നമുക്ക് ഒരിക്കലും നേടാനാകാത്തത് ജീവിതത്തിലെ വൈരുദ്ധ്യമാണ്. അതിർവരമ്പുകൾ എവിടെയോ ഒന്നിക്കുന്നുണ്ടാവാം. അല്ലെങ്കിൽ കുറവുകളും ദൗർലഭ്യങ്ങളും മറക്കുവാനുളള മൂകത ഉണ്ടായിരിക്കും.
എന്ന്
നിന്റെ സൂസന്ന
സൂസന്ന അവസാനം അയച്ച കത്തിലെ അവസാന വരികളാണ് മുകളിൽ കൊടുത്തിട്ടുളളത്. ഇത് സൂസന്നയുടെ സ്വന്തം വാക്കുകളാകാൻ സാധ്യതയില്ല. ഏതോ പ്രമാണിയായ സാഹിത്യകാരൻ എവിടെയോ എഴുതിയ വരികളെ കടമെടുത്തതാവാനാണ് സാധ്യത. സൂസന്ന എപ്പോഴും അങ്ങനെയാണ്. അവളുടെ ഓരോ കത്തിലും ഇത്തരത്തിലുളള വരികൾ ഉണ്ടാകും. മഹാന്മാരുടെ മഹദ്‌വചനങ്ങൾ മാതിരി. പക്ഷെ ആരാണ് പറഞ്ഞതെന്ന് എത്ര ആലോചിച്ചാലും പിടികിട്ടില്ല.
സൂസന്ന ഇപ്പോൾ എവിടെയായിരിക്കും? എന്തു ചെയ്യുകയായിരിക്കും? അവളുടെ നാട്ടിലിപ്പോൾ ഇരുട്ടായിരിക്കുമോ? അതോ പകലോ? ഇരുട്ടിനേയും പകലിനേയും ഇഴതിരിച്ചെടുക്കാൻ സൂസന്ന വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഇരുട്ടെന്നാൽ സൂസന്നയ്‌ക്ക് കരിങ്കടലാണ്. അവളുടെ ഇരുട്ട് സമം കരിങ്കടൽ എന്ന കവിത ഏതോ അറിയപ്പെടാത്ത പ്രസിദ്ധീകരണത്തിൽ വന്നതോർമ്മ വരുന്നു. പകലെന്നാൽ ബയോളജിയും, അമീബയുടെയും പാരമീസിയത്തിന്റേയും ജീനുകളുടേതുമായ ഒരു ലോകം. അതിൽ ലയിച്ചുകഴിഞ്ഞാൽ സൂസന്ന പ്രൊഫസർ സൂസന്നയായി. ജീവന്റെ ജീവൻ എന്ന വിഷയം സൂസന്നയ്‌ക്ക് എന്നും പ്രിയമാണ്. ജീവനിലാണ് ജീവിതം എന്ന പ്രത്യേക കാഴ്‌ചപ്പാടും സൂസന്നയ്‌ക്കുണ്ട്. മനുഷ്യന്റെ ബയോളജിയുടെ അടിവേര് കാമമാണെന്ന കണ്ടെത്തലാണ് സൂസന്നയേയും എന്നേയും അടുപ്പിച്ചത്. ഒരുപക്ഷേ എന്റേയും സൂസന്നയുടേയും ജീവിതത്തിലെ ഒരു വഴിത്തിരിവാണെന്ന് കൂട്ടിക്കൊളളൂ.
