ഭര്‍ത്താവിനെ പങ്കു വയ്ക്കുന്ന ഭാര്യമാര്‍

ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത് ഒരു സുഖാനുഭവമായിരിക്കാം അല്ലെങ്കില്‍ ആ ആചാരം തുടരുകയില്ലല്ലോ? ആ ഭാര്യമാര്‍ തമ്മില്‍ ഭര്‍ത്താക്കന്മാരെ പങ്കു വയ്ക്കുന്നതു ഗതികേടും കൊണ്ടാണെന്ന് കരുതാം. എന്നാല്‍ ഇത്തിരി നേരത്തിനു അല്ലെങ്കില്‍ ഒരു ദിവസത്തിന് ഭര്‍ത്താവിനെ അന്യ സ്ത്രീക്ക് വിട്ടുകൊടുക്കുന്നത് അപൂര്‍വ്വമാണ്.

കാദര്‍ കാക്ക നെയ്ച്ചോറു തിന്ന് കൈ കഴുകി കൈലിയില്‍ തുടച്ച് , താടി തടവി ചാരു കസേരയില്‍ പോയി കിടന്ന് ആലോചിക്കാന്‍ തുടങ്ങി. പടച്ചോനേ ഈ ജീവിതം പരമ സുഖമാണു കേട്ടോ. ബീവിമാര്‍ രണ്ടാളുണ്ട്, ഓരോരുത്തരും ഓരോ നിലയിലാണ്. എന്ന് വച്ചാല്‍ ആദ്യ ബീവി വീടിന്റെ ഒന്നാമത്തെ നിലയില്‍ രണ്ടാമത്തെ ബീവിക്ക് രണ്ടാമത്തെ നില. ഉറക്കം ആരുടെ കൂടെയെന്ന് തീരുമാനം കാദര്‍ കാക്കക്കാണ്. അന്നു മൂത്ത ബീവിയുടെ ഊഴമാണു. അതനുസരിച്ച് അവിടെ ചെന്നു. ഉടനെ ഭയങ്കര ശബ്ദത്തോടെ ഗോവണി ചവിട്ടിപ്പൊളിച്ച് രണ്ടാമത്തെ നിലയിലേക്കു പോയി. അവിടെ നിന്നും അരിശം പൂണ്ട് താഴെയിറങ്ങി വന്നു പിന്നില്‍ കൈകെട്ടി പാദങ്ങള്‍ ഉറച്ച് ചവുട്ടിയും അസ്വസ്ഥതയോടെ മുറുമുറുത്തും നടക്കാന്‍ തുടങ്ങി. ബീവിമാര്‍ ഇറങ്ങി വന്നു തട്ടത്താല്‍ മുഖം മറച്ച് ഒരു മൂലയില്‍ ചരി നിന്നു. കാദര്‍ കാക്കാന്റെ ഉമ്മ ചോദിച്ചു.

‘’ നീ എന്താടാ ഹിമാറെ ഒറ്റാലില്‍ പെട്ട ബരാ‍ലിനേപ്പോലെ പിടയുന്നത്’‘

കാദര്‍ കാക്ക കോപത്തോടെ കണ്ണുകള്‍ ചുവപ്പിച്ച് ഉമ്മയെ നോക്കി.

‘’ എന്താണ്ടാ കാര്യം ‘’

‘’ ഞമ്മക്ക് ഒരു നിക്കാഹ് കൂടി കഴിക്കണം’‘

‘’ ഈ ലാത്രീലാ , ഉമ്മ മരുമക്കളുടെ മുഖത്തേക്ക് ഒന്ന് കണ്ണയച്ച് മോനോട് ചോദിച്ചു.

‘’ അതെന്തപ്പാ , അങ്ങനെ തോന്നാന്‍’‘

കാദര്‍ കാക്ക ഇടറുന്ന ശബ്ദത്തില്‍ തന്റെ നിസ്സഹായവസ്ഥ വിവരിച്ചു.

