‘ഞാനൊരു ദിവസം കടലായിത്തീരും’….. ശരിയാണ്. ഒരു നദിയുടെ വെറും വാക്കുകളല്ല. യാഥാർത്ഥ്യം തന്നെയാണ്. അവൾ തന്റേതായി ഒന്നും കരുതുന്നില്ല. അവളുടെ ഇരുകരകളിലുമുളള കാടുകളുടേയും മേടുകളുടേയും നൂറുകണക്കിന് ഗ്രാമങ്ങളേയും പട്ടണങ്ങളേയും നഗരങ്ങളേയും ആൾതാമസമില്ലാത്ത ചതുപ്പു നിലങ്ങളേയും സാക്ഷിയാക്കി ഒഴുകി ഒഴുകി ഓരോ നിമിഷവും അവളുടെ ഓരോ തുളളി രക്തവും കടലിനായി സമർപ്പിക്കുന്നു. ഭൂമിയും മരവും കഴിഞ്ഞാൽ ഇത്രയും വലിയൊരു ത്യാഗി വേറെയാരാണുള്ളത്. അതുകൊണ്ട് നമസ്‌ക്കരിക്കുക നദിയെ, അമ്മയെ, നദി ഒരേ സമയം അമ്മയും ദൈവവുമാണ്. ആയിരം നന്മദൈവങ്ങളുടെ മൂർത്തിയാണ്. ഞങ്ങളുടെ ഗൈഡ് ഒരു ഫിലോസഫർ തന്നെ. എന്തിലും ഏതിലും മനസിനെ കേറിപിടിക്കുന്ന ഒരു തത്ത്വശാസ്‌ത്രം പ്രയോഗിക്കുന്നതിന് യാതൊരു ഉളുപ്പുമില്ല.
രാജ്‌നാരായണൻ എന്ന ടൂറിസ്‌റ്റ് ഗൈഡിന് മണ്ണ്, മനുഷ്യൻ, നദി, മതം, കല, സംഗീതം, സാഹിത്യം എന്നൊക്കെ പറഞ്ഞാൽ വീക്ക്‌നെസ് കുറച്ചു കൂടുതലാണ്. അവിടെ നിൽക്കും എത്ര നേരം വേണമെങ്കിലും. ഇന്നത്തെ ലോകവും വേഗതയും പരിസ്്ഥിതി നാശമൊന്നും രാജ്‌നാരായണന് സഹിക്കുന്നതിലും അപ്പുറമാണ്. പ്രകൃതിയെക്കുറിച്ച് തന്റെ വിചാരങ്ങളും വികാരങ്ങളും വിവരിച്ചുകൊണ്ട് മേധാപട്‌ക്കർക്കും അരുന്ധതി റോയിക്കും കത്തുകൾ അയച്ചിരുന്നുവെങ്കിലും ആരും മറുപടി എഴുതിയില്ല. അവർക്കൊക്കെ വല്ലാത്ത തിരക്കായിരിക്കും. രാജ്‌നാരായണന്റെ ആത്മഗതം ജലപ്പോളകളെപ്പോലെ കുമിളകളിട്ടു.
‘ലുക്ക്, നിങ്ങൾക്ക് കാവേരിയുടെ കഥയറിയാമോ?’
‘ഒരിക്കൽ അഗസ്ത്യമുനി കൈലാസത്തിൽ ചെന്ന് തപസ് ചെയ്‌ത് ശിവനെ പ്രസാദിപ്പിച്ചു. അഗസ്ത്യന്റെ ആഗ്രഹപ്രകാരം ശിവൻ കാവേരി ജലം കമണ്ഡലുവിൽ നിറച്ചു നൽകി. ഭൂമിയിൽ ഒരു പുണ്യ നദി സൃഷ്ടിക്കാനായി. അഗസ്ത്യൻ കമണ്ഡലുവിലെ ജലവുമായി യാത്രയാരംഭിച്ചു. ദക്ഷിണഭാരത്തിൽ എത്തിയപ്പോൾ അഗസ്ത്യൻ കമണ്ഡലു താഴെ വച്ച് പതിവുപോലെ ധ്യാനത്തിൽ മുഴുകി. അപ്പോൾ ഗണപതി കാക്കയുടെ രൂപത്തിൽ വന്ന് കമണ്ഡലു തട്ടിമറിച്ചു. അങ്ങനെയാണ് കാവേരി ഉത്ഭവിച്ചത്. ഏറ്റവും കൂടുതൽ കാക്കകൾ കുളിക്കുന്നതും കാവേരി നദിയിലാണ്. അറിയാമോ?’
“എന്നിട്ട്?”
ഗൈഡിനെപ്പോലെ മറ്റൊരു വട്ട് -‘ജീൻ’ -ഞ്ഞങ്ങളുടെ കുട്ടുകാരി.
‘ബ്രഹ്‌മാവിന്റെ മകളായ ലോപമുദ്ര കവേരമുനിയുടെ മകളായി പിറന്നതാണ് കാവേരി നദിയായി തീർന്നതെന്ന് പറയുന്ന ഐതിഹ്യം ശരിയാണോ മാസ്‌റ്റർ“
’ശരിയാണ്, ആ ഐതിഹ്യവും ശരിയാണ് ‘.
അവളുടെ വെളുത്ത കണങ്കാലിലൂടെ കാവേരി ഒഴുകുന്നു. ഹിമാലയത്തിലെ തണുപ്പാണ് കാവേരിയിലെ വെള്ളത്തിന്. ഇവിടെ നിന്ന് നോക്കിയാൽ ബൃഹദീശ്വരക്ഷേത്രത്തിന്റെ തല കാണാം. ഒറ്റക്കല്ലിൽ തീർത്ത മകുടം ഇനിയും ആരെയൊക്കെയോ കാത്തിരിക്കുന്നു.
ജീൻ കാവേരിയുടെ നടുവിലിരുന്ന് വെളളത്തിൽ കളിക്കുകയാണ്. അവളിരിക്കുന്ന കറുപ്പു നിറമുളള കല്ലിനെ വലംവച്ചും കാവേരി ഒഴുകുന്നു. അതേ കല്ലിൽ മുമ്പും ആരോ ഇരുന്നിട്ടുളളതുപോലെ എ+ബി എന്ന് കോറിയിട്ടിരിക്കുന്നു. എ+ബി എന്തുമാകാം അക്ഷയ്+ബാലയോ അതോ അധികാരി+ബ്രഹ്‌മയോ?
ജീൻ യാത്ര പുറപ്പെട്ടപ്പോഴേ പറഞ്ഞിരുന്നു കാവേരിയുടെ നടുവിൽ ഒരു മണിക്കൂറെങ്കിലും ഇരിക്കുമെന്ന്. ഒരു കാവേരി ക്രേസുകാരി.
”എന്താ പോകണ്ടേ?
