ചോര

അപ്പ ഇനി ചിരിക്കില്ല. അപ്പ ഇതിനകം ഒരുപാട്‌ ചിരിച്ചു. ഓരോ ചിരിയും അപ്പ ചാരിയിരിക്കുന്ന മരക്കൊമ്പിനെതിരായ കരിങ്കൽ കുന്നുകളിൽ പെരിങ്കല്ലുലച്ചു വീഴുന്നതുപോലെ പ്രതിധ്വനിച്ചു.

അപ്പ ക്ഷൗരം നിർത്തി.

നാട്ടുകാർക്കൊക്കെ മുടിയും താടിയും വൃത്തിയാക്കിക്കൊടുക്കുന്ന അപ്പയുടെ ക്ഷൗരക്കത്തി ആളുകയറാക്കുന്നിലേക്ക്‌ വലിച്ചെറിഞ്ഞു.

ആ കത്തി ചെന്നു തട്ടിയത്‌ ഒരു ഇലയിലായിരുന്നു. ഇലയുടെ അറ്റത്ത്‌ ഒരു പൂവിന്റെ പൊടിപ്പുണ്ടായിരുന്നു. ഏറിന്റെ ആഘാതമേറ്റിട്ടാകണം ആ ഇലയും പൊടിപ്പും അടർന്നു താഴെ വീണു.

പൊടിപ്പ്‌ പൊട്ടിക്കാണും. പൊടിപ്പിൽ നിന്ന്‌ ചോരയൊലിച്ചിരിക്കും. അപ്പ ആരെയും നോക്കാതെ നടക്കുകയാണ്‌. യക്ഷിത്തറയിലേക്കായിരിക്കും. അവിടെ ഇളകിപ്പറിഞ്ഞു കിടക്കുന്ന കരിങ്കൽക്കൂട്ടത്തിലൊന്നിൽ അപ്പ ദുഃഖം വരുമ്പോൾ വന്നിരിക്കാറുണ്ട്‌. അപ്പയുടെ തലയ്‌ക്കു മുകളിൽ അരയാൽ ഇലകൾ പൊഴിക്കുകയും തണൽ വിരിയിക്കുകയും ചെയ്യും.

ചുക്കിച്ചുളിഞ്ഞ അരയാൽ വേരുകളിൽ നീറുകൾ വരിവച്ചു പോകുന്നത്‌ അപ്പ ശ്രദ്ധിച്ചില്ല.

കാവിലെ യക്ഷിയമ്മയ്‌ക്ക്‌ ഇന്നലെ ആരോ വിളക്ക്‌ വച്ചിരിക്കുന്നു. കരിന്തിരിയും, കരിപിടിച്ച എണ്ണയും വിളക്കുകല്ലിൽ കിടക്കുന്നു. നേരം കൊറച്ചൂടി വെളുക്കുമ്പം കാക്കകൾ വന്ന്‌ കരിന്തിരി കൊത്തിക്കൊണ്ട്‌ പോവും.

അപ്പ ആരോടും സംസാരിക്കാതായിട്ട്‌ ദിവസം രണ്ടായി. അപ്പയുടെ ഭാര്യ മരിച്ചിട്ട്‌ പതിനെട്ട്‌ വർഷമായി. മരിച്ചതിനുശേഷം ഓരോ വർഷവും ഓരോ അമാവാസി രാത്രിയിലും അവൾ അപ്പയെ കാണാൻ വരും. അഴിച്ചിട്ട മുടിയും ചുവന്ന പല്ലുകളും കാട്ടി അവൾ ചിരിക്കുമ്പോൾ അപ്പയും പൊട്ടി ചിരിക്കും.

അവളുടെ പകുതി കറുത്ത കൈകൊണ്ട്‌ അപ്പയുടെ നെറ്റി തടവും. പകുതി കൈ നല്ല വെളുപ്പാണ്‌. വലതു കൈയ്യിൽ കൈമുട്ടുവരെ കറുപ്പ്‌. ഇടതു കൈയ്യിൽ മുട്ടറ്റം വെളുപ്പ്‌. ബാക്കി കറുപ്പ്‌.

അപ്പ കണ്ണടച്ചു കിടന്നു ചിരിച്ചു.

“പോടീ.. ഇക്കിളിയിടാതെ..”

“അപ്പ.. അപ്പ.. അപ്പക്കെന്തുപ്പറ്റി.” ഇരുട്ടത്ത്‌ അപ്പയുടെ ശബ്‌ദം കേട്ട്‌ ഉറക്കം വരാതെ കിടന്ന മകൾ വൈദേഹിയാണ്‌ ചോദിച്ചത്‌.

