വൃശ്ചികകാറ്റിൽ കന്യാമേഘങ്ങളുടുക്കും
ദാവണി മൂളിപ്പാട്ടും പാടികൊണ്ടുലയവെ
തുലാവർഷ നീർത്തുളളികൾ വറ്റാതെ കിടന്നൊരു
മാനത്തു മഴവില്ലിൻ വർണ്ണങ്ങൾ തെളിയവെ
കമ്പിളി തുന്നുമിളം വെയിലിൻ പട്ടും ചുറ്റി
പകലിൻ മുഖത്തേതൊ വിസ്‌മയം പരക്കവെ
മൗനമാം നിമിഷങ്ങൾ ഉറക്കം തൂങ്ങും-നീല
വാനത്തിൻ നിഴൽ പറ്റി ആലസ്യം ശയിക്കവെ
സ്വർഗ്ഗമൊരൽപ്പമാത്ര ഭൂമിയിൽ തങ്ങാനായി-
ട്ടാദ്യത്തെ ചുവട് വച്ചടുക്കാൻ തുടങ്ങവെ
ഭൂമിതൻ നിശ്വാസത്തിൻ മുഗ്‌ദ്ധഭാവങ്ങൾ മാറി
ആവിലമായി മേഘപാളികളോരോന്നായി
ബാഷ്‌പബിന്ദുക്കൾ വഹിച്ചെത്തിയ കാറും കോളും
ദാവണി തുമ്പൊന്നുലച്ചുറക്കെ ഗർജിച്ചുപോയ്.
നാണത്താൽ മേഘാംഗനമാരപ്പോൾ കരം
രണ്ടും മാറോടടുപ്പിച്ചു മറയാൻ തുടങ്ങവെ
കെട്ടഴിഞ്ഞൂർന്നു മുടികെട്ടപ്പോൾ നിതംബത്തിൽ
മാരിക്കാർ വീണ്ടും മാനം കവർന്നു കറുപ്പിച്ചു
ഇറ്റിറ്റു നീർത്തുളളികൾ, തുവർത്തും മുമ്പെ കോതി-
യൊതുക്കി മിനുക്കിയ വാർമുടിക്കെട്ടിൽനിന്നും.
Generated from archived content: poem2_may18.html Author: sudheer_panikkaveettil