അടിവേരുകൾ തേടുക എന്നതാണ് ഞങ്ങളുടെ രണ്ടാളുടെയും ഹോബി. ഒരാൾ ജീവകണികകളുടെ കോണുകൾ മൈക്രോസ്‌കോപ്പിലൂടെ അളന്ന് തിട്ടപ്പെടുത്തി. ഞാനാണെങ്കിൽ സൗന്ദര്യശാസ്‌ത്രത്തിന്റെ ആഴത്തട്ടിൽ മുങ്ങാംകുഴിയിടുന്നവനും. എന്റെ സാമൂഹിക-പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനത്തിൽ വച്ചാണ് ഞാനാദ്യം സൂസന്നയെ കാണുന്നത്. ചില സുഹൃത്തുക്കൾക്ക് ചിത്രങ്ങളുടെ അർത്ഥതലങ്ങൾ ഞാൻ വിവരിച്ചു കൊടുക്കുകയായിരുന്നു. വിഷയങ്ങൾ എന്തായാലും അതിലൊരു കൂട്ടിക്കലർത്തൽ നടത്തുന്നതുകൊണ്ട് ചിത്രങ്ങളുടെ സാരാംശം പലർക്കും മനസ്സിലായിരുന്നില്ല. അവർ അതിൽ ഒരു അൾട്രാ മോഡേൺ ടച്ച് കണ്ടെത്തി. ‘സൗന്ദര്യത്തിന്റെ അവസാനം വരെ’ എന്ന എന്റെ ദർശനം പലർക്കും ദഹിച്ചിരുന്നില്ല. ശക്തിയല്ല സൗന്ദര്യമാണ് വലുത് എന്ന പ്രമാണത്തെ ചിലർ കളിയാക്കുകയും ചെയ്‌തു. പക്ഷെ സൂസന്ന വ്യത്യസ്‌തയായിരുന്നു. സുഹൃത്തും പത്രപ്രവർത്തകയുമായ അംബികയോട് അവൾ പറഞ്ഞുഃ
“ഇത് വരച്ചയാൾ കാമദാഹിയാണ്.”
തിരിഞ്ഞുനോക്കിയപ്പോൾ സൂസന്ന ‘വേശ്യാത്തെരുവ്’ എന്ന് അടിക്കുറിപ്പ് കൊടുത്ത ചിത്രം നോക്കുകയാണ്.
“ശരിയാണ് മാഡം. അതെങ്ങനെ മനസ്സിലായി?”
എന്റെ ചോദ്യം സൂസന്നയോട് തന്നെയായിരുന്നു.
“ഡു യു ബിഹൈന്റ് ഇറ്റ്.”
“യെസ്. ഐ ആം.”
“ജീനുകളുടെ അടുക്കപ്പെരുക്കം ഈ ചിത്രത്തിൽ കൃത്യമാണ്. അത്ര തന്നെ.”
അന്നു തുടങ്ങിയ സൗഹൃദം ഒരുപാട് വളർന്നു. ഞങ്ങൾ രണ്ടറ്റത്തുനിന്ന് നടക്കാൻ തുടങ്ങി. ഞങ്ങളുടെ വിഷയങ്ങളിൽ ഞങ്ങൾ ലോകത്തിന്റെയറ്റം വരെ പോകുമെന്ന് പ്രതിജ്ഞ ചെയ്‌തു. അതിന് രണ്ട് പരീക്ഷണവസ്‌തുക്കൾ വേണമായിരുന്നു. എനിക്കവളും, അവൾക്ക് ഞാനും. അങ്ങനെ ഞങ്ങൾ പരീക്ഷണവസ്‌തുക്കളായി. ഗിനിപ്പന്നികളെപ്പോലെ. അല്ലെങ്കിലും മനുഷ്യർ എന്നും പരീക്ഷണവസ്‌തുക്കളാണല്ലോ. ആരുടേയെങ്കിലുമൊക്കെ. ജീൻ കൊളാഷ് എന്ന പുതിയ ജീവശാസ്‌ത്ര പരീക്ഷണത്തിനു പറ്റിയ ശരീരമാണ് തന്റേതെന്ന് അവൾ ഡിസംബറിലെ ഒരു ഞായറാഴ്‌ചയിൽ കണ്ടെത്തി. കൃത്യമായി പറഞ്ഞാൽ പുതിയ വർഷത്തിന്റെ തലേന്ന്, റെയ്‌ൻമാൻ ഹോട്ടലിലെ പതിനേഴാം നമ്പർ മുറിയിലായിരുന്നു ഞാൻ. ഊട്ടി നഗരത്തിന്റെ വശ്യസൗന്ദര്യം മുഴുവനും എന്റെ മുറിയുടെ കിഴക്കേ ജനാല തുറന്നാൽ കാണാം. താഴെ ചെമന്ന നൂലുപോലെ ചെമ്മൺപാത. വായിനോക്കി നടക്കുന്ന രണ്ട് തെരുവ് നായ്‌ക്കൾ. കൂനിക്കൂടി നടക്കുന്ന കമ്പിളിത്തുണി പുതച്ച വൃദ്ധ. ജനാലപൊളി അടച്ചപ്പോൾ ഒളിച്ചു കയറിയ മഞ്ഞ് മുറിയുടെ മൂലകളിൽ പകലിലെ മരപ്പട്ടികളെപ്പോലെ മൂക ദൃക്‌സാക്ഷികളായി പരുങ്ങി നിന്നു.