“നെന്റെ അമ്മ… എന്നെ കളിപ്പിക്കണ്‌..”

“എന്നിട്ടെവിടെ ഞാൻ കണ്ടില്ലല്ലോ.”

“അതിന്‌ അവളെ നെനക്കറിയോ… ചോരയോടെ നെന്നെയെനിക്ക്‌ തന്നിട്ടല്ലേ അവള്‌ കുളത്തില്‌ പോയത്‌…”

യക്ഷിക്കാവിൽ ഗുരുതി തർപ്പണം നടക്കുന്നു. നാല്‌ കരക്കാരും കൂടീട്ടൊണ്ട്‌. കറന്റില്ലാത്തോണ്ട്‌ കാവിനു ചുറ്റും പന്തം കത്തിച്ചു വച്ചിട്ടുണ്ട്‌. കരിമനും തങ്കുവും പന്തങ്ങളിൽ ഇടയ്‌ക്കിടെ എണ്ണ വീഴിക്കുന്നു. വർഷത്തിലൊരിക്കലാണ്‌ യക്ഷിക്കാവിലെ ഗുരുതി. ഗ്രാമത്തിലെ എല്ലാ കളളത്തരങ്ങളും യക്ഷിയമ്മ അന്ന്‌ വിളിച്ചു പറയും.

പറയുന്നതെല്ലാം സത്യമാണ്‌.

ആരെങ്കിലും അത്‌ നിഷേധിച്ചാൽ തൊണ്ണൂറ്‌ മണിക്കൂറുകൾക്കുളളിൽ അയാൾക്ക്‌ കരിഞ്ചപ്പട്ട.

റേഷൻകട മുതലാളി ഇരുട്ടത്ത്‌ അമ്മിണിയുടെ തലമുടിയിൽ പിടിച്ചത്‌ യക്ഷിയറിഞ്ഞപ്പോൾ അയാൾ നിഷേധിച്ചു.

ദാണ്ടെ കിടക്കുന്നു മുഖം നിറയെ പുഴുക്കുത്തുകളുമായി മുതലാളി. എല്ലാവർക്കും യക്ഷിയമ്മയെ വിശ്വാസമാണ്‌.

അപ്പ യക്ഷിക്കാവിനെ വലംവച്ചു. അപ്പുറത്തെ കുളത്തിൽനിന്ന്‌ ദാക്ഷായണി ഒന്നരയുടുത്തോണ്ട്‌ ഒന്നു മുങ്ങിക്കയറി. രണ്ടുമൂന്ന്‌ വർഷം മുമ്പ്‌ ഇതേ ഒന്നരയും ഉടുത്തോണ്ട്‌ ദാക്ഷായണി മുങ്ങിക്കുളിക്കാനിറങ്ങിയിരുന്നു. അപ്പയുടെ കണ്ണിൽ സൂര്യന്റെ മഞ്ഞനിറം കുളത്തിലെ വെളളത്തിലെ നീലയിൽ കണ്ടു.

വൈദേഹിക്ക്‌ നീല ഭയങ്കര ഇഷ്‌ടമാണ്‌. നീല നിറത്തിലുളള എന്തും അവൾ വാങ്ങും. നീലവള, നീലപ്പൊട്ട്‌, നീല സാരി, നീല ബ്ലൗസ്‌. അപ്പ അതൊക്കെ വാങ്ങിക്കൊടുക്കുകയും ചെയ്യും.

അപ്പ കുളത്തിന്റെ അരികിലെത്തി. കുളത്തിന്റെ മുക്കാൽ ഭാഗവും പായലാണ്‌. പായലിനടിയിൽ ഇഷ്‌ടംപോലെ മാക്രികളും മീനുകളും ഞണ്ടുകളും നീർക്കോലികളും. കുളത്തിന്റെ അടിയിൽ നീർക്കോലികളുടെ തലകൾ മാത്രം കൊണ്ടുളള ഒരു കുന്ന്‌ കഴിഞ്ഞ തവണ കുളം വറ്റിച്ചപ്പോ അപ്പ കണ്ടതാണ്‌. യക്ഷിയമ്മയുടെ നീർക്കോലികളാണവ. അന്ന്‌ യക്ഷിയമ്മ പറഞ്ഞത്‌ തന്നെ ആരൊക്കെയോ വേദനിപ്പിക്കുകയാണെന്നാണ്‌. പ്രശ്‌നം വച്ചപ്പോൾ പാച്ചുമൂത്തത്‌ യക്ഷിയെ തളയ്‌ക്കാൻ നീർക്കോലികളിൽ പ്രയോഗം നടത്തിയതാണെന്നു തെളിഞ്ഞു.

