സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുതെന്നും സൗമ്യതയാണു സ്ര്തീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞിരുന്നതായി നമ്മള്‍ പത്രങ്ങളില്‍ വായിച്ചു. ഗാനഗന്ധര്‍വന്റെ മനോഹരമായ ശബ്ദം പോലെ സൗമ്യമായ ഒരു ഉപദേശമായി ഇതിനെ കണക്കിലെടുത്താല്‍ മതിയായിരുന്നു. വാര്‍ത്ത മാദ്ധ്യമങ്ങളില്‍നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ കമന്റ് പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നതായിട്ടാണ്. വസ്ത്രങ്ങള്‍ എന്തായാലും മാന്യതയോടെ ധരിക്കണമെന്നുള്ളത് മനുഷ്യര്‍ ആലോചിക്കേണ്ട കാര്യമാണ്. ജീന്‍സ് തന്നെ ആഭാസകരമായും പ്രലോഭിപ്പിക്കുന്ന വിധത്തിലും ധരിക്കാമല്ലോ? ശ്രീ യേശുദാസ് അതായിരിക്കുമോ ഉദ്ദേശിച്ചത്? മറച്ച് വയ്‌ക്കേണ്ടത് മറച്ച് വെയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.അത് കൊണ്ടു വലിയ കാര്യമൊന്നുമില്ല. ചോളി കെ പീച്ചെ ക്യാഹെ… എന്നും പാടി പൂവ്വാലന്മാര്‍ അപ്പോള്‍ മറച്ച്‌വച്ചത് അന്വേഷിച്ച് വരും സ്ത്രീകളുടെ വേഷങ്ങളെല്ലാം ഓരോരുത്തരും ഓരോ വിധത്തില്‍ കാണുന്നു. അങ്ങനെ നോക്കുമ്പോള്‍ എല്ലാ വേഷങ്ങളും മോശം.
ജീന്‍സ് ഭാരതത്തിലെ വസ്ത്രരീതിയല്ല. ഭാരതം എന്നുപറയുമ്പോള്‍ കാഷ്മീര്‍ മുതല്‍ ന്യാകുമരിവരെയുള്ള സ്ഥലങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്നത് വ്യത്യസ്ഥ രീതിയിലുള്ള വസ്ര്തങ്ങളാണ്. പഞ്ചാബി ഡ്രസ്സ്, സാരി, ചോളി, സാല്‍വാര്‍ കമ്മീസ്, ലെഹെങ്കാസ്, ജീന്‍സ്, ഒന്നും, ഒന്നരയും, നേര്യതും, അങ്ങനെ പോകുന്നു ഭാരത സ്ത്രീകള്‍തന്‍ ഉടയാടകള്‍. ഭാരതത്തിലെ സ്ത്രീകളുടെ വസ്ത്രമായി കരുതി പോരുന്നത് സാരിയാണ്. ഇത് അവിടത്തെ നാനാ ജാതി മതസ്ഥരും ഉപയോഗിക്കുന്നു. സാരിതന്നെ പല വിധത്തില്‍ ഉപയോഗിക്കുന്നു.എണ്‍പത് വിധത്തില്‍ സാരി ചുറ്റാമത്രെ. അമ്പത്തിനാലു വിധത്തില്‍ സാരി ചുറ്റാമെന്ന് ഫാഷന്‍ ഡിസൈനര്‍ ഷൈന പറയുന്നു. നാഭിചുഴിയുടെ താഴത്ത് വച്ചും മുകളില്‍വച്ചുമൊക്കെ സ്ത്രീകള്‍ ഇത് ചുറ്റാറുണ്ട്. കേരളത്തിലെപോലെ മഴക്കാലമുള്ള ഒരു സ്ഥലത്ത് കണങ്കാല്‍ മൂടികിടക്കുന്ന വിധത്തില്‍ മുണ്ടും സാരിയും സ്ര്തീകള്‍ ധരിച്ചിരുന്നു. പിന്നെ കാലത്തിന്റെ മാറ്റത്തിനൊപ്പം വസ്ര്തധാരണരീതികള്‍ മാറി.ഏത് രാജ്യക്കാരുടെ വസ്ര്തം കണ്ടാലും അതനുകരിക്കുക മലയാളിയുടെ സ്വഭാവമാണ്. മാതൃഭാഷയായ മലയാളം പോലും വിട്ട് അന്യഭാഷകള്‍ സംസാരിക്കാന്‍ അവര്‍ ഒരുമ്പെടുന്നു. അത്ഭുതമെന്ന് പറയട്ടെ മലയാളിയുടെ വസ്ത്രമോ, ഭാഷയോ ഒന്നും തന്നെ അന്യസംസ്ഥാനകാരോ, രാജ്യകാരോ ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല. അത്‌കൊണ്ട് അത് അത്ര മെച്ചമല്ലെന്ന് മലയാളികളല്ലാത്തവര്‍ വിശ്വസിക്കുന്നു.