ജീൻ തിരിഞ്ഞുനോക്കി. കൂട്ടുകാരും ഗൈഡും തിരിച്ചുപോകാൻ തയ്യാറെടുത്ത് നിൽക്കുന്നു.
“ഞാനിത്രയും പേപ്പർ ബോട്ടുകൾ കൂടി അയച്ചോട്ടെ.”
കൃഷ്‌ണന്റെയും രാധയുടേയും ചിത്രമുളള ബാഗിൽ നിന്ന് അവൾ വിവിധ നിറങ്ങളിലുളള പേപ്പർ ബോട്ടുകൾ പുറത്തെടുത്തു.
“ഞാൻ കരുതിയത് ഓരോ ദിവസം ഓരോ പേപ്പർ ബോട്ട് ഇവിടിരുന്ന് ഒഴുക്കണമെന്നാ. അതു നടക്കില്ല. അതുകൊണ്ട് എല്ലാം ഇപ്പോൾ തന്നെ ഒഴുക്കാം. ആർക്കും ഒബ്‌ജക്ഷൻ ഇല്ലല്ലോ”
“ ഇല്ല നിന്റെ വട്ട് നടക്കട്ടെ”
ഞങ്ങൾ നോക്കി നിന്നു.
ജീൻ D/o. സാന്റിയ, കൃഷ്ണാകോളനി, ആഗ്ര – ഓരോ പേപ്പർ വളളങ്ങളിലും കറുത്ത മഷിയിൽ അവൾ എഴുതി ചേർത്തിരിക്കുന്നു. ചുവപ്പും മഞ്ഞയും വെളളയും നീലയും പച്ചയും നിറമുളള ബോട്ടുകൾ ഒടുവിൽ കുറച്ച് കറുത്ത പേപ്പറിൽ ഉണ്ടാക്കിയ വളളങ്ങൾ പുറത്തെടുത്തു. അതിൽ വെളുത്ത മഷിയിൽ ’ഞാൻ പപ്പയെ വിടൂല്ല‘ എന്ന് കൂടുതലായി എഴുതി ചേർത്തിരിക്കുന്നു. തിരിഞ്ഞൊന്നു നോക്കാൻപോലും ശകതിയില്ലാത്ത ഒരച്ഛൻ ഒരു കൊച്ചു മകളുടെ കൈ പതുക്കെ അടർത്തി മാറ്റുമ്പോൾ പൊട്ടിയുടയാൻ തുടങ്ങുന്ന രണ്ടു മുഖങ്ങൾ ആ കറുത്ത വളളങ്ങളുടെ മൂലകളിൽ രൂപപ്പെട്ടു വരുന്നതുപോലെ….
യേശുവിന്റെ ചിത്രം ആലേഖനം ചെയ്‌ത സ്വർണ്ണ നിറമുളള ഒരു വലിയ ഡപ്പി തുറന്ന് എത്രയോ ദിവസങ്ങൾക്കു മുൻപ് അടച്ചുവച്ച റോസാപ്പൂക്കളേയും കൊണ്ട് കളിവളളങ്ങൾ തട്ടിയും തടഞ്ഞും കാവേരിയിലൂടെ ഒഴുകാൻ തുടങ്ങി. അവൾ എണീറ്റു നിന്ന് നോക്കുകയാണ്… എല്ലാ കളിവളളങ്ങളും തന്നെ വിട്ട് പോകുന്നു. വീണ്ടുമൊരു നൊസ്‌റ്റാൾജിയ. ഉയർന്നു നിൽക്കുന്ന പാറകളിലും പേരറിയാത്ത ചെടികളിലും തട്ടി തട്ടി നീങ്ങുന്ന കളിവളളങ്ങൾ നിന്നും റോസാ പൂക്കളുടെ സുഗന്ധം തഞ്ചാവൂർ തടത്തിൽ നിറഞ്ഞു.
ആരും ഒന്നും മിണ്ടുന്നില്ല. അവർക്കൊക്കെ എല്ലാം അറിയാം എന്നതുപോലെ. ഗൈഡ് പോലും നിശബ്‌ദനായി പേപ്പർ ബോട്ടുകൾ ഒഴുകിയൊഴുകി പോകുന്നതു നോക്കി നിന്നതേയുളളൂ. കളിവള്ളങ്ങളെ കുറെ ദൂരദൂരം എത്തിക്കാനുണ്ടെന്ന് കാവേരിക്കറിയാം. അതുകൊണ്ടായിരിക്കും ഓരോ കളിവളളത്തേയും ഇളകിയാട്ടമില്ലാത്ത സ്ഥലങ്ങളിലൂടെ വഹിച്ചുകൊണ്ട് പോകുന്നത്. പ്രാവിന്റെ രൂപം പ്രാപിച്ച കുറേ കൊച്ചു കൊച്ചു മേഘത്തുണ്ടുകൾ കളിവളളങ്ങൾക്കൊപ്പം ഒഴുകുന്നു. രാത്രിയിൽ ആകാശത്തു നിന്നും നക്ഷത്രങ്ങൾ കൂട്ടത്തോടെ കാവേരിയിൽ വീണ് എന്റെ കളിവളളങ്ങളോടൊപ്പം ഒഴുകും.
’ജീനു നീ കാണാത്ത നദികൾ ഭൂമിയിലുണ്ടോ?
‘ഗംഗയുടേയും യമുനയുടേയും മുറ്റത്തല്ലേ നീ ജീവിക്കുന്നത് പിന്നെയെന്താ കാവേരിയോട് ഇത്ര ക്രേസ്.’
ബസ് ബൃഹദീശ്വരക്ഷേത്രത്തിലേക്കുളള വഴിയിലാണ്. റോഡിനിരുവശവും പുളിമരങ്ങൾ. മഞ്ഞ പുളിയിലകൾ വീണ് റോഡിന്റെ വശങ്ങൾ ഒരു മഞ്ഞ നാടപോലെയായിരിക്കുന്നു.
‘നതിംങ്ങ്. ഒന്നുമില്ല. ഗംഗയുടെ മുന്നിൽ കാവേരി ഒന്നുമല്ല. ബട്ട് എന്തോ ഒന്ന് കാവേരിക്കുണ്ട്. അത് മറ്റു നദികൾക്കൊന്നുമില്ല.’
