സുവിശേഷങ്ങൾക്കു ശേഷം

‘കൊല്ലരുത്‌; കൊല്ലുന്നവൻ ശിക്ഷാർഹനാകും’ എന്ന്‌ പഴയ നിയമത്തിൽ എഴുതപ്പെട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ഃ നിന്റെ സമസൃഷ്ടികളായ ഇതര മനുഷ്യരുടെ മനസ്സിനെ വേദനിപ്പിക്കുകപോലും ചെയ്യരുത്‌; അതും ശിക്ഷാർഹമാണ്‌. വിദ്വേഷപൂർവ്വമായ ബലിയർപ്പണം പോലും ദൈവത്തിനു സ്വീകാര്യമല്ല. അതിനാൽ ബലിയർപ്പണത്തിനായി ബലിവേദിയെ സമീപിക്കുമ്പോൾ, നിന്റെ സഹോദരൻ (ഏതെങ്കിലും ഒരു മനുഷ്യൻ) നിന്നോടു വിരോധം വെച്ചു പുലർത്തുന്നുണ്ടെന്നു നീ ഓർക്കുകയാണെങ്കിൽ ബലിവസ്തു ബലിവേദിയിൽ വെച്ചിട്ടു പോയി, നിന്റെ ആ സഹോദരനുമായി രമ്യപ്പെടുക. അതിനുശേഷം വന്ന്‌ ബലിയർപ്പിക്കുക….

മത്തായിയുടെ സുവിശേഷം വായിച്ചശേഷം ഋതുനന്ദ പുതിയ നിയമം മടക്കിവച്ചു. ചുവപ്പുചട്ടയുള്ള പുതിയ നിയമവും നീല ചട്ടയുള്ള പഴയ നിയമവും സ്‌കൂളിൽ പഠിക്കുമ്പോൾ കിട്ടിയതാണ്‌. പേജുകൾ കരുമ്പനടിച്ചിരിക്കുന്നു. ഒന്ന്‌ രണ്ട്‌ പേജുകൾ ഇരട്ടവാലന്മാർ വെട്ടിയിരിക്കുന്നു. എട്ടാം സ്‌റ്റാൻഡേർഡിൽ പഠിക്കുമ്പോൾ കർമലീത്തയാണ്‌ പഴയ നിയമം തന്നത്‌. ഏതുവരെ വായിച്ചുവെന്ന്‌ തിരിച്ചറിയാനുള്ള കറുത്ത റിബണുള്ള പുതിയ നിയമം തന്നത്‌ ഡോളി എബ്രഹാമായിരുന്നു. അവർ രണ്ടുപേരും ഇന്നിപ്പോൾ ഇന്ത്യയ്‌ക്ക്‌ പുറത്തെവിടെയോ ആണ്‌….

ഋതുനന്ദ പഴയ നിയമത്തിന്റെയുള്ളിൽ വർഷങ്ങളുടെ പഴക്കമുള്ള ഒരു മയിൽപ്പീലി സൂക്ഷിക്കുന്നുണ്ട്‌. അത്‌ അഞ്ചാം ക്ലാസിൽ വച്ച്‌ കൃഷ്ണരാജി സമ്മാനിച്ചതാണ്‌. അതിന്റെ അടുത്ത പേജിൽ വെണ്ണ കക്കുന്ന ഉണ്ണിക്കണ്ണന്റെ ഒരു മുഖചിത്രം. അതിനും വർഷങ്ങളുടെ പഴക്കമുണ്ട്‌. രാമേശ്വരത്തുള്ള അമ്മാവൻ ഒരോണത്തിന്‌ വീട്ടിൽ വന്നപ്പോൾ തന്നതാണ്‌. അമ്മാവന്റെ കൈയ്യിൽ എല്ലാ ദൈവങ്ങളുടേയും ചിത്രങ്ങൾ ഉണ്ടായിരുന്നു. രാമേശ്വരത്തെ അമ്പലത്തിന്റെ മുന്നിൽ ദൈവങ്ങളുടെ ചിത്രങ്ങൾ വിൽക്കുകയാണ്‌ അമ്മാവന്റെ പണി. എല്ലാ വർഷവും ഓണത്തിന്‌ മാത്രം വീട്ടിൽ വരും. എനിക്ക്‌ ഏതെങ്കിലും ഒരു ദൈവത്തിന്റെ ഒരു ചിത്രം തരും. ആരോടും ഒന്നും പറയാതെ പോകുകയും ചെയ്യും….

പുതിയ നിയമത്തിനുള്ളിൽ യേശുവിന്റെ ഗിരിപ്രഭാഷണം തുടങ്ങുന്ന ഭാഗത്ത്‌ ഒരരയാലില. ചിറ്റിക്കോട്‌ ദേവിയുടെ ഇലയാണത്‌. ദേവി വിശ്രമിക്കുന്നത്‌ ആൽമരച്ചോട്ടിലാണ്‌. ദേവി ആൽമരച്ചോട്ടിൽ രാത്രി വിശ്രമിക്കുമ്പോൾ നാലുകരയിൽ നിന്നും പന്തങ്ങൾ കൊളുത്തി പിടിച്ചുകൊണ്ട്‌ വിളക്കുകെട്ടുകൾ എഴുന്നള്ളിവരും. അവ ദേവിയെ വലം വച്ചശേഷം നാലുകരകളിലേക്കു തന്നെ മടങ്ങിപ്പോകും. അപ്പോഴേക്കും നേരം പുലർന്നു കഴിഞ്ഞിരിക്കും…