ആപല്‍ഘട്ടങ്ങളില്‍ ഓടാന്‍ പറ്റാത്തത് കൊണ്ട് ജപ്പാന്‍കാര്‍ അവരുടെ പരമ്പരാഗതമായ കിമോണ എന്ന വസ്ത്രം ഇക്കാലത്ത് ചുരുക്കമായേ ഉപയോഗിക്കുന്നുള്ളു. വര്‍ദ്ധിച്ച് വരുന്ന ബലാസംഗങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാരിയെക്കാള്‍ ജീന്‍സ് ധരിക്കുന്നവര്‍ക്ക് കഴിയുമായിരിക്കും.അതേസമയം ജീന്‍സ് ധരിക്കുന്നത് കൊണ്ടാണ് പുരുഷന്‍ ബലാത്സംഗത്തിനു മുതിരുന്നത് എന്നുള്ള അഭിപ്രായങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു. ഒരു പക്ഷെ അങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണോ യേശുദാസ് ഇങ്ങനെ പറയാന്‍ കാരണം?
അന്നത്തെക്കാള്‍ ഇപ്പോള്‍ ബലാത്സം.ം കൂടിയത് സ്ത്രീകളുടെ വസ്ര്തധാരണരീതി മാറിയത് കൊണ്ടൊന്നുമല്ല. കവികളും കലാകാരന്മാരും സ്ത്രീയുടെ അംഗോപാംഗങ്ങളിലേക്ക് കണ്ണ്പായിച്ച് എഴുതിവച്ചിരിക്കുന്നത് വായിച്ചാലും പുരുഷന്‍ ഉത്തേജിതനാകും. അത്‌കൊണ്ട് സാഹിത്യവും കലയും വേണ്ടെന്നുവയ്ക്കാന്‍ കഴിയില്ലല്ലോ. യേശുദാസ്തന്നെ പാടിയ പാട്ടിലെ വരികള്‍ ആസ്വാദക ഹൃദയങ്ങളെ മഥിക്കുന്നവയാണ്. ചില ഉദാഹരണങ്ങള്‍- അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ അണിവൈര കമ്മലിട്ട പെണ്ണേ, കാറ്റത്ത് കസവുത്തരീയ മുലഞ്ഞും, കളിയരഞ്ഞാണമഴിഞ്ഞും, കയ്യിലെ സോമരസ കുമ്പിള്‍ തുളുമ്പിയും അവള്‍ വരുമ്പോള്‍, മാറില്‍ മദാലസ്യമൂറൂന്ന മാധവസദനത്തിന്‍ മണിയറയില്‍ അരുതെന്നരുതെന്ന്‌വിലക്കും നിന്നെ ഞാന്‍ ആലിംഗനത്താല്‍ പൊതിയും, പിന്നെ ആപാദചൂഡം ഉമ്മ വയ്ക്കും, ( ഈ ഉമ്മ വയ്ക്കും എന്ന പദം മന്ത്രധ്വനിപോലെ ആവര്‍ത്തിക്കുന്നു)മകരമാസ കുളിരില്‍ അവളുടെ നിറഞ്ഞമാറിന്‍ ചൂടില്‍ മയങ്ങുവാനൊരു മോഹം മാത്രമുണര്‍ന്നിരിക്കുന്നു. മുലപ്പാലിന്റെമധുരം കിനിയുന്ന താരാട്ട്പാട്ട് എഴുതിയ (ഓമനതിങ്കള്‍ കിടാവോ)ഇരയിമ്മന്‍തമ്പിയുടെ പ്രസിദ്ധമായശൃഗാരപദം ‘പ്രാണനാഥനെനിക്ക് നല്‍കിയ”വേറൊരുദാഹരണമാണ്. അതിലെ ഒരു വരിശ്രദ്ധിക്കുക.