‘യൂ മീൻ ചേസ്‌റ്റിറ്റി’
‘അല്ല, ചേസ്‌റ്റിറ്റി ഇപ്പോൾ ഏതു നദിയ്‌ക്കാ ഉളളത്. ആയിരം വട്ടം റേപ്പ് ചെയ്യപ്പെട്ടവയാണ് ഓരോ നദിയും. ഇപ്പോഴും ചെയ്യപ്പെടുന്നുണ്ട്. അവളുടെ കന്യകാത്വമൊക്കെ എന്നോ നഷ്ടമായി. അവളെ കല്ലെടുത്തെറിയാനല്ലേ നമുക്ക് താല്‌പര്യം. അവളെ ഒന്ന് നമസ്‌കരിക്കാൻ പുതിയ തലമുറയിലെ എത്രപേർക്കാണ് തോന്നാറുളളത്. സോ, ഇൻ ഫ്യൂച്ചർ, വളരെക്കാലമൊന്നും വേണ്ട ഓരോ നദിയും നല്ലൊരു ഡ്രെയിനേജായി മാറും. സമുദ്രം അതിനേക്കാൾ നല്ലൊരു ഡസ്‌റ്റ് ബിൻ റിസർവോയറും. മനുഷ്യന്റെ എല്ലാ വേസ്‌റ്റുകളും താങ്ങിക്കൊണ്ട് കടൽ പരന്നു കിടക്കും. എന്റേയും നിന്റേയും മുന്നിൽ….’
‘യു ആർ തിങ്കിംങ്ങ് എഹെഡ്’- ശബ്ദം മുറിഞ്ഞുപോവാതിരിക്കാൻ സയൺ മറ്റൊരു ചോദ്യമുതിർത്തു.
‘നോ സയൺ. ഞാൻ ഉയരങ്ങളിൽ ചിന്തിക്കാനായിട്ടില്ല. എവിടെയൊക്കെയോ കണ്ടത് ഞാൻ പറഞ്ഞന്നേയുളളൂ’.
അതിൽ കൂടുതലൊന്നും പറയാനില്ലാത്തതുപോലെ അവൾ കണ്ണുകൾ പുറത്തേക്ക് തിരിച്ചു. കൂട്ടുകാരികൾ സ്‌റ്റീരിയോവിൽ നിന്നുതിർന്ന കൃഷ്ണഭജനിനുളളിൽ കണ്ണടച്ചു.
ഹേ വനമാലി ഗോപാ
നീയേ കൃഷ്ണാ വരുമോ
ഹേ വനമാലി മുകുന്ദാ
നീയേ നൃത്തം ചെയ്‌താൽ
നീയേ മുരളിയുതിർത്താൽ……
ജീൻ എന്തോ അസ്വസ്ഥയായിരുന്നു. കൃഷ്ണനും രാധയും വിരഹവും അവളിൽ കയറിയില്ല. മഥുരയിലെ നടവഴികളിൽ പോലും രാധയുടെ കാൽപെരുമാറ്റം ദിവസവും കേൾക്കുന്നവളല്ലേ ഞാൻ. വസുദേവരുടെ മുഖം എന്റെ പപ്പയുടെ മുഖംപോലെ തന്നെ. എപ്പോഴും ദൈന്യത പിടിച്ച മുഖം. എന്റെ വിരലുകൾ കൂട്ടിപ്പിടിക്കുമ്പോൾ പപ്പയുടെ കൈത്തലം വിയർത്തിരുന്നു. പപ്പ എവിടേയ്‌ക്കോ പോകുകയാണെന്നു മാത്രമറിയാം. മമ്മ നിറുത്താതെ കരയുകയാണ്. പപ്പയ്‌ക്ക് എന്തെങ്കിലും സംഭവിക്കാൻ പോകുകയാണോ? മമ്മ എന്തിനാണ് കരയുന്നത്? ആരോടും ഒന്നും പറയാതെ പപ്പ പുറത്തേക്കിറങ്ങിയപ്പോൾ ‘പപ്പയെ വിടൂല്ല’ എന്ന് പറഞ്ഞത് എന്തിനായിരുന്നു? പിന്നെയെപ്പോഴോ മമ്മയോടൊത്ത് പപ്പയെ കാണുമ്പോൾ പപ്പയുടെ കൈയ്യിലും കാലിലും ചങ്ങലയായിരുന്നു. വസുദേവരെപ്പോലെ, മമ്മ അപ്പോഴും കരയുകയായിരുന്നു. മമ്മ എന്തിനാണ് കരയുന്നത്? എനിക്കറിയില്ല.
കൈപ്പടം പെരുത്ത് വരുന്നു. വിരലുകളിൽ രക്തം ഉറഞ്ഞു കൂടുന്നു. ഞരമ്പുകൾ പച്ചയ്‌ക്കുന്നു. പപ്പയുടെ കൈവിരലുകൾ എന്റെ കൈപ്പടത്തെ തലോടുമ്പോലെ….
ജമന്തിപ്പൂക്കളും കനകാംബരവും വിൽക്കുന്നവർ. മഹാക്ഷേത്രത്തിന്റെ പരിസരം ആരംഭിക്കുന്നു. തലയുയർത്തി നിൽക്കുന്ന ക്ഷേത്രത്തെ ഇപ്പോഴേ കാണാം.
പാലം കഴിഞ്ഞു. പൂവിൽപ്പനക്കാരുടെ എണ്ണം കൂടുന്നു. ആൾരൂപങ്ങൾ വിൽക്കുന്നവരും വികാലാംഗരും വൃദ്ധന്മാരും കൈകൾ നീട്ടുന്നു. ബസിൽ നിന്നും ആരും ഒന്നും എറിഞ്ഞു കൊടുത്തില്ല. ഓരോ ബസ് കടന്നുപോകുമ്പോഴും ദൈന്യതയെ എടുത്തുവച്ച് അവരുടെ തലകൾ കുനിയും. കണ്ണില്ലാത്ത ബൃഹദീശ്വരന്റെ കൂട്ടിരിപ്പുകാരായിരിക്കും. ഇശക്കിയമ്മൻ കരിങ്കല്ലിൽ കണ്ണുകളുയർത്തി നിൽക്കുന്നു. എന്റെ ഓരോ ദിവസങ്ങളും ദൈവങ്ങൾക്ക് ഓരോ പുതിയ അതിശയങ്ങളാണ്. ഭ്രാന്തനെന്ന രൂപമുളള ഒരാൾ ഇശക്കിയമ്മനെ കാർക്കിച്ചു തുപ്പുന്നു. മഞ്ഞത്തരികളുളള അയാളുടെ കഫക്കട്ട കളഭവും കുങ്കുമക്കൂട്ടും പുരട്ടിയിരിക്കുന്ന ഇശക്കിയമ്മന്റെ നെഞ്ചിൽ ചെന്നു വീണു. ഭ്രാന്തിന്റെ ബീജങ്ങൾ ഇശക്കിയമ്മനും കിട്ടിക്കോട്ടെന്നായിരിക്കും. ഏതോ ഒരു സന്ധിയിൽ അയാളെ ഇശക്കിയമ്മൻ ഒരു പക്ഷേ കൈവിട്ടതിനുളള പ്രതികാരമാണോ…..?
