കേരളം

സംസാര സാഗര തിരകൾ മുറിച്ചൊരു-

സാഗര കന്യക വന്നു.

അവൾക്ക്‌ പാർക്കാൻ അറബികടലന്ന-

ത്തിരി- ഭൂമി ദാനം നൽകി

അവൾക്ക്‌ വരവേൽപ്പാനായെങ്ങും

നിരന്നു നിന്നു അഭൗമ ഭംഗി

തെങ്ങോലകളുടെ മുത്തുകുടയും

പൂഞ്ചേലകളുടെ പാദസരവും

വയലേലകളുടെ സമൃദ്ധി കതിരും

പാടാനെത്തും പൂങ്കുയിലിണയും

പച്ചപ്പട്ടും ചുറ്റി ചുറ്റും

കാവൽ നിൽക്കും കുന്നിൻ നിരയും

മഴയും മഞ്ഞും മകരനിലാവും

താരും തളിരും പൂമ്പാറ്റകളും

കായൽ തീരം പുൽകും നുരയും

വെൺമേഘത്തിൻ മന്ദസ്‌മിതവും

മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ

മണ്ണിൽ ചുറ്റും മന്ദാനിലനും

സ്വപ്‌നങ്ങളങ്ങനെ മായാലോകം

തീർക്കെ, ഞൊടിയിൽ കന്യക കേട്ടു

യക്ഷി പാലകൾ പൂക്കും കാവിൽ

തിറയാട്ടത്തിൻ കൊട്ടും പാട്ടും

മനുഷ്യ ഗന്ധം വരവായ്‌ മണ്ണിൽ

ദുഃഖം കരിനിഴലാകുകയായി

പൂണൂലിട്ട, കൊന്തയണിഞ്ഞ

തൊപ്പി ധരിച്ചവർ തമ്മിലിടഞ്ഞു

കടലെ എന്നെ തിരികെ വിളിക്കു

കന്യക ഇപ്പോൾ കേണീടുന്നു.

Generated from archived content: poem2_dec11_10.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here