ഒരു ദിവസം ദേവിയുടെ അരയാൽ വേരടക്കം മറിഞ്ഞു വീണു. അതും രാത്രി. അതിലുണ്ടായിരുന്ന ആയിരം കാക്കക്കൂടുകളും തറയിൽ വീണു. കാക്കകൾ അർദ്ധരാത്രിയിൽ കൂട്ടത്തോടെ ശബ്ദമുണ്ടാക്കികൊണ്ട്‌ ദേവീക്ഷേത്രത്തിന്റെ മുകളിൽ വട്ടമിട്ടു പറന്നു. കാക്കക്കൂടുകളിൽ മുട്ടയിട്ട കുയിലുകളുടെ മുട്ടകളും തറയിൽ വീണു. മുട്ടപൊട്ടി പകുതി മാത്രം പുറത്തുവന്ന കാക്കകുഞ്ഞുങ്ങൾ തറയിൽ കിടന്നു തന്നെ ചത്തു…

കാക്കകളുടെ രാത്രിയിലെ കൂട്ടനിലവിളി അവിടെ മുഴുവൻ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. രാത്രിയിൽ വേറിട്ടൊരു ശബ്ദം കേട്ടപ്പോൾ ക്ഷേത്രത്തിനകത്തു തൂങ്ങിയാടികിടന്നിരുന്ന വവ്വാലുകൾ ഒന്നൊന്നായി പുറത്തേക്കുവന്നു. അവയും അമ്പലത്തിന്റെ മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി….

പിറ്റേന്ന്‌ രാവിലെ ആൽമരം മുറിച്ചുമാറ്റുമ്പോൾ കൊമ്പുകൾക്കിടയിൽ കുടുങ്ങിയ ഒരുപാട്‌ ഇണപക്ഷികൾ ചത്തുകിടക്കുന്നുണ്ടായിരുന്നു. കൂടുതലും കാക്കകളായിരുന്നു. അമ്പലമുറ്റം നിറയെ ചത്തപക്ഷികൾ. കാക്കകൾ അപ്പോഴും ദേവി സ്ഥാനത്തിനു മുകളിൽ ശബ്ദമുണ്ടാക്കി വട്ടം ചുറ്റുന്നുണ്ടായിരുന്നു. അന്ന്‌ ഋതുനന്ദയെന്ന ഞാൻ ഒരു വാടിയ അരയാലില ഒരു കൊമ്പിൽ നിന്നും പൊട്ടിച്ചെടുത്ത്‌ പുതിയ നിയമത്തിന്റെയുള്ളിൽ വച്ചു…

അന്നു വൈകുന്നേരമാണ്‌ വെള്ളാപ്പള്ളിയിൽ സുവിശേഷ സന്ധ്യകൾ ആരംഭിച്ചത്‌. അതേസമയം തന്നെയാണ്‌ മേലേവീട്ടിൽ കുളിമുറിയിൽ പാമ്പിനെകണ്ട്‌ പേടിച്ച മിനിയമ്മ കാൽവഴുതി കമിഴ്‌ന്നുവീണത്‌. എട്ടുമാസം ഗർഭിണിയായിരുന്ന മിനിയമ്മ എണീക്കാനായി മുകളിലേക്ക്‌ നോക്കിയെങ്കിലും അവിടെ ആരുമില്ലായിരുന്നു. അവൾ നിലവിളിക്കുന്നതിനു പകരം ഞരങ്ങുകയാണ്‌ ചെയ്തത്‌. അവളുടെ ഞരക്കങ്ങൾക്കിടയിൽ അവളുടെ കാലുകൾക്കിടയിലൂടെ കരുക്കളും രക്തവും ചലവുമായി ശബ്ദമൊന്നുമുണ്ടാക്കാതെ ഒരു മുഖം പുറത്തേക്കുവന്നു… അവളെ പേടിപ്പിച്ച മഞ്ഞച്ചേര കുളിമുറിയിൽ വട്ടംചുറ്റി കുറേനേരം കിടന്നു. മിനിയമ്മയുടെ പേരിപ്പോൾ പള്ളിച്ചൽ പഞ്ചായത്തിലെ മരണരജിസ്‌റ്ററിലും നിശബ്ദമായി പുറത്തുവന്ന മുഖരൂപം ചാപിള്ളകളുടെ ജനന രജിസ്‌റ്ററിലും ചേർക്കപ്പെട്ടു കഴിഞ്ഞിട്ട്‌ വർഷങ്ങളായി.

ദുർമരണങ്ങളുടെ നാടാണ്‌ മിനിയമ്മയുടേത്‌. കൊൽക്കത്തയിലുണ്ടായ കാർ അപകടത്തിൽ അവളുടെ ഭർത്താവ്‌ മരിച്ചു. അതിനുമുമ്പ്‌ അവളുടെ അമ്മ ഒരുദിവസം രാത്രി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഭ്രാന്തി സാവിത്രി എന്ന പേരിൽ അവിടെ മുഴുവൻ ഇന്നും അവർ അലയുന്നുണ്ട്‌. മിനിയമ്മയുടെ മുന്നിലെ തലമുറയിലെ ഒരാളോട്‌ ദേവീ വിഗ്രഹം തീർക്കാൻ പറമ്പിലെ വരിക്കപ്ലാവ്‌ ചോദിച്ചപ്പോൾ നിഷേധിച്ചതാണ്‌ അതിനുള്ള കാരണമെന്ന്‌ ഒരു സംസാരം ദേശം മുഴുവനുണ്ട്‌. ഏത്‌ സമയവും മേലേവീട്ടിൽ പാമ്പ്‌ കയറിവരിക പതിവായി…. പ്ലാവ്‌ മുറിക്കില്ലായെന്ന്‌ പറഞ്ഞയാൾ പാമ്പുകടിയേറ്റു തന്നെ മരിച്ചു. മിനിയമ്മയും മരിച്ചശേഷം മേലേ വീട്‌ ആരോ ഇരുമ്പു താഴിട്ട്‌ പൂട്ടി. വഴിയേ പോകുന്നവർ എന്തൊക്കെയോ ഓർത്തുകൊണ്ട്‌ ആ വീടിനെ നോക്കും. ആ വീടിനുള്ളിൽ ഇപ്പോൾ പാമ്പും പെരുച്ചാഴിയും വാവലും പ്രാവുകളും നിറയെയുണ്ട്‌. രാത്രി അതുവഴി നടക്കുമ്പോൾ ചിലപ്പോൾ മിനിയമ്മയുടെ ഞരക്കം കേൾക്കാറുണ്ടത്രേ. ചില പൗർണ്ണമി രാവുകളിൽ ഭ്രാന്തി സാവിത്രി ആ വീടിനെ ഇപ്പോഴും വട്ടംചുറ്റി നടക്കുന്നത്‌ ഒരുപാടുപേർ കണ്ടിരിക്കുന്നു.

