പുതിയ നൃത്തത്തിന്റെ സാംസ്‌കാരിക വിനിമയങ്ങൾ

ശരീരത്തിന്റെ ഘടനാപരമായ ചലനത്തിൽക്കവിഞ്ഞ്‌ നൃത്തം ഒരു സാംസ്‌കാരിക പ്രക്രിയ ആകുന്ന ചില സന്ദർഭങ്ങളുണ്ട്‌. അതിന്‌ ആടയാഭരണങ്ങളുടേതോ ചടുലതാളങ്ങളുടേതോ ആയിട്ടുളള പക്കമേളങ്ങൾ ഇല്ലാതെ തന്നെ പ്രകടനകലയുടെ പുതിയ മേച്ചിൽപ്പുറങ്ങളിൽ ഇത്തരം വേറിടലിനെ കാഴ്‌ചയുടെ സെൻസിബിലിറ്റിക്കകത്ത്‌ പ്രവേശിപ്പിക്കുക അപൂർവ്വവുമാണ്‌. നൃത്തകലയുടെ വിമോചനദൗത്യം അതിന്റെ പ്രകടനത്തോടുകൂടി അസ്‌തമിക്കുന്ന ഒന്നല്ല. ശാരീരികചലനം കേവലവ്യായാമത്തിന്റെ അതിരുകൾക്കപ്പുറത്ത്‌ വൈകാരികവും പ്രതീതിജന്യവുമായ അനുഭവാഖ്യാനമായിത്തീരുന്ന ഒരു സന്ദർഭത്തിലാണ്‌ നർത്തകൻ അഥവാ നർത്തകി അയാളുടെ കല നിർമ്മിക്കുന്നത്‌.

കലയുടെ പാരസ്പര്യത്തിനകത്ത്‌ പൊതുവെ പങ്കുവെയ്‌ക്കപ്പെടുന്ന ഭാഷാവ്യവഹാരം എന്ന നിലയ്‌ക്ക്‌ സമകാലികനൃത്തം (അത്‌ കേരളത്തിനകത്തായാലും പുറത്തായാലും) മുന്നോട്ടുവെയ്‌ക്കുന്ന ആവിഷ്‌കാരപരമായ വ്യതിയാനത്തെ മാധ്യമകേന്ദ്രിതമായ ആസ്വാദനത്തിലേക്കും വ്യാപിക്കേണ്ടതുണ്ട്‌. സർഗ്ഗാത്മകതയുടെ സമഗ്രാധിപത്യം അച്ചടി ഏറ്റെടുത്തതോടെ പാർശ്വവത്‌ക്കരിക്കപ്പെടുന്ന കലയുടെ പട്ടികയിലാണ്‌ ഇന്നും നൃത്തം. വിവിധ ആംഗിളുകളിൽ നിന്നുളള നോട്ടം അതിന്‌ കൈവന്നതുമില്ല. ഇത്തരം അസന്തുലിതാവസ്‌ഥകൾക്കിടയിലാണ്‌ എറണാകുളത്തെ ‘മുദ്ര’ ഡാൻസ്‌ ഗ്രൂപ്പ്‌ വ്യതിരക്തമായ ചുവടുവെയ്‌ക്കുന്നത്‌. ഇക്കഴിഞ്ഞ ആഗസ്‌റ്റ്‌ പത്തൊൻപതാം തീയതി എറണാകുളത്തുവച്ചു നടത്തിയ മുദ്രയുടെ ഡാൻസ്‌ ഈവനിംഗ്‌ പ്രതിനൃത്തത്തിന്റെ സാധ്യതകളിലേക്കുളള ഒരാരായലായിത്തീരുന്നുണ്ട്‌. പത്മാ മേനൊന്റെ നേതൃത്വത്തിലുളള ഈ നൃത്തഗോപുരം വേദിയിൽ അനുഷ്‌ഠിക്കുന്ന കലാധർമ്മത്തിലേക്കുളള ഒരു കണ്ണുപായിക്കലാണ്‌ ഈ കുറിപ്പ്‌.

