മഹാശിവരാത്രി

പഞ്ചാക്ഷരിമന്ത്രങ്ങളുടെ (ഓം!നമഃശ്ശിവായ) നിറവിൽ ആർഷഭാരതം ദൈവീക ചൈതന്യമാർജ്ജിക്കുന്ന പുണ്യദിനമാണ്‌ ശിവരാത്രി. കുംഭമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസം ശിവരാത്രി വ്രതമായി ശിവഭക്തമാർ ആചരിച്ചുവരുന്നു. (ഈ വർഷം മാർച്ച്‌ രണ്ടിനാണ്‌ ശിവരാത്രി) കറുത്ത പക്ഷത്തോടു അടുക്കുംതോറും ശക്തിക്ഷയം സംഭവിക്കുന്ന ചന്ദ്രന്റെ തേജസ്സിന്റെ 1&16 അംശം മാത്രമെ അപ്പോൾ ബാക്കിയുണ്ടാകുകയുള്ളു. മനുഷ്യമനസ്സുകളും രജസ, തമസ ഗുണങ്ങളുടെ അനുപാതത്തിൽ തേജ്ജസ്സു നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ശേഷിച്ചതു നഷ്‌ടപെടാൻ അനുവാദിക്കാതെ ശിവസ്‌തുതികളും, പഞ്ചാക്ഷരി മന്ത്രവും ജപിച്ചുകൊണ്ടു വ്രതശുദ്ധിയോടെ ഈ ദിവസം ഉപവസിച്ചു ഉറക്കമൊഴിഞ്ഞ്‌ ഭക്തന്മാർ ദൈവാനുഗ്രഹം നേടിയെടുക്കുന്നു.

ദിവ്യത്വലബ്‌ധിക്കായി ഉപനിഷത്തുക്കളിൽ പറഞ്ഞിരിക്കുന്നത്‌ “സത്യം, ശിവം, സുന്ദരം” എന്നാണ്‌. യാതൊന്നു സത്യ മായിരിക്കുന്നുവോ, മംഗള കരമായിരിക്കുന്നുവോ, സുന്ദരമായിരിക്കുന്നുവോ, അതാണു സത്യം, ശിവം, സുന്ദരം. ശിവൻ എന്ന വാക്കിന്‌ മംഗളകാരി, മനുഷ്യന്‌ നന്മ കാംക്ഷിക്കുന്നയാൾ എന്നീ അർത്ഥങ്ങളുണ്ട്‌. കൈലാസനാഥനായ ശിവനിൽ നിന്നും 108 രീതിയിലുള്ള നൃത്തങ്ങൾ ആവിർഭവിച്ചിട്ടുണ്ടെന്നു വിശ്വസിച്ചുവരുന്നു. ഭൂമിയിലെ ജീവിജാലങ്ങളെ സന്തോഷിപ്പിക്കാനും, അവരുടെ ദുഃഖങ്ങളെ വിസ്‌മരിപ്പിക്കുവാനും എല്ലാ സായം സന്ധ്യയിലും ശിവൻ താണ്ഡവനൃത്തം ആടുന്നു എന്ന്‌ ഭക്തർ വിശ്വസിച്ചുപോരുന്നു. ശിവനെ പ്രോത്സാഹിപ്പിക്കാനായി ശിവനോടൊപ്പം ശ്രീ പാർവതിയും ലാസ്യവിലാസ നൃത്തങ്ങൾ ചെയ്യുന്നു.

