1947

1947 ഓഗസ്റ്റ് മാസം 14-ആം തീയതി ഞാന്‍ ജനിച്ചു. അന്നു രാത്രിയാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതും. അച്ഛനും അമ്മയും അക്കാര്യം അറിഞ്ഞിരുന്നില്ല. അവര്‍ എന്റെ വരവിന്റെ തിരക്കിലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ അവര്‍ എനിക്കു ഗാന്ധിജിയെന്നു പേരിട്ടേനെ. അച്ഛനെയും അമ്മയേയും പോലെ എനിക്കും കറുത്ത തൊലിയായിരുന്നു. അതിലവര്‍ അഭിമാനിച്ചു. അച്ഛന്‍ പറഞ്ഞു നമ്മുടെ മകന്‍ 70 വര്‍ഷം ജീവിച്ചിരിക്കും. അത് പറഞ്ഞ അച്ഛനും കേട്ടിരുന്ന അമ്മയും മരിച്ചു പോയി. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാത്രി തന്നെ അവര്‍ മരിച്ചു പോയി. അച്ഛന്‍ മാവായി മാറി. അമ്മ പൊക്കമുള്ള മഞ്ചാടി മരമായി മാറി. അച്ഛന്‍ എനിക്കു കഴിക്കാന്‍ മാമ്പഴം തന്നു. അമ്മ എനിക്കു കളിക്കാന്‍ മഞ്ചാടിക്കുരുക്കളും തരുന്നു. അവരുടെ കണക്ക് പ്രകാരം എനിക്കിനി രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. കാഴ്ചകള്‍ക്ക് ഇപ്പോള്‍‍ നല്ല മങ്ങലുണ്ട്.

Generated from archived content: story1_jan25_16.html Author: sudheeran_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here