രണ്ട് കവിതകള്‍

തിരിച്ചു പോകാനുള്ളവരുടെ ഒരുക്കങ്ങള്‍
————————————–

ഞാനവിടേക്ക് ചെല്ലുമ്പോള്‍
അവരെല്ലാം തിരിച്ചു പോകാനൊരുങ്ങുകയായിരുന്നു
ഒരുങ്ങുക എന്നു പറഞ്ഞാല്‍
അണിഞ്ഞൊരുങ്ങുക എന്നല്ല
അതെന്തെന്നാല്‍ അണിഞ്ഞൊരുങ്ങാന്‍
അവര്‍ക്ക് ആഭരണങ്ങളോ വില കൂടിയ
വസ്ത്രങ്ങളും ഇല്ലായിരുന്നു
അവരും വിലകുറഞ്ഞവരായിരുന്നു
അവരുടെ വില അവര്‍ക്ക്
നിശ്ചയിച്ചു നല്‍കിയത് ശിഖണ്ഡികളായിരുന്നു
ഇവിടത്തെ ശിഖണ്ഡികള്‍ നപുംസകങ്ങളല്ല
അവര്‍ സംസാരിക്കില്ല, പ്രവര്‍ത്തിക്കികയേയുള്ളൂ
പ്രവൃത്തികളാകട്ടെ മുട്ടുകാലില്‍ നിന്നു കൊണ്ടുള്ളതും
അവരുടെ മുട്ടുകള്‍ മുഴച്ചതും മിനുപ്പുള്ളതുമാകുന്നു
അവര്‍ കരയാറില്ല, ചിരിക്കാറില്ല
ചിന്തിക്കുകയും ചുംബിക്കുകയും ചെയ്യും
അതു കൊണ്ടാണവര്‍ എല്ലാം കളഞ്ഞിട്ട്
തിരിച്ചു പോകാനൊരുങ്ങുന്നത്
ഇനിയൊരു തിരിച്ചു വരവ്
ഉണ്ടാകണമെന്നില്ല.

ഇത്തിരി നേരം
—————

ഒന്നുമില്ലാത്തതായ് പോയ് ജീവിതം
ഒരു നിമിഷമാണായുസ്സും ജീവിതവും
ചിരിക്കാന്‍ പറ്റുന്നില്ല കരയാനും
പറ്റുന്നില്ല കവിതയോ വന്നിട്ട്
കാലമായി; കരഞ്ഞു ചിരിച്ചും
കാലം കുതിക്കുന്നു ചിലപ്പോള്‍
മുന്നിലേക്കും ചിലപ്പോള്‍ പിന്നിലേക്കും
പടരുന്നു മേഘങ്ങള്‍
നിറയെ നിറയുന്നു വീടിന്റെ
മുറ്റത്തും അകലത്തെ തോപ്പിലും
ചെന്തെങ്ങിന്‍ മുകളിലും മല-
മടിയിലും മഞ്ഞമുടിപ്പുരകളിലും
നിറയുന്നു മേഘത്തിന്‍ തുള്ളികള്‍
ഭൂമിയില്‍ നിന്നും എന്നോ
ഊറ്റിയ ഓഷ്മള ബിന്ദുക്കള്‍
തിരികെ തരുന്നു; കൂട്ടിവയ്ക്കുന്നി-
ല്ലയെന്നും, മേഘത്തിനുമറിയാം
ജീവിതം ഇത്തിരി മാത്രം, അത്ര
ദൂരം നടക്കുവാന്‍ എത്ര നേരം
എത്രമാത്രയതില്‍ പ്രതി സ്പന്ദനം
നഷ്ടം നികത്തുവാന്‍ ഇന്നെനിക്കാ
വില്ല, ഇല്ലാത്ത നഷ്ടം പറയുവാനും….

ഒന്നും പറയാനെനിക്കാവതില്ല
ഒന്നുമേ പറയാനും ബാക്കിയില്ല
പോട്ടെ, ഞാനിനി, നേരമൊത്തിരി
ഞാനിവിടെ നിന്നതല്ലേ……

Generated from archived content: poem1_april5_16.html Author: sudheeran_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here