മത്തായി, മാർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ ക്രിസ്തു ശിഷ്യന്മാരുടെ പേരുകളുള്ള സുവിശേഷകരമായിരുന്നു ഇത്തവണയും വെള്ളാപ്പള്ളിയിൽ സുവിശേഷം പറയുന്നത്‌ അവർ ഓരോരുത്തരും യേശുവിനെ മത്സരിച്ച്‌ വാഴ്‌ത്തികൊണ്ടേയിരിക്കുന്നു. സുവിശേഷഗാനങ്ങൾ പാടിയിരുന്നത്‌ യോഹന്നാനായിരുന്നു. വാഹനം മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച്‌ സുവിശേഷ ശബ്ദങ്ങൾ നേർത്തുനേർത്തു വന്നു. മുക്കുനടയിലേക്ക്‌ കാർ തിരിഞ്ഞപ്പോൾ, സ്വർഗ്ഗത്തിൽ മഹോന്നതനായ മഹേശ്വരനു മഹത്ത്വം; ഭൂമിയിൽ ദൈവസംപ്രീതരായ മനുഷ്യർക്കു ശാന്തിയും ശുഭപ്രതീക്ഷയും എന്ന ലൂക്കോസിന്റെ വാക്യം അവസാനമായി കേട്ടു… കാർ വളവ്‌ തിരിഞ്ഞ്‌ ഇടമലയുടേയും അമ്മാനി മലയുടേയും ഇടയിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു….

മാറ്റങ്ങൾ ഉണ്ടാകുന്നത്‌ കാലം കൊണ്ടാണെന്ന്‌ പറയുന്നത്‌ എത്ര ശരി. ഇടമലയ്‌ക്കും അമ്മാനിമലയ്‌ക്കും ഒഴിച്ച്‌ ഓരോ സ്ഥലത്തിനും മാറ്റം വന്നിരിക്കുന്നു. സോഡിയം വേപ്പർ ലാമ്പുകൾ വഴി നിറയെ നിരന്നുനിൽക്കുന്നു. അവയുടെ വെളിച്ചക്കൂട്ടിൽ ഈയലുകൾ കൂട്ടത്തോടെ വട്ടംചുറ്റുന്നു. നീണ്ടു കിടക്കുകയാണ്‌ അമ്മാനിമലയും ഇടമലയും. വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന പല വീടുകളും കാണുന്നില്ല. അരികിലും അകലെയുമായി നിന്നിരുന്ന മരങ്ങളും കാണുന്നില്ല. അന്ന്‌ തന്റെ വഴിയിൽ ഉണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യന്മാരിൽ ഇന്ന്‌ എത്ര പേർ ജീവിച്ചിരിപ്പുണ്ടാകും? വീട്ടിൽ ചെന്നിട്ടുവേണം പഴയ വരമ്പിലൂടൊക്കെ നടന്നാൻ….

പുതിയ നിയമത്തിൽ, ഉറങ്ങുമ്പോൾ വളരുന്ന വിത്തിനെ കുറിച്ച്‌ പറയുന്ന ഭാഗത്തായിരുന്നു ദേവദാസിന്റെ ഫോട്ടോ വച്ചിരുന്നത്‌. വർഷങ്ങളോളം രണ്ട്‌ പേജുകൾക്കിടയിലിരുന്ന്‌ ദേവദാസിന്റെ മുഖത്തിപ്പോൾ നിറയെ ഫംഗസാണ്‌. ആളിന്റെ രൂപം തന്നെ മാറിവരുന്നു. ഋതുനന്ദയ്‌ക്ക്‌ ചിരിവന്നു. നാട്ടിലേയ്‌ക്കു പുറപ്പെടുമ്പോൾ എടുത്തിട്ടതാണ്‌ പുതിയ നിയമവും പഴയനിയമവും കുറച്ച്‌ ഓർമകളും….

