ഒരു മണിക്കൂർ നമ്മളെ നേരത്തെ ഉണർത്തിക്കൊണ്ട് ഇവിടെ അമേരിക്കയിൽ വസന്തകാലം ആരംഭിക്കുന്നു. ഭൂമികന്യക തണുപ്പിന്റെ മെത്തയിൽ നിന്നും ഉറക്കമുണരുകയായി. വേനൽ അകലയെല്ല എന്ന വാഗ്‌ദാനവുമായി അങ്ങു കിഴക്കെ ചക്രവാളത്തിൽ അവളെ കാത്ത് നിൽക്കുന്ന സൂര്യദേവനുവേണ്ടി മഞ്ഞിന്റെ ഉടയാടകൾ അഴിച്ച് മാറ്റി ലജ്ജ നമ്രമുഖിയായി അവൾ മന്ദം മന്ദം അടച്ചിട്ട വാതായനങ്ങൾ തുറക്കുന്നു. മഞ്ഞലയിൽ മുങ്ങി കുളിച്ച പ്രസന്നവദനയായ യുവതിയെപ്പോലെ പുലരിയുടെ ഉമ്മറവാതിൽക്കൽ സൂര്യ ദേവന്റെ അനുഗ്രഹങ്ങൾ ആഗ്രഹിച്ച്‌കൊണ്ട് ഭൂമിദേവി വന്നു നിൽക്കുന്നു. ഏതോ വരപ്രസാദത്തിന്റെ ഓർമ്മയിൽ മധുരാനുഭൂതികൾ തികട്ടി തുളുമ്പുന്ന ഹൃദയവുമായി അനുഭൂതികളുടെ ലോകം സ്വപ്‌നം കണ്ടുകൊണ്ട്.
ശൈത്യത്തിന്റെ പിടിയിലമർന്ന് പോയതിനാൽ സൂര്യദേവന്റെ കിരണങ്ങളെ പുൽകി ഉറങ്ങാൻ കഴിയാതെ നഷ്‌ടപ്പെട്ട ദിനങ്ങളുടെ ഓർമ്മ. ആ വിരഹ ദുഃഖം തീർക്കാൻ ശിശിര കുളിരിൽ വളയെല്ലാം ഊരിപോയ കൈ നീട്ടികൊണ്ട് ഭൂമിദേവി സൂര്യനെ ആവേശത്തോടെ ആലിംഗനം ചെയ്യാൻ തയ്യാറാകുന്നു. അഭിനിവേശത്തിന്റെ ആളിപടരുന്ന അഗ്നിപ്പോലെ സൂര്യ രശ്‌മികൾ അടുത്തടുത്ത് വരുന്ന ഭൂമിദേവിയെ കരവലയത്തിലൊതുക്കാൻ അപ്പോൾ വെമ്പൽ കൊള്ളുന്നു. (വസന്താഗമത്തിൽ ഭൂമിയുടെ അച്ചുതണ്ട് സൂര്യനു നേരെ കൂടുതൽ ചരിയുന്നു എന്നു ശാസ്‌ത്രം) തൊട്ടു തൊട്ടില്ലെന്ന വിധത്തിൽ അവർ തമ്മിൽ അടുക്കുമ്പോൾ അന്തരീക്ഷത്തിലെ താപനില കൂടുന്നു. ഊഷ്‌മളമായ ആ സംഗമത്തിൽ കോരി തരിച്ച മണ്ണിൽ നിന്നും ത്രിണാങ്കുരങ്ങൾ പൊടിക്കുകയായി പ്രഭാത രശ്‌മികൾ സകല ചരാചരങ്ങളേയും തട്ടിയുണർത്തുന്നു. ഏതോ സംഗീതം ഓർക്കുന്ന പോലെ തെക്കൻ കാറ്റു മൂളി മൂളി പാടികൊണ്ട് അവിടെയൊക്കെ ചുറ്റിയടിക്കുന്നു. വസന്ത കാലത്തിന്റെ വരവു അറിയിച്ച് കൊണ്ട് തൊടികളിൽ നിന്നും കിളികളുടെ സംഗീത കച്ചേരിയും ആരംഭിച്ചു കഴിഞ്ഞു ഭൂമിദേവി പുഷ്‌പിണിയായി കാമദേവനുത്സവമായി“ എന്നു വയലാർ എഴുതിയത് ഓർമ്മപ്പെടുത്തുമ്പോലെ പ്രകൃതിയുടെ ചുറ്റമ്പലത്തിൽ ഒരുത്സവം കൊടിയേറുന്നു.
