ഭ്രാന്താശുപത്രി, മൃഗശാല, വറ്റിപ്പോയ പുഴ, വൈദ്യുതി ശ്‌മശാനം എന്നിവയുടെ അടുത്തായിരുന്നു മൃത്യുഞ്ഞ്‌ജയന്റെ വീട്, മേയർ എത്ര ശ്രമിച്ചിട്ടും മൃത്യുഞ്ഞ്‌ജയന്റെ മുഖം മായുന്നില്ല. ദിവസവും ഒരുപാട് മുഖങ്ങൾ കാണുന്നതാണ്. അതൊക്കെ അപ്പോൾ തന്നെ ഒഴിഞ്ഞു പോകുന്നതുമാണ്. മൃത്യുജ്‌ഞ്ഞയന്റെ വീട്, മേയർ എത്ര ശ്രമിച്ചിട്ടും മൃത്യുഞ്ഞ്‌ജയന്റെ മുഖം അതൊക്കെ അപ്പോൾതന്നെ ഒഴിഞ്ഞു പോകുന്നതുമാണ്. മൃത്യുഞ്ഞ്‌ജയന്റെ മുഖം മേയറുടെ തലയ്‌ക്കുള്ളിൽ കയറിയിട്ട് ആഴ്‌ച ഒന്ന് കഴിഞ്ഞിരിക്കുന്നു. എവിടെപ്പോയാലും എന്ത് ചെയ്‌താലും മൃത്യുഞ്ഞ്‌ജയനെ കണ്ടതിന് ശേഷമായിരുന്നു.
നഗരത്തിലെ ഓരോ റോഡും ഓരോ കവലകളും മേയറുടെ തലയിൽ തെളിഞ്ഞു. നടന്നു പോയ വഴികൾക്കുണ്ടാകുന്ന മാറ്റങ്ങൾ മേയർ എന്ന നിലയിൽ തനിക്കും കൂടി അവകാശപ്പെട്ടതാ. കാലം കടപുഴകി വീഴുന്ന ഒരു മരമാണ്. അതിലെ ഓരോ കൊമ്പും മുറിച്ചു കൊണ്ടുപോകുന്ന മനുഷ്യന്മാരാണ് നഗരം മുഴുവൻ. മേയർ അത് തിരിച്ചറിഞ്ഞത് അടുത്ത കാലത്തായിരുന്നു. മേയർക്ക് പല തിരിച്ചറിവുകൾ ഉണ്ടായതും അടുത്ത കാലത്തായിരുന്നു. നഗരത്തിലെ നാല് നദികൾ വറ്റിപ്പോയത് മേയറുടെ ഭരണകാലത്താണ്. അന്നേ ജനങ്ങൾ മേയറെ പഴി പറഞ്ഞിരുന്നു. എല്ലാ പഴികളും കേട്ടുകൊണ്ട് നടക്കുമ്പോഴും ആരെങ്കിലുമൊരാൾ തനിക്കു മുമ്പേയും പിമ്പേയും ഉണ്ടാകുമെന്ന് മേയർക്കറിയാമായിരുന്നു. പക്ഷേ ഇപ്പോൾ തന്റെ മുന്നിലും പിന്നിലും മൃത്യുഞ്ഞ്‌ജയൻ വന്നു ചേർന്നിരിക്കുന്നു.