തഞ്ചാവൂർ ക്രോസ് റോഡിലേക്ക് ബസ് തിരിഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പ്രവേശിച്ചു. ബസ് പാർക്കിംഗ് ഏരിയായിൽ പ്രവേശിക്കുമ്പോൾ മുഴുവൻ പൊട്ടിയൊലിക്കാനായി ആകാശം കരിംകറുപ്പ് നിറം പിടിച്ചു നിന്നു. കറുത്ത അന്തരീക്ഷത്തിന്റെ താഴെ കറുപ്പ് നിറം പുരണ്ട ബൃഹദീശ്വരക്ഷേത്രം തണുത്ത് വിറച്ചു നിൽക്കുന്നു.
കഴുത്തിലെ കറുത്ത ചരടിൽ കിടക്കുന്ന കുരിശിനെ ജീൻ നെഞ്ചിനുളളിലേക്ക് ഒളിപ്പിച്ചുവച്ചു. മുൾക്കിരീടത്തിൽ നിന്നൊലിക്കുന്ന ചോര അവളുടെ ഇരു മുലകളിലേക്കും പടർന്നു. യേശുവിനനുഭവപ്പെട്ട ശ്വാസംമുട്ടൽ അവളുടെ നെഞ്ചിനകത്തേക്ക് തികട്ടി കയറി. വയലറ്റ് നിറമുളള മുലക്കണ്ണുകൾ വല്ലാതെ വിറയ്‌ക്കുന്നു……
ബസിൽ നിന്നും ജീൻ പുറത്തിറങ്ങി. മുന്നിൽ സകല അഹങ്കാരങ്ങളോടും കൂടി ബൃഹദീശ്വരക്ഷേത്രം. പെട്ടെന്ന് ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞ് ബൃഹദീശ്വരക്ഷേത്രത്തിന്റെ മുകളിൽ കൂടി മഴപെയ്‌തു. ക്ഷേത്രം കഴുകി വൃത്തിയാക്കി. ക്ഷേത്രത്തിന്റെ ഗോപുരത്തിൽ കൂടുകെട്ടിയിരുന്ന പ്രാവുകൾ മഴയിലൂടെ പറന്നുപോയി….
മഴ നനഞ്ഞുകൊണ്ട് ദൈവത്തിന്റെ മുന്നിൽ നൂറുകണക്കിന് ഭിക്ഷക്കാർ. അവരുടെ കണ്ണുകളിൽ ബൃഹദീശ്വരനല്ല. ബസിൽ നിന്നിറങ്ങിയ ഞങ്ങളാണ് ദൈവങ്ങൾ. അകലെ കാവേരിയുടെ തീരത്ത് ഒരു വരിയിൽ നിൽക്കുന്നന്ന കരിമ്പനകൾ കാറ്റിൽ ഉലയുന്നു. ഒരു വരിയായി പൂർണ്ണഗർഭിണികൾ ഞങ്ങളുടെ നേർക്ക് മഴ നനഞ്ഞുകൊണ്ട് കൈകൾ നീട്ടി. പലരുടേയും അരികിൽ കറുത്ത മെല്ലിച്ച ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ട നാണയങ്ങൾ. അത്രയേ അവർ ആഗ്രഹിക്കുന്നുളളൂ. ഏതാനും നാണയങ്ങൾ കൂട്ടിചേർത്താൽ അവരുടെ ഒരു ദിവസം പൂർത്തിയാകും….
എല്ലാവർക്കും ജീൻ ഓരോ രൂപയുടെ ഓരോ നാണയം നൽകി. ദൈവത്തെ തൊഴുംപോലെ പലരും തൊഴുന്നു. മഴ നനഞ്ഞുകൊണ്ടുതന്നെ ചിലർ കാലിൽ വീഴാൻ തുടങ്ങി. രാവിലെ മുതൽ നിന്നിട്ട് ആരും ഇതുവരെ അവർക്ക് ഒന്നും നൽകിയിരുന്നില്ല. ആരെങ്കിലും ആർക്കെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും കരുതിവയ്‌ക്കുന്നത് നൽകുന്നതോ നേടുന്നതോ വേറെ ആരെങ്കിലുമല്ലേ?
ഭക്ഷണത്തിനു വേണ്ടിയുളള കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ ഒരച്ഛൻ തന്റെ മകനെ യമുനയിൽ മുക്കിക്കൊല്ലുന്നത് ഞാൻ കണ്ടിട്ടുളളതല്ലേ. കൊന്നശേഷം ശവമെടുത്ത് താജ്‌മഹലിന്റെ മുന്നിൽ വലിച്ചെറിഞ്ഞിട്ട് പൊട്ടിച്ചിരിച്ചത് എന്തിനായിരുന്നു….? ആയിരം നാറാണത്തുഭ്രാന്തന്മാരുടെ ചിരി അയാളുടെ ആ ചിരിയിലുണ്ടായിരുന്നു. ഈ ഗർഭിണികൾ അത് ചെയ്യരുത്. തങ്ങളുടെ വയറിനെ കലക്കിയൊഴുക്കരുത്. ഇത് ഇന്ത്യയുടെ ദുഃഖമോ? ദുരന്തമോ? പൊട്ടിച്ചിരിച്ചയാളുടെ ഭാര്യ, മരിച്ച മകന്റെ പങ്കുകഞ്ഞിക്ക് മഥുരയിൽ ക്യൂ നിൽക്കുന്ന അമ്മ, ഇപ്പോഴും ക്യൂവിൽ തന്നെയുണ്ട്. മഴയത്തും നെയ്‌വിളക്ക് തെളിക്കാൻ ക്ഷേത്രക്കാർ വലിയ ടിന്നുകളിൽ നെയ്യ് അകത്തേക്ക് കൊണ്ടുപോകുന്നു.
മമ്മ ഇപ്പോഴും പപ്പയുടെ തൂവാലകൾ തുന്നുകയായിരിക്കും. പപ്പ വരുമ്പോൾ കൊടുക്കാൻ ഉണക്ക മുന്തിരി വൈറ്റ് ടിന്നുകളിൽ അടച്ചുവച്ചിരിക്കും. ഇടയ്‌ക്കിടെ കണ്ണടയെടുത്ത് വഴിയിലേക്ക് നോക്കുന്നുണ്ടാകും.
‘ഇന്ത്യയിലെ ശക്തിയുളള സകല ദൈവങ്ങളേയും ഏതു മാർഗത്തിലൂടേയും ഞാൻ കാണും മമ്മ.’ എന്റെ പപ്പയ്‌ക്കുവേണ്ടി. ഞാൻ യാത്ര പുറപ്പെടുമ്പോൾ പൊടിയാൻ മമ്മയുടെ കണ്ണുകളിൽ ഒരു തുളളി ബാക്കിയുണ്ടായിരുന്നു. അതു കാണാൻ ഞാൻ നിന്നില്ല. മമ്മയെ തിരിഞ്ഞു നോക്കാനും. വാരണാസിയിൽ തുടങ്ങി ഇപ്പോൾ തഞ്ചാവൂരിലെത്തി.
