‘’ യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവനു എന്തു പകരം കൊടുക്കും.’‘
കരിയിലകള്‍ കാറ്റില്‍ പറക്കുന്ന സായാഹ്നത്തിന്റെ നിഴല്‍ പറ്റി ടര്‍ക്കി കോഴികള്‍ ഒളിച്ച് നടന്നു. മനുഷ്യന്റെ കാല്‍ പെരുമാറ്റം അവയെ പേടിപ്പിക്കുന്നു. ടര്‍ക്കികള്‍ക്ക് മറ നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ഇല പൊഴിഞ്ഞ മരങ്ങളും ചെടികളും സ്വന്തം നഗ്നതയും തണുപ്പും മറന്ന് നിശ്ശബ്ദം നിന്നു. നേരിയ വിഷാദത്തിന്റെ നീഹാരം തൂകി സമയരഥം കടന്നുപോയി.
ഇരുട്ട് പരക്കുകയാണു. പ്രാര്‍ഥിക്കാനറിയാത്ത പക്ഷികള്‍ പേടിച്ച് വിറ പൂണ്ട് നില്‍ക്കെ ചന്ദ്രരശ്മികള്‍ അരിച്ചിറങ്ങി. നേരത്തെ സന്ധ്യ മയങ്ങിപോകുന്ന നവംബര്‍ മാസത്തിലെ മൂന്നാം വ്യാഴാഴ്ച കുറെ മനുഷ്യര്‍ നന്ദിയുള്ളവരാണെന്ന കാര്യം ദൈവത്തെ അറിയിക്കുന്നു. നന്ദി സൂചകമായി അവര്‍ കഥ കഴിക്കുന്ന ടര്‍ക്കികളുടെ ജീവന്‍ ഭൂമിയില്‍ നിന്ന് പറന്നു പോകുന്ന ദിവസം ടര്‍ക്കി കോഴികളുടെ ദു:ഖ വ്യാഴാഴ്ച!! ഈശ്വര പ്രീതിക്കുവേണ്ടി പാവം പക്ഷികളേയും മൃഗങ്ങളേയും പണ്ടത്തെ മനുഷ്യര്‍ കശാപ്പു ചെയ്തിരിക്കുന്നു. ഭക്തനു തന്നോടുള്ള വിശ്വാസത്തിന്റെ അളവു പരിശോധിക്കാന്‍ ദൈവം പോലും നരബലി ആവശ്യപ്പെട്ടിണ്ടുല്ലോ. എബ്രഹാം എന്ന ഭക്തനു അതു ദൈവത്തിന്റെ ക്രൂരതയായി തോന്നിയില്ല. ഒരക്ഷരം ദൈവത്തിനെതിരെ അദ്ദേഹം ഉരിയാടിയില്ല. അദ്ദേഹത്തിന്റെ പരിവേദനങ്ങളിലും പരാതികളിലും നിറഞ്ഞു നിന്നത് പുത്രനെ നഷ്ടപ്പെടുന്ന വ്യസനമായിരുന്നു. ബാലനായ ഐസക്കാകട്ടെ നിഷ്കളങ്ക ഹൃദയനായി ചോദിച്ചു കാണും.‘’ എന്തെങ്കിലും കുറ്റം ചെയ്തെങ്കില്‍ എന്നെ അടിച്ചാല്‍ പോരെ? എന്തിനാണു കൊല്ലുന്നത്? എന്നാല്‍ എവിടേയും ഒരു കുഞ്ഞാട്ടിന്‍ കുട്ടി പ്രത്യക്ഷ്പ്പെട്ടു ബലിയാടാകാന്‍…..
ദൈവത്തിനു നന്ദി പറയാന്‍ എബ്രഹാമിനു വാക്കുകള്‍ തികഞ്ഞ് കാണില്ല. മനുഷ്യനോട് ദൈവത്തിനു എന്തു മാത്രം സ്നേഹമാണ് ( ഇവിടെ ആധുനിക മനുഷ്യന്റെ മനസ്സില്‍ ഒരു സാത്താനിക് ചിന്ത കടന്നു കൂടാം . ദിനം പ്രതി ആടിനെ കൊല്ലുന്നവരുടെ ആണ്മക്കള്‍ അകാലത്തില്‍ മരിക്കുകയില്ലെന്നു) ദൈവത്തിനു നന്ദി പറയേണ്ടത് ആവശ്യം തന്നെ.