മഹാശിവരാത്രിയെ കുറിച്ചുള്ള ഐതിഹ്യങ്ങളിൽ ചിലത്‌ ഇവിടെ കുറിക്കാം. മഹാപ്രളയത്തിൽ യോഗനിദ്രയിൽ കിടന്നിരുന്ന മഹാവിഷ്‌ണുവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട ബ്രഹ്‌മാവ്‌ പറഞ്ഞു. “ഞാനാണ്‌ ലോകത്തിന്റെ സൃഷ്‌ടി നടത്തിയയാൾ. അതിനു മറുപടിയായി വിഷ്‌ണു പറഞ്ഞു ”ഞാനാണ്‌ ലോക ശിൽപ്പി“. ആർക്കാണ്‌ മഹത്വമെന്നറിയാൻ അവർ തമ്മിൽ തർക്കമുണ്ടായപ്പോൾ ഒരു ലിംഗം അവരുടെ മുമ്പിൽ പ്രത്യക്ഷപെട്ടു. അതിന്റെ ഉത്ഭവമറിയാൻ ഉൽകണ്‌ഠയോടെ ബ്രഹ്‌മാവ്‌ ഒരു അരയന്നത്തിന്റെ രൂപത്തിൽ മേലോട്ടും വിഷ്‌ണു ഭൂമിക്കടിയിലേക്കും തിരിച്ചു. ദിവസങ്ങളോളം അന്വേഷിച്ചിട്ടും ലിംഗത്തിന്റെ ആദിയും അന്ത്യവവും കാണാതെ അവർ വലഞ്ഞപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു ”നിങ്ങൾ എന്നിൽ നിന്നും വേർപെട്ടവർ, നാം ത്രിമൂർത്തികൾ“ ആ ദിവസമാണത്രെ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. ശിവൻ ഇങ്ങനെ പ്രത്യക്ഷപെട്ടു എന്നു പറയുന്ന ദിവസം കുംഭമാസത്തിലെ കറുത്തപക്ഷത്തിൽ ചതുർദശി ദിവസമായിരുന്നു.

വേറൊരു കഥ; പാലാഴി മഥന സമയത്ത്‌ പാരിജാതം, കാമധേനു, അമൃത്‌ മുതലായവ പൊങ്ങി വന്നതിനോടൊപ്പം കാളകൂട വിഷവും പുറത്തുവന്നു. ശിവൻ അത്‌ പാനം ചെയ്‌തു. ആ വിഷം ഭഗവാനിൽ പ്രവേശിക്കാതിരിക്കാൻ അവിടെയുള്ളവരെല്ലാവരും ഉറങ്ങാതെ വ്രതമനുഷ്‌ഠിച്ചു പ്രാർത്ഥിച്ചു. ശിവൻ വിഷം പാനം ചെയ്‌ത ആ ദിവസം ശിവരാത്രിയായി ആചരിക്കപെട്ടു വരുന്നു. വിഷം ഭഗവാന്റെ കണ്‌ഠത്തിൽ തളംകെട്ടി കിടന്ന്‌ ഭഗവാന്‌ നീലകണഠൻ എന്ന പേരു സമ്പാദിച്ചുകൊടുത്തു. നല്ല സാധനങ്ങൾ സ്വീകരിക്കാൻ എല്ലാവരുമുണ്ടാകുമെന്നും, ചീത്തയാർക്കും ഇഷ്‌ടമില്ലെന്നും നമുക്കറിയാം. ഭഗവാൻ വിഷം തുപ്പി കളയുകയോ, ഇറക്കുകയോ ചെയ്‌തില്ല. തന്നിൽ അതു ഒതുക്കി നിർത്താൻ ഭഗവാന്‌ കഴിഞ്ഞു. മനുഷ്യരുടെ സ്വഭാവം ചീത്ത വർത്തമാനങ്ങൾ മറ്റുള്ളവരിൽ നിന്നും കേൾക്കുകയും, അതു മുഴുവൻ പറഞ്ഞുകൊണ്ട്‌ നടക്കുകയും ആണല്ലോ. ചീത്ത കാര്യങ്ങൾ സമൂഹത്തിൽ പടർത്തി ദുർഗന്ധം വ്യാപിപ്പിക്കരുതെന്നുള്ള സൂചന ഇവിടെ നമുക്കു കിട്ടുന്നു. ശിവരാത്രി ദിവസം ഭക്തന്മാർ ബ്രഹ്‌മ മുഹൂർത്തത്തിലുണർന്ന്‌ സ്‌നാനാദികർമ്മങ്ങൾ കഴിച്ച്‌ ശിവക്ഷേത്ര ദർശനം നടത്തുന്നു. പകൽ മുഴുവൻ ഉപവാസം നിർബന്ധമാണ്‌. ഭസ്‌മം, രുദ്രാക്ഷം മുതലായവ ഭക്തന്മാർ ധരിക്കുന്നു. പല ഗൃഹങ്ങളിലും ഒരു വർഷത്തേക്കാവശ്യമായ ഭസ്‌മം ശിവരാത്രി ദിവസം വീട്ടിലുണ്ടാക്കുന്നു. രുദ്രാക്ഷത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഒരു ഐതിഹ്യമുണ്ട്‌. കുരുക്ഷേത്ര യുദ്ധത്തിൽ വിജയിച്ച പാണ്ഡവന്മാർ അശ്വമേധ യാഗം നടത്തി. ആ യജ്‌​‍്‌ഞ്ഞത്തിൽ പങ്കെടുക്കാൻ ശ്രീ കൃഷ്‌ണന്റെ ആവശ്യപ്രകാരം ഭീമസേനൻ താമ്രവർണ്ണി നദീതീരത്തു തപസ്സു ചെയ്‌തിരുന്ന വ്യാഘപ്രാദ മുനിയെ ക്ഷണിക്കാൻ പോയി. ഭഗവാൻ കൃഷ്‌ണൻ ഭീമനെ പന്ത്രണ്ടു രുദ്രാക്ഷങ്ങൾ ഏൽപ്പിച്ചിരുന്നു. മുനിയെ ഉണർത്താനായി ഭീമസേനൻ ”ഗോവിന്ദ ഗോപാല“ എന്നു വിളിച്ചു. ശിവഭക്തനായ മുനി വിഷ്‌ണുവിന്റെ നാമം കേട്ടു കോപിഷ്‌ടനായി, ഭീമന്റെ പുറകെ ഓടി ചെന്നു. ഓട്ടത്തിനിടയിൽ രുദ്രാക്ഷത്തിലൊന്നു ഭീമൻ ഒരു സ്‌ഥലത്തു വച്ചപ്പോൾ അത്‌ ഒരു ശിവലിംഗമായി. ശിവലിംഗം കണ്ട മുനി ശാന്തനായി കുളിച്ചു ശിവലിംഗത്തെ പൂജിച്ചു. ഇങ്ങനെ പന്ത്രണ്ട്‌ രുദ്രാക്ഷങ്ങൾ ശിവലിംഗങ്ങളായി മാറി. മുനിക്കു ഭീമനോടുള്ള കോപത്തിന്‌ കുറവു വന്നില്ല. ഭീമൻ ശ്രീകൃഷ്‌ണനെ പ്രാർത്ഥിച്ചു. ശ്രീകൃഷ്‌ണൻ മുനിക്ക്‌ ശിവന്റെ രൂപത്തിലും ഭീമന്‌ വിഷ്‌ണുവിന്റെ രൂപത്തിലും ദർശനം നൽകി. ശങ്കരനാരായണ പ്രതിഷ്‌ഠയുണ്ടായി.