അങ്കത്തിലിരുത്തിയെന്‍ കൊങ്കതടങ്ങള്‍ കര പങ്കജം കൊണ്ടവന്‍ തലോടി. ഹിന്ദുക്കള്‍ ഭക്തിപൂര്‍വ്വം പാരായണം ചെയ്യുന്ന അദ്ധ്യാത്മരാമായണത്തില്‍ ഇങ്ങനെ കാണുന്നു. ചെന്തൊണ്ടി വായ്മലരും പന്തൊക്കും മുലകളും, ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതിനെന്തൊരു കഴിവെന്ന് ചിന്തിച്ചു ശതമഖന്‍. വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതിനെക്കാള്‍ കാണുന്നത് മനുഷ്യരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്നു അദ്ദേഹം മനസ്സിലാക്കി കാണും. വിനയവും ഒതുക്കവും സ്ര്തീകള്‍ക്ക് വേണമെന്ന ആര്‍ഷഭാരത ചിന്തകളില്‍ അവള്‍ ജീന്‍സ് ഇട്ട് നില്‍ക്കുന്നില്ല. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോളൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു എന്നു പാടിയശ്രീയേശുദാസ് തന്റെ മുന്നില്‍ പുരുഷ വേഷത്തില്‍ യാതൊരു സങ്കോചവുമില്ലാതെ നില്‍ക്കുന്നവരെ കണ്ട് പറഞ്ഞതാകാം പ്രസ്തുത കമന്റ്.
വസ്ര്തധാരണം സ്ര്തീയെസുന്ദരിയാക്കുന്നു, കുലീനയാക്കുന്നു,. മദാലസയാക്കുന്നു. പക്ഷെ അവള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാക്രമണങ്ങള്‍ സ്ര്തീയുടെ വസ്ര്തധാരണം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. യേശുദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. ഏതാണ്ടതെ അഭിപ്രായം ബൈബിളിലും ഉണ്ട്. ഇങ്ങനെ’നിങ്ങളുടെ സൗന്ദര്യം ആകര്‍ഷകമായ കേശാലങ്കാരത്തെയോ, സ്വര്‍ണ്ണാഭരണത്തെയോ, മോടിയുള്ള വസ്ര്തങ്ങളേയോ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. അതെ, നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ ഉള്ളില്‍ നിന്നുവരുന്ന സൗമ്യതയും ശാന്തതയുമുള്ള സ്വഭാവമാണ്. അത് ഒരിക്കലും അപ്രത്യ്ക്ഷമാകില്ല. അത് ദൈവത്തിനു വിലയേറിയതാണ്. അത് പണ്ട് ജീവിച്ചിരുന്ന ദൈവാനുസരണമുള്ള വിശുദ്ധസ്ര്തീകളെ പോലെയാണു.((പീറ്റര്‍ 3:2-5)”.യേശുദാസ് പറഞ്ഞതിനെ വിമര്‍ശിക്കാനും, ജാഥ നയിക്കാനും, ഹര്‍ത്താലുണ്ടാക്കുവാനും പോകുന്നവര്‍ അവനവന്റെ സുരക്ഷക്ക ്മുന്‍തൂക്കം നല്‍കുകയാണൂ വേണ്ടത്. അനുഗ്രഹീതനായ ആ ഗായകന്‍ സ്ര്തീകളുടെ നന്മമാത്രം ഉദ്ദേശിച്ച് പറഞ്ഞതാണു ആ കമന്റ് എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും വെറുതെ അതിനെതിരെ പ്രതികരിക്കുന്നു എന്നതായിരിക്കും ശരി.
Generated from archived content: essay2_oct13_14.html Author: sudheer_panikkaveettil