അപ്‌സരസുകൾ അരങ്ങൊഴിയുന്നതെങ്ങനെഃ

‘മാനത്തു നിന്നെങ്ങാൻ വന്നപോലെ’ എന്ന മട്ടിൽ സൗന്ദര്യ(?)ത്തിന്റെ നിറകുംഭങ്ങളായി നമ്മുടെ കാഴ്‌ചയെ മഞ്ഞളിപ്പിക്കുന്നിടത്തോളം ലാസ്യനടനമാടുന്ന പാരമ്പര്യനൃത്ത സദസുകളെ വിസ്‌മരിച്ചുകൊണ്ടല്ലാതെ മുദ്രയുടെ നൃത്താനുഭവങ്ങളിലേക്ക്‌ കടക്കുക അസാധ്യമാണ്‌. അനാർഭാടവും ക്രിയാത്മകവുമായ കാഴ്‌ചയുടെ സുതാര്യതയിലാണ്‌ അതിന്റെ നടനം. പൂർവ്വ മാതൃകകളില്ലാത്ത ഈ നൃത്തം ഏറ്റവും മുഖ്യമായി നിർവ്വഹിക്കുന്നത്‌ ആസ്വാദനത്തിലെ ജനകീയതാൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്നതാണ്‌. പതിവുധാരണകളെ നിരാകരിക്കുന്നതിലൂടെ ശരീരഭാഷയുടെ അയത്നലളിതമായ അരങ്ങിലേക്ക്‌ ആഖ്യാനത്തെ തുറന്നുവിടാൻതക്ക ഉളെളാരുക്കം ‘ധൂമൻ’ എന്നു പേരിട്ടിരിക്കുന്ന ഈ സങ്കേതത്തിനുണ്ട്‌. നർത്തനം അത്‌ ചെയ്യുന്ന ആളിന്റെ കൂടി പുനരാഖ്യാനമാകുന്നത്‌ ഇവിടെക്കാണാം. വാർപ്പു മാതൃകകൾ മാത്രം കണ്ടുശീലിച്ച വ്യവസ്ഥാപിത നൃത്ത ഇനങ്ങൾക്കിടയിൽ ‘ധൂമൻ’പരക്കെ സ്വീകരിക്കപ്പെട്ടില്ലെന്നു വരാം. അത്‌ ഏതൊരു നല്ല കലയുടേയും പ്രവേശകത്വത്തിൽ വന്നുപെടുന്ന നൈരന്തര്യവുമാണ്‌.

വരേണ്യ അല്ലെങ്കിൽ രാജകീയ ഇച്ഛകൾക്കനുസൃതമായി നിർമ്മിക്കപ്പെട്ട അപ്‌സരനൃത്തത്തിന്റെ ഘടന ഇന്നെത്തി നിൽക്കുന്ന സാംസ്‌കാരിക ഭാവുകത്വത്തിനകത്ത്‌ ഒന്നും തന്നെ പൂരിപ്പിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നില്ല. ആ നിലയ്‌ക്ക്‌ അതിൽ നിന്നുളള വിടുതൽ കൂടിയാണ്‌ ‘മുദ്ര’ ക്രമാനുഗതമായി നിർവ്വഹിക്കുന്നത്‌. ശൈലീവ്യതിയാനത്തിന്റെ പേരിൽ മാത്രമല്ല അവയെ നോക്കിക്കാണേണ്ടത്‌. ആസ്വാദനത്തിന്റെ വിഭിന്നമായ കാഴ്‌ചകൾക്ക്‌ അതൊരു പുറപ്പെടൽ കൂടിയാണ്‌; അകത്തേക്കും പുറത്തേക്കുമുളളത്‌. താളത്തിനൊപ്പം തുളളുക എന്നതല്ല അതിന്റെ അടിസ്ഥാന പ്രമാണം. മറിച്ച്‌ താളഭംഗവും ശിഥിലചലനവും ചേരുന്ന മറ്റൊരു ഭൂമികയിലാണ്‌ നൃത്തം സംഭവിക്കുന്നത്‌. സസൂക്ഷമമായ ചലനഗതിയും വേഗതീവ്രതയും അതിന്റെ ഉപപാഠങ്ങളാണ്‌. ചലനമെന്നതുപോലെ നിശ്ചലതയും ഉടലിന്റെ കലയിൽ ഉൾപ്രേരകമായി വർത്തിക്കുന്നുവെന്നത്‌ ധൂമൻ ഓർമ്മപ്പെടുത്തുന്നു.

ലാസ്യം മറ്റെല്ലാ ഭാവങ്ങളെയും അവഗണിച്ചുകൊണ്ട്‌ സ്ഥിരപ്രതിഷ്‌ഠ നേടുന്ന മോഹിനിയാട്ടക്കച്ചേരികൾ നൃത്തത്തിന്റെ ‘ഐക്കൺ’ ആയി മാറിയ സാഹചര്യത്തിൽ ‘മോഹിനി’മാർ അല്ലാത്ത നർത്തകികൾക്ക്‌ ആ വേഷം ചേരില്ലെന്ന്‌ വരികയും ചെയ്യുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പാറ്റേണിലേക്ക്‌ കലാകാരിയെ വിന്യസിക്കുക എന്നതാണ്‌ അതിന്റെ പതിവുരീതി. മുദ്രയുടെ ചലനത്തിലേക്കു വരുമ്പോൾ മോഹിനി എന്നത്‌ ‘സ്‌ത്രീ ’ ആവുകയും ‘വീരപുരഷൻ’ പുരുഷനാവുകയും ചെയ്യുന്നുണ്ട്‌.