ശിവലിംഗത്തെ കുറിച്ചു സാധാരണ ജനങ്ങൾ ധരിച്ച്‌ വച്ചിരിക്കുന്ന അർഥം തെറ്റാണ്‌. പലരും അത്‌ പുരുഷ ദേവനായ ശിവന്റെ ലിംഗമായി കരുതുകയും ആഭാസകരമായ വ്യാഖ്യാനങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്‌. അജ്ഞതമൂലം സംഭവിക്കുന്ന ഒരു സ്‌ഥിതി വിശേഷമാണത്‌. സകല ഭൂതങ്ങളും യാതൊന്നിൽ ലയിക്കുകയും, യാതൊന്നിൽ നിന്നുണ്ടാവുകയും ചെയ്യുന്നുവോ ആ പരമാകാരത്തെ ലിംഗമെന്നും അത്‌ തന്നെയാണ്‌ നിഷ്‌കളങ്കനായ പരമശിവനെന്നുമാണ്‌ ശരിയായ വ്യാഖ്യാനം. മഹാശിവരാത്രിവ്രതം ഭാരതീയ സ്‌ത്രീകൾ വളരെ നിഷ്‌കർഷതയോടെ ആചരിച്ചു വരുന്നു. അന്നേ ദിവസം ശിവലിംഗപൂജക്കായി സ്‌ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്നു. ചന്ദ്രപ്രകാശമില്ലാതെ ഇരുണ്ടു നിന്ന കുംഭ മാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ശിവന്റെ രക്ഷക്കായി പാർവതി വ്രതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ചിരുന്നുവെന്നു വിശ്വസിച്ചുപോരുന്നു. അതിന്റെ ഓർമ്മക്കെന്നോണം സ്‌ത്രീകൾ അന്നേ ദിവസം പുത്രന്മാരുടേയും, ഭർത്താക്കന്മാരുടേയും രക്ഷക്കായി ശിവരാത്രി വ്രതം നോൽക്കുന്നു.