ഞാനെത്ര നിസാര. എന്റെ പ്രശ്‌നങ്ങൾ എത്ര നിസാരം. ജനിക്കാൻ പോകുന്ന മക്കൾക്കുവേണ്ടി മഴ നനഞ്ഞുകൊണ്ട് കൈ നീട്ടി ഇരക്കുന്ന ഒരു വരി കറുത്ത അമ്മമാരുടെ മുന്നിൽ ഞാനെവിടെ……? എന്നാലും പപ്പയുടെ കാലിൽ കിടക്കുന്ന ചങ്ങല…. പപ്പയുടെ കാലുകളിൽ പുണ്ണ് പിടിച്ചിരിക്കുന്നു. ജീവപര്യന്തം തടവനുഭവിക്കുന്ന പപ്പ നീണ്ട വർഷങ്ങളോളം ഇത്തിരി വട്ടത്തിലുളള ഒരേയിടത്തിൽ തന്നെ കാലടി പതിപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു പോകുമ്പോൾ, ആ തറയ്‌ക്ക് പപ്പയുടെ ചവിട്ടേറ്റു പൊളളിയതിന്റെ അടയാളം….
തീർത്ഥാടനം കഴിഞ്ഞ് ചെല്ലുമ്പോൾ ഒന്നുകൂടി പൊരുത്തപ്പെടാം ‘ജീവിതം വേദന’ തന്നെയെന്ന സത്യം. മുന്നൂറോളം മതങ്ങൾ മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ അവതരിച്ചുവെങ്കിലും അവന്റെ വേദന ഇപ്പോഴും വേദന തന്നെ. ആകാശം മുഴുവൻ പൊട്ടിയൊലിക്കുന്നു. തഞ്ചാവൂർ മുഴുവൻ നനയുന്നു. കരിങ്കൽ ക്ഷേത്രം തണുത്തു വിറയ്‌ക്കുംപോലെ.
ദൈവത്തോട് പറയാൻ ഒന്നുമില്ല. യേശുവിനെ മറച്ചുവച്ച് ബൃഹദീശ്വരനെ കൈവണങ്ങുമ്പോൾ പപ്പയുടെ കാലിലെ പുണ്ണുകളിൽ നിന്നൊഴുകുന്ന ചലം ക്ഷേത്രത്തിലെ തൂണുകളിൽ നിന്നും ഒലിച്ചിറങ്ങാൻ തുടങ്ങുന്നു. ശിവൻ തൃക്കൺ തുറന്ന് എല്ലാം ദഹിപ്പിച്ചിരുന്നുവെങ്കിൽ…..
തിരിച്ചിറങ്ങുമ്പോഴും മഴ തീർന്നിരുന്നില്ല. പ്രതീക്ഷ മാത്രം കണ്ണിൽ നിറച്ചവർ നിരന്നു തന്നെ നിൽക്കുന്നു. വേദനകളുടെ ദൈവരൂപങ്ങളാണവർ. പുണ്ണുകൾ പിടിച്ച ബൃഹദീശ്വരന്മാർ. ഒരു തരം സെക്കന്റ്‌ഹാന്റ് മനുഷ്യന്മാർ. അല്ലെങ്കിൽ തന്നെ ഇന്ത്യ സെക്കന്റ്‌ഹാന്റ് മനുഷ്യന്മാരുടെ ഒരു മഹാരാജ്യം ആണല്ലോ. അതിലൊരു സെക്കന്റ്‌ഹാന്റായിപ്പോയി എന്റെ പാവം പപ്പ…… ജയിലിനകത്ത് വലിച്ചെറിയപ്പെട്ട പപ്പയ്‌ക്ക് മൂന്നുവയസുകാരിയുടെ വിരലിന്റെ ചൂട് ഇടയ്‌ക്കിടയ്‌ക്ക് എന്നെ കാണുമ്പോൾ ആ കണ്ണുകളിൽ നിന്നും ഞാനറിഞ്ഞിരുന്നു. ഓരോ വർഷവും തീഹാർ ജയിലിൽ നിന്നും എന്റെ പിറന്നാളിന് എനിക്കു അയച്ചു തരുന്ന കണ്ണില്ലാത്ത പാവകളുടെ എണ്ണം ഇപ്പോൾ 14 ആയിരിക്കുന്നു. പതിനാല് വർഷങ്ങൾ!! ഒരു വ്യാഴവട്ടം! പപ്പയ്‌ക്കും മമ്മയ്‌ക്കും ഇടയിലെ ഞാൻ അറം പറ്റിയ ഒന്നായിപ്പോയി. വൈകുന്നേരങ്ങളിൽ താജ്‌മഹലിന്റെ മുറ്റത്തിരുന്ന് ഓടക്കുഴൽ വായിക്കുന്ന റൂമിയെന്ന ചെറുപ്പക്കാരന്റെയരികിലിരുന്ന് യമുനയെ കണ്ടുകണ്ട് എത്രയെത്ര ദിവസങ്ങളാണ് തളളി നീക്കിയത്. റൂമിക്ക് ആളുകൾ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ ഒരുമിച്ച് കൂട്ടിയെടുത്ത് കൊടുക്കുകയാണ് എന്റെ പണി.
‘താങ്ക്‌സ് ബഹൻ, ഒരുപാടു വൈകിയല്ലേ. ആൾക്കാരൊക്കെ പോയോ, ബഹനെ അളളാഹു രക്ഷിക്കും.“
’അതെ അളളാഹു രക്ഷിക്കും‘. റൂമിയുടെ വൈറ്റ് കെയ്‌ൻ മാത്രം തെളിഞ്ഞു കാണാം. വെളളനിറത്തെ ഇരുട്ടിനും നിഷേധിക്കാൻ കഴിയില്ലല്ലോ. റൂമി ഇപ്പോൾ എന്നെയും കാത്തിരിക്കുകയായിരിക്കും. തീർത്ഥയാത്രയ്‌ക്ക് പുറപ്പെടുമ്പോൾ പറഞ്ഞിരുന്നില്ല. ഇരുട്ടുകുരുക്കൾ കൂട്ടത്തോടെ കയറിയിരിക്കുന്ന റൂമിയുടെ കണ്ണുകളിൽ കൂടി കണ്ണുനീർ ഒഴുക്കണ്ട എന്നു കരുതി. റൂമി ഓടക്കുഴൽ വായിക്കുമ്പോൾ പോലും കരയുന്നവനാണ്. മീരാഭായിയുടെ മനസും സൂർദാസിന്റെ മുഖവുമാണ് റൂമിയ്‌ക്ക്. എപ്പോഴും വേദനയും ആർദ്രതയും നിറച്ചു വച്ച മീരയുടെ മനസ്‌സ് തന്നെ റൂമിയ്‌ക്ക്. ഭഗവാനെ കണ്ട കണ്ണുകൊണ്ട് ഇനി മറ്റൊന്നും കാണണ്ട എന്നു പറഞ്ഞ സൂർദാസിന്റെ മുഖം തന്നെയവന്.