ഭരണകാര്യങ്ങളിൽ മേയർക്ക് താൽപര്യം കുറഞ്ഞു. മഴക്കാലം നഗരത്തെ പൊതിഞ്ഞു. വൈറസ് രോഗങ്ങൾ നഗരത്തിലെ എല്ലാ തെരുവുകളിലുമെത്തി. ജനങ്ങൾ മേയറുടെ ബംഗ്ലാവിന്റെ മുന്നിൽ ചെന്ന് പ്രതിഷേധത്തോടെ മഴ നനഞ്ഞു നിന്നു. നഗരവാസികൾ എല്ലാവരും കറുത്ത നിറമുള്ളവരായിരുന്നു. ആണും പെണ്ണും ഒക്കെ. കറുത്തവരുടെ നഗരമെന്നാണ് പുറത്തുള്ളവർ ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ മേയർക്ക് വെളുത്ത നിറമായിരുന്നു. തങ്ങളുടെ നിറമില്ലാത്ത ഒരാളെ അവർ മേയറാക്കിയത് ഒറ്റക്കാരണത്താലായിരുന്നു. മേയർ മരങ്ങൾ നടുന്നവനായിരുന്നു. മരങ്ങൾ നടുന്നവരെ അവർക്കിഷ്‌ടമായിരുന്നു. നഗരത്തിൽ ഇന്നു കാണുന്ന മരങ്ങളെല്ലാം മേയർ മുമ്പെപ്പൊഴൊക്കെയോ നട്ടുപിടിപ്പിച്ചവയാണ്. മേയറെ ഒരിക്കലും അവർ മാറ്റിയിരുന്നില്ല. കാരണം മേയറോട് അവർക്ക് രണ്ടാമതൊരിഷ്‌ടം കൂടിയുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ നഗരമധ്യത്തിലുള്ള ഇരട്ടയാൽ മരച്ചുവട്ടിലിരുന്ന് തന്റെ നഗരത്തിലുള്ളവർക്കായി മൈതാനത്തിനെതിരെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകളെ നോക്കി പാട്ടുകൾ പാടുമായിരുന്നു. നഗരം മുഴുവൻ അന്ന് അവിടെ ഒത്തുകൂടും. പാട്ടുകാരനായ മേയറെ അവർക്കിഷ്‌ടമായിരുന്നു. മൈതാനത്തിലേക്ക് അന്നേരം നഗരത്തിലുള്ള സകല പക്ഷികളും കൂട്ടത്തോടെ അവിടെ പറന്നെത്തും. പാട്ടുകൾ പാടികഴിഞ്ഞാൽ എല്ലാവർക്കും മേയർ അടുത്ത വർഷത്തേയ്‌ക്കുള്ള വിത്തുകൾ നൽകും. വിത്തുകൾ വിതയ്‌ക്കാനുള്ളതാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. വിതയ്‌ക്കുന്നവനു മാത്രമേ കൊയ്യാനുള്ള അവകാശമുള്ളു. എന്നാണ് മേയർ പറയുക.
മേയർക്കറിയാം നാല് നദികൾ വറ്റിയ കഥ, മേയർക്കറിയാം ജനങ്ങൾ മരം മുറിക്കുന്ന കഥ, മേയർക്കറിയാം മൃത്യുഞ്ഞ്‌ജയൻ എന്തിന് നഗത്തിൽ എത്തിച്ചേർന്നു എന്ന കഥയും………
മഴ ഒഴിയുന്നില്ല. വറ്റികിടക്കുന്ന നാല് പുഴകളിലേയും നഗരത്തിലെ മുഴുവൻ വേസ്‌റ്റും കൊണ്ട് മഴവെള്ളമെത്തി. അഴുക്കുവെള്ളം നഗരപഥങ്ങളിലൂടെ ഒഴുകിപ്പോകുന്നത്. ബംഗ്ലാവിലിരുന്നാൽ കാണാം. എല്ലാം തികഞ്ഞ പഠിപ്പുള്ളവർ നഗരത്തിൽ കൂടിക്കൂടി വരുന്നു. അവർ തന്നെ നോക്കി ദിവസവും കൊഞ്ഞനംകുത്തിയ ശേഷം നഗരത്തിലെ ഊടുവഴികളിലേക്കിറങ്ങിപ്പോകുന്നു. ദ്വാരകയെ കടലെടുത്തതുപോലെ ഭാവിയിൽ ഈ നഗരത്തെയും കടലെടുക്കും. എല്ലാം കടലെടുത്ത് പോകുന്നതിന് മുമ്പ് ചിലതൊക്കെ ഒരു പെട്ടകത്തിലാക്കണം. പണ്ട് നോഹ ചെയ്‌തതുപോലെ മേയർക്ക് തിരിച്ചറിവുകൾ കൂട്ടത്തോടെ എത്തി.
