ഓണം ഒരു ആഘോഷമെന്നതിലുപരി ഒരനുഭൂതിയാണ്. മലയാളികളുടെയെല്ലാം മനസ്സിൽ ഒരു ഭദ്രദീപം പോലെ എന്നും അതു കെടാതെ കത്തി നിൽക്കുന്നു.
ഓണത്തെക്കുറിച്ചാലോചിക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകളാണു എപ്പോഴും ഓടിയെത്തുന്നത്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ പകർന്ന് തന്ന ആനന്ദത്തിന്റെ നിർവൃതി ഇന്നും അനുഭവപ്പെടുന്നു. കറവ് പാൽ പോലെ നിലാവൊഴുക്കിക്കൊണ്ടു പാൽ കുടമേന്തി നിൽക്കുന്ന ചാരു നിശകൾ. ആടിലാവും, ഓടിലാവും കഴിഞ്ഞു വരുന്ന ഓണ നിലാവിന്റെ അഭൗമ ഭംഗി മലയാളക്കരക്ക് മാത്രമായ വരദാനമാണ്. ഒരു മഞ്ഞ്‌ജിര ശിഞ്ഞ്‌ജിതം പോലെ ഉദിക്കുന്ന പുലരികൾ. അതിന്റെ മഞ്ഞ്‌ജിമയിൽ പവനുരുക്കി പ്രകാശിക്കുന്ന മനോഹരമായ പകലുകൾ. ഓണപ്പരീക്ഷ വല്ലവിധത്തിലും കഴിഞ്ഞുപോകാൻ അക്ഷമയോടെ കാത്തു നിൽക്കുന്ന കൗമാരത്തിന്റെ വെമ്പലുകൾ. പനിനീർ തളിക്കുന്ന പോലെ ഇടക്ക് പെയ്യുന്ന മഴയുടെ കുളിരും സുഗന്ധവും. മഴയിൽ കുളിച്ച് തോർത്തിയ മണൽ വിരിച്ച മുറ്റത്തിന്റെ നടുക്ക്, അത്തം മുതൽ ചാണകം മെഴുകി അതിൽ ഒരുക്കി വക്കുന്ന വർണ്ണശബളിമയാർന്ന വിവിധതരം പൂക്കൾ പിന്നീട് ഉത്രാടദിവസം തൃക്കാക്കരയപ്പനെ പ്രതിഷ്‌ഠിക്കാൻ അവിടെ മണ്ണു കൊണ്ടു പണിതുണ്ടാക്കുന്ന മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ നിലകളിലുള്ള പൂത്തറ. വൈകിയുറങ്ങുന്ന രാത്രികളിൽ അയൽ വീടുകളിൽ നിന്നും കേൾക്കുന്ന ഓണക്കളിയുടെ പാട്ടും, കൈകൊട്ടും. ഓണനിലാവിന്റെ ഭംഗി നുകർന്ന്, മുത്തശ്ശിയുടെ കഥകൾ കേട്ട് ഉമ്മറക്കോലായിൽ വിരിച്ച പുൽപ്പായയിലിരുന്നപ്പോൾ അനുഭവിച്ച സുരക്ഷാബോധവും സുഖവും അപ്പോഴാണു ഞങ്ങൾ കുട്ടികൾ അമ്പിളിമാമനെ കൂടെ നടത്തുന്നത്. ഒരു മുറ്റത്തു നിന്നും മറ്റേ മുറ്റത്തേക്കുനടക്കുന്ന കുട്ടികളുടെ കൂടെ മായാത്ത ചിരിയുമായി അമ്പിളിമാമനും ഒപ്പം നടക്കുന്നു. അടുത്ത വീട്ടിലെ കുട്ടികളും വിളിച്ച് പറയുന്നു. “അമ്പിളിമാമൻ ഞങ്ങളുടെ കൂടെയാണിപ്പോൾ” കൗമാരക്കാരുടെ നിഷ്‌ക്കളങ്കമായ വായ്‌ത്താരി കേട്ട് ചിരിച്ച പോലെ നിലാവിനു അപ്പോൾ പ്രകാശം കൂടുന്നു. നേരം പുലരുമ്പോൾ പറമ്പിൽ സമൃദ്ധമായി വളരുന്ന തുമ്പ പൂക്കൾക്കൊപ്പം പലതരം വർണ്ണ പൂക്കൾ കുട്ടികളെ എതിരേൽക്കാൻ വിടർന്ന് നിൽക്കുന്നു. പൂക്കളെപോലെയുള്ള തുമ്പികൾ ചുറ്റിലും പാറികളിക്കുന്നു. അവയേയും പിടിച്ച് പൂക്കൊട്ടയിലിടാൻ മോഹം തുമ്പികൾക്കും കൊച്ചു വിരലുകൾക്കിടയിൽ തൂങ്ങികിടക്കാൻ കൗതുകം.
