ… മധുരത്തിനൊപ്പം മറ്റു രുചികളുമുണ്ടെന്ന് ദേവിക്കറിവുളളതല്ലേ… മന്ത്രജപങ്ങൾക്കും പ്രകീർത്തനങ്ങൾക്കുമൊപ്പം തെരുവിലെ ബഹളങ്ങളും പറയാനറിയാത്തവരുടെ മൗനവും അറിയണം ദേവി..“
പറഞ്ഞുതീർന്നപ്പോൾ ദേവിയുടെ ചിന്തകൾ പിന്നെയും ഇരുട്ടിൽ തടഞ്ഞു. കയ്‌പുകളെ നേരിടേണ്ട കാലം ഇനിയും വിദൂരമാണ്. അതുവരെ ഇവിടം സുരക്ഷിതമല്ലേ. ഈ പ്രാകൃതന്റെ ക്ഷണം സ്വീകരിച്ചു ചെന്നാലും. ഇയാൾ എത്ര നാളുണ്ടാകും. കൈവിരലുകൾ മടക്കിനിവർത്തി ദേവി കണക്കുകൂട്ടി. വിരലുകൊണ്ട് എണ്ണിത്തീരാവുന്ന കുറെ വർഷങ്ങൾ.. അതിനുശേഷം…
ദേവിയുടെ ചിന്തകൾ കുമാരൻ പിന്നെയും വായിച്ചു. പൂവിതൾ വീഴുന്നയത്ര മൃദുവായി മന്ത്രിച്ചു.
”ഇവിടെങ്ങും കയ്‌പുകൾ നിറഞ്ഞിരിക്കയാണ് ദേവി… കോവിലിലിരിക്കുമ്പോൾ ദേവി ഒന്നുമറിയുന്നില്ല. ഒരു പ്രളയംപോലെ അവ വന്ന് നിറയാൻ അധികം സമയം വേണ്ട… ഇവിടെ ആരും ജനിക്കുന്നുമില്ല. മരിക്കുന്നുമില്ല. ഈ വാഴ്‌വ് ആദിയിലേത് പോലെ തുടരുകയാണ്. ഒരു പുഴുപോലും ലോകത്തിന്റെതല്ലാതാകുന്നില്ല ദേവി. പിന്നെന്തിന് ആലോചിക്കണം.“
കളങ്കലേശമില്ലാത്തൊരു കൗതുകത്തോടെ കുമാരന്റെ വാക്കുകളൊക്കെയും ദേവി കേട്ടു. ആവേശങ്ങളൊടുങ്ങി നിസ്സംഗനായപ്പോൾ ദേവിയുടെ മുഖം ആദ്യമായി കാണുമ്പോലെ കുമാരൻ കണ്ടു. മൈതാനത്തിൽ വീശിയിരുന്ന ഇളങ്കാറ്റും നിലച്ചു. ജന്മാന്തരസ്‌മൃതിയിലേക്ക് അവരെ ആനയിച്ച ചീവിടുകളുടെ ശബ്‌ദവും ഒടുങ്ങി. എല്ലാം ശാന്തം… നിശ്ശബ്‌ദം.
ക്ഷേത്രത്തിലെ വഴിപാടുവെടികളുടെ മുഴക്കമാണ് നിശ്ശബ്‌ദതയെ ഭേദിച്ചത്. ഇരുവരും ഒപ്പം എഴുന്നേറ്റു.
”എനിക്കു പോകണം.“
കുമാരന് ധൃതിയായി. ദേവിയുടെ ചിരിയിൽ കുസൃതി. വിവശനായ കുമാരൻ ചുറ്റുംനോക്കി. മൈതാനത്തിനുചുറ്റും വൃക്ഷങ്ങൾ മാത്രം. പോകാനൊരുവഴി..? ഏതിലൂടെയാണ് വന്നത്…? ഒന്നും ഓർമ്മയിലില്ല. വീട്ടിലേയ്‌ക്കുളള വഴിയറിയാതെ തെരുവിൽ നിൽക്കുന്ന കുട്ടിയായി കുമാരൻ. കുട്ടി കരഞ്ഞുതുടങ്ങി. പ്രതീക്ഷയോടെ വഴിയിൽ കണ്ട അമ്മയെ നോക്കി. അമ്മ കനിഞ്ഞു. ദേവി മൊഴിഞ്ഞു.
”കുമാരാ.. ഞാൻ വഴികാട്ടാം.“
കുമാരനാശ്വസിച്ചു.
”നമുക്ക് നടക്കാമ്മേ..“
”മോൻ മുമ്പില് നടന്നോ..അമ്മ പിന്നാലെ വരാം.“
അമ്മ പറഞ്ഞ വഴികളിലൂടെയൊക്കെ മുൻപേ മകൻ നടന്നു. കിരീടവും ആഭരണങ്ങളും ശ്രീകോവിലിൽ അഴിച്ചുവച്ചു. വീണയെടുത്ത് മകനുകൊടുത്തു. പുസ്‌തകങ്ങൾ വേണ്ടെന്ന് മകൻ പറഞ്ഞെങ്കിലും വഴിയിൽ ഉപകാരപ്പെടുമെന്ന് കരുതി അമ്മ അത് എടുത്തു.
ബന്ധനങ്ങളിൽ നിന്നും വിടുതൽ നേടിയ ദേവിയും കുമാരനും സ്വന്തം ഉറവിടം തേടിയാണ് നടന്നത്. അതിനാൽ അവർക്ക് എന്നും ഒഴുക്കിനെതിരെ നീങ്ങേണ്ടിവന്നു.
Generated from archived content: story1_may26.html Author: sudhi_manikyathu