‘’ മൂത്ത ബീവിടെ അറയില്‍ ചെന്നപ്പോല്‍ ഓള്‍ക്ക് വയ്യ , ഓളുക്ക് കുളി തെറ്റിയതിന്റെ ഇടങ്ങേറ് രണ്ടാമത്തോളുടെ അടുക്കല്‍ ചെന്നപ്പോള്‍ ഓളുക്ക് കുളിക്കണമെന്ന് ഞമ്മടെ കൂടെ ഇന്നു രാത്രി ഉറങ്ങാന്‍ പറ്റൂല്ലാന്ന്’‘

‘’ ഈ സമയത്താ ഓളുക്ക് കുളി ‘’

‘’ ഉമ്മ , ഞമ്മള്‍ കാഫ്രീങ്ങളുടെ ഭാഷയില്‍ പറഞ്ഞതാണ്. ഓളുക്ക് മാസം തോറും വരാറുള്ള ആ ബലാലിന്റെ അസ്ക്ത. നെയ്ച്ചോറു ബയറ്റില്‍ കിടന്ന് ഞമ്മക്ക് വേണ്ടാത്ത പൂതിയൊക്കെ പെരുത്ത് വരുണ് ബലഞ്ഞല്ലോ പടച്ചോനേ’‘

ഉമ്മ മുറുക്കാന്‍ ചണ്ടി തുപ്പിക്കളഞ്ഞ് വന്നു. ”ബീവിമാര്‍ക്ക് എന്തെങ്കിലും അസുഖമോ അസൗകര്യമോ വന്നാല്‍ വേറെ നിക്കാഹ് കഴിക്കുന്നതാണോ പ്രതിവിധി എന്തായാലും നേരം ബെളുക്കട്ടെ”

‘’ ഉമ്മാ നേരം ഞമ്മള്‍ എങ്ങനെ ബെളുപ്പിക്കും’‘

”നീ ഉപ്പാന്റെ മോന്‍ തന്നെ” ഉമ്മ അതും പറഞ്ഞ് മരുമക്കളുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി അവരുടെ മുറിയില്‍ പോയി.

തട്ടമിട്ട് നില്‍ക്കുന്ന മൊഞ്ചത്തികളെ നോക്കി കാദര്‍കാക്ക ദീര്‍ഘനിശ്വാസം വിട്ടു. അവര്‍ പൂശിയ അത്തറിന്റെ മണം കാദര്‍ കാക്കയുടെ ഹാലിളക്കി. മൈലാഞ്ചിയണിഞ്ഞ തുടുത്ത പാദങ്ങള്‍ക്ക് മേല്‍ തെറുത്ത് കയറിയ സാരിയുടെ അടിയിലൂടെ കാണുന്ന പാവാടയുടെ അലുക്കുകള്‍ കാലിലെ കാണാ പാദസരങ്ങള്‍ കാദര്‍ കാക്ക ‘’ എന്റെ റബ്ബേ’‘ എന്ന് വിളിച്ചു എരിപൊരി കൊള്ളുകയാണ്. ഭര്‍ത്താവിന്റെ വിമ്മിഷ്ടം കണ്ട് വേദന സഹിക്കാതെ അവര്‍ തമ്മില്‍ എന്തോ കുശുകുശുത്തു. അവര്‍ക്ക് കാദര്‍ കാക്കയുടെ അവസ്ഥ മനസിലാകുന്നുണ്ട് ‘’ ഖല്‍ബില്‍ ഇങ്ങളാണ് ഖല്‍ബ് മുയുവന്‍ ഇങ്ങളാണു” അവര്‍ മന്ത്രിച്ചു. ചുണ്ട് നനച്ച് കൊണ്ട് അയാളെ കൊതി പിടിപ്പിച്ച് കൊണ്ട് അവര്‍ അയാളെ വിളിച്ചു. വള കിലുക്കത്തിന്റെ താളം.

‘’ നിങ്ങള്‍ ആ മുറിയിലേക്ക് ചെല്ല് ഞങ്ങള്‍ വേലക്കാരത്തി കുഞ്ഞാത്തുമ്മയെ അങ്ങോട്ടയക്കാം” ബീവിമാരായാല്‍ ഇങ്ങനെ വേണമെന്നു കാദര്‍ കാക്ക പറഞ്ഞു. ഓരോരുത്തര്‍ക്കും നാളെ ഓരോ സ്വര്‍ണ്ണബള സമ്മാനം. കാക്കാനു പെരുത്ത സന്തോഷം പെരുന്നാളു വന്ന പോലെ. വേലക്കാരിയാണെങ്കിലും കുഞ്ഞാത്തുമ്മ ഒരു കൊച്ചു ഹൂറിയാണു. കാക്കാന്റെ ഖല്‍ബില്‍ ഒരു ഇടിമിന്നലുണ്ടാക്കിയവളാണു. കാക്കാന്‍ നേരം വൈകിക്കാതെ അറ പൂകി പിന്നെ -സങ്ക്രുത പമഗിരി തഗ തധിം ഗിണ തിം ക്രുത തിമി കിട മേളം – തക ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗണ ധിം തിമി താളം ക്രുതതാളം……