ഒരു ദിവസം രാത്രി പാച്ചുമൂത്തത്‌ കുളക്കരയിലൂടെ നടക്കുമ്പോൾ കാൽതെറ്റി പായലിൽ വീഴുകയും നീർക്കോലികൾ അയാളുടെ കാലുകളെ വലിച്ചുകൊണ്ട്‌ താഴേക്ക്‌ പോയെന്നും ശരീരം മുഴുവൻ നീർക്കോലികൾ കൊത്തി ചോരയെ കുളത്തിലെ പച്ചവെളളത്തിൽ കലക്കിയെന്നും….

പിറ്റേന്ന്‌ വെളളത്തിനുമീതെ തലയില്ലാത്ത പാച്ചുമൂത്തതിന്റെ ശവശരീരം നൂറുക്കണക്കിന്‌ തുളകളോടെ കുളത്തിന്റെ മദ്ധ്യത്തായി പൊന്തിവന്നു. ചുറ്റും നീർക്കോലികൾ ഒരു വലപോലെ വെളളത്തിൽ നിരന്നു കിടന്നു.

അതിനുശേഷം കുളം ഇറച്ചിട്ടില്ല. ആരും കുളത്തിൽ കുളിക്കാറുമില്ല. ഗുരുതിക്ക്‌ നട തുറക്കുമ്പം പൂജാരി മാത്രം കുളിക്കും.

കുറേ നീലപൂക്കൾ അന്ന്‌ അപ്പ വൈദേഹിക്കു കൊണ്ടുവന്നു കൊടുത്തു. അവൾ അതുവരെ അനുഭവിക്കാത്ത ഒരു സുഖം ആ പൂക്കളിൽ അവൾ കണ്ടെത്തി.

അപ്പയുടെ മനസ്സൊന്ന്‌ ഇടറി.

തളളയില്ലാത്ത കൊച്ച്‌. വയസ്സിത്രയും ആയി. അവളാ പുക്കൾ പനങ്കുലപോലത്തെ മുടിയിൽ ചൂടി. കറുകറുത്ത അവളുടെ മുടിയിൽ നീലനിറം ആരേയും ആകർഷിച്ചില്ല.

അപ്പ വിളക്കൂതിക്കെടുത്തി. അന്നത്തെ അമാവാസിയിൽ അയാളുടെ ഭാര്യ വന്നില്ല. ചൊമന്ന പല്ലിലെ രക്തക്കറ അയാൾക്ക്‌ കാണാൻ സാധിച്ചില്ല.

കത്തിക്ക്‌ തേയ്‌മാനം പറ്റിയിരിക്കുന്നു. പുതിയൊരു ക്ഷൗരക്കത്തി വാങ്ങണം. അന്നു വൈകുന്നേരം അയാൾ വീട്ടിലെത്തിയത്‌ പുതിയൊരു ക്ഷൗരകത്തിയുമായായിരുന്നു.

മിന്നലുപോലെ അതിന്റെ തലപ്പ്‌ തിളങ്ങി. ഒന്നു തൊട്ടാൽ മതി ചോര പൊടിയും. നാളെയൊരു മുണ്ഡനമുണ്ട്‌.

മരിക്കാൻ കിടക്കുന്ന മാതവിത്തളളയുടെ മുടി മൊട്ടയടിക്കണം. രണ്ടോ നാലോ മുടി കാണും. കെളവിയ്‌ക്ക്‌ ഓർമ്മയൊക്കെ പോയി. ചോരയൊലിപ്പിക്കാതെ നോക്കണം.

അവസാനത്തെ മുടിയും വടിച്ചെടുത്ത്‌ അയാൾ തന്റെ താടിയിൽ പറ്റിയിരുന്ന വിയർപ്പുകണങ്ങളെ ചൂണ്ടുവിരൽ കൊണ്ടു വടിച്ചു കളഞ്ഞു. എങ്ങനെയിരുന്ന സ്‌ത്രീയാ. നീണ്ട പനങ്കുല പോലത്തെ മുടിയല്ലേ. എന്നിട്ടിപ്പോ എന്തേ?