കേരളത്തിലെ മഹോത്‌സവങ്ങളിലൊന്നായ ആലുവ ശിവരാത്രി പെരിയാറിന്റെ വടക്കെ തീരത്ത്‌ ആലുവ മണൽപുറത്തു കൊണ്ടാടപെടുന്നു. ജനലക്ഷങ്ങൾ പിത്രുക്കൾക്കു തർപ്പണം ചെയ്യാനെത്തുന്ന ഇവിടത്തെ പ്രതിഷ്‌ഠ സ്വയംഭൂവായ ശിവലിംഗമാണ്‌. അതിന്റെ ഐതിഹ്യം ഇങ്ങനെ. സീതാദേവിയെ തേടി ദക്ഷിണേന്ത്യയിലെത്തിയ ശ്രീരാമ-ലക്ഷ്‌മണന്മാർ ജടായുവിന്റെ ദഹനകർമ്മങ്ങൾ ആലുവ മണൽപ്പുറത്തുവച്ചു ചെയ്‌തുവെന്നും അപ്പോൾ ശിവൻ സ്വയംഭൂലിംഗമായി പ്രത്യക്ഷപെട്ടുവെന്നുമാണ്‌ ഐതിഹ്യം. പിതൃക്കൾക്കു ബലിയർപ്പിച്ചു ആത്മസംതൃപ്‌തി നേടുന്ന അനേകരോടൊപ്പം പങ്കു ചേരാൻ ഈ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ചന്ദ്രനില്ലെങ്കിലും കുംഭമാസത്തിലെ തെളിഞ്ഞ ആകാശവും, മക്കൾ പിതൃക്കൾക്കായി പുഴയിലൊഴുക്കിയ അനേകം തിരിവിളക്കുകൾ പ്രഭ പരത്തികൊണ്ട്‌ ഓളങ്ങളിൽ ചാഞ്ചാടുന്നതും അവിടത്തെ കുളിർമ്മയുള്ള രാവിന്റെ സാന്ത്വനവും ഒരു ദൈവീക സാന്നിദ്ധ്യം വെളിപെടുത്തുന്നവയാണ്‌. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ ഒലിക്കുന്ന കണ്ണുനീർ നനച്ച മുഖത്തേക്കു തട്ടുന്ന തിരിവിളക്കുകളുടെ പ്രകാശ ധോരണിയും, ഓം! നമഃശ്ശിവായ എന്നു മുഴങ്ങുന്ന പഞ്ചാക്ഷരിമന്ത്രവും, ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണൽപുറവും ഓർമയിൽ നിന്നും മായുകയില്ല.

നിറഞ്ഞ ഭക്തിയോടും, ശ്രദ്‌ധയോടും കൂടി ശിവനെ ആരാധിച്ചാൽ പാപങ്ങൾ കഴുകികിട്ടുമെന്നും, മരണശേഷം ശിവസന്നിധിയിൽ എത്തിചേരുമെന്നും ജനന മരണ ചക്രത്തിൽ നിന്നും മുക്തി കിട്ടുമെന്നും ശിവ ഭക്തന്മാർ ഉറച്ചു വിശ്വസിക്കുന്നു.