വലതുവശത്ത്‌ അമ്മാനിമലപ്പള്ളിയും ഇടതുവശത്ത്‌ ഇടമല കോവിലും ഒപ്പം പ്രത്യക്ഷപ്പെട്ടു. എല്ലാ ഞായറാഴ്‌ചയും വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിച്ച്‌ പള്ളിയിലേക്ക്‌ മലകയറിപ്പോകുന്ന മനുഷ്യന്മാരെ താഴെ റോഡിൽ നിന്നാൽ കാണാം. പള്ളിയുടെ മുന്നിലുള്ള പാറക്കെട്ടുകളുടെ ഇടയിൽ നിന്നും ഒരിക്കലും വെള്ളം നിൽക്കാത്ത ഒരു ഊറ്റുചാലുണ്ടായിരുന്നു. പള്ളി നടയിലൂടെ ഒരു കണ്ണീർപ്രവാഹം പോലെ കാലങ്ങളോളം അത്‌ ഒഴുകികൊണ്ടേയിരുന്നു. ആ വെള്ളത്തിൽ കാൽവച്ചാൽ തലവരെ തണുപ്പ്‌ കയറും. വിശ്വാസികൾ കുർബാനയ്‌ക്ക്‌ മുമ്പ്‌ ഈ വെള്ളത്തിൽ ചവുട്ടി കാൽ ശുദ്ധമാക്കിയിരുന്നു. അതിനുശേഷം ഒറ്റക്കണ്ണൻ തത്തകൾക്ക്‌ നെൽക്കതിരുകൾ അവർ എറിഞ്ഞുകൊടുക്കും. പള്ളിമുറ്റം നിറയെ ഒറ്റക്കണ്ണൻ തത്തകൾ വന്നുചേർന്നതും വർഷങ്ങൾക്കു മുമ്പായിരുന്നു. മലകൾക്കപ്പുറത്ത്‌ നിന്ന്‌ ഒരുഷ്ണകാലത്ത്‌ കാടെരിഞ്ഞപ്പോൾ ഒരു കണ്ണ്‌ എരിഞ്ഞുപോയ തത്തകൾ കൂട്ടത്തോടെ പള്ളിമുറ്റത്ത്‌ ചിറകടിച്ചു വീണു. വികാരി അവയെ കൈയ്യിലെടുത്ത്‌ ദൈവനാമം ചൊല്ലി എരിഞ്ഞ കണ്ണുകളിൽ തലോടി. അന്നുമുതൽ അവ ഒറ്റക്കണ്ണൻ തത്തകളായി. അവയുടെ പിൻതലമുറയും ഒറ്റക്കണ്ണൻ തത്തകളായിരുന്നു….

ഇടമല ക്ഷേത്രം – ഋതുനന്ദ എന്നും പേടിയോടെയാണ്‌ നോക്കിയിരുന്നത്‌. കാവിവേഷം ധരിച്ച ആളുകൾ എന്നും വൈകുന്നേരം ഇടമലക്കുന്ന്‌ കയറിപ്പോകുന്നത്‌ എത്രയോ തവണ കണ്ടിരിക്കുന്നു. അവരുടെ കൈയ്യിൽ പൂവൻകോഴികളുണ്ടായിരിക്കും. കറുത്ത പൂവൻകോഴികളെയാണ്‌ ദുര്യോധനന്‌ കൂടുതലിഷ്ടം. ദുര്യോധനൻ മാത്രമല്ല ഇടമലക്ഷേത്രത്തിൽ കുടിയിരിക്കുന്നത്‌; രാവണനും ദുശ്ശാസനനും രണ്ടു കറുത്ത കല്ലുകളുടെ രൂപത്തിൽ ദുര്യോധനന്റെ ഇടവും വലവും ഇരിക്കുന്നുണ്ട്‌. പെരുമ്പാറയുടെ നടുക്കാണ്‌ ഇടമലക്ഷേത്രം. പെരുമ്പാറയുടെ നടുക്ക്‌ ഒരു കുഴിയുണ്ട്‌. അത്‌ ഭീമൻ കാൽവച്ചതാണെന്നാണ്‌ മുത്തിത്തള്ള പറയുന്നത്‌. ഒരിക്കലും വറ്റാത്ത നീലനിറമുള്ള വെള്ളം ആ കുഴിയിൽ എപ്പോഴുമുണ്ടാവും. ഹൃദയം നിറയ്‌ക്കുന്ന തണുപ്പാണ്‌ ഭീമൻ കുഴിയിലെ വെള്ളത്തിനുള്ളത്‌. കുഴിവെള്ളം ഉണ്ടായതിനു പിന്നിൽ ഒരു കഥയുണ്ട്‌, ഇടമലയുടെ അങ്ങേപ്പുറത്ത്‌ കൊന്തിയാട്‌ കടലാണ്‌. ഒരിക്കൽ കൊന്തിയാട്‌ കടലങ്ങ്‌ പൊങ്ങി. ഇടമലയോളം മരങ്ങളും ഇടമലക്ഷേത്രവും മൃഗങ്ങളും പക്ഷികളുമൊക്കെ വെള്ളത്തിൽ മുങ്ങി. കടലിറങ്ങിയപ്പോൾ ഇടമലമുഴുവൻ നശിച്ചു കഴിഞ്ഞിരുന്നു. മൃഗങ്ങളും പക്ഷികളും അവിടവിടെ ചത്തുകിടന്നു. കടലിറങ്ങിയിട്ടും കുറേക്കാലം ഇടമലയുടെ മുകളിൽ കഴുകന്മാർ വട്ടമിട്ടു പറന്നുകൊണ്ടിരുന്നത്‌ താഴെ റോഡിൽ നിന്നാൽ കാണാമായിരുന്നു. പെരുമ്പാറയിൽ അകപ്പെട്ടുപോയത്‌ ആവിയാകാനും വറ്റാനും കഴിയാതെ പെരുമ്പാറയ്‌ക്കുള്ളിൽ കുടുങ്ങിപ്പോയ വെള്ളം ഏതോ ശാപത്തിന്റെ പുത്രിയായിരിക്കണം.

ഇടമലയും അമ്മാനിമലയും അകലങ്ങളിലായിക്കഴിഞ്ഞു. കാർ ഇടവഴിയിലേക്ക്‌ തിരിയുമ്പോൾ ലോകത്തിന്റെ പൊക്കിൾക്കുഴിയിലേക്ക്‌ ചുണ്ടമർത്തിയതുപോലെ മനസ്സിന്റെയുള്ളിലേക്ക്‌ ഒരു തരി ചൂടും തണുപ്പും ഒന്നിച്ചു കയറി.

