കണ്‌ഠകോണേശ്വരൻ

അമേരിക്കയിൽ നിന്നും അവധിക്കെത്തിയ അയാൾ മക്കളോടൊപ്പം ഗ്രാമ ക്ഷേത്ത്രിൽ പതിവുപ്രകാരമുള്ള ദർശനത്തിനെത്തിയപ്പോൾ അവിടെ ഒരു തിരക്കുമില്ലായിരുന്നു. ആളുകളെല്ലാം ടി.വി.യുടെ മുമ്പിലിരിക്കുകയായിരിക്കുമെന്ന്‌ അയാൾ വിചാരിച്ചു. പണ്ടൊക്കെ ഇതേ പോലെ ദർശനത്തിനു വരുമ്പോൾ എന്ത്‌ തിരക്കായിരുന്നു. കാച്ചിയ എണ്ണയുടെ സുഗന്ധം പരത്തികൊണ്ടു കസവ്‌ മുണ്ട്‌ ചുറ്റിവരുന്ന സുന്ദരിമാർ അയാളുടെ യൗവന കാലത്തെ നല്ല ഓർമ്മകളിൽ ഇന്നും പ്രദക്ഷണം വയ്‌ക്കുന്നു. പ്രസാദം വാങ്ങി തിരിച്ച്‌ വരുമ്പോൾ പരിചയമുള്ള ഒരാളോട്‌ ചോദിച്ചു “എന്തേ ഒട്ടും തിരക്കില്ലല്ലോ ഇവിടെ”

“അമേരിക്കയിലായത്‌കൊണ്ട്‌ അറിഞ്ഞില്ല ദേവിയുടെ ശക്തിയൊക്കെ ക്ഷയിച്ചു. ഇപ്പോൾ അടുത്ത ഗ്രാമത്തിലെ ‘കണ്‌ഠകോണേശ്വരന്റെ ക്ഷേത്രത്തിലാണ്‌ തിരക്ക്‌. അവിടേക്കാണ്‌ ജനം ഇരച്ച്‌ കയറുന്നത്‌. ”അവിടേയും ഒന്ന്‌ തൊഴുത്‌ വരിക. രാവിലെയായത്‌ കൊണ്ട്‌ അധികം തിരക്ക്‌ കാണില്ല. ഡ്രൈവറോട്‌ പറഞ്ഞാൽ മതി അയാൾക്ക്‌ സ്‌ഥലം അറിയും അടുത്താണ്‌. അയാൾ അർഥഗർഭമായി ഒന്ന്‌ ചിരിച്ചു.

കാറിൽ കയറിയിരുന്ന്‌ ഡ്രൈവറോട്‌ ചോദിച്ചു എവിടെയാണീ കണ്‌ഠകോണേശ്വര ക്ഷേത്രം. അവിടെ കൂടെ പോയിട്ട്‌ വീട്ടിൽ പോയാൽ മതി.

ഡ്രൈവർ തല കുലുക്കി പറഞ്ഞു“ അമ്പലം കണ്‌ഠകോണേശ്വരത്താണ്‌. അത്‌ ഇവിടെ അടുത്താണ്‌.

വീടിന്റെ സമീപ പ്രദേശങ്ങളൊക്കെ പരിചയമുള്ള അയാൾ കണ്‌ഠകോണേശ്വരം എന്ന്‌ ആദ്യം കേൾക്കുകയായിരുന്നു. അത്‌ കൊണ്ടു ഡ്രൈവറോട്‌ വീണ്ടും ചോദിച്ചു. അടുത്ത്‌ എന്ന്‌ പറഞ്ഞാൽ എവിടെ? അങ്ങനെ ഒരു പേർ ഇതിനുമുമ്പ്‌ കേട്ടിട്ടില്ലല്ലോ?

പേര്‌ മാറ്റിയതാണ്‌. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്‌.

കേരളത്തിലെ പ്രശസ്‌ത അമ്പലങ്ങളുടെ പിന്നിൽ ഒരു ഐതിഹ്യമുണ്ടാകും. ഈ അമ്പലത്തിന്റെ കഥ കേൾക്കട്ടെ. ഇതിനിടയിൽ കുട്ടികൾ ജിഞ്ഞ്‌​‍്‌ജാസയോടെ അമ്പലത്തിന്റെ പേര്‌ ചോദിച്ച്‌ പറയാൻ പറ്റാതെ ലജ്ജിച്ചിരുന്നു.

കഥ ദർശനത്തിന്‌ ശേഷം പറയുന്നതാണ്‌ നല്ലത്‌. ഇപ്പോൾ പറഞ്ഞാൽ ദേവനെ തൊഴുന്ന ഫലം കിട്ടാതെ പോയേക്കാം. പ്രത്യേകിച്ച്‌ നിങ്ങൾ അമേരിക്കയിൽ നിന്നാകുമ്പോൾ.