വസന്തകാലത്തിന്റെ വരവിനെപ്പറ്റി കളിദാസൻ ഋതുസംഹാരത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. വിരിഞ്ഞ മാമ്പൂക്കളെ തന്റെ സായകമാക്കി. ഒരു മാല പോലെ കൂട്ടമായി മൂളിപറക്കുന്ന തേനീച്ചകളെ തന്റെ ധനുസ്സാക്കി വസന്തമെന്ന യോദ്ധാവ് പ്രേമാർദ്രമായ മനസ്സുകളെ പീഢിപ്പിക്കാൻ ഇതാ സമാഗതമാകുന്നു പ്രിയേ.” (തർജ്ജമ ലേകകൻ)
വസന്തം ആഘോഷങ്ങളുടെ ഒരു ഇടവേളയാണ്. ഇണകളുടെ സംഗമവേള വസന്ത കോകിലങ്ങൾ പാടനെത്തുന്ന പൂവ്വാടിയിൽ പുഷ്‌പങ്ങൾ പുഞ്ചരി തൂകി നിൽക്കുന്നു. ‘കൂ’ എന്നു കൂവികൊണ്ട് കുയിലുകൾ മരകൊമ്പിലിരുന്നു ഇണകളെ തേടുകയാണ്. എന്താണു“കൂ” എന്ന ശബ്‌ദത്തിനർത്ഥം പേർഷ്യൻ ഭാഷയിൽ കൂ എന്നാൽ “എവിടെ” എന്നാണ്. കുയിലുകൾ “കൂ കു” എന്നാണ് കൂവുന്നത്. അപ്പോൾ ഈ പക്ഷികൾ ഇണയോട് നീ എവിടെ എവിടെ എന്ന് ആകാംക്ഷയോടെ, അമിതോത്സാഹത്തോടെ ചോദിക്കുകയായിരിക്കും. ആ ചോദ്യം എത്രയൊ മധുരമായി കാവ്യാത്മകമായി അവർ ചോദിക്കുന്നു. അവർക്ക് ചുറ്റും വിടരുന്ന പൂമൊട്ടുകളുടെ സൗരഭ്യത്തിൽ ഉന്മത്തരായി പൂങ്കുയിലുകൾ പാടി തകർക്കുന്നു. ഒരു കാൽചിലമ്പൊലി കേട്ട പോലെ പക്ഷികൾ കലപില കൂട്ടി പറക്കുന്നത് നോക്കി കാമദേവൻ പുഞ്ചിരിക്കയാണ്. വസന്തകാലം കാമദേവന്റെ ചങ്ങാതിയാണ്. അതാ അവിടെ കണ്ണനെ തേടുന്ന രാധ. തളിർത്ത കൊമ്പുകളിൽ പൂന്തൂവലുകൾ വിടർത്തി കിളികൾ വീണ്ടും വിശ്രമിച്ചു. മഞ്ഞ പൂമ്പൊടി വീണു കിടക്കുന്ന മേദിനിയിലൂടെ ചെന്താമരപാദങ്ങളിൽ സ്വർണ്ണനുപുരങ്ങളണിഞ്ഞ് രാധ ഇടം വലം നോക്കി നടക്കുന്നു. അത് കണ്ടു മഹാകവി പി. പാടുന്നു. കാർവണ്ടിങ്ങണഞ്ഞീല തേനുമീ സൗരഭ്യവും ഭാരമായ്, തോഴി പൂവിന്നിനിയെന്തിനീ ജന്മം. എല്ലാ ജീവജാലങ്ങളും ഈ സമ്മോഹന വേളയിൽ ഇണയെ തേടുന്നു. കിളികൾ കൂടൊരുക്കി പാട്ടും പാടി ഇണയെ കാത്തിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട കവികളായ വയലാറും, ഒ എൻ വിയും ഇതെക്കുറിച്ച് എഴുതീട്ടുണ്ട്. “മാടപ്രാവെ വാ….. ഒരു കൂട് കൂട്ടാൻ വാ….” മാരിയിൽ വേനലിൽ കൂടെ വരാമോ, മാറിലിളം ചൂടേറ്റ് രാവുറങ്ങാമോ എന്നു ഒ.എൻ.വി പാടിയപ്പോൾ, വയലാർ പാടി“ ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാര കിളി ചോദിച്ചു…….. മഞ്ഞു പെയ്യുന്നു മാമരം കൊച്ചുന്നു. നെഞ്ചകത്തങ്ങാനും ചൂടുണ്ടോ?