“തന്റെ പൊക്കിൾ എന്റെ നാടുപോലെ തണുത്തതാണല്ലേ”

വൈഷ്ണവിയുടെ പൊക്കിൾ ചുഴിയെ ഉമ്മവച്ചുകൊണ്ട്‌ ഋതുനന്ദ ചോദിക്കുമ്പോൾ ഒന്നും അറിയാത്തവളെപ്പോലെ സീലിംഗിനെ നോക്കി വെറുതെ ചിരിക്കുകയായിരിക്കും അവൾ. അവർക്കും ചുറ്റും ഉരുകിത്തിളക്കുന്ന മുംബൈ നഗരം രാത്രിയും പകലും ഏതെന്നറിയാതെ അവർക്കിടയിലും ഉരുകിക്കൊണ്ടിരുന്നു. വൈഷ്ണവി ഇപ്പോൾ താനാബസാറിലെവിടെയെങ്കിലും ചുറ്റിത്തിരിയുന്നുണ്ടാവും. കറുത്ത ജീൻസും കറുത്ത റോക്ക്‌ഫോബനിയനും ധരിച്ച്‌ അവൾ ലോകത്തെ ഇരുട്ടിനെ കുറിച്ച്‌ അറിയിക്കാനെന്നോണം തിരക്കിട്ടോടുന്ന ജനങ്ങളുടെ ഇടയിലൂടെ അവളുടെ പ്രിയപ്പെട്ട ജിപ്സികളുടെ അടുത്തേയ്‌ക്ക്‌ ഒരുപക്ഷേ പോകുകയായിരിക്കും. ജിപ്സി കോർണറിൽ ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല. ശാപം കിട്ടിയ ജീവിതവുമായി അലഞ്ഞുതിരിഞ്ഞ്‌ അവരിൽ ചിലർ വൈഷ്ണവിയേയും കാണുന്നു. ഋതുനന്ദക്കറിയാം വൈഷ്ണവിക്ക്‌ ജിപ്സികളെ ഇഷ്ടമാണ്‌. രാത്രി മുഴുവൻ നൃത്തം ചെയ്യുന്ന ജിപ്സികളുടെ മടിയിൽ എത്രയോ തവണ വൈഷ്ണവി നേരം വെളുക്കുവോളം ഉറങ്ങിയിരിക്കുന്നു. ജിപ്സികൾക്ക്‌ വൈഷ്ണവി ഒരു കുഞ്ഞായിരുന്നു. അവർ അവൾക്ക്‌ റൊട്ടിയും ഉണക്കമുന്തിരിയും തേനും കൊടുക്കും. തിരിച്ചുവരുമ്പോൾ അതൊക്കെ തനിക്കും അവൾ കൊണ്ടുവരും….

ഇടവഴിയിലെ മരങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി മറഞ്ഞുകൊണ്ടിരുന്നു. മുംബൈ ഇടവഴിയുടെ ഒരുവശത്ത്‌ വന്നതെങ്ങനെ? മറുവശത്ത്‌ ദേവദാസ്‌ സ്ഥിരം കല്ലെറിഞ്ഞ്‌ മാമ്പഴം വീഴ്‌ത്തുന്ന വെള്ളരിമാവ്‌ ഓടി മറഞ്ഞു. എത്രയോ തവണ താനും നോക്കിനിന്നിരിക്കുന്നു. ദേവദാസിന്റെ കല്ലേറിനെ വെള്ളരിമാവ്‌ നരപിടിച്ച്‌ മുത്തശ്ശിയായിരിക്കുന്നു. നിറയെ പഴുത്തിലകൾ ആസന്ന മരണം വെള്ളരിമാവിന്റെ ചുറ്റുവട്ടത്തെവിടെയോ നിൽക്കുന്നു.

ഇടവഴി അവസാനിക്കുന്നിടത്ത്‌ കാർ നിന്നു. ഇനിയങ്ങോട്ട്‌ നടക്കണം. വർഷങ്ങൾക്കു മുമ്പ്‌ നടന്നുപോയ വഴികളിലൂടെ. പുതിയ നിയമവും പഴയ നിയമവും കറുത്ത ഹാന്റ്‌ ബാഗിലാക്കി ഒതുക്കു വഴിയിലേക്ക്‌ കയറി. ഞാനും എന്റെ രാജ്യവും അവിടവിടെ വളരുമ്പോൾ ഒരിക്കലും മാറ്റമുണ്ടാകാതെ നിൽക്കാൻ കുറച്ച്‌ തുരുത്തുകൾ എക്കാലവും വേണം. ഭാഗ്യം എന്റെ ഒതുക്കുവഴികൾക്കും മാറ്റമൊന്നുമില്ല. ഋതുനന്ദ ആലോചിച്ചു. ഒതുക്കുവഴിയുടെ വശങ്ങളിലിരുന്ന്‌ ചീവീടുകൾ നിറുത്താതെ ചിലയ്‌ക്കുന്നു. എത്ര വർഷങ്ങൾക്കു ശേഷമാണ്‌ ചീവീട്‌ ചിലയ്‌ക്കുന്നത്‌ കേൾക്കുന്നത്‌. ഒതുക്കുവഴിയുടെ അപ്പുറത്തുകൂടെ ഒഴുകുന്ന തോട്‌ അതിപ്പോൾ പകുതിയായി ചുരുങ്ങിയിരിക്കുന്നു. തോടിനെ പകുതി മണ്ണിട്ടുമൂടി റോഡാക്കിയിരിക്കുന്നു. തോടിലുണ്ടായിരുന്ന കൈതക്കാടുകളുടെ കുറ്റികൾ അവസാനശേഷിപ്പുകളെപ്പോലെ അധിനിവേശത്തെ നോക്കി കരയുന്നുവോ? അമ്മാനിമലയിലെ ഊറ്റിൽ നിന്നാണ്‌ തോടാരംഭിക്കുന്നത്‌. ഇടയ്‌ക്ക്‌ തെങ്ങുവിളയിലെ ഊറ്റുകുഴി നിറഞ്ഞൊഴുകി അടയാണിയിലൂടെ വരുന്ന വെള്ളവും തോട്ടിൽ കൂടിച്ചേരും. തണുത്തവെള്ളം വർഷത്തിൽ മൂന്നൂറ്റിയറുപത്തിയഞ്ചു ദിവസവും താഴേക്ക്‌ ഒഴുകികൊണ്ടിരിക്കും. ദേവദാസും താനും കൂടി എന്തുമാത്രം കളിവള്ളങ്ങൾ തോട്ടിലൂടെ ഒഴുക്കിവിട്ടിരിക്കുന്നു. ഒഴുകുന്ന കടലാസു തോണികളോടൊപ്പം തോട്ടിന്റെ കരയിലൂടെ ഞങ്ങളും നടക്കും. തോട്‌ ചെന്നവസാനിക്കുന്ന കൈതക്കുഴിയിൽ ഞങ്ങളുടെ കടലാസുതോണികൾ ചുറ്റിത്തിരിയും. അനക്കമില്ലാതെ കൈതക്കുഴിയിൽ കടലാസുതോണികൾ കുറേ ദിവസം കൈതകളുടെ ഓരം പറ്റി അനക്കമില്ലാതെ കിടക്കും. ഞങ്ങളുടെ കടലാസുതോണികളുടെ ഇടയിലാണ്‌ ഒരുദിവസം ചീർത്ത്‌ വീർത്ത്‌ കൈതക്കുഴിയിൽ പൈങ്കിളിപ്പെണ്ണ്‌ കിടന്നിരുന്നത്‌. അവൾക്കും അനക്കമില്ലായിരുന്നു.