ശരി, കഥ പിന്നെ പറഞ്ഞാൽ മതി. അവിടത്തെ വഴിപാടുകളെ കുറിച്ച്‌ അമ്പലത്തെപ്പറ്റിയൊക്കെ പറയാൻ വിഷമമുണ്ടോ? അവിടത്തെ മുഖ്യ വഴിപാട്‌ പണമാണ്‌ അകത്ത്‌ കയറണമെങ്കിൽ പ്രവേശന തുക അടക്കണം. ഭക്തന്മാർക്ക്‌ ഏത്‌ വേഷത്തിലും, എപ്പോഴും പോകാം. ദർശനം എപ്പോഴും ഉള്ളത്‌ കൊണ്ട്‌ നട അടക്കുന്നത്‌ രാത്രി വളരെ വൈകിയാണ്‌.

അയാളുടെ വിവരണം കഴിഞ്ഞപ്പോഴേക്കും അമ്പലത്തിന്‌ മുന്നിൽ കാർ എത്തി. പണത്തിന്റെ വിളയാട്ടം വിളിച്ചോതുന്ന പ്രൗഢിയാർന്ന അമ്പലം. അമ്പലമെന്ന്‌ കണ്ടാൽ തോന്നുകയില്ല വെണ്ണകല്ലിൽ പണിത ഒരു മനോഹര ഹർമ്മ്യം… പ്രഭാത സൂര്യരശ്‌മികളിൽ തട്ടി ഒളിമിന്നുന്ന ആ വെൺസൗധം കണ്ണഞ്ചിപ്പിച്ചിരുന്നു. കൽ വിളക്കുകളും അരയാലുമില്ലാത്ത അമ്പലം. അമ്പലത്തിന്റെ ചുറ്റും മനോഹരമായ പുൽ തകിടി. അതിൽ കൃത്രിമ ജലധാരകൾ, സുരഭിലസുന്ദരമായ പൂന്തോട്ടം, നയന മനോഹരമായ ദൃശ്യം.

അയാളും കുട്ടികളും പ്രവേശന തുകയടച്ച്‌ ശീട്ട്‌ വാങ്ങി മറ്റ്‌ ഭക്തന്മാർക്കൊപ്പം നടന്ന്‌ ഒരു വിശാലമായ ഹാളിൽ എത്തിയപ്പോൾ അവിടെ ജനം തിങ്ങി നിൽക്കുകയാണ്‌. ധാരാളം വിദേശികളുമുണ്ട്‌. അവിടെ ജിൻസും ഷർട്ടുമിട്ട്‌ നിൽക്കുന്ന ഒരാളാണ്‌ തിരക്ക്‌ നിയന്ത്രിക്കുന്നത്‌. ത്രികോണാകൃതിയിൽ പണി തീർത്തിട്ടുള്ള ശ്രീകോവിൽ തൊഴുത്‌ ജനം മറ്റൊരു വാതിലൂടെ പോകുന്നതിനനുസരിച്ച്‌ കാവൽക്കാരൻ ഹാളിൽ നിന്നും ആളുകളെ അവരുടെ കയ്യിലുള്ള ശീട്ട്‌ പരിശോധിച്ച്‌ അകത്തേക്ക്‌ വിടും…..

ദർശനത്തിനുള്ള അക്ഷമ ആളുകൾക്കുണ്ടെങ്കിലും എല്ലാവരും വളരെ മര്യാദ പാലിക്കുന്നുണ്ട്‌. ഒരു കൂട്ടം ആളുകൾക്കൊപ്പം അയാളും കുട്ടികളും ശ്രീകോവിലിൽ കയറിയപ്പോൾ അതിനുള്ളിൽ നല്ല ഇരുട്ട്‌. ചുമരിൽ ചില സന്ദേശങ്ങൾ മലയാളത്തിലും. ഇംഗ്ലീഷിലും തെളിയുന്നത്‌ അയാൾ വായിച്ചു. ”കഞ്ഞിയും, ചമ്മന്തിയും കഴിച്ച്‌ കഷ്‌ടപെട്ടവരെ, കപ്പയും മീനും തിന്ന്‌ മടുത്തവരെ പട്ടിണി കിടന്നവരെ സ്വപ്‌നം കൂടി കാണാൻ കഴിയാതിരുന്ന സൗഭാഗ്യങ്ങൾ ഞാൻ നിങ്ങൾക്ക്‌ നൽകി. വാഹനങ്ങൾ, ആർഭാടമായ വീടുകൾ. പോഷകാഹാരങ്ങൾ, ജോലി, ജീവിത സൗകര്യങ്ങൾ…“ പെട്ടെന്ന്‌ ശ്രീകോവിലിന്റെ മൂലയിൽ ഒരു വെളിച്ചം. വെളിച്ചത്തിൽ ഒരു പൂർണകായ പ്രതിമ. കൈ കൂപ്പി തൊഴാൻ തുടങ്ങിയ അയാൾ സ്‌തബ്‌ധനായി. കുട്ടികൾ ആശ്‌ചര്യത്തോടെ ചോദിച്ചു.” അച്ഛാ, അത്‌ ജോർജ്‌ ബുഷ്‌ അല്ലെ? ടൈയും സൂട്ടുമിട്ട ജോർജ്‌ ബുഷ്‌ പതിവ്‌ പുഞ്ചിരിയുമായി. ടൈ മാത്രം ശിൽപ്പി കല്ലിൽ കൊത്തിയില്ല. ടൈ അവിടത്തെ പൂജാരി ദിവസവും പുതിയതായി കെട്ടുകയാണ്‌. മറ്റ്‌ ദേവന്മാർക്ക്‌ മാല ചാർത്തുന്ന പോലെ. ആ ടൈകൾ പതിന്മടങ്ങ്‌ വിലക്ക്‌ അമ്പല കമ്മറ്റിക്കാർ വിറ്റ്‌ കാശുണ്ടാക്കുന്നു.