തിരിച്ച് ചെല്ലുമ്പോൾ റൂമിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. എനിക്കും പറയാനുണ്ടല്ലോ ഒത്തിരികാര്യങ്ങൾ. റൂമിയുടെ സ്വപ്നഹാറിനെ കുറിച്ച് പറയും. റീഫൈനറിക്കുളളിൽ നിന്ന് യമുനയിലേക്ക് വെളളം തുറന്നുവിട്ട ഒരു വൈകുന്നേരമാണ് താജ്‌മഹൽ കാണാൻ സ്വപ്നഹാർ വന്നത്. കൈയ്യിൽ മൂന്നു വയസുളള കുട്ടിയുണ്ട്. റൂമിയുടെ പാട്ട് കേട്ട് അവൾ ഞങ്ങൾക്കു മുന്നിൽ നിന്നു. റൂമി പിന്നെയും പിന്നെയും പാടിക്കൊണ്ടിരുന്നു. താജ്‌മഹലിനെ മറന്ന് അവൾ ഞങ്ങളുടെ അരികിലിരുന്നു.
”ആരാ?“ എന്റെ ചോദ്യം അവളെ ഉയർത്തി.
”സ്വപ്നഹാർ“
”എവിടുന്നാ“
”ബംഗ്ലാദേശ്“
”ഒറ്റയ്‌ക്കേ ഉളളൂ“
”അതേ“
”കുട്ടിയുടെ പിതാവ്“
അവൾ ഉത്തരം പറഞ്ഞില്ല. പകരം ഒഴുകാൻ ബുദ്ധിമുട്ടുന്ന യമുനയെ നോക്കിയിരുന്നു. ആഗ്രാനഗരം ഉപയോഗിക്കുന്ന നാക്‌പിനുകളും ക്വാണ്ടവും വഹിച്ചുകൊണ്ട് അവൾ ഒഴുകുകയാണ്. സ്വപ്നവിഹാറിന്റെ കണ്ണുകൾ തറച്ചിരിക്കുന്നതും ഒഴുകുന്നവയിൽ തന്നെ. പതിമൂന്നാം വയസ്‌സിൽ ഇരുട്ടിൽ ദുർബലമായ തന്റെ കൈകളെ തട്ടിമാറ്റി ദുപ്പട്ട വലിച്ചു കീറുമ്പോൾ കൂടെ കരയാൻ രാത്രി മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരു രാത്രിയുടെ സമ്മാനം ഒരുവർഷം കഴിഞ്ഞപ്പോൾ സ്വപ്നവിഹാറിനു ലഭിച്ചു. അതിനിപ്പോൾ മൂന്നു വയസായി. ശരിഅത്ത്് കോടതി അപ്പോഴും ഇരുട്ടിന്റെയൊപ്പം നിന്നു. സ്വപ്നവിഹാർ തന്നെ കുറ്റക്കാരി. പ്രസവിച്ച് നാൽപത് തികയുന്ന അന്ന് നേർനടപ്പിന് 1000 തവണ ചൂരലടി- വിധി അവൾ സ്വീകരിച്ചു. ടോപ്പുയർത്തി സ്വപ്നഹാർ 1000 അടികൾ ഏറ്റുവാങ്ങിയ പാടുകൾ കാണിച്ചുതന്നു….. അപ്പോഴേക്കും റൂമി കരഞ്ഞു കഴിഞ്ഞിരുന്നു…..
’അടുത്തവർഷം വീണ്ടും വരാം‘ സ്വപ്നഹാർ പറഞ്ഞു. അച്ഛനില്ലാത്ത കുട്ടിയുമായി വെളളക്കല്ലുകൊണ്ടുണ്ടാക്കിയ ഒരു തെറ്റിനരികിലേക്ക് അവൾ നടന്നുനീങ്ങി. മുംതാസ് മഹലിനോടുളള സ്‌നേഹത്തേക്കാൾ ഉസ്‌താദ് ഇസയുടെ നിലവിളിയാണ് അവളുടെ മനസിൽ അപ്പോൾ മുഴങ്ങിക്കൊണ്ടിരുന്നത്……
ബസ് എത്രയോ കിലോമീറ്റർ ഓടിക്കഴിഞ്ഞിരിക്കുന്നു. രാത്രി തനിയാവർത്തനം പോലെ വന്നു. കൂട്ടുകാരികളും ഗൈഡും ക്ഷീണിച്ചും കഴിഞ്ഞു. എറിഞ്ഞുടച്ച ഒരു ചില്ലുപോലെ അങ്ങ് ദൂരെ തഞ്ചാവൂർ ചിതറികിടക്കുന്നു. കൽമണ്ഡപങ്ങൾ കലിംഗത്തുപ്പരണിയുടെ കഥ പറഞ്ഞില്ലല്ലോയെന്ന് പറഞ്ഞ് ദുഃഖിച്ച് നിൽക്കുന്നു……
യാത്ര നാളെ അവസാനിക്കും. പിന്നെ തിരിച്ചു പോക്കാണ്. എല്ലാ യാത്രയ്‌ക്കും ഒരു തിരിച്ചുപോക്കുണ്ട്. യാത്രയും തിരിച്ചുപോക്കും ഒരിക്കലും പൂർണ്ണമോ അപൂർണ്ണമോ അല്ല. മഹാബലിപുരവും തിരുകളികുണ്ട്‌റവും ലക്ഷ്യമാക്കിയാണ് ബസ് പായുന്നത്. പുലരുമ്പോൾ ബസ് മഹാബലിപുരത്തെത്തും. സമുദ്രക്ഷേത്രങ്ങൾ മഴ നനഞ്ഞ് നിൽക്കുന്നുണ്ടാകും. ഇതുവരേയും മഴ തോർന്നിട്ടില്ല. ഇരുട്ടിന്റെയും മഴയുടേയും ഇടയിലൂടെ മരങ്ങളും കെട്ടിടങ്ങളും ഓടിയോടിപ്പോകുന്നു. മഴയത്ത് ഒരു യാത്ര. അതിന്റെ സുഖം വേറെയാണ്. ഉളളിലെ നീറ്റലുകൾക്ക് അല്‌പം ശമനം കിട്ടും. ഇപ്പോൾ അകത്തും പുറത്തും തണുപ്പ്. പപ്പ ഇപ്പോൾ ചപ്പാത്തി കഴിച്ച് ഉറങ്ങാൻ കിടന്നുകാണും. മമ്മ ഇപ്പോഴും പപ്പ വരുമ്പോൾ കൊടുക്കാൻ തൂവാല തുന്നുകയായിരിക്കും. മമ്മയ്‌ക്ക് തുന്നിയിട്ട് ഒരിക്കലും നേരമൊഴിയില്ല. റൂമി ഇപ്പോൾ സ്വപ്‌നവിഹാറിലെ സ്വപ്‌നം കണ്ടുറങ്ങിക്കഴിഞ്ഞിരിക്കും. ഞങ്ങളുടെ വണ്ടിയെ തുറിച്ചു നോക്കികൊണ്ട് ഒരു കൂട്ടം വാവലുകൾ പെട്ടെന്നു പറന്നുപോയി…..
ഡ്രൈവറൊഴികെ ബാക്കിയെല്ലാവരും ഉറങ്ങിക്കഴിഞ്ഞു. ഞാനും എന്റെ മനസും അല്‌പസമയത്തിനുളളിൽ ഉറങ്ങും. അപ്പോൾ ഡ്രൈവർ മാത്രം ഒറ്റയ്ക്ക്് ഉറങ്ങാതെ; ഞങ്ങളുടെ ജീവന്റെ താക്കോൽ അയാളെ ഏൽപ്പിച്ചു. ബസിന്റെ മുരൾച്ചയും മഴയും മാത്രം ബാക്കിയായി….. അവശേഷിച്ചതെല്ലാം നിശബ്ദതയിൽ വീണുന്ന ദൈവം അനന്തമായ ഒരു തമാശയാണ്. പപ്പയ്‌ക്കും മമ്മയ്‌ക്കും റൂമിയ്‌ക്കും വേണ്ടി ഏതു തമാശയും ഞാൻ കേൾക്കണം, കാണണം…..
ആരും ഉണർന്നിട്ടില്ല. ബസ് നിറുത്തിയതുപോലും അറിഞ്ഞിട്ടില്ല. മഴ തകർത്തു തന്നെ പെയ്യുന്നു. ഗ്ലാസ്‌വിൻഡോ നീക്കിയപ്പോൾ ബംഗാൾ ഉൾക്കടൽ പാൽതിരകൾ കൊണ്ട് മഹാബലിപുരത്തെ ദൈവങ്ങളെ നമസ്‌ക്കരിക്കുന്നു. ദൈവങ്ങളെ ഇറങ്ങിനോക്കാൻ ആർക്കും താല്‌പര്യമില്ല. എല്ലാവർക്കും മടുത്തിരിക്കുന്നു. ഗംഗാപതനവും കൽമണ്ഡപങ്ങളും പഞ്ചരഥങ്ങളും തീരക്ഷേത്രവുമൊക്കെ മഴയിൽ കുളിച്ചു നിൽക്കുന്നു. സുനാമി നക്കിയെടുത്ത ഭാഗങ്ങളിൽ അവശേഷിപ്പുകൾ ഒന്നുമില്ല……
’തിരുകളികണ്ട്‌റത്തേക്കു പോകാം‘ എല്ലാവരും പറഞ്ഞു. ഗ്ലാസ്‌വിൻഡോ അടക്കുന്നതുനുമുൻപ് ഒന്നു കൂടി കണ്ടു. ബംഗാൾ ഉൾക്കടലിനെ പുലഭ്യം പറയുന്ന ഒരു ഭ്രാന്തൻ – തഞ്ചാവൂർ കണ്ട അതേ ഭ്രാന്തനല്ലേ – അതെ. അയാൾ തന്നെ! അയാൾ എങ്ങനെ ഇവിടെയെത്തി! അയാൾ കടലിനെ കാലുകൊണ്ട് തൊഴിക്കുകയും കാർക്കിച്ചു തുപ്പുകയും ചെയ്യുന്നു…… അതൊന്നും വകവെക്കാതെ തിരകൾ പിന്നെയും തീരത്തണയാൻ ഒന്നിനു പിറകേ ഒന്നൊന്നായി നിരന്നു കിടക്കുന്നു……
ഗരുഡന്മാരെ കാണാൻ ആളുകൾ ഇന്നും ഒരുപാട് കൂടി നിൽപ്പൊണ്ട്. ഗരുഡന്മാർക്കുളള ഭക്ഷണവുമായി പരികർമ്മികളും. അതൊരു അനുഷ്‌ഠാനവും വിശ്വാസവും പോലെ എന്നും അരങ്ങേറുന്നു. ഗരുഡന്മാർ വരുമ്പോൾ കിഴക്ക് ദിക്ക് ചുവക്കും. മധ്യാഹ്‌നത്തിൽ ഒൻപത് നക്ഷത്രങ്ങൾ തിളങ്ങും. ദിവസവും അവ കാശിയിൽ നിന്നും വരുന്നവയാണ്. രാമേശ്വരം വരെ പോകും. മഴ തീരുന്ന മട്ടില്ല. ആകാശത്തേക്ക് നോക്കി കണ്ണ് കുഴയുന്നു. ഇനി കുറച്ച് നിമിഷങ്ങൾ മതിയത്രേ അവ പ്രത്യക്ഷപ്പെടാൻ. കൂടി നിൽക്കുന്നവരുടെ ഉളളിൽ ഭക്തി പെരുമരങ്ങളെപ്പോലെ വളരാൻ തുടങ്ങി……
അവ വന്നു. പക്ഷേ ഗരുഡന്മാരായിരുന്നില്ല. രണ്ട് ശവംതീനി കഴുകന്മാർ. അവയുടെ കാലുകളിൽ ഇനിയും മരിക്കാത്ത കുറെ കറുത്ത പാമ്പുകൾ ഉണ്ടായിരുന്നു. അവ കൽമണ്ഡപത്തിൽ വന്നിരുന്നു. പാമ്പുകൾ ഇഴയാൻ നോക്കിയെങ്കിലും കഴുകന്മാർ ഒന്നുകൂടി കാൽനഖങ്ങൾ കൊണ്ട് കൂട്ടിമുറുക്കി. അവ കൂടി നിൽക്കുന്നവരെ പാളി നോക്കി. ആരും ഒന്നും കൊടുത്തില്ല….. ആരും ഒന്നും തരില്ലെന്നു മനസ്‌സിലായതോടെ മഴയെ വകവയ്‌ക്കാതെ പാമ്പുകളേയും ഏറ്റിക്കൊണ്ട് രാമേശ്വരം നോക്കി പറക്കാൻ തുടങ്ങി. മഴയോടൊപ്പം പാമ്പുകളുടെ ചോരയും വിഷവും അവ പോകുന്ന വഴിയിൽ തെറിച്ചു വീണുകൊണ്ടേയിരുന്നു…..
ബസ് അതിവേഗം ചെന്നൈ സെൻട്രലിലേക്ക് തിരിച്ചു. ഞങ്ങൾക്കുളള ജി.ടി എക്സ്‌പ്രസ് തയ്യാറായി നിൽക്കുന്നു. എന്റെ സീറ്റ് പ്ലാറ്റ്‌ഫോമിനരികിലായിരുന്നു. നെഞ്ചിനുളളിൽ നിന്നും ഞാൻ യേശുക്രിസ്‌തുവിന് മോചനം നൽകി. ഒരു ഉയിർത്തെഴുന്നേൽപ്പ് ലഭിച്ചതുപോലെ യേശു നിശ്വസിച്ചു. മഴ പ്ലാറ്റ്‌ഫോമിലും പൂർണ്ണാവതാരം പ്രാപിച്ചു…..
പൂമാല വിൽക്കുന്നവരും പുസ്‌തകം വിൽക്കുന്നവരും ജീനിന്റെ അരികിലെത്തി. അവർക്കും എനിക്കും നടുവിൽ മഴരേഖകളും വിൻഡോബാറുകളും വിലങ്ങനേയും കുറുകെയും നിന്നു. അത് രണ്ടിന്റെയും ഇടയിലൂടെ ഞാൻ കൈനിട്ടി. മഴത്തുളളികൾ പറ്റിപ്പിടിച്ച കൈകളിൽ ഒരു മുഴം പിച്ചിപ്പൂവും ജയകൊണ്ടാരുടെ കലിംഗത്തുപ്പരണിയും. വില നൽകുമ്പോൾ അവരുടെ മുഖത്ത് എണ്ണക്കറുപ്പും പകുതിപ്പൊട്ടിയ ചിരിയുമായിരുന്നു……
ആഗ്രയിലെത്തുവോളം വായിക്കാൻ പുസ്‌തകമായി, ശ്വസിക്കാൻ സുഗന്ധവുമായി. വിന്റോഗ്ലാസ് താഴ്‌ത്തിയിട്ടു. ഒരു കൈയിൽ മരണവും മറുകൈയ്യിൽ ജീവിതവുമല്ലേ താൻ വാങ്ങിയത്. ഒന്ന് ഒന്നിന് പകരം മാറ്റിവയ്‌ക്കാൻ സാധിച്ചെങ്കിൽ, സാധിക്കില്ല. മരണം മരണം തന്നെ. ജീവിതം ജീവിതവും…..
തീർത്ഥയാത്ര പൂർത്തിയായി. പപ്പയുടെ പുണ്ണുകൾ കരിഞ്ഞു കാണുമോ? മമ്മ തുന്നൽ നിറുത്തിയിരിക്കുമോ? റൂമി പുതിയ ഏതെങ്കിലും സ്വപ്‌നഹാറിനെ പരിചയപ്പെട്ടിരിക്കുമോ? എല്ലാം നേരിട്ടറിയേണ്ട ഉത്തരങ്ങളാണ്. രണ്ട് പകലിനും ഒരു രാത്രിക്കും ഈ ചോദ്യങ്ങളുടെ പ്രസക്തിയുണ്ട്. ഗൈഡ് ഞങ്ങളെ യാത്ര അയക്കാൻ പ്ലാറ്റ്‌ഫോമിൽ തന്നെയുണ്ട്. വിൻഡോ ഗ്ലാസ് ഒന്നു കൂടി ഉയർത്തി. അയാൾ എന്നെതന്നെ നിർന്നിമേഷനായി നോക്കി നിൽക്കുന്നു. വഴികാട്ടികളുടെ ജീവിതം അങ്ങനെയാണ്. കുറച്ചുസമയം കൊണ്ട് എല്ലാവരുമായി പെട്ടെന്നടുക്കും. അതിനേക്കാൾ പെട്ടെന്ന് വഴി പിരിഞ്ഞുപോകും. ഒരു വഴികാട്ടികൂടി കൈവീശി യാത്ര പറയാൻ നിൽക്കുന്നു. എതിർ പ്ലാറ്റ്‌ഫോമിൽ ഹൈദരാബാദിൽ നിന്നുളള ചാർമിനാർ എക്സ്‌പ്രസ്‌സ് വന്നു നിന്നു. കണ്ടുമുട്ടലുകളുടെ മുഖങ്ങളിൽ കണ്ണുനീർ നിറയുന്നു. ചിലർ കെട്ടിപ്പിടിക്കുന്നു. അതൊക്കെ കണ്ടുകൊണ്ട് ആരും ഇല്ലാത്തവരെപ്പോലെ ചിലർ ഒറ്റയ്‌ക്ക് തങ്ങളുടെ ലഗേജുകളും ചുമന്നുകൊണ്ട് നടക്കുന്നു…..
രാജ്‌നാരായൺ കൈവീശി. ഞങ്ങളും. മഴവെളളം ഞങ്ങളുടെ കൈകളിൽ ഊർന്നു വീണു. കാര്യങ്ങളെല്ലാം ശരിയായി നടക്കുകയാണെങ്കിൽ പക്കീർബായി നാളെ പപ്പയെ രക്ഷിക്കാൻ അതേ ചങ്ങലയോടുകൂടി ബാബാട്രസ്‌റ്റിൽ മാനസികാരോഗ്യ ചികിത്സക്കായി അഡ്‌മിറ്റ് ചെയ്യും. മമ്മ എന്റെ കാൽപെരുമാറ്റം കേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ച് വാതിൽക്കൽ തന്നെ കാണും. ഒരു വർഷം പൂർത്തിയാകുന്ന ദിവസം നാളെയാണ്. സ്വപ്‌നഹാർ റൂമിയെ കാണാൻ ധാക്കയിൽ നിന്നും ട്രെയിൻ കയറിയിരിക്കും…… അവളുടെ കുഞ്ഞിന് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ നാല് വയസ് ആയിക്കാണും.
എല്ലാം ശരിയായി തന്നെ നടന്നു കൊണ്ടേയിരിക്കുന്നു…….
യുദ്ധം കഴിഞ്ഞശേഷം പടനിലത്തിൽ തനിച്ചിരിക്കുന്ന അശോകനെപ്പോലെ ജീൻ കണ്ണുകളടച്ചു. മുറുകിപ്പെയ്യുന്ന മഴയെ കീറിമുറിച്ചുകൊണ്ട് ജി.ടി. എക്സ്‌പ്രസ് കുതിക്കാൻ തുടങ്ങി. ജീൻ വീണ്ടും കണ്ണുകൾ തുറന്നു. മടിയിലിരിക്കുന്ന കലിംഗത്തുപ്പരണിയുടെ ഒന്നാംപേജ് മറിച്ചു. കുലോംത്തുംഗചോളൻ കലിംഗ രാജ്യം ആക്രമിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞു…..
Generated from archived content: story1_sept21_07.html Author: sudheeram_ms
Click this button or press Ctrl+G to toggle between Malayalam and English