തോട്ടിലെ വെള്ളം ഇപ്പോൾ ഗർഭജലം പോലെ ആയിരിക്കുന്നു. തെങ്ങുവിളയിലെ ഊറ്റുകുഴിയിൽ നിന്നും ഇപ്പോൾ വെള്ളം നിറഞ്ഞു കവിയുന്നില്ല. വർഷങ്ങൾക്കു മുമ്പ്‌ ഊറ്റുകുഴിയുടെ ഇടതുവശത്തുനിന്നും. ഞാൻ കുളിക്കുമ്പോൾ വലതുവശത്തു നിന്നും ഒളിഞ്ഞു നോക്കുന്ന ദേവദാസ്‌. ദേവദാസിന്റെ നിഴൽ ഊറ്റുകുഴിയുടെ അടുത്തെവിടെയോ നിൽക്കുന്നതുപോലെ. ഊറ്റുകുഴിയ്‌ക്കു പിറകിലെ കരിമ്പനകൾക്കപ്പുറത്തെ മണ്ണാത്തിയുടെ വീട്‌ പൂട്ടിയിരിക്കുന്നു. വർഷങ്ങൾക്കു മുമ്പേ പൂട്ടിയ വീടാണണത്‌. താൻ മുംബൈയ്‌ക്കു പോയ വർഷം നടന്ന ഇരട്ടക്കൊലപാതകം. രാത്രിയിൽ മണ്ണാത്തിയുടെ വീടിനുള്ളിൽ കുറേപേർ ഒച്ചയുണ്ടാക്കാതെ കയറി അവരുടെ രണ്ട്‌ ആൺമക്കളേയും വെട്ടിക്കൊന്നു. ആരും അറിഞ്ഞില്ല. പിറ്റേന്ന്‌ പലഭാഗത്തു കിടക്കുന്ന മക്കളുടെ ശരീരഭാഗങ്ങളുടെ നടുവിലിരിക്കുന്ന മണ്ണാത്തിയെ കണ്ടപ്പോൾ എന്റെ കൂടെ ദേവദാസില്ലായിരുന്നു. അന്നു വൈകുന്നേരം ഞാൻ മുംബൈയ്‌ക്ക്‌ വണ്ടി കയറി. പിടയുന്ന മക്കളുടെ നടുവിലിരിക്കുന്ന മണ്ണാത്തിയുടെ വീട്ടുമുറ്റത്ത്‌ ഇപ്പോൾ കരിയിലകൾ മാത്രം കൂടികിടക്കുന്നു…

ഇനിയങ്ങോട്ട്‌ വീടുകളാണ്‌. വീടുകളിലേക്കുള്ള വഴികൾ തെളിയുന്നു. ചെറിയ ചെമ്മൺ പാത അന്നത്തെപ്പോലെ ഇന്നും കിടക്കുന്നു. മാർത്താണ്ഡവർമയുടെ കാലത്ത്‌ സ്ഥാപിച്ച ചുമടുതാങ്ങിയുടെ ഒരു കൽത്തൂണ്‌ ഒടിഞ്ഞുകിടക്കുന്നു. കൂനിത്തള്ളയുടെ ഇരുപ്പുകല്ല്‌ ഒഴിഞ്ഞു കിടക്കുന്നു. വഴിയേ പോകുന്നവർക്ക്‌ എന്നും തണുത്ത പച്ചവെള്ളവും ഉപ്പുമാങ്ങയും കൊടുത്തിരുന്ന കൂനിത്തള്ളയില്ലാത്ത ഇരുപ്പ്‌ കല്ല്‌ എന്നിൽ ഒരു ദീർഘനിശ്വാസമായി അവശേഷിച്ചു. കൂനിത്തള്ളയുടെ വീടിനു പിറകിലെ പാടത്ത്‌ നിറയെ നന്നങ്ങാടികളുണ്ട്‌. ആ നന്നങ്ങാടിപ്പാടത്തേയ്‌ക്ക്‌ കൂനിത്തള്ളയും ചുരുണ്ടുകൂടിയിരിക്കും.

