അർത്ഥശാസ്‌ത്രങ്ങൾ

നേരിന്റെ ഞരമ്പുകൾ പൊട്ടി

നേത്രങ്ങളെല്ലാം നിറഞ്ഞൊഴുകി

നേത്രാവതിയും തുടുത്തുപൊന്തി

ഒരു വരം തന്നാൽ ശിരസ്സു പൊന്തും

ശിരസ്സിൽ തണുത്തൊരു വര വരച്ച്‌

വരമെല്ലാം വാരി വലിച്ചെടുത്ത്‌

ഒരു വിരൽത്തുമ്പാൽ തുടച്ചെടുത്ത്‌

തുടിപെറ്റ പെണ്ണിനെ തുറിച്ചു നോക്കി

കൊടിയടയാളങ്ങൾ ഇടയ്‌ക്കു നോക്കി

നോവിലെയാകാശം അറുത്തെടുത്ത്‌

കിഴക്കിന്റെ വെള്ളിയ്‌ക്ക്‌ തിരിയെടുത്ത്‌

ശ്രീസന്ധ്യ നേരത്ത്‌ വിത്ത്‌ നട്ട്‌

ഉച്ചാടനക്കോഴികൾ നീട്ടിക്കൂവി

കഴുത്തറിത്തിലയിൽ നിരത്തിവച്ചു

ഉടലിനെ വേവിച്ചുലർത്തി വച്ചു

ഉയിരിന്റെ പ്രണയത്തെയറുത്തെറിഞ്ഞ്‌

ഉടവാൾത്തലകൾ ജ്വലിച്ചു നിന്നു

ഉന്മാദ ശബ്‌ദങ്ങൾ ഉയർന്നുപൊന്തി

ജാതിയും ഭൂമിയും തിരിഞ്ഞുനോക്കി

കഥയില്ലാകാര്യത്തിൽ കാടലഞ്ഞു

കാടിന്റെ കന്യക സ്വയമലഞ്ഞു

ആയിരം തിരകൾ സാക്ഷിചൊല്ലി

അവതാരരൂപങ്ങൾ കണക്കെടുത്തു

കലിയുടെ കഥയിൽ രാമ ദുഃഖം

രാമന്റെ നെഞ്ചിൽ സീത ദുഃഖം

വേടന്റെയമ്പേറ്റു കരയുന്ന കൃഷ്‌ണൻ

ഉപദേശസത്യങ്ങൾ തിരിച്ചെടുത്തു

പിന്നിൽ നടക്കുന്ന നായ സത്യം

മുന്നിൽ നടക്കുന്നു ധർമ്മപുത്രർ

ധർമ്മം തിരയുന്ന വാമനൻ ഞാൻ

കർമ്മം തിരയുന്ന അർജ്ജുനൻ ഞാൻ

മുങ്ങിയൊളിക്കുന്ന മത്‌സ്യവും ഞാൻ

പിന്നെ ചമയ്‌ക്കുന്നു കാണ്ഡങ്ങളായിരം

ആർക്കും വേണ്ടാത്ത അർത്ഥശാസ്‌ത്രങ്ങൾ!

Generated from archived content: poem1_nov5_09.html Author: sudheeran_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here