കിട്ടിയ രണ്ടു രൂപയുമായി അപ്പ ചന്തയിൽ ചെന്നു. അന്നും കുറേ നീലപ്പൂവ്‌ വൈദേഹിക്കായി വാങ്ങി. നീലപ്പൂ കൊടുത്തയാൾ അപ്പയെ സൂക്ഷിച്ചു നോക്കി.

വൈകിട്ട്‌ വാടിയ നീലപൂക്കളുമായി അപ്പ വൈദേഹിയുടെ അടുത്തെത്തി.

“ഇന്നത്തെ പൂ വാടിപ്പോയ്‌ മോളേ..”

‘കൊഴപ്പമില്ല.“

”എന്നാ ഇന്നാ.“

അവൾ പൂ വാങ്ങി അകത്തു കൊണ്ടുപോയി. അന്നുരാത്രി അവൾ തലയിൽ ആ പൂ ചൂടി. ഇന്നലെ കിട്ടിയ പൂവിനേക്കാൾ ചെറിയൊരു മണമുണ്ട്‌.

അപ്പ ആ ഗന്ധം ശ്രദ്ധിച്ചു. അയാൾ അടുത്ത അമാവാസി എന്നായിരിക്കുമെന്നാലോചിച്ച്‌ തിരിഞ്ഞ്‌ കിടന്നു.

പൂവിന്റെ ഗന്ധം ചെറുതായി ചെറുതായി കൂടി വരുന്നു. അത്‌ അവളുടെ തലമുടി വിട്ട്‌, പായ വിട്ട്‌, മുറി നിറയെ നിറയുന്നു. താക്കോൽപഴുതിലൂടെ അത്‌ പുറത്തേക്ക്‌ നീളുന്നു.

അപ്പ വീണ്ടും തിരിഞ്ഞു കിടന്നു.

വൈദേഹി പുറംതിരിഞ്ഞ്‌ കിടക്കയാണ്‌. അവളുടെ ചന്തിയോളം പടർന്നു കിടക്കുന്ന തലമുടിയിൽ വാടിയ നീലപൂക്കളിൽ നിന്ന്‌ ചോരയൊലിക്കുന്നത്‌ കണ്ട്‌ അയാൾ ചാടിയെണീറ്റു.

അപ്പയുടെ വിളികേട്ട്‌ വൈദേഹിയും പിടഞ്ഞെണീറ്റു.

അവളുടെ തലമുടിയിൽനിന്ന്‌ അയാൾ നീലപൂക്കൾ വലിച്ചെടുത്ത്‌ പുറത്തേക്കെറിഞ്ഞു. മുറിയിൽ നിറഞ്ഞുനിന്ന ഗന്ധം ഉടൻ മറഞ്ഞു. രാത്രിയിലെ ഉഷ്‌ണക്കാറ്റ്‌ ജനലിലൂടെ അരിച്ചു കടന്നു. കാറ്റിന്‌ മുക്കുവക്കുടിലുകളിലെ ഗന്ധം ഉണ്ടായിരുന്നു.

അപ്പ ഒരു തെറ്റും ചെയ്‌തില്ല. അപ്പയുടെ ചുണ്ടിൽ ഒരീച്ച വന്നിരുന്നു. അല്പനേരം അപ്പയും അറിഞ്ഞില്ല. അത്‌ അതിന്റെ മുൻകാലുകൾ കൊണ്ട്‌ ചുണ്ടിലുരസിയപ്പോൾ അപ്പ തട്ടിമാറ്റി. അത്‌ പറന്നുപോയി തറയിൽ ചെന്നിരുന്നു. ചെന്നിരുന്നിടത്ത്‌ അപ്പയുടെ കഫക്കെട്ടുണ്ടായിരുന്നു.

ഇന്ന്‌ കടയിലാരും വന്നിട്ടില്ല. രാവിലെ മുതൽ കുത്തിയിരിക്കുന്നു. വൈദേഹിക്ക്‌ വൈകുന്നേരം എന്തെങ്കിലും വാങ്ങിക്കൊണ്ട്‌ പോകണം. നീട്ടി വളർത്തിയ താടിക്കാരൻ വന്നു കയറി. അയാളുടെ താടി വടിക്കുമ്പോൾ താടിക്കുളളിൽ ഉറുമ്പുകൾ അരിക്കുന്നുണ്ടായിരുന്നു. തന്റെ പുതിയ കത്തി തേച്ചുമിനുക്കി അപ്പ താടി വടിക്കാൻ തുടങ്ങി.

ചോര!

