പ്രേമമൊന്നില്ലെന്നും – കാമമാണെല്ലാമെന്നും,
ആദ്യമായ് പറഞ്ഞവർ മലയാളി ചേട്ടന്മാർ
കാമമോ കണ്ണില്ലാത്ത കുരുടൻ എന്നാകിലും
മലയാളിക്കന്ധകാരത്തോടെന്നും പ്രിയം
പൂക്കളും കേക്കും പ്രേമസന്ദേശമടങ്ങുന്ന
കാർഡുമായ് പോകുന്നവർ മലയാളികളല്ല
വാലന്റയിനായാലും, വാർ സമയമായാലും
മലയാളിക്കെന്തവർ – പരദൂഷണപ്രിയർ
കാമാർത്തി പാമ്പിൻ പത്തിപോലെ വിടർത്തികൊണ്ടും
ആഭാസത്തരം കാട്ടാൻ മിടുക്കർ മലയാളികൾ
സ്‌ത്രീകളെ സൃഷ്‌ടിച്ചത് കാമപൂർത്തിക്കാണെന്ന്
ധരിച്ച് വച്ചിട്ടുള്ളോർ കേരള പുരുഷന്മാർ
പതിവൃത രത്നത്തോടൊന്നേറ്റുമുട്ടി തോൽക്കുമ്പോൾ
പറഞ്ഞ് പരത്തുന്നൂ ഹീനമായ് അവരെപ്പറ്റി
സ്‌ത്രീയൊ – പുത്രി, പെങ്ങൾ, കളത്രം, മാതാവെന്നീ
ശ്രേഷ്‌ടമാം സ്‌ഥാനങ്ങളിൽ തിളങ്ങി വിളങ്ങുന്നോർ
ഞൊടിച്ചാൽ കൂടെപോരും പട്ടിയായ്, വിധേയയായ്
എന്തിനു കരുതുന്നീ ദേവതമാരെ, നിങ്ങൾ?
കവികൾ പാടി, കലാകാരന്മാർ വരച്ചല്ലോ
സ്‌നേഹത്തിൻ മാഹാത്മ്യത്തെ, കേൾക്കുവിൻ കണ്ടീടുവിൻ
പ്രപഞ്ച പൂന്തോട്ടത്തിൽ വിരിയും പൂക്കൾ പോലെ
മനസ്സിൽ വിടരട്ടെ പ്രേമത്തിൻ കുസുമങ്ങൾ
നിറയ്‌ക്കൂ തേൻ തുള്ളികൾ നുകരാൻ പ്രിയർക്കായി
ജന്മ സാഫല്യത്തിന്റെ ഉദയം കണി കാണാൻ
കുശുമ്പും, കുന്നായ്‌മയും, പാരവയ്‌പ്പുമായെന്നും
മലയാളികൾ കുഴിയാനയായ് നടക്കുന്നൂ
പ്രേമത്തിൻ പാൽപ്പായസം പ്രകൃതിയൊരുക്കുമ്പോൾ
സർപ്പമായ് അതിൽ വിഷം നിറയ്‌ക്കാതിരിക്കുക.
Generated from archived content: poem1_jun7_10.html Author: sudheer_panikkaveettil