പെട്ടകം തയ്യാറാക്കാൻ ആർക്കറിയാം? ഒരാൾക്കേ അറിയൂ. കറുത്ത നിറമുള്ള മൃത്യുഞ്ഞ്‌ജയന് മാത്രം. മൃത്യുഞ്ഞ്‌ജയനെ കൂട്ടികൊണ്ടു വരണം. ഈ ചിന്ത വന്നതിനുശേഷമാണ് മേയർക്ക് ഉറക്കമില്ലാതായത്. ഭ്രാന്താശുപത്രി, മൃഗശാല, വറ്റിപ്പോയ പുഴ, വൈദ്യുതി ശ്‌മശാനം എന്നിവയുടെ അടുത്തായിരുന്നു മൃത്യുഞ്ഞ്‌ജയന്റെ വീട്. നഗരത്തിൽ എപ്പോഴോ ആരോ ഒരാൾ അതും ഒരു കറുത്തവൻ തന്നെ വേറൊരു കറുത്തവൻ തന്നെ വേറൊരു കറുത്തവനെ നോക്കി ദേ പോകുന്നു ഭ്രാന്തൻ എന്നു പറഞ്ഞപ്പോഴാണ് മേയർ ഒരു ഭ്രാന്താശുപത്രിയിൽ ആദ്യം എത്തിയ ഭ്രാന്തന്റെ കൈയിൽ ഏഴ് മയിൽപ്പീലിയും നാല് നാരങ്ങാമിഠായിയുമുണ്ടായിരുന്നു. അയാൾക്ക് ശേഷം ഒരുപാട് ഭ്രാന്തന്മാർ നഗരത്തിലുണ്ടായി. അവരെയെല്ലാം ഭ്രാന്താലയത്തിലാക്കി. ഭ്രാന്താലയം നിറഞ്ഞപ്പോൾ കറുത്തവർ പേടിച്ചു. പക്ഷേ മേയർ ചിരിക്കുകയാണുണ്ടായത്. അതും തന്റെ ഉത്തരവാദിത്വം. ഭ്രാന്താലായം വികസിപ്പിക്കാൻ ഒരു പ്ലോട്ടു കൂടി വാങ്ങി.
ഒഴിഞ്ഞ കൂടുകൾ ഓരോരോ കാലത്ത് തുറന്ന് വച്ചു കൊടുത്തപ്പോൾ ഓരോരോ മൃഗങ്ങൾ കൂടിനകത്ത് കയറി കിടന്നു. അങ്ങിനെയാണ് നഗരത്തിനകത്ത് മൃഗശാലയുണ്ടായത്. കൊലപാതകികളായ മൃഗങ്ങളുടെ കൂടുകൾ പൂട്ടിയെടുത്തു. അവയക്കുള്ള ഇറച്ചിക്കായി ദിവസവും അമ്പത് കാളകളെ പൂവമ്പഴം കൊടുത്തശേഷം കൊല്ലുന്നുണ്ട്. കൊല്ലാനുള്ള കാളകളെ കെട്ടിയിടുന്നത് നഗരത്തിന്റെ വടക്കേ മൂലയിലാണ്. അവിടെ കുറെ വെട്ടുകല്ലുകളുണ്ട് എന്നും രക്തം കട്ടപിടിച്ച് കിടക്കുന്നവ…
വറ്റിപ്പോയ പുഴയിൽ ഇപ്പോൾ കറുത്തവർ മത്തനും, ചീരയ്‌ക്കും വിത്തിട്ടിട്ടുണ്ട്. വെള്ളം വറ്റിപ്പോയപ്പോൾ കിട്ടിയ, കുട്ടികൾ വെള്ളത്തിലേക്കെറിഞ്ഞ കളിപ്പാട്ടങ്ങൾ, ചെളിയിലടിഞ്ഞ വസ്‌ത്രങ്ങൾ, മുഖമുടഞ്ഞ ശംഖുകൾ ഒക്കെ പെറുക്കിയെടുത്ത് നഗരത്തിലെ മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. ഒരു നഗരമാവുമ്പോൾ ഒരു മ്യൂസിയം കൂടിയേ തീരൂ. പഴയതെല്ലാം പെറുക്കി വയ്‌ക്കാൻ പറ്റിയ സ്‌ഥലം……
മരങ്ങൾ മുറിയ്‌ക്കുന്നത് മേയർക്കിഷ്‌ടമില്ല. മരമടുക്കി മൃതദേഹം ദഹിപ്പിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മേയർ കറണ്ടുകൊണ്ടൊരു ശ്‌മശാനം ഉണ്ടാക്കിയത്. കറുത്തവന്മാമരുടെ എണ്ണം വല്ലാതെ കൂടിയപ്പോൾ നഗരത്തിൽ ആറടി മണ്ണുപോലും ബാക്കി ഇല്ലാതായതും മേയറെ വേദനിപ്പിച്ചു. അങ്ങനെയാണ് ഹരിശ്ചന്ദ്രന്റെ ശ്‌മശാനത്തിന്റെ രൂപം മാറ്റിയത്. ഇപ്പോൾ ഒരു കറുത്തവനെ ദഹിപ്പിക്കണമെങ്കിൽ സ്വാതന്ത്ര്യസമരസേനാനിയുടെ ചിത്രമുള്ള കുറച്ച് നോട്ടുകൾ കൊടുത്താൽ മതി. ശവത്തിനറിയുമോ ജീവിച്ചിരിക്കുന്നവരുടെ പൊറുതികേട്…………..