പുറ്റുപിടിച്ചിരിക്കുന്ന കട്ടത്താടിയിൽനിന്നും ചോരയൊഴുകുന്നു. തന്റെ കത്തികൊണ്ട്‌ മുറിഞ്ഞതാണോ? അല്ല.. അപ്പയുടെ കൈകൾ വിറക്കാൻ തുടങ്ങി.

”അപ്പയെന്തിനാ നോക്കി നിക്കണത്‌. എനിക്കിത്തിരി ധൃതിയുണ്ട്‌.“

അപ്പ ഒന്നും പറഞ്ഞില്ല.

”ദ്‌ എന്തര്‌ കൂത്താണപ്പ. അപ്പയ്‌ക്ക്‌ വയ്യെങ്കി പറയിൻ.“ വിറച്ച്‌ വിറച്ച്‌ അപ്പ താടി വടിക്കാൻ തുടങ്ങി.

ചോര! ചോര! സർവ്വത്ര ചോര! താടി മുഴുവൻ മുറിഞ്ഞു. അയാളുടുത്തിരുന്ന വെളള മുണ്ടു മുഴുവൻ ചോര!

”ഇതാ അപ്പ അഞ്ച്‌ രൂപേണ്ട്‌.“

അപ്പ അനങ്ങാതെ നിൽക്കയാണ്‌. അയാളുടെ മുഖത്തെ ചോര… അതിപ്പോ റോഡിൽ വീഴും.

നീലപ്പൂ വച്ചു നീട്ടിയ ആൾ അപ്പയെ ഒരിക്കൽകൂടി സൂക്ഷിച്ചു നോക്കി. വൈദേഹി അന്നും പൂ ചൂടി തന്നെ കിടന്നു. അപ്പ പകലിലെ സംഭവങ്ങൾ ഓർത്തു കിടന്നു. അറിയാതെ വശം തിരിഞ്ഞു കിടക്കുന്ന മകളുടെ മുടിയിലെ പൂവിലേക്ക്‌ നോക്കി… അതേ ചോരയൊലിക്കുന്നു!

”മോളേ..“ ഒരലർച്ചയായിരുന്നു.

അവൾ പിടഞ്ഞെണീറ്റു.

അയാൾ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. ഓലക്കീറുകൾക്കിടയിലിരുന്ന്‌ ഒരു ഗൗളി മൂന്നു പ്രാവശ്യം ശബ്‌ദിച്ചതായിരുന്നു അവിടത്തെ നിശ്ശബ്‌ദതയിലെ ഇടവേള. വലകെട്ടി പകുതിയാകും മുമ്പേ ഒരു പ്രാണി വീണതു കണ്ട്‌ സന്തോഷത്തോടെ വേഗത്തിൽ വലകെട്ടുകയാണ്‌ ചിലന്തി.

”അപ്പയ്‌ക്കെന്താ പറ്റീത്‌.“

അപ്പ ഒന്നും മിണ്ടിയില്ല. കണ്ണടച്ചു. പുതപ്പ്‌ തലവഴി മൂടി കമിഴ്‌ന്നു കിടന്നു.

വൈദേഹി പൂവിലേക്ക്‌ നോക്കി. സുഗന്ധം കൂടിക്കൂടി വരുന്നു. അത്‌ അവിടെ മുഴുവൻ പരന്നു. പുറത്തേക്കും പരന്നു. പുറത്ത്‌ പൂർണ്ണചന്ദ്രൻ ഇനി പതിനാല്‌ ദിവസം-അമാവാസി വരാൻ.

പിറ്റേന്ന്‌ അപ്പ കട തുറന്നില്ല. അന്നാരും കട തുറന്നില്ല. വലിയ കാവിലെ പൂരവും യക്ഷിയമ്മയ്‌ക്ക്‌ ഗുരുതിയും. വലിയ ചൂട്ടുകെട്ടുകളുമായി ആളുകൾ യക്ഷിക്കാവിലെത്തി. പന്തങ്ങൾ കൊളുത്തി. കരിമനും തങ്കുവും എണ്ണ വീഴ്‌ത്തി. യക്ഷിത്തോറ്റം അയ്യരാശാൻ പാടി. ഏറ്റു പാടാൻ ചിരുതയും നാണുവുമുണ്ടായിരുന്നു.