എന്നാല്‍ സ്വന്തം ഉദരപൂരണം ലക്ഷ്യമാക്കി അതിനു ദൈവിക പരിവേഷം ചാര്‍ത്തുകയാണു മനുഷ്യന്‍ എന്ന രഹസ്യം പാവം ടര്‍ക്കികള്‍ അവര്‍ക്കറിയാവുന്ന ശബ്ദത്തില്‍ ‘’കൊക്കി, കൊക്കി’‘ പറഞ്ഞെങ്കിലും ദൈവമോ മനുഷ്യനോ അതു ശ്രദ്ധിച്ചില്ല . പക്ഷികള്‍ നിഷ്പ്രയാസം മനുഷ്യന്റെ പിടിയില്‍ പെട്ടു. അവരുടെ മരണ നിരക്ക് കൂടിക്കൊണ്ടിരിന്നു.
മനുഷ്യനു പിടി കൊടുക്കാതെ ഒരു കുഞ്ഞു ടര്‍ക്കി ചുറ്റിക്കറങ്ങവേ അത് തള്ള പക്ഷികളിലാരോ പറഞ്ഞ് കേട്ട കഥയാലോചിച്ചു. അതിന്റെ പൂര്‍വ്വികരില്‍ ഒരാള്‍ വഴി തെറ്റി വിശന്നു പൊരിഞ്ഞ മനുഷ്യരുടെ മുമ്പില്‍ പോയി ചാടി. അവര്‍ അതിനെ തിന്നു കളഞ്ഞു. കുഞ്ഞു ടര്‍ക്കി സമാധാനിച്ചു .അതില്‍ ന്യായമുണ്ട്.
എന്നാല്‍ ആ പേരും പറഞ്ഞ് വര്‍ഷം തോറും ഞങ്ങളെ പിടിച്ച് തിന്നുന്നത് ശരിയാണൊ? ഒരു പക്ഷെ ഈ തീറ്റി തുടങ്ങിയാല്‍ ഞങ്ങളുടെ വംശനാശം തന്നെ വരില്ലേ? ഈ സംഭവം നടന്നത് ഭാരതം എന്ന ദേശത്തിലായിരുന്നെങ്കില്‍ സംഗതികള്‍ വേറെ വിധത്തിലാകുമായിരുന്നേനെ. അരയന്നങ്ങളുടെ വകയിലെ ഒരു ബന്ധുവായ ഞങ്ങളുടെ പൂര്‍വികര്‍ ഒറ്റപ്പെട്ട അന്നമായി വിശന്നിരിക്കുന്നവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണ പുലര്‍ത്താനല്ലെങ്കില്‍ നന്ദി പ്രകടിപ്പിക്കാന്‍ അവര്‍ ഞങ്ങളെ കൊല്ലുന്നതിനു പകരം ആരാധിച്ചേനെ. ഇവിടെ മനുഷ്യര്‍ ഞങ്ങളെ തിന്നു മുടിക്കുന്നല്ലൊ?. പാവം കുഞ്ഞു ടര്‍ക്കി ഒരു വിപ്ലവകാരിയേപ്പോലെ ബലം പിടിച്ചു നിന്നു.
പര്‍വതങ്ങളും , സകലകുന്നുകളും , ഫലവൃക്ഷങ്ങളും , സകല ദേവദാരുക്കളും , മൃഗങ്ങളും , സകല കന്നുകാലികളും , ഇഴജന്തുക്കളും , പറവജാതികളും , ഇവയൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. പാവം കുഞ്ഞു ടര്‍ക്കി ദൈവത്തിന്റെ വഴികളും , ന്യായവിധികളും അറിയാത്ത പാവം പക്ഷി സങ്കടപ്പെട്ടു സ്വയം ചോദിച്ചു. മേല്‍പറഞ്ഞവയില്‍ ഞങ്ങള്‍ പെടുകയില്ലേ?