ഇങ്ങനെയൊക്കെ ചിന്തിച്ച് നഗരത്തിന്റെ ഒരു ഊടുവഴിയിലൂടെ മേയർ നഗ്നപാദനായി നടക്കാൻ തുടങ്ങി. ഊടുവഴികൾക്കിപ്പുറം പുതിയ ജയിലിന്റെ പണി നടക്കുന്നു. ഊടുവഴികൾക്കപ്പുറത്താകട്ടെ വൃദ്ധസദനങ്ങളുടെ പണിയും. പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന കക്കൂസും മൂത്രപ്പുരയും എല്ലാ സ്വാതന്ത്ര്യ സമരസേനാനികളുടേയും പ്രതിമകൾക്കരുകിൽപ്പോലുമുണ്ടെങ്കിലും കാക്കകൾ പ്രതിമകളുടെ ശിരസ്സിലിരുന്ന് മാത്രമേ കാര്യം സാധിക്കുകയുള്ളൂ. മേയർക്കറിയാം ഭാവിയിൽ ഒരു ദിനത്തിൽ എന്റെ ശിരസ്സിലും വന്നിരിക്കും ഒരു കാക്ക. കാക്കകൾ ആത്മാക്കളുടെ പ്രതിരൂപങ്ങളാകയാൽ ചിലപ്പോൾ ബന്ധം പുതുക്കലും ആയിരിക്കാം………….
ഭാവിയിൽ നഗരത്തിന് സംഭവിച്ചേക്കാവുന്ന നാശത്തെക്കുറിച്ച് മേയർ മൃത്യുഞ്ഞ്‌ജയനോട് പറഞ്ഞു. മൃത്യുഞ്ഞ്‌ജയനാകട്ടെ ചുമരിൽ തറച്ചു വച്ചിരിക്കുന്ന ഉളിയെ നോക്കി നിന്നതേയുള്ളു.
“പെട്ടകം വലുതായിരിക്കണം” മേയർ പറഞ്ഞു.
“ ശരി. പെട്ടകത്തിനുള്ള മരമെവിടെ?” മൃത്യുഞ്ഞ്‌ജയൻ ചോദിച്ചു
“നഗരത്തിലെ മരങ്ങൾ മുറിക്കാം”
“അപ്പോൾ അതിലെ പക്ഷികൾ”
“ചിറകുള്ളത് പറന്നുപോകും. അല്ലാത്തത് വീണ് ചാകും”
“അത് അന്യായമല്ലേ?”
“എന്ത് അന്യായം. ന്യായശേഷമാണല്ലോ അന്യായം വരുന്നത്.
മൃത്യുഞ്ഞ്‌ജയൻ തർക്കിക്കാൻ നിന്നില്ല. അകത്തെ മുറിയിൽ ഒളിഞ്ഞു നിൽക്കുന്ന അയാളുടെ മകളെ ഒന്നു നോക്കുക മാത്രമേ ചെയ്‌തുള്ളു. അവൾ മേയറെ ആദ്യമായി കാണുകയായിരുന്നു.
”പക്ഷി ശാപം കിട്ടിയാൽ നാട് മുടിയും. “ അവൾ അച്ഛനോട് പറയുന്നു.