ആരോ വാതിലിൽ മുട്ടി. എല്ലാ മാരണങ്ങൾക്കും അവധി പറയാനാണ് ഇവിടെ വന്നത്. ഇപ്പോൾ ഇവിടെയും.
വാതിൽ തുറന്നപ്പോൾ വിശ്വസിക്കാനായില്ല. സൂസന്ന! ക്രീം കളർ സാരി. വയലറ്റ് ബോർഡർ. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കളർ. ഓവർകോട്ടായി ഒരു കമ്പിളിത്തുണി മൂടിയിട്ടുണ്ട്. അവളുടെ മുഖം കടഞ്ഞെടുത്ത ചന്ദനം പോലെ ആ തണുത്ത രാത്രിയിൽ കൂടുതൽ തെളിഞ്ഞിരുന്നു.
“ഇവിടെ?”
“ബൊട്ടാണിക്കൽ ഗാർഡൻസിൽ വന്നതാണ്. കുറച്ച് റെയർ പ്ലാന്റ്‌സ് കളക്‌ട് ചെയ്യണം.”
“ഞാനിവിടെയുണ്ടെന്ന് എങ്ങനെയറിഞ്ഞു?”
“ഞാനും ഈ ഹോട്ടലിൽ തന്നെയാണ് താമസിക്കുന്നത്. റൂം നമ്പർ ഇരുപത്തിയൊന്നിൽ. റൂം ചാർട്ടിൽ നിങ്ങളുടെ പേർ കണ്ടു.”
“അപ്പോൾ അയൽവാസിയാണല്ലോ”
“ഉത്തരം കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവളുടെ വാക്കുകൾ തണുത്ത് വിറയ്‌ക്കാൻ തുടങ്ങി.
പുറത്ത് തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയായി.
”എന്താ ചിത്രകാരനിവിടെ?“
”ഇല്ല. ഒന്നുമില്ല. കുറേ വരയ്‌ക്കണം.“
”എന്താ വിഷയം?“
”സൗന്ദര്യം. അല്ലാതെന്താ?“
”എന്തിന്റെ സൗന്ദര്യം?“
”പൂവിന്റെ.“
”ഏതു പൂവ്?“
”സൂസന്നപ്പൂവ്.“
”അങ്ങനെയൊരു പുഷ്‌പത്തെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.“
”എന്നാൽ അങ്ങനെയൊന്നുണ്ട്. ഫ്രോഗ് ഹിൽസിന്റെ അടിവാരത്തിൽ കുറെ പൂക്കളുണ്ട്. അതിനാരും ഇതുവരെ പേരുകളിട്ടിട്ടില്ല. ക്രീം കളറാണ്. ഞാനതിനു കൊടുത്ത പേരാണ് സൂസന്നപൂക്കൾ.
“എന്നിട്ടെന്താ അതിനെ വരയ്‌ക്കാത്തത്?”
“തുടങ്ങുകയാണ്. ഇതുവരെ മനോനില ശരിയായില്ല. ഇപ്പോൾ ശരിയായി.”
“ഞാൻ വന്നതുകൊണ്ടാണോ?”
“അതെ.”
ചായക്കൂടുകളിൽ നിന്ന് വർണ്ണങ്ങൾ നൂഴ്‌ന്നിറങ്ങി. അവ പലതും ഇണ ചേർന്ന് സങ്കരമായി. ഒടുവിൽ രൂപാന്തരം പ്രാപിച്ച് ക്രീം നിറമായി. കറുത്ത ബാക്ക് ഗ്രൗണ്ടിൽ സൂസന്നപൂക്കൾ വിടരാൻ തുടങ്ങി.
ക്രീം നിറം സൂസന്നയുടെ കണ്ണുകളിൽ ഇരച്ചു കയറി. പയ്യാമ്പലത്തെ കടൽത്തിരകളെപ്പോലെ. തിരമാലപ്പതയിൽ നിറയെ കോശങ്ങൾ. കോശങ്ങൾക്ക് ചലനം, അതിന് അമീബയുടെ അമൂർത്തഭാവം. ശ്വാസഗതിക്ക് ഉരഗവേഗത….