വിളക്കുകാലുകളിൽ വിളക്ക്‌ തെളിഞ്ഞു. വലിയ കാവിൽ ചെണ്ട മേളത്തിന്റെ അലയൊലികൾ കേൾക്കുന്നു. പൂരം തുടങ്ങീട്ടുണ്ടാവും. അപ്പ വലിയകാവിൽ ചെന്ന്‌ ചെണ്ടമേളം കണ്ടു. ചേങ്ങിലക്കാരനെ അയാൾ സൂക്ഷിച്ചുനോക്കി. എല്ലാം മറന്ന്‌ അയാൾ ചേങ്ങിലയടിക്കുകയാണ്‌. ചെണ്ടക്കാരനും ഉറഞ്ഞുനിന്ന്‌ ചെണ്ടയടിക്കുന്നു. ചെവിയിൽ പമ്പരം കറക്കും പോലത്തെ ചെണ്ട ശബ്‌ദം അപ്പയ്‌ക്ക്‌ ഹരമാണ്‌. അയാളും ചെണ്ടയുടെ താളത്തിനൊത്ത്‌ തുളളാൻ തുടങ്ങി.

വീട്ടിൽ വൈദേഹി നീലപ്പൂ ചൂടി അച്ഛനേയും കാത്തിരുന്നു.

ചെണ്ടമേളം മുറുകി. ചേങ്ങിലക്കാരന്റെ ചേങ്ങിലയിൽ നിന്നും ചോര!

അപ്പ ഞെട്ടി പുറകോട്ട്‌ മാറി.

”ചോര“ അപ്പ അലറി.

ചെണ്ടമേളത്തിനിടയിൽ അപ്പയുടെ ശബ്‌ദം മുറിഞ്ഞുപോയി. ചേങ്ങിലക്കാരൻ ഉന്മാദത്തോടെ ചേങ്ങിലയടിക്കുകയാണ്‌.

ചേങ്ങിലയിൽ നിന്നും ചോരയൊഴുകുന്നു. അത്‌ ഓരോ അടിയിലും ചെണ്ടയിലേക്കും മദ്ദളത്തിലേക്കും തെറിച്ചു വീഴുന്നു. അത്‌ തറയിൽ വീണ്‌ പരക്കാൻ തുടങ്ങി.

അപ്പയുടെ പെരുവിരലിൽ ചോരയുടെ ഒരു ചാലെത്തി.

അയാൾ വീണ്ടും വിളിച്ചുകൂവി.

”ചോര“

ആളുകൾ ചെണ്ടയുടെ താളത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു.

”അപ്പ വേഗം വാ, യക്ഷിയമ്മ തുളളണ്‌, നെന്നെക്കുറിച്ച്‌ പറയണ്‌.“

ചിപ്പന്റെ ശബ്‌ദം കേട്ട്‌ അപ്പ ഒന്നുകൂടി ഞെട്ടി.

”നോക്ക്‌ ചിപ്പാ ചോര.“

”എവിടെ?“

”ആ ചേങ്ങിലയിൽ.“

ചിപ്പൻ നോക്കിയിട്ട്‌ ഒന്നും കണ്ടില്ല.

”വാ അപ്പാ യക്ഷിയമ്മന്‌ നിന്നെ കാണണമെന്ന്‌.“ അപ്പയെ പിടിച്ചുവലിച്ചു കൊണ്ട്‌ ചിപ്പൻ നടന്നു. അപ്പ അപ്പോഴും ചോര പടരുന്നത്‌ നോക്കി തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.

”അപ്പ നിന്റെ ക്ഷൗരക്കത്തിയിൽ ചോര പൊടിയണം.“ യക്ഷിയമ്മ ഉറഞ്ഞു തുളളുകയാണ്‌.

”നീ നീലപുഷ്‌പം വാങ്ങിയല്ലേ! ഹും… ഹും…“

”നീ ചേങ്ങിലയിൽ സൂക്ഷിച്ചു നോക്കിയല്ലേ…“

”നീ പെഴച്ചിരിക്കുന്നു. അപ്പാ… നീ പെഴയാണ്‌…. അപ്പാ നീ യക്ഷിയമ്മന്‌ കോപം വരുത്തിയിരിക്കുന്നു. നാളെ രാവിലെ പ്രായശ്ചിത്തം ചെയ്‌തില്ലെങ്കി നിനക്ക്‌ കരിഞ്ചപ്പട്ട….“

കേട്ടവർ ഞെട്ടി.

അപ്പ തളർന്നു വീണു. അയാളപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

”ചോര“

അപ്പയുടെ നെറ്റിയിൽ യക്ഷിയമ്മ തടവി. അപ്പ ചാടിയെണീറ്റു.