ആ കുഞ്ഞു ടര്‍ക്കിയെ സമാധാനിപ്പിക്കാന്‍ നമുക്ക് കാത്രീന്‍ ടൈനന്‍ സിങ്ക്സണ്‍ എന്ന ബ്രട്ടീഷ് – ഐറീഷ് കവയത്രിയുടെ കവിതയിലേക്ക് ഒരൂ കണ്ണോടിക്കാം . കവിതയുടെ ഇതിവൃത്തം ഒരു കഴുതയുടെ ചിന്തകളാണു. അതിന്റെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ പോകുന്നു.‘’ ഞാന്‍ മിശിഹായുടെ കഴുതക്കുട്ടിയാണു അവന്‍ ജനിക്കുന്നതിനു മുമ്പെ അവനെ ഞാന്‍ മുതുകിലേറ്റിയിരിക്കുന്നു. ഓശാന ഞായറാഴ്ച എന്റെ പുറത്ത് കയറിയാണ് ദൈവപുത്രന്‍ സഞ്ചരിച്ചത്.
സ്നാപക യോഹന്നാന്റെ ജന്മ സമയത്ത് അമ്മ എലിസബത്തിനെ കാണാന്‍ യേശുവിന്റെ മാതാവ് എന്റെ പുറത്ത് കയറിയാണ് അവരുടെ വീട്ടില്‍ പോയത്. വഴികള്‍ കല്ലും മുള്ളും നിറഞ്ഞതും, താഴ്വരകള്‍ കുത്തനെയുള്ളതും വളഞ്ഞ് പുളഞ്ഞതുമായിരുന്നു. അമ്മയുടെ വയറ്റിലായിരുന്ന ഉണ്ണിയേശുവിന്റെ സ്വര്‍ഗീയ ഭാരവും പേറി ഞാന്‍ നടന്നപ്പോള്‍ എനിക്ക് ഒട്ടും പ്രയാസം അനുഭവപ്പെട്ടില്ല . ഉണ്ണിയേശുവിന്റെ ജനനത്തിനു ശേഷവും ആ തിരുവുടലു താങ്ങി ഞാന്‍ നടന്നു. കര്‍ത്താവിന്റെ സ്പര്‍ശനത്താല്‍ എനിക്കും മഹത്വമുണ്ടായി. ഞാന്‍ ധന്യയായി… ഞാന്‍ സ്നേഹ സ്വരൂപനായ യേശു ദേവനു വേണ്ടി സേവനമനുഷ്ഠിച്ച് കഴുത, എന്നെ നന്ദി കെട്ട മനുഷ്യന്‍ അടിക്കുന്നു ശപിക്കുന്നു എനിക്ക് ആവശ്യ്ത്തിനു ഭക്ഷനം പോലും തരുന്നില്ല.
മനുഷ്യനു ദൈവത്തോടു മാത്രമേ നന്ദി കാണിക്കേണ്ടതുള്ളു. ടര്‍ക്കിയും കഴുതയും തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു.
അപ്പോള്‍ ഉല്ലാസത്തിന്റേയും ജയത്തിന്റേയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ നിന്നും വന്നു. തപ്പിനോടും നൃത്തത്തോടും കൂടെ യഹോവയെ അവര്‍ സ്മരിക്കുന്നു. അത്യുച്ച നാദമുള്ള കൈത്താളങ്ങളോടെ അവനെ അവര്‍ സ്തുതിക്കുന്നു. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ.
കഴുതയും ടര്‍ക്കിയും പരസ്പരം മുഖം നോക്കി ചോദിച്ചു… നമ്മുടെ ജീവന്‍ മനുഷ്യരുടെ കയ്യിലാണോ? അതോ യഹോവയുടെ കയ്യിലോ? ആമേന്‍……
Generated from archived content: story1_jan10_12.html Author: sudheer_panikkaveettil