സ്വാമിജിയോട്‌

 

 

“ഒരു സ്വാമി വന്നിരിക്കുന്നു. നമ്മുടെ ഏത്‌ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന സിദ്ധനാണ്‌. ചന്ദനത്തിരിയോ, മുന്തരിങ്ങയോ, പഴമോ, കരിക്കിൻ വെള്ളമോ, ദക്ഷിണയോ ഒന്നും കൊടുക്കണ്ട.” ഈ വാർത്ത കാട്ടു തീ പോലെ പടർന്നു. ജനം മലവെള്ളം പോലെ സ്വാമിക്ക്‌ ചുറ്റും നിറയാൻ തുടങ്ങി. സ്വാമി ദർശനം കഴിച്ചവർക്കൊക്കെ കാര്യസിദ്ധിയുണ്ടായി അവരെല്ലാം തന്‌മൂലം സന്തുഷ്‌ടരായിരുന്നു. ഇത്രയും ജനം നുണ പറയാൻ വഴിയില്ല. ഈശ്വരന്റെ അവതാരം പോലെ പൊതു ജനം പൂജിക്കുന്ന ഈ സിദ്ധനെ ഒന്നു കണ്ടാലോ എന്നയാൾ ആലോചിക്കാൻ തുടങ്ങി.

പക്ഷെ അയാളുടെ പ്രശ്‌നം മറ്റുള്ളവരെപോലെ, പരീക്ഷയിൽ വിജയമോ, മനം പോലെയുള്ള മംഗല്യ ഭാഗ്യമോ, വ്യവഹാരമോ, ധനമോ ഒന്നുമല്ലായിരുന്നു. ഒരു പരദൂഷണ വീരൻ യാതൊരു പ്രകോപനവുമില്ലാതെ വെറുതെ അയാളെയും കുടുംബത്തെയും നിന്ദിക്കുകയും, അവഹേളിക്കുകയും ചെയ്‌ത്‌ കൊണ്ടിരിക്കുന്നു. പരദൂഷണ വീരൻ അൽപ്പം ആകാരഭംഗിയുണ്ടന്നെല്ലാതെ മറ്റു കാര്യങ്ങളിൽ ആ പര അല്ലെങ്കിൽ പാര അയാളുടെ മുന്നിൽ വെറും വട്ടപൂജ്യമാണ്‌. പക്ഷെ ജനത്തിനു അസൂയയും, പരദൂഷണവും ഇഷ്‌ടമെന്നിരിക്കെ ശല്യം സഹിക്കാവുന്നതിൽ അധികമായി.

കുറെ ആലോചനക്ക്‌ ശേഷം അയാൾ സിദ്ധനെ കാണാൻ തന്നെ തീരുമാനിച്ചു. കടുത്ത അസൂയ മൂലം ഒരാൾ തന്റെയും കുടുംബത്തിന്റെയും ജീവിതം ദുസ്സഹമാക്കുന്ന വിവരം അയാൾ പറഞ്ഞതെല്ലാം താടി തടവികൊണ്ട്‌ സിദ്ധൻ കേട്ടു എന്നിട്ട്‌ പുഞ്ചിരിയോടെ ഇങ്ങനെ ഉപദേശിച്ചു.

നിങ്ങൾ അസൂയാർഹമായ ഒരു ജീവിതം നയിക്കുന്നതിൽ സന്തോഷിക്കയല്ലേ വേണ്ടത്‌. നിങ്ങൾ വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ എന്തിനു പട്ടിയുടെ കുര ശ്രദ്ധിക്കണം.

– ശുഭം –

Generated from archived content: story1_aug7_09.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here