”അപ്പ നാളെത്തന്നെ പ്രായശ്ചിത്തം ചെയ്യണം.“ ആളുകളെല്ലാം തലകുലുക്കി സമ്മതിച്ചു.

”എന്ത്‌ പ്രായശ്ചിത്തം.“ കൂട്ടത്തിൽ ആരോ ഒരാളുടെ ശബ്‌ദം പതിയെ കേട്ടു.

”നീലപ്പൂവിലെ രക്തത്തെ മാറ്റണം. അത്‌ ചേങ്ങിലയിൽ തൊടരുത്‌… തൊട്ടാൽ…“

നീണ്ട കറുത്ത മുടിയിൽ വൈദേഹി അന്നും നീലപ്പൂ ചൂടി യക്ഷിയമ്മൻ തറയിലിരുന്നു. കുളിച്ച്‌ ഈറനോടെയായിരുന്നു വൈദേഹി ഇരുന്നിരുന്നത്‌. അവളുടെ കണ്ണുകളിൽ നീല കലർന്നിരുന്നു. അവൾ തറയിലേക്ക്‌ തന്നെ തുറിച്ച്‌ നോക്കിയിരുന്നു. ചുട്ടു പഴുക്കാൻ പോകുന്ന മണൽത്തരികൾ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ചേർന്ന്‌ കിടക്കുന്നു.

അവളുടെ നീലപൂക്കൾ അവിടം മുഴുവൻ സുഗന്ധം പരത്താൻ തുടങ്ങി. അപ്പ കണ്ണടച്ചു. അപ്പയുടെ കണ്ണിനുളളിൽ ചോരപ്പല്ലുകളുമായി ഒരു രൂപം…. ഇന്ന്‌ അമാവാസിയല്ലല്ലോ…

ആളുകൾ അപ്പയെ തുറിച്ച്‌ നോക്കാൻ തുടങ്ങി. അവരുടെ കണ്ണുകൾ അപ്പയുടെ പാപ പ്രായശ്ചിത്തം കാണുവാൻ വെമ്പി. തലേന്നത്തെ ചെണ്ടമേളം ഇപ്പോഴും തുടരുകയാണ്‌. പൂരം ഉച്ചയ്‌ക്കേ തീരൂ. ചേങ്ങിലയുടെ താളം ഉയർന്നു കേൾക്കുന്നുണ്ട്‌.

അപ്പ നിന്നു വിറക്കാൻ തുടങ്ങി.

അയാളുടെ കൈകളിൽ മിന്നൽപിണർ കയറിയതുപോലെ. ഓരോ പ്രാവശ്യം വൈദേഹിയുടെ മുടി മുറിച്ചു മാറ്റുമ്പോഴും അയാൾ ചോര കണ്ടു. അത്‌ യക്ഷിത്തറയാകെ പടരുന്നു. വെളളമണൽത്തരികളിൽ ചോരനിറം പുരണ്ടു. നീലപ്പൂവ്‌ ചോരയിൽ വീണു ചെമപ്പ്‌ നിറമായി.

രക്തത്തിന്റെ ഗന്ധം അവിടെ മുഴുവൻ പരക്കാൻ തുടങ്ങി. നെറ്റിയിൽ നിന്ന്‌ അവസാനത്തെ നീണ്ട മുടിയും വടിച്ചെടുത്തതോടെ അപ്പയുടെ പല്ലുകളിലും ചോര തെറിച്ചു വീണു. അവളുടെ തലയിൽ നീലപ്പൂക്കളിരുന്ന ഭാഗത്തുനിന്ന്‌ ചോര തെറിക്കുന്നു.

അവളുടുത്തിരുന്ന വെളുത്ത സാരിയിൽ നിറയെ ചോരത്തുളളികൾ! പക്ഷേ അവളുടെ കണ്ണുകൾ അപ്പോഴും നീലയായിരുന്നു. അവൾ അപ്പയെ നോക്കിയില്ല. അപ്പയുടെ പിറകെ നടന്നു.

കുളത്തിലെ കൽപ്പടവുകളിൽ അവളുടെ ചോരയൊലിക്കുന്ന തലയുമായി താഴോട്ടിറങ്ങി.

ഒന്നു മുങ്ങി.

ചോര വെളളത്തിൽ പടരാൻ തുടങ്ങി.

വീണ്ടും മുങ്ങി.