ഞാൻ പൂക്കൾക്ക് സ്വർണ്ണവർണ്ണം കൊണ്ട് ബോർഡർ നൽകി. അടിയിൽ സൂസന്നപ്പൂക്കൾ എന്ന് അടിക്കുറിപ്പും നൽകി.
എന്റെ ശരീരത്തിലെ കോശങ്ങളെ ലെൻസ് വെച്ച് നോക്കാനൊരുങ്ങുകയാണ് അവൾ. അവൾ പറഞ്ഞു.
“ചിത്രകാരന്റെ കൈയ്യിലും സൂസന്നപ്പക്കളുണ്ട്.”
“എവിടെ?”
“അവൾ എന്റെ കൈത്തണ്ടയിൽ ലെൻസ് പതിപ്പിച്ചു.
”പക്ഷേ കോശങ്ങൾ ജീർണ്ണിക്കുകയാണ്.?
“അതെന്നായാലും വേണ്ടതല്ലേ?”
“പാടില്ല.”
“ജീർണ്ണിച്ച കോശങ്ങൾ ഫോസിലുകളാണ്. എല്ലില്ലാത്ത ഫോസിലുകൾ.” അവൾ എന്റെ ഷർട്ടഴിച്ച് നെഞ്ചിനു നേരെ ലെൻസ് പിടിപ്പിച്ചു.
“ഇവിടെ ഒത്തിരി സൂസന്നപൂക്കളുണ്ട്.”
ശരിയായിരുന്നു. പിന്നെയവിടെ ഒരാഴ്‌ചയോളം സൂസന്നപൂക്കളുടെ മാത്രം പൂക്കാലമായിരുന്നു.
തണുപ്പിന്റെ വരമ്പിലൂടെ അവൾ നടന്നുപോയത് മാത്രം ഉൾക്കിടിലത്തോടെ ഞാനറിഞ്ഞു. 21-ാം നമ്പർ മുറി ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്.
ദൗർലഭ്യങ്ങളുടെ അതിർവരമ്പുകൾ ചൂണ്ടിക്കാട്ടി അവൾ പിന്നീട് ഒരുപാട് നീണ്ട കത്തുകൾ എനിക്കെഴുതി. മറുപടി അയയ്‌ക്കാൻ വിലാസമില്ലായിരുന്നു. ജീനുകളുടെ തന്ത്രികളെ അന്വേഷിച്ച് അവൾ എവിടെയൊക്കെയോ അലയുന്നുണ്ടാവും. പിന്നീട് വരുന്ന കത്തുകളുടെ എണ്ണം കുറയാൻ തുടങ്ങി. കത്തുകളിൽ അക്ഷരപ്പെരുക്കം ഇല്ലാതായി. വാക്യങ്ങൾക്ക് സ്വരച്ചേർച്ചയില്ല. അക്ഷരങ്ങൾ നിലതെറ്റി വീണുകഴിഞ്ഞിരുന്നു.
ഞാനിപ്പോൾ ഫോസിലുകളുടെ നടുക്കാണ് എന്ന വാക്യം എഴുതിയ കത്തു കിട്ടിയപ്പോൾ ഞാൻ കൂടുതൽ സൗന്ദര്യാസ്വാദകനായി. സൂസന്നയുടെ ഫോസിൽ. അതിനും ക്രീം നിറം.
ഇപ്പോൾ ഫ്രോഗ്‌ഹിൽസിന്റെ അടിവാരത്തിലൂടെ നടക്കുകയാണ് ഞാൻ. അവിടെ മുഴുവൻ ശവക്കോട്ടപ്പച്ച പിടിച്ചിരിക്കുന്നു. ഇരട്ടത്തലച്ചികൾ ചുറ്റിപ്പറക്കുന്നു. നരികളുടെ കാൽപ്പാടുകൾ അവിടവിടെ പതിഞ്ഞിരിക്കുന്നു. ദൂരെ ക്രീം നിറത്തിലുളള പൂക്കൾ….അതങ്ങ് ഒത്തിരി ദൂരെയാണ്….ഞാനിനി അവയുടെ അടുത്തേക്ക് നടക്കട്ടെ…
Generated from archived content: story1_feb2.html Author: sudheeram_ms