”അത് നിനക്കറിയാം, പക്ഷേ മേയർക്ക് അറിയില്ലല്ലോ.“
”അറിഞ്ഞാലും ഇനി മേയർ അറിയാമെന്ന് പറയില്ല.“
”അപ്പോൾ ഈ നഗരം നമുക്കന്യമാകാൻ പോകുന്നു.“
”അതെ. എല്ലാം ഒരു ദിവസം അന്യമാകേണ്ടതു തന്നെയാണല്ലോ“
”പെട്ടകത്തിൽ ആർക്കൊക്കെയാണ് സ്‌ഥാനം“
”പെട്ടകം നിറയുവോളം എല്ലാവർക്കും“.
”എനിക്കും സ്‌ഥാനമുണ്ടാകുമോ?“
അവളുടെ ചോദ്യത്തിനു മുന്നിൽ അയാൾ കുഴങ്ങി……..
അനന്തരം നഗരത്തിലെ എല്ലാ മരങ്ങളും മുറിയക്കപ്പെട്ടു. ചിറകുള്ള പക്ഷികൾ പറന്നുപോയി. ചിറകില്ലാത്തവ ഭൂമിയിൽ വീണ് മണ്ണിനോട് ചേർന്നു. നഗരമധ്യത്തിൽ പെട്ടകം ഉയർന്നു വന്നു. പണിയ്‌ക്കിടെ മൃത്യുഞ്ഞ്‌ജയന്റെ മൂന്ന് കൈവിരലുകൾ ഉളിയുടെ ഇടയിൽപ്പെട്ട് മുറിഞ്ഞുവീണു. മുറിഞ്ഞു വീണ വിരലുകളെടുത്ത് പെട്ടകശില്‌പിയുടെ പേരും ചേർത്ത് മ്യൂസിയത്തിൽ സൂക്ഷിക്കാനായി വച്ചു. ….. മുറിഞ്ഞ വിരലുകളെ നോക്കി മൃത്യുഞ്ഞ്‌ജയന്റെ പുത്രി നെടുവീർപ്പിട്ടു…….
എല്ലാ പണികളും പൂർത്തിയായി. വർഷത്തിലൊരിക്കൽ പാടാനായി മേയർ പെട്ടകത്തിന്റെ മുകളിൽ കയറി. ഗാനങ്ങൾ ഓരോന്നായി കഴിഞ്ഞു. നഗരം വിട്ടുപോയ പക്ഷികൾ മേയറുടെ തലയ്‌ക്ക് മുകളിൽ വട്ടമിട്ട് പറന്നതല്ലാതെ മൈതാനത്തിലിരുന്നില്ല. ഗാനാലാപനത്തിനു ശേഷം മേയർ അന്ന് ആർക്കും വിത്തുകൾ നൽകിയില്ല. നൽകാൻ വിത്തുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇനി ഒന്നുമില്ലാത്ത കാലമാണ് വരാൻ പോകുന്നതെന്ന സത്യത്തെക്കുറിച്ചാണ് പിന്നീട് മേയർ കറുത്തവരോട് പറഞ്ഞത്. പെട്ടകത്തിലേക്ക് കയറാനുള്ളവരുടെ പേര് വിവരങ്ങൾ മേയർ വായിച്ചു. കറുത്തവർ ഓരോരുത്തരായി തങ്ങളുടെ എല്ലാമെടുത്തുകൊണ്ട് പെട്ടകത്തിനുള്ളിലേക്ക് കയറി.
ഇനി കയറാനുള്ളത് മൃത്യുഞ്ഞ്‌ജനെന്ന ശില്‌പിയും മകളും മേയർ അവരുടെ പേരുകൾ വായിച്ചില്ല, വായിക്കില്ല. മേയർക്കും മൃത്യുഞ്ഞ്‌ജയനും അതറിയാം. കാരണം ആരാണോ ഒരുവൻ ഒന്നു നിർമ്മിക്കുന്നത്- അവൻ പിന്നെ അതിനെ തിരിഞ്ഞു നോക്കരുതെന്നാണ് ശാസ്‌ത്രം പ്രത്യേകിച്ച് ശില്‌പി…………….