വൈദേഹിയുടെ കൈ വെളളത്തിൽ പൊങ്ങി വിരലുകളിൽ നഖങ്ങൾക്കിടയിൽ നിന്ന്‌ ചോരയിറ്റു വീഴാൻ തുടങ്ങി. ആ ചോരത്തുളളികൾ മുട്ടപ്പായലിൽ പിടിച്ച്‌ മുട്ടപ്പായൽ കറുത്തിരുണ്ടു.

ചോര വെളളത്തിൽ മുഴുവൻ നിറഞ്ഞു. മുട്ടപ്പായലെല്ലാം കറുത്ത്‌ കരിക്കട്ടപ്പോലെയായി. സൂര്യന്റെ മഞ്ഞപ്രസാദം ചുവപ്പിനെ കനൽക്കട്ടയാക്കി.

ഇപ്പോൾ വൈദേഹിയുടെ കൈ കണ്ടില്ല. വലിയകാവിൽ ചെണ്ടമേളം നിലച്ചു. കുളത്തിന്‌ ചുറ്റും കാക്കകൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. യക്ഷിക്കാവിലെ പാലമരത്തിൽനിന്ന്‌ ഒരു എട്ടടിവീരൻ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി കുളത്തിലേക്കിറങ്ങുന്നത്‌ ചിപ്പൻ കണ്ടു. അരയാലിൽ ഉറക്കം തൂങ്ങിയിരുന്ന മൂങ്ങയെ ഒരു കാക്ക വന്നു കൊത്തി.

ആരും അനങ്ങിയില്ല. അപ്പ വൈദേഹിയെ വിളിച്ചില്ല. എല്ലാവരും തിരിച്ചു നടന്നു. അപ്പ നടന്നില്ല. അപ്പ അവിടെത്തന്നെയിരുന്നു. എല്ലാവരും പോയി. ചിപ്പനും കാക്കകളും പോയി. മൂങ്ങ മാത്രം കൂട്ടിനെന്നോണം അരയാലിൽത്തന്നെ ഉറക്കം തൂങ്ങിയിരുന്നു.

വെളളത്തിൽ രക്തനിറം മാറാൻ തുടങ്ങി. എട്ടടിവീരൻ തെക്കുഭാഗത്തൂടെ പാലമരത്തിലേക്ക്‌ പോയി. സൂര്യൻ സിന്ദൂരം തൊട്ടു.

കുളത്തിലെ വെളളത്തിന്‌ നീലനിറം വന്നു. അതിൽനിന്ന്‌ ചന്ദനഗന്ധം പരക്കാൻ തുടങ്ങി. അപ്പയുടെ മൂക്കിൽ അത്‌ തുളച്ചു കയറി.

കുളത്തിന്റെ വടക്കേ കോണിൽ മുട്ടപ്പായലുകൾക്കിടയിൽ ഒരു വെളുത്ത കൈ അപ്പ കണ്ടു. അതിന്റെ കൈമുട്ടിനുമേൽ കറുപ്പായിരുന്നു. പിന്നെയുമൊരു കൈ കണ്ടു. അത്‌ കറുപ്പായിരുന്നു.

അപ്പ ഞെട്ടിയെണീറ്റു. അയാൾ ഓടാൻ തുടങ്ങി. അപ്പോൾ മുട്ടപ്പായലുകൾക്കിടയിൽ രണ്ടു കാലുകൾ പൊന്താൻ തുടങ്ങിയിരുന്നു. ഒന്ന്‌ കറുപ്പും മറ്റൊന്ന്‌ വെളുപ്പും…!

അയാൾ ഓടിയോടി ചന്തയിൽ ചെന്നു. നീലപ്പൂ വിൽപ്പനക്കാരനെ നോക്കി. അയാളെ കണ്ടില്ല. ചന്തയ്‌ക്കകത്തെ പാതാളക്കിണറിലേക്ക്‌ അപ്പ നോക്കി. അതിനകത്തുനിന്ന്‌ ചത്തഴിഞ്ഞ മീനിന്റേയും ഇറച്ചിയുടേയും ഗന്ധം പൊന്തുന്നു.

നീലപ്പൂവ്‌ പാതാളക്കിണറിന്റെ ഓരത്തിരിക്കുന്നു. അപ്പ തുറിച്ചു നോക്കി. പൂവിനെയെടുത്ത്‌ മണപ്പിച്ചു. ഗന്ധമില്ല, തൊട്ടടുത്ത്‌ പകുതി പൊട്ടിപ്പോയ ഒരു ചേങ്ങിലയും അപ്പ കണ്ടു.

Generated from archived content: story_july30.html Author: sudheeram_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English