രത്നങ്ങളേക്കാൾ, പൂക്കളേക്കാൾ ശിവനു പ്രിയം കൂവളത്തിലയാണ്‌. ശിവരാത്രി ദിവസം ശിവലിംഗത്തെ പൂജിക്കാൻ കൂവളത്തിലയുപയോഗിക്കുന്നു. കൂവളത്തിലയുടെ മാഹാത്മ്യത്തെകുറിച്ച്‌ ഇങ്ങനെ വിശ്വസിച്ചുപോരുന്നു. അർദ്ധനാരീശ്വരനായ ശിവന്‌ പാർവതിയോടുള്ളത്ര സ്‌നേഹം വിഷ്‌ണുവിന്‌ തന്നോടില്ലെന്നു തോന്നിയ ലക്ഷ്‌മിദേവി നാരദനെ വിവരമറിയിച്ചപ്പോൾ ആ ത്രിലോക ജ്ഞാനി ദേവിയെ ഉപദേശിച്ചു – പ്രതിദിനം ആയിരത്തിയൊന്നു താമരമൊട്ടുകൾ തനിയെ പറിച്ചു നാൽപ്പത്തിയൊന്നു ദിവസം ശിവനെ പൂജിക്കാൻ. മണ്ഡലപൂജയുടെ അവസാനദിവസം ഒരു താമരമൊട്ടു കുറവു വന്നു. ലക്ഷ്‌മിദേവി ആദ്യം ഒന്ന്‌ അമ്പരന്നെങ്കിലും ക്രീഡവേളയിൽ ഭർത്താവു തന്റെ സ്‌തനങ്ങളെ താമരമൊട്ടിനോടു ഉപമിക്കാറുള്ളത്‌ അവർ ഓർത്തു. ഒരു താമരമൊട്ടിന്റെ കുറവ്‌ നികത്താനായി തന്റെ സ്‌തനങ്ങളിൽ ഒന്നു അവർ പറിച്ചെടുക്കാൻ തുടങ്ങി. ദേവിയുടെ ദൃഢവിശ്വാസത്തിലുള്ള ഭക്തി കണ്ട്‌ സന്തുഷ്‌ടനായ ശിവൻ ആ സാഹസത്തിൽനിന്നും അവരെ പിന്തിരിപ്പിച്ചു. എന്നാൽ ദേവിയുടെ മാറിടത്തിൽ നിന്നും ഭൂമിയിലേക്കു ഇറ്റിറ്റു വീണ രക്തബിന്ദുക്കളിൽ നിന്നും കൂവളം മുളച്ചു. തന്നെ പൂജിക്കാൻ ഇതിനേക്കാൾ വറെ നല്ല ഇല മൂന്നു ലോകത്തിലുമില്ലെന്നു ശിവൻ അരുളി ചെയ്‌തു. കേരളത്തിൽ ധാരാളം ശിവക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അരുവിപുറം ശിവക്ഷേത്രത്തിന്റെ പ്രത്യേകത അവിടത്തെ പ്രതിഷ്‌ഠകർമ്മം നിർവഹിച്ചത്‌ ശ്രീ നാരായണഗുരുവാണെന്നതാണ്‌. ജാതിയുടെ സങ്കുചിതമായ കൊട്ടതളങ്ങളെ കിടുകിടെ വിറപ്പിച്ചുകൊണ്ടു വെള്ളിടി പോലെ ഗുരുദേവൻ മുഴക്കിയ ശബ്‌ദം ”താൻ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചത്‌“ എന്ന്‌ ഇവിടത്തെ മൂർത്തിയെകുറിച്ചാണ്‌. മൂർത്തിക്കോ മൂർത്തിയെ സ്വന്തമാക്കി കൊണ്ടുനടന്നവർക്കൊ ഒന്നും സംഭവിച്ചില്ല. ദൈവം നമ്മോടുകൂടി എന്ന ബൈബിൾ വചനം പോലെ ശിവൻ എല്ലാവരുടേയും കൂടെ കഴിയുന്നു.

ശിവരാത്രി മറ്റു വിശേഷ ദിവസങ്ങളെപോലെ ഒരു ആഘോഷമല്ല. ഭക്തന്മാർ അനുഷ്‌ഠിക്കുന്ന ഒരു മഹവ്രതമാണിത്‌. അതുകൊണ്ടു മരണശേഷം ശിവലോക പ്രാപ്‌തിയുണ്ടാകുമെന്ന്‌ അവർ വിശ്വസിക്കുന്നു. ശിവരാത്രിയുടെ ശ്രേഷ്‌ഠവും പ്രാധാന്യവും അറിയണമെങ്കിൽ ”ആയിരം ഏകാദശിക്ക്‌ തുല്ല്യമാണ്‌ അര ശിവരാത്രി“യെന്ന ചൊല്ല്‌ ഓർക്കുക.

മനുഷ്യർ സ്വാർത്ഥ ലബ്‌ധിക്കുവേണ്ടി മതങ്ങളെ വളച്ചൊടിച്ചിട്ടുണ്ട്‌. തന്മൂലം ലോകത്തിൽ ശാന്തിയും സമാധാനവും നഷ്‌ടപെട്ടുകൊണ്ടിരിക്കുന്നു. മതങ്ങളേക്കാൾ മനുഷ്യരെ സ്‌നേഹിക്കാൻ പഠിക്കുകയാണ്‌ അതിനുള്ള പ്രതിവിധി. ദൈവപ്രീതി, പുണ്യം തുടങ്ങിയ ലക്ഷ്യങ്ങളെക്കാൾ വ്രതങ്ങൾക്ക്‌ (ഏത്‌ മതത്തിലായാലും) ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടെന്നും ഓർക്കുമ്പോൾ മതസ്‌പർദ്ധ കുറയും.

(ഓം!നമഃശിവായ)

Generated from archived content: essay1_mar1_11.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here