ഹിന്ദുപുരാണത്തില്‍ ശീലാവതിയുടെ കഥയിലും ഭര്‍ത്താവിനെ വേറൊരു പെണ്ണിനു, അതും ഒരു വാരസുന്ദരിക്ക് വിട്ടു കൊടുത്ത കഥയുണ്ട് . ഉഗ്ര തപസ്സും ശീലാവതിയും പ്രേമിച്ച് വിവാഹം ചെയ്തവരാണ്. അവരങ്ങനെ സസുഖം വാഴുന്നത് കണ്ട് ദേവന്മാര്‍ക്ക് സഹിച്ചില്ല. ആരെങ്കിലും നന്നായി ജീവിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കിട്ട് ഒരു പണി കൊടുക്കണമെന്ന ചിന്ത സാധാരണ ജനങ്ങളില്‍ ഉള്ളപോലെ ദേവന്മാരിലുമുണ്ടായിരിക്കാം. ശീലാവതിയുടെ പതിഭക്തി ഒന്നു പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു. ഉഗ്രതപസ്സിനു കുഷ്ഠരോഗം വന്നു. ശീലാവതി ശ്രദ്ധയോടെ ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. സ്ഥലത്തെ ഒരു വാരാംഗനയുടെ സുരത വൈദഗ്ധ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് കൊതി പെരുത്ത ഉഗ്ര തപസ്സ് ശീലാവതിയോട് ഒരു ദിവസം പറഞ്ഞു ‘’എന്നെ ആ വേശ്യാലയത്തിലേക്ക് കൊണ്ട് പോകു’‘ ഒരു ഭാര്യക്കും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണു ഉഗ്രതപസ്സ് പറഞ്ഞത്. എന്നാല്‍ പതിവ്രതയായ ശീലാവതി ആജ്ഞ പാലിക്കുന്നത് പതി ധര്‍മ്മമാണെന്ന് വിശ്വസിച്ചു. സ്വയം എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ഭര്‍ത്താവിനെ ഒരു കുട്ടയിലിരുത്തി തലയില്‍ ചുമന്നു അവര്‍ വേശ്യാലയത്തെ ലഷ്യമാക്കി നടന്നു.

വായനക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കണം ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നടത്തുന്നത് ഒരു സന്തോഷ് പണ്ഡിറ്റല്ല. മറിച്ച്, ദേവന്മാരാണ്. അതുകൊണ്ട് കഥ വിജയിക്കും. ശുഭപര്യാവസായിയാകും. ഒരു കുഴപ്പം ഇതു മൂലം ഉണ്ടാകുന്നത് ഭാവി ഭര്‍ത്താക്കന്മാരെല്ലാം അങ്ങനെ ചില ആശകള്‍ മനസ്സില്‍ കുരുക്കുമെന്നാണു. കുഷ്ഠം മേലാകെ മലിനമാക്കിയ പോലെ മനസിലും മൂഢമായ കാമകിനാവുകളുമായി ഉഗ്രതപസ്സ് ചുമക്കുന്ന കുട്ടയിലിരുന്ന് നിര്‍വൃതി കൊണ്ടു. അവര്‍ പോകുന്ന വഴി വക്കില്‍ ഒരു മരക്കൊമ്പില്‍ തല കീഴായി മാണ്ഡവ്യനെന്ന മുനി തപസ്സ് ചെയ്തിരുന്നു. കഷ്ടകാലം കുട്ടയില്‍ നിന്നും പുറത്തേക്കു തൂങ്ങി കിടന്ന ഉഗ്രതപസ്സിന്റെ കാല്‍ മുനിയുടെ തലയില്‍ തട്ടി. കാമ, ക്രോധ, മോഹം എന്നീ ത്രീ ദോഷങ്ങളില്‍ നിന്നും തപസ്സ് ചെയ്യുന്ന മുനിമാര്‍ പോലും വിമുക്തരല്ലെന്നുള്ളതിനു ധാരാളം കഥകള്‍ ഉണ്ട്. ഇവിടേയും ക്രോധാവേശനായി മുനി ശപിച്ചു. ‘’ നാളെ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ഇവന്റെ കഥ കഴിയട്ടെ’‘ ശാപം കേട്ട് ശീലാവതി ഞെട്ടി. ഇനി എന്തു ചെയ്യും? അവര്‍ പാതിവ്രത്യ ബലം കൊണ്ട് സൂര്യനെ ഉദിക്കാതെ പിടിച്ചു നിര്‍ത്തി. ലോകം അന്ധകാരത്തിലായി. ദേവന്മാര്‍ പരിഭ്രാന്തരായി. പ്രകൃതിയുടെ സന്തുലിതാവസ്ഥ അവതാളത്തിലായി. അവര്‍ ശീലാവതിയെ കണ്ടു ഒത്തു തീര്‍പ്പ് നടത്തി. സുര്യന്‍ ഉദിച്ചു ഉഗ്രതപസ്സ് മരിച്ചു. എന്നാല്‍ ദേവന്മാരും ശീലാവതിയുമായുള്ള കരാര്‍പ്രകാരം ഉഗ്രതപസ്സ് വീണ്ടും ജീവിച്ചു. പാതിവ്രത്യ ബലം കൊണ്ട് സൂര്യോദയം തടുത്ത് നിര്‍ത്തിയെങ്കിലും പതിവ്രതകളായ പഞ്ചകന്യകകളില്‍ ശീലാവതിയുടെ പേരില്ല. ഭര്‍ത്താവിനെ വേശ്യാലയത്തിലേക്ക് ചുമന്നു കൊണ്ട് പോയ സ്ത്രീയെന്ന പേരില്‍ ഇവര്‍ സ്ത്രീ വര്‍ഗ്ഗത്തിനും അപമാനമായത് കൊണ്ടായിരിക്കും പാതിവ്രത്യത്തിനും പരിധികളുണ്ട് എന്ന് ആധുനിക സ്ത്രീകള്‍ തിരിച്ചറിഞ്ഞ പോലെ അന്നും ആ ചിന്തയുണ്ടായിരുന്നവരായിരിക്കും ശീലാ‍വതിയുടെ പേരു പ്രസ്തുത ലിസ്റ്റില്‍ നിന്നും വെട്ടി കളഞ്ഞത്.