ശില്‌പിയുടെ നിയതി മൃത്യുഞ്ഞ്‌ജയൻ പൂർത്തിയാക്കികഴിഞ്ഞിരിക്കുന്നു. അയാൾ മകളുടെ കൈയ്യും പിടിച്ച് മൃഗശാലയുടെ അരികിലൂടെ, ആളൊഴിഞ്ഞ ഭ്രാന്താലയത്തിനരികിലൂടെ, വറ്റിപ്പോയ പുഴ കടന്ന്, ഗേറ്റ് പൂട്ടിയ വൈദ്യുതി ശ്‌മശാനവും കടന്ന് അയാളുടെ വീട്ടിലേക്കുള്ള നഗരത്തിലെ ഊടുവഴികളിലേക്കിറങ്ങി………..
”ഇന്നു രാത്രി പക്ഷിശാപം ഫലിക്കുമല്ലോ അച്ഛാ?“
”ചിലപ്പോൾ“
”പെട്ടകം പിളരുമോ“
”ഇല്ല“
”നമ്മളെ കടലെടുക്കുമോ?“
”എടുക്കും“
”നമ്മളെന്തു ചെയ്യും?“
”കടൽത്തിര വരുന്നതിനുമുമ്പ് നിയെന്നെ കൊല്ലണം. കഴുത്ത് ലാക്കാക്കി ഉളി വീശിയെറിഞ്ഞാൽ മതി. മൃത്യുഞ്ഞ്‌ജയൻ പറഞ്ഞു“
”എന്നെയാരാണ് കൊല്ലുക?“
”നിനക്ക് മരിക്കാറായില്ല, പുത്രിയെ കൊല്ലാൻ അച്ഛന് നിർവ്വാഹമില്ല.“
”അച്ഛനെ കൊല്ലാൻ പുത്രിയ്‌ക്ക് കഴിയുമോ?“
”നമുക്ക് നമ്മളെ കൊല്ലാൻ കഴിയാത്തതുകൊണ്ട് നമ്മളെ കൊല്ലുന്ന തിര വരുന്നതുവരെ കാത്തിരിക്കാം.“ മൃത്യുഞ്ഞ്‌ജയൻ പറഞ്ഞു.
അന്നു രാത്രി തിരുത്തിത്തിരു നഗരത്തെ അപ്പാടെ കടലെടുത്തു. മൃത്യുഞ്ഞ്‌ജയനെ തിരകൾ കടലിലേക്ക് വലിച്ചെടുത്തു. തിരയെ പേടിച്ച് മൃത്യുഞ്ഞ്‌ജയന്റെ മകൾ ഒളിച്ചിരുന്ന മുറിയിൽ മാത്രം തിരകൾ എത്തിയില്ല.
തിരകൾ അടങ്ങി നഗരം നിറയെ ഉപ്പുവെള്ളം. ഒന്നുമില്ലാത്ത ഒരു ഊഷരഭൂമിയായി നഗരം മാറികഴിഞ്ഞിരുന്നു. അങ്ങകലെ തിരകൾക്ക് മീതെ പെട്ടകം ദിശയറിയാതെ ഒഴുകികൊണ്ടേയിരുന്നു. നഗരത്തിലാകട്ടെ മൃത്യുഞ്ഞ്‌ജയന്റെ മകൾ മാത്രം………
കുറെ കാലത്തിനുശേഷം മനുഷ്യവാസമില്ലാത്ത തിരുത്തിത്തിരു നഗരത്തിൽ അണുശക്തികൊണ്ട് ഊർജ്ജമുണ്ടാക്കാനായി ഒരു പ്ലാന്റ് സ്‌ഥാപിക്കാൻ മഹാരാജ്യത്തിന്റെ തലസ്‌ഥാനത്ത് തീരുമാനമുണ്ടായി.
തിരയെടുക്കാതെപോയ ഉളി ഉപയോഗിച്ച് മൃത്യുഞ്ഞ്‌ജയന്റെ മകൾ ഒരു ചെറിയ പെട്ടകമുണ്ടാക്കിയ ശേഷം അതിൽ കയറി ഒളിച്ചിരുന്നു. ഒരിക്കൽ കൂടി തിരകൾ വരുന്നതും കാത്ത്……………
Generated from archived content: story1_jan2_09.html Author: sudheeran_vs
Click this button or press Ctrl+G to toggle between Malayalam and English