മെഴുകുതിരികൾ

നാല്‌ മെഴുകുതിരികളും കത്തുകയാണ്‌

നാല്‌ മെഴുകുതിരികളും ഉരുകുകയാണ്‌

നാല്‌ മെഴുകുതിരികളുടെ ചുറ്റും

ഇരുട്ടാണ്‌……..

ഒന്നാമത്തെ മെഴുകുതിരി പറഞ്ഞു

എനിക്കിനി ഉരുകിത്തീരാൻ വയ്യ

ഞാൻ ആർക്കുവേണ്ടിയാണോ ഉരുകിത്തീരുന്നത്‌

അവർ എന്നെ നിഷേധിക്കുന്നു

ഒന്നാമത്തെ മെഴുകുതിരിയുടെ പേര്‌

‘സമാധാനം’ എന്നായിരുന്നു

‘സഹനം’ എന്നു പേരുള്ള രണ്ടാമത്തെ

മെഴുകുതിരി പറഞ്ഞതും

കെട്ടുപോകുന്നതിനെ കുറിച്ചു തന്നെ

കാരണം ആർക്കും ആരേയും സഹിക്കാനാവുന്നില്ല

‘സ്‌നേഹം’ എന്നു പേരുള്ള മൂന്നാമത്തെ

മെഴുകുതിരി പറഞ്ഞതും

മരണത്തെക്കുറിച്ച്‌ തന്നെയായിരുന്നു

കാരണം സ്‌നേഹം എന്ന വാക്ക്‌

ഇപ്പോൾ അധികപ്പറ്റാണ്‌

പെട്ടെന്ന്‌ മൂന്ന്‌ മെഴുകുതിരികളും

അണഞ്ഞുപോയി……….

വിളക്കുകൾ അണയുന്നത്‌ കണ്ടുകൊണ്ടാണ്‌

രണ്ട്‌ കുഞ്ഞുങ്ങൾ

അകത്തേക്ക്‌ കയറി വന്നത്‌

അവർ കരയാൻ തുടങ്ങി

അപ്പോൾ നാലാമത്തെ മെഴുകുതിരി പറഞ്ഞുഃ

കരയണ്ട നിങ്ങൾ, ഞാനിനിയും അണഞ്ഞുപോയിട്ടില്ല

എന്നിൽ നിന്നും അവർ മൂവർക്കും വെളിച്ചം നൽകാം

നാലാമത്തെ മെഴുകുതിരി പ്രതീക്ഷയുടേതായിരുന്നു….

അനന്തരം

കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തി

അവരുടെ മുഖങ്ങളിൽ പ്രകാശം പരന്നു.

Generated from archived content: poem3_mar29_11.html Author: sudheeran_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here