ഒരു ദേശവും വീടുകളും മരണവും ചേർന്നു നിൽക്കുന്ന കാഴ്‌ചകൾ, അത്‌ മുഴുവൻ കണ്ടുകൊണ്ടാണ്‌ ഞാൻ നാടുവിട്ടത്‌. മറഞ്ഞുപോയ കാഴ്‌ചകൾ ഓർമ്മകുറിപ്പുകളായി തിരിച്ചു വരുമ്പോൾ തന്റെ മുന്നിൽ മരണം രേഖപ്പെടുത്താത്ത ഒരു വീടുമില്ല. എങ്ങനെ എന്റെ നാട്‌ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്ത ഗ്രാമമായി മാറി? എങ്ങനെ കാലങ്ങളായി എ​‍െൻ​‍്ര ഗ്രാമം മരണത്തിന്റെ മാത്രം ഗ്രാമമായി? സാന്ത്വനങ്ങളും സർവ്വേകളും ഒരുപാട്‌ നടന്നെങ്കിലും മരിക്കേണ്ടവർ മരിക്കുകയും ആത്മഹത്യ ചെയ്യേണ്ടവർ ആത്മഹത്യ ചെയ്യുകയും ചെയ്തുകൊണ്ടേയിരുന്നു.

നാൽപത്തഞ്ച്‌ വയസ്സായിട്ടും വിവാഹം കഴിക്കാതിരുന്ന പത്മിനിയുടെ വീട്ടിലേക്കുള്ള വഴിയിലാണ്‌ നിറയെ അരളിച്ചെടികളുള്ളത്‌, വെള്ളാപ്പള്ളിയുടെ അടുത്തുള്ള റൈസ്‌മില്ലിൽ നേരം പുലരാൻ തുടങ്ങുമ്പോൾ തന്നെ അവൾ ഒറ്റയ്‌ക്ക്‌ തോടിന്റെ കരയിലൂടെ നടന്നുപോകാറുള്ളത്‌ എന്നെപ്പോലെ പലരും കണ്ടിരിക്കുന്നു. ഒരു മഹാശിവരാത്രി ദിവസം തോട്ടിന്നരികിലെ കാച്ചിൽപ്പടർപ്പുകൾക്കിടയിൽ അവൾ ചലനമറ്റു കിടന്നു. എന്റെ ഗ്രാമത്തിലെ ആദ്യത്തെ ബലാത്സംഗമരണമായിരുന്നു പത്മിനിയുടേത്‌. അവൾ നട്ടുവളർത്തിയ അരളിപ്പൂക്കൾ നിറയെ പുതച്ചാണ്‌ അവൾ ഉറങ്ങിയത്‌. ദഹിപ്പിക്കാത്ത അവളുടെ ശരീരം ഇപ്പോൾ വലിയൊരു മഞ്ഞ അരളിയായി അവളുടെ വീടിന്റെ തെക്കുഭാഗത്ത്‌ വർഷത്തിൽ ശിവരാത്രി ദിവസമൊഴികെ ബാക്കി ദിവസങ്ങളിൽ പൂത്തുലഞ്ഞ്‌ നിൽക്കും. ഇന്നും പൂത്തു നിൽക്കുന്നു. ഒതുക്കുവഴിയിൽ നിന്ന്‌ ഞാൻ അവളുടെ വീട്ടിലേക്ക്‌ നോക്കിയപ്പോൾ വീടിനു ചുറ്റും ആരും പെറുക്കാനില്ലാത്ത പനങ്കരിക്കുകൾ നിറയെ കിടക്കുന്നു. ആരും താമസമില്ലാത്ത മറ്റൊരു വീട്‌. ഒരു ദുർമരണം എന്തേ എന്റെ നാട്ടുകാർക്ക്‌ പാലായനമായി മാറുന്നത്‌? അപമാനമായതുകൊണ്ടാണോ? അതോ പേടിച്ചിട്ടാണോ? വർഷങ്ങൾ കൂടുമ്പോൾ പരോളിൽ വരുമ്പോൾ അബ്ദുവും ബാബുവും ജോണും കുറേ നേരം ഒതുക്കുവഴിയിൽ നിന്നുകൊണ്ട്‌ മഞ്ഞയരളിയെ നോക്കി നിൽക്കാറുണ്ടത്രേ!

ഓരോ പ്രാവശ്യവും നാട്ടിലെ വിശേഷങ്ങൾ പറയാൻ ദേവദാസ്‌ ഫോൺ വിളിക്കുമ്പോൾ ഒരു മരണത്തെക്കുറിച്ച്‌ പറയാനുണ്ടാകും. അതും അപമൃത്യു. ഓരോ മരണത്തെക്കുറിച്ചും ഞാനറിയുമ്പോൾ അവരുടെ മുഖവും വീടും മനസ്സിൽ തെളിയും. അവരുടെ വീടിന്റെ തൊടിയിലെ മരങ്ങൾവരെ മനസ്സിനകത്ത്‌ നിറയും. നിറയെ അശോകതെറ്റിപ്പൂക്കളുള്ള സുവർണ്ണയുടെ വീടിന്റെ പൂജാമുറി പലപ്രാവശ്യം ഞാൻ കണ്ടിട്ടുള്ളതാണ്‌. എല്ലാ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും കൂടിയിരിക്കുന്ന മുറി. സദാ സുഗന്ധം മാത്രം നിറഞ്ഞുനിൽക്കുന്ന മുറി. ഒരുദിവസം വൈകുന്നേരം ദേവദാസിന്റെ ഫോൺകോൾ അവസാനിച്ചത്‌ പൂജാമുറിയിൽ തൂങ്ങി നിന്ന സുവർണ്ണയെക്കുറിച്ചാണ്‌. മരണത്തിനു മുമ്പുവരെ ടെക്‌നോപാർക്കിലെ പ്രോഗ്രാം അനലിസ്‌റ്റായിരുന്നു അവൾ. എന്റെ ഗ്രാമത്തിൽ ഗ്ലോബലൈസേഷൻ ഇറക്കിയത്‌ സുവർണ്ണയുടെ വീടായിരുന്നു. അവളുടെ അച്ഛൻ കൊക്കക്കോളയുടെ സതേൺ ഡിവിഷൻ സെയിൽസ്‌ മാനേജരായിട്ടാണ്‌ വന്നത്‌. ഇപ്പോൾ ആ വീടും പുട്ടിക്കിടക്കുന്നു…