അപരപാഠവും സ്വത്വാന്വേഷണങ്ങളുംഃ

ക്ലാസിക്‌ നൃത്തവേദികൾ അഹോരാത്രം ആടിത്തീർത്താലും തീരാത്തത്രയും പുരാണങ്ങൾ നമുക്കുളളതിനാലും അവയ്‌ക്ക്‌ മേലെല്ലാം അതീന്ദ്രീയ കല്പനകളാൽ ചന്തം പിടിപ്പിച്ച ആട്ടപ്രകാരവും ഉണ്ടായി വന്നു. മൂലകഥയും കഥാപാത്രവും അങ്ങനെ ഐതിഹാസിക പിൻബലത്തോടെ അരങ്ങുവാണു. നൃത്തത്തിന്റെ വർത്തമാനം അവരോടു നീതികാട്ടുന്നത്‌ പുതിയ കാലത്തിലേക്കോ അനുഭവത്തിന്റെ സാധാരണയിലേക്കോ മാറ്റി നട്ടുകൊണ്ടാണ്‌. മുദ്രയിലെ ദീപു ബാബുരാജിന്റെ ‘കർണൻ’ എന്ന നൃത്തശില്പം അങ്ങനെ രൂപംകൊളളുന്ന ഒന്നാണ്‌. ‘ഞാൻ ആര്‌?’ എന്ന കർണന്റെ ആദിമമായ ചോദ്യത്തിനും ഉത്തരവിനുളള അന്വേഷണത്തിന്റെയും ഇടയിലാണ്‌ ദീപുവിന്റെ കർണൻ നിലകൊളളുന്നത്‌. സ്വയം തിരിച്ചറിവുണ്ടാകുംവരെ ആത്മ സംഘർഷമനുഭവിക്കുന്ന ‘മനുഷ്യന്റെ’ ചിത്രമാണത്‌. സ്വഭാവചിത്രണമായിരുന്നിട്ടുപോലും ഇതിഹാസനാമത്തെ തന്നെ ഉപജീവിക്കേണ്ടി വരുന്നുവന്നത്‌ പുതിയ ഭാവുകത്വത്തിന്റെ ന്യൂനതയായിട്ടല്ല കാണേണ്ടത്‌. അതിനോടുളള വിമർശനമായാണ്‌. കർണൻ സ്വതന്ത്രാസ്തിത്വമുളള കഥാപാത്രമായി രൂപപ്പെടുന്നത്‌ ദീപുവിന്റെ കൊറിയോഗ്രാഫിയിൽ കാണാം. ദീർഘചരിതമുളള കർണപർവ്വം ഒരൊറ്റ ചോദ്യത്തിനു മേൽ പടുത്തുയർത്തുമ്പോൾ ഏറ്റം സൂക്ഷ്‌മവും ലളിതവുമാകുന്നത്‌ കാണാം.

അസ്തിത്വത്തെക്കുറിച്ചുളള സന്ദേഹം പല രൂപത്തിൽ മുദ്രയുടെ മറ്റ്‌ നൃത്തയിനങ്ങളിലും വീക്ഷിക്കാം. മൃദുലമുരളിയുടെ ‘സീത’യും, ശാലിനി.എസ്സിന്റെ ‘ഉഷ’യും ആ നിലയ്‌ക്ക്‌ മൗലികവും നൂതനവുമായ ചുവടുവെയ്‌പുകളാണ്‌. ശാരീരികചലനം രാഷ്‌ട്രീയമാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നുവെന്നതാണ്‌ പൊതുവെ പുതിയ നൃത്തത്തെ അഭിമുഖീകരിക്കുമ്പോൾ മനഃസിലാക്കേണ്ടത്‌. അത്‌ പ്രക്ഷേപിക്കുന്ന സാർവ്വലൗകീകമായ ‘മാനവികബോധം’ എല്ലാത്തരം പാരമ്പര്യ മുഷ്‌കുകളെയും നിഷ്‌കാസനം ചെയ്യുകയും പകരം ജീവന്റെ തെളിമയിൽ ലോകത്തെ വീണ്ടും മറയില്ലാതെ കാണാനായി പാകപ്പെടുത്തുകയും ചെയ്യുന്നു.

ദൃശ്യഭാഷയുടെ ഭാവുകത്വപരിസരത്തിൽ നൃത്തകല അതിന്റെ സർവ്വ ആദരവോടും കൂടി പുനർനിർവ്വചിക്കുകയും പലേ നിലകളിലുളള അന്വേഷണങ്ങളിലൂടെ കരുത്താർജ്ജിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുദ്രയുടെ ചലനം പ്രതീക്ഷക്കു വക നൽകുന്നുണ്ട്‌. അപ്രകാരം ആസ്വാദനത്തിന്റെ സങ്കുചിതത്വങ്ങളിൽ നിന്ന്‌ മലയാളിയുടെ നൃത്തബോധവും ഉണരുമെന്ന്‌ പ്രത്യാശിക്കാം.

Generated from archived content: essay1_nov18_06.html Author: sudheesh_kottembram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English