കളികൾക്കിടയിൽ വീട്ടിനുള്ളിലേക്ക് കയറിപോകുന്ന പഴക്കുലകൾ, ഓണപ്പുടവകൾ എന്നിവ കണ്ട് അവ പരിശോധിക്കുവാനും രുചിച്ചുനോക്കുവാനും ഒരു പടയോട്ടം പിന്നെ ഒന്നുമറിയാത്തപോലെ വീണ്ടും കളികൾ അപ്പോഴേക്കും പൊട്ടി വീഴുന്ന ഒരു പൂമഴ ആർത്തുവിളിച്ചുകൊണ്ടു കുട്ടികൾ നാലു പാടും ഓടുകയായി. ഓണക്കിളികൾ നനഞ്ഞ ചിറകുമായി മരച്ചില്ലയിലിരുന്ന് കുട്ടികളെ നോക്കി ചിലക്കുന്നു. എവിടേയും മനോഹര ദൃശ്യങ്ങൾ. കൊച്ചു കൊച്ചു കാറ്റും തുരുതുരെ പൂമഴയും എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങളുമായി മലയാളനാടിന്റെ സൗന്ദര്യം മുഴുവൻ ചിങ്ങമാസം പ്രദർശിപ്പിക്കുന്നു.
വിശിഷ്‌ടാതിഥിയായെത്തുന്ന മാവേലിയുടെ ഐതിഹ്യത്തിൽ ഞങ്ങൾ കുട്ടികൾക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. ഓണത്തിന്റെ മോടിയും പകിട്ടും, കളികളും പുത്തനുടുപ്പുകളുമൊക്കെ കുട്ടികൾക്കു സന്തോഷം പകർന്നു. ഓലക്കുടയും, കിരീടവും മെതിയടിയുമായി മാവേലി വരുമെന്നു എല്ലാവരും വിശ്വസിച്ചു. ഈ ലേഖകന്റെ ബാല്യ-കൗമാരങ്ങളിൽ എപ്പോഴും ഒരു സംശയം തീരാതെ നിന്നു. തിരുവോണ ദിവസം മാവേലിതീർച്ചയായും വരുമോ? ഒരുക്കിയ പൂക്കളും, നിവേദിച്ച അടയും, മറ്റു പൂജാ സാമഗ്രികളും സ്വികരിക്കുമോ? തുമ്പയിലയിട്ട വാഴയിലയിൽ തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുമ്പോൾ കനൽ കൊണ്ട് ഒരു പൂജയും, പിന്നെ നാളികേരമുടക്കലുമുണ്ട് ഇതു രണ്ടും ചെയ്യാൻ ഭയമായിരുന്നെങ്കിലും ചെറിയമ്മയുടെ സഹായത്തോടെ അതു നിർവ്വഹിച്ചു പോന്നു. വീട്ടിലെ കുട്ടിയെന്ന നിലക്ക് ഉത്രാട ദിവസം ഓണപ്പൂജ ചെയ്യുമ്പോൾ മനസ്സിലെ ആഗ്രഹം മാവേലിയെ ഒന്നു കാണാൻ സാധിക്കുകയെന്നതായിരുന്നു. ഒരിക്കൽ മുത്തശ്ശിയോടു ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു. ഉണ്ണിയല്ലേ എന്റെ മഹാബലി. ഉണ്ണി വന്നപ്പോൾ ഓണം വന്ന പോലെയായി. എന്നെപോലെ എല്ലാവർക്കും അവരുടെ ഉണ്ണികൾ മാവേലികൾ കുട്ടിയായിരുന്നെങ്കിലും അതു വിശ്വസിക്കാൻ പ്രയാസമായിരുന്നു. പിന്നെ കാലം കടന്നു പോവുകയും വളരുകയും ചെയ്‌തപ്പോൾ മുത്തശ്ശി പറഞ്ഞതിന്റെ പൊരുൾ കിട്ടി. കുടുംബത്തോടും, കൂട്ടുകാരോടും കൂടി നമ്മൾ ഓണം ആഘോഷിക്കുന്നു. ഓണം ആഘോഷിക്കാൻ ഒത്തു കൂടുന്ന നമ്മൾ തന്നെ മാവേലിമാർ. നമ്മൾ ഒരുമയോടെ ഒത്തുചേരുമ്പോൾ ആഹ്ലാദമുണ്ടാകുന്നു. ഓണം പ്രതീക്ഷകളുടെ ദിവസമാണ്. എല്ലാവരും കാത്തിരിക്കുന്നു. ഒരു പക്ഷേ മഹാബലിയുടെ പേരും പറഞ്ഞ് എല്ലാവരും ഒത്തു ചേരുന്ന ഒരു സുദിനം. പരസ്‌പരം സ്‌നേഹവും വിശ്വാസവുമുണ്ടാകുമ്പോൾ ജീവിതം സുന്ദരമാകുന്നു. ഓണത്തിന്റെ സന്ദേശം ഒരുമയുടേയും, സ്‌നേഹത്തിന്റെയും, ഒത്തു ചേരലിന്റെയുമാണ്. ഒരു ദിവസത്തെ ആഘോഷമായി ഈ വിശേഷദിനത്തെ ഒതുക്കാതെ ആ സുദിനം എന്നും കൊണ്ടാടാൻ കഴിയുക എന്നതാകണം നമ്മുടെ ലക്ഷ്യം. പ്രതി വർഷം നമ്മുടെ ഓർമ്മ പുതുക്കാനെന്നവണ്ണം പ്രകൃതി ഓണപ്പൂക്കൾ വിടർത്തുന്നു