സസ്യ വിതാനങ്ങളിൽ അഴുകുള്ള ചിറകുമായി പാറി പാറി പറക്കുന്ന ചിത്രശലഭങ്ങൾ വെയിലിനു ഭംഗി കൂട്ടുന്നു. ഉത്സാഹഭരിതരായ കിളികളുടെ തേനൊലിക്കുന്ന ചാരു ഗാനങ്ങൾ അവയും കാതോർക്കുന്നുണ്ടോ. പ്രകൃതിയുടെ സുന്ദര നൃത്തമണ്ഡപത്തിൽ പൂവിട്ടു പൂവിട്ടു തൊഴുതു നിൽക്കയാണ് ചെടികൾ. കാമദേവന്റെ പൂവമ്പുകളുടെ സഹായമില്ലാതെ സൂര്യനും ഭൂമിയും പ്രണയിക്കുന്നു. ആ പ്രേമ നാടക രംഗങ്ങൾക്ക് ചമയങ്ങൾ ഒരുക്കുകയാണ് പ്രകൃതി. വസന്ത കാലത്തെ രാത്രികളും മനോഹരങ്ങളാണ്. അത് കണ്ടിട്ടാകാം വാർതിങ്കൾത്താലമെടുത്ത വസന്തരാവേതോ വെൺചാറൊന്നു പൂശിക്കയാൽ എന്ന് വള്ളത്തോൾ എഴുതിയത്. ചുറ്റിലും വിടരുന്ന പൂക്കൾ. പാടുന്ന പൂങ്കുയിലുകൾ. വിടരുന്ന പൂമൊട്ടുകളുടെ സുഗന്ധം കവർന്നെടുത്ത് കൈവീശി നടക്കുന്ന തെക്കൻ കാറ്റ്. ഒന്നിളവേൽക്കാൻ ആരും കൊതിക്കുന്ന സുഖകരമായ പരിസരം. ഒമർ ഖയ്യാം ആഹ്ലാദചിത്തനായി പാടിയത് ഒരു വസന്തകാലത്തായിരിക്കുമോ? അദ്ദേഹം ചൊല്ലി- മരചുവട്ടിലെ തണലും, കയ്യിൽ മുന്തിരി ചാറ് തുളുമ്പുന്ന ചഷകവും, വിശക്കുന്നതിനു അപ്പവും, ചാരത്ത് നീയും, നിന്റെ ചുണ്ടിൽ ഒരു ഗീതവുമുണ്ടെങ്കിൽ ഏത് വന്യഭൂമിയും സ്വർഗമാകുന്നു. (തർജ്ജമ ലേഖകൻ)
വിത്തും കൈക്കോട്ടും എന്നു പാടി കൊണ്ട് വിഷുപക്ഷികൾ അങ്ങു ദൂരെ നമ്മുടെ കേരളത്തിൽ ചുറ്റിയടിക്കുന്നു പൂത്തു നിൽക്കുന്ന കണികൊന്നകൾ മനുഷ്യ മനസ്സുകളിൽ ആനന്ദം പകരുന്നു. ഇവിടെ അമരിക്കയിലും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂക്കുന്ന ചെടികളും മരങ്ങളും മാത്രം. ഏപ്രിൽ മാസത്തിലെ മഴ മെയ്‌മാസത്തിൽ പൂക്കളെ കൊണ്ടു വരുന്നു എന്നു ജനങ്ങൾ ആമോദത്തോടെ പാടി