സ്വയം വന്ധ്യയാണെന്നു തിരിച്ചറിയുമ്പോള്‍ ഭര്‍ത്താവിനെ സന്താനലാഭത്തിനു വേണ്ടി മറ്റു സ്ത്രീകളുടെ അടുത്തേക്ക് അയക്കുന്ന ഭാര്യമാരെ ബൈബിളിലും കാണുന്നുണ്ട്. എന്നാല്‍ കുറച്ച് ദൂദായ് പഴങ്ങള്‍ക്ക് വേണ്ടി റേച്ചല്‍ എന്ന സുന്ദരി ഭര്‍ത്താവിനെ സ്വന്തം സഹോദരിക്ക് കൈമാറുന്നുണ്ട്. ബഹുഭാര്യാത്വം അനുവദനീയമായ ആ കാലഘട്ടത്തില്‍ സഹോദരിയും അദ്ദേഹത്തിന്റെ ഭാര്യയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കിടപ്പ് വട്ടങ്ങള്‍ റേച്ചലിന്റെ കൂടെ ആയിരുന്നു . ഭര്‍ത്താവ് കൂടെ കഴിഞ്ഞിട്ടും റേച്ചലിനു അമ്മയാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വല്ലപ്പോഴുമുള്ള ഭര്‍ത്താവിന്റെ സന്ദര്‍ശനം റേച്ചലിന്റെ സഹോദരിക്ക് തുടരെ തുടരെ സന്താനങ്ങളെ കൊടുത്തു. ഭര്‍ത്താവിനു പകരമായി ദൂദായ് പഴങ്ങള്‍ റേച്ചല്‍ ആഗ്രഹിച്ചതിനു കാരണം ആ പഴങ്ങള്‍ക്ക് സ്ത്രീയെ സന്താനോത്പാദനത്തിനു യോഗ്യയാക്കാന്‍ കഴിയുമെന്നുള്ളത് കൊണ്ടാണത്രെ. അപ്പോഴും ഒരു ചോദ്യമുയരുന്നു ഭര്‍ത്താവോ സന്താനങ്ങളോ ഒരു സ്ത്രീക്ക് പ്രിയം? അതോ പഴങ്ങളോ അതു പോലുള്ള ഭൗതിക വസ്തുക്കളോ?

പരസ്പര സമ്മതത്തോടെ ഭാര്യാ- ഭര്‍ത്താക്കന്മാര്‍ ഇഷ്ടമുള്ളവരുമായി രമിക്കാന്‍ തുടങ്ങിയാല്‍ ഇഹ- ഘോഷമെന്തായിരിക്കും?

Generated from archived content: story1_aug2_12.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English