പുറത്തിറങ്ങി കാറിന്റെ അടുത്തേക്ക്‌ നടക്കുമ്പോൾ ഡ്രൈവർ നിന്ന്‌ ചിരിക്കുന്നു. അയാൾ കഥ മുമ്പ്‌ പറയാതിരുന്നതിന്റെ രഹസ്യം മനസ്സിലായി. എന്തായാലും കഥയെന്തെന്നറിയാൻ അയാളോട്‌ ചോദിച്ചു.

ആ ഗ്രാമത്തിലെ ഒരു മലയാളം സാർ പെൺമക്കളെ കല്യാണം കഴിച്ചയക്കാൻ കാശില്ലാതെ വിഷമിക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ഒരു തുണ്ട്‌ ഭൂമി കോടികൾ കൊടുത്ത്‌ ഒരാൾ വാങ്ങി. ആ ഓണംകേറാ മൂലയിൽ ആ വില തികച്ചും ദൈവധീനം തന്നെയെന്ന്‌ തിരിച്ചറിഞ്ഞ ആ സാർ സന്തോഷത്തോടെ എന്റെ കണ്‌ഠകോണേശ്വര നീ കാരണമാണീ സാമ്പത്തിക ഉയർച്ച. നീ തന്നെ തുണയെന്ന്‌ അലറി വിളിച്ച്‌ മാനസിക വിഭ്രാന്തിയോടെ ഗ്രാമത്തിൽ മുഴുവൻ ഓടി നടന്നു. അതിന്‌ ശേഷം ഭൂമിയുടെ വില കുതിച്ച്‌ കയറുകയും ഗ്രാമ വാസികൾ മുഴുവൻ ആ ദേവന്‌ മനസ്സാ നന്ദി പറയുകയും തൊഴുകയും കൂടി ചെയ്‌തപ്പോൾ ആ ഗ്രാമം മലയാളം സാർ പറഞ്ഞ ദേവന്റെ പേരിൽ അറിയപ്പെടുകയും ചെയ്‌തു. അത്ഭുതങ്ങൾ കാണിക്കുന്നവരെ തൊഴുന്നതിൽ നമ്മൾ മുൻപന്തിയിലല്ലേ? ഉടനെ വന്നു അമ്പലവും. ടൈ കെട്ടുന്ന ദൈവം എന്നർത്ഥത്തിലാണ്‌ കണ്‌ഠകോണേശ്വരൻ എന്ന്‌ മലയാളം സാർ വിളിച്ചത്‌.

ഭാരതീയർക്ക്‌ ഒരു സൂട്ടിട്ട ദൈവം. മുപ്പത്തിമുക്കോടി ഒന്ന്‌. ഒരു വ്യത്യാസം മാത്രം. ദേവൻ പ്രത്യക്ഷത്തിൽ മറ്റൊരു മതത്തെ പ്രതിനിധാനം ചെയ്യുന്നത്‌ കൊണ്ട്‌ മുപ്പത്തി മുക്കോടിയിൽ ഉൾപെടുമോ എന്നു സംശയമുണ്ടെന്ന്‌ പറഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു. ഈ അമ്പലത്തിന്റെ തറ കെട്ടാൻ കുഴിച്ചപ്പോൾ കിട്ടിയതാണെന്നും പറഞ്ഞ്‌ ചില ദ്രവിച്ച പനയോലകൾ ചില ഹിന്ദുക്കൾ നാട്ടുകാരെ കാണിച്ചിരുന്നു. അതിൽ എഴുതിയിരിക്കുന്നതാണ്‌ അമ്പല മുറ്റത്ത്‌ വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിരിക്കുന്നത്‌.

“അവൻ കുറ്റികാടുകളിൽ നിന്നും വരും. അവൻ ആകാശത്ത്‌ കൂടി പറന്നു, കടൽ കടന്നുവരും. അവനിലൂടെ ഭാരതം ഐശ്വര്യ സമൃദ്ധമാകും. അവനെ തൊഴുക.”

Generated from archived content: story1_oct26_09.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English