ആനന്ദിക്കുന്നു. സ്വപ്‌നതുല്യമായ ഈ കാലത്തെ പ്രേമിക്കാത്തവരുണ്ടോ? കാമന്റെ വില്ലടിച്ചാൽ പാട്ടു മുഴങ്ങുന്ന യുവ ഹൃദയങ്ങളിലും പൂക്കൾ വിരിയുന്നു. നനഞ്ഞ നേരിയ പുടവ ചുറ്റി സ്വപ്‌നങ്ങൾ കുളിച്ച് കയറുന്ന ഹൃദയസരസ്സുകളിൽ വെള്ളം തൊടാതെ സ്‌നേഹത്തിന്റെ താമര പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. അഭിലാഷങ്ങൾ പൂമണം പരത്തുന്ന ഈ വസന്തകാലം ദൈവം മനുഷ്യനു പ്രത്യേകം കനിഞ്ഞ് നൽകിയ വരദാനമാണ്. വെറുപ്പും വിദ്വേഷവും ഒഴിവാക്കി ദ്രാക്ഷ മാധുരിപോലെയുള്ള ഈ മധുരം. സകല ജീവജാലങ്ങളും ആസ്വദിക്കുമ്പോൾ മനുഷ്യർ മാത്രം അതു മുഴുവനായി അനുഭവിക്കുന്നില്ലെന്നുള്ളത് സങ്കടകരം തന്നെ.
കിളികളുടെ പ്രേമ ഗീതങ്ങളിൽ, പൂക്കളുടെ മന്ദഹാസത്തിൽ, നിഴലും നിലാവും കൈകോർക്കുന്ന രാവിന്റെ നിശ്ശബ്‌ദയാമങ്ങളിൽ, പവനുരുക്കുന്ന പകലിന്റെ മുദ്രു നിശ്വാസങ്ങളിൽ നമ്മൾ കേൾക്കുന്നത് ഇതാണ്. ”ഹേ മനുഷ്യാ മതത്തിന്റെ പേരിൽ, വംശമഹിമയുടെ പേരിൽ. പൊന്നിന്റെയും പെണ്ണിന്റെയും പേരിൽ വെറുതെ കലഹിച്ച് സ്വയം കഷ്‌ടപ്പെടുകയും മറ്റുള്ളവരെ കൂടി കഷ്‌ടത്തിലാക്കുകയും ചെയ്യാതെ പ്രകൃതിയെ കണ്ടു പഠിക്കുക. “ ഋതുഭേദങ്ങൾ മാറി മാറി വരുമ്പോൾ അത് ആഘോഷമാക്കുക. വിത്തുകൾക്ക് മുള പൊട്ടുന്നു. പൂമൊട്ടുകൾ വിരിയുന്നു. പ്രകൃതി ചമഞ്ഞൊരുങ്ങുകയാണ്. കാലം പ്രത്യാശയുടെ കിരണങ്ങൾ എല്ലാ മനസ്സിലും കൊടുക്കുന്നു. സ്വപ്‌നങ്ങൾ കാണുക. അവ സാക്ഷാത്‌കരിക്കാൻ ഉറക്കമുണരുക. വസന്തം എന്ന വിരുന്നുകാരൻ നിങ്ങളുട വാതിൽക്കൽ എത്തി നിൽക്കുന്നു എതിരേൽക്കുക.
Generated from archived content: essay1_may9_11.html Author: sudheer_panikkaveettil
Super