ദേവദാസിന്റെ ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ ഋതുനന്ദ കണക്കുക്കൂട്ടി. ഇവിടെ ഇപ്പോൾ ആരുമില്ല. ആരും ആർക്കും വേണ്ടാത്ത നാട്‌. ഈ നാട്‌ എങ്ങനെ ഒരുദിവസം കഴിയുന്നുവെന്നുപോലും ആർക്കും അറിയേണ്ട. നേരം ഇരുട്ടാൻ തുടങ്ങുകയാണ്‌. അമ്മാനിമലയുടെയും ഇടമലയുടെയും ഇടയിലൂടെ വരുന്ന കാറ്റ്‌ പനകളിൽ തട്ടി താഴേക്ക്‌ വീഴുന്നു. കൂട്ടത്തിൽ മറ്റുമരങ്ങളുടെ പഴുത്തിലകളും താഴേക്ക്‌ വീണ്‌ വഴിനിറയെ നിറയുന്നു…

ദൂരെ വിയ്വാതിയുടെ വീട്ടിലെ വിളക്കു കാണാം. അതിനടുത്താണ്‌ കാവ്‌. പായസത്തിൽ വീണ്‌ മുഖംപൊള്ളിയ വെള്ളക്കുട്ടൻ ഇപ്പോ അവിടെയെവിടെയെങ്കിലും കാണും. കാവിന്റെയരികിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ചില്ലുകൂട്ടിനുള്ളിൽ ഒരു തിരി വെളിച്ചത്തിൽ തെളിഞ്ഞിരിക്കുന്നു. ഇടവഴിയുടെ അപ്പുറത്തുള്ള കവലയിൽ അയ്യങ്കാളി പ്രതിമ ഇപ്പോഴും കറുത്തിരുണ്ട്‌ തന്നെയാവും നിൽക്കുക. പുലയന്‌ എന്നും കറുപ്പുനിറം തന്നെ… അവന്റെ പ്രതിമയ്‌ക്കും…

വീട്ടിലേയ്‌ക്കുള്ള പടവുകൾ കയറുമ്പോൾ ദേവദാസ്‌ പിന്നിലെത്തിയിരുന്നു. കാലം ദേവദാസിനും കൊടുത്തിരിക്കുന്നു പുതിയൊരു കോലം. എങ്കിലും ചിരിക്കാൻ മറന്ന ദേവദാസിനെ ആദ്യമായി കാണുകയായിരുന്നു.

“നന്ദയ്‌ക്ക്‌ സുഖമാണോ”

“പുതിയ മരണവാർത്ത വല്ലതുമുണ്ടോ?”

“ഇല്ല”

“ഇനി ആരാ ഇവിടെ അടുത്ത്‌ മരിക്കുക”

“ജനിച്ചാ ഒരുദിവസം മരിയ്‌ക്കണ്ടേ”

“വേണം മരിക്കണം”

“നന്ദയറിഞ്ഞോ ഇപ്പോ അയ്യങ്കാളിയുടെ അടുത്ത്‌ ഇ.എം.എസിന്റെ പ്രതിമയുണ്ട്‌”

“ഇല്ലല്ലോ”

“നന്ദയറിഞ്ഞോ നമ്മുടെ നീലം മാവ്‌ ഇപ്പോ നിറയെ മാമ്പഴമാ, തറയിൽ മുട്ടി നിൽക്വാ”

“കൊള്ളാമല്ലോ ദേവാ നാളെ രാവിലെ ഞാനവിടെ വരാം”.

“വരണം നിനക്ക്‌ അമ്മയേയും കാണാമല്ലോ”

നാലാംമുറിയിൽ കരുവാൻ തീർത്ത കാൽപ്പൂട്ടിൽ കിടക്കുന്ന ദേവദാസിന്റെ അമ്മക്കറിയാമോ ഇപ്പോളെന്നെ…

ഓർമ്മപ്പെടുത്തലുകൾക്കിടയിൽ എപ്പോഴോ ദേവദാസ്‌ തിരിച്ചു പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. ഇരുട്ടിൽ വെളിച്ചത്തിന്റെ ചെറിയ ചെറിയ തുണ്ടുകൾ കുറേ മണിക്കൂറുകൾക്കുശേഷം ഓരോന്നായി അണഞ്ഞു.

എന്താണ്‌ കാര്യമെന്നറിയില്ല. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരിലും എന്തോ ഒരു സംശയം. അവർ നീലം മാവിനെ വട്ടംചുറ്റി നിന്നു. തറയോളം എത്തുന്ന നീലം മാവിന്റെ ഒരു കൊമ്പിൽ ദേവദാസ്‌ തൂങ്ങിനിൽക്കുന്നു. കുറേ മാമ്പഴം തറയിൽ വീണു കിടക്കുന്നു. വീണു കിടക്കുന്ന മാമ്പഴങ്ങളിലേയ്‌ക്ക്‌ ഭൂമിയിലെ പല പല വഴികളിൽ നിന്ന്‌ ഉറുമ്പുകൾ വരാൻ തുടങ്ങുന്നതേയുള്ളൂ…

ഒന്നാം നിലയിലെ തുറന്ന ജനലിലൂടെ ഒന്നും സംഭവിക്കാത്തതുപോലെ ദേവദാസിന്റെ അമ്മ നീലം മാവിനെ തന്നെ നോക്കി നിൽക്കുന്നു…

ഋതുനന്ദ നീലം മാവിലേക്ക്‌ ഒന്നുകൂടി നോക്കി. പിന്നീട്‌ അവൾ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയാൻ തുടങ്ങുകയായിരുന്നു…

Generated from archived content: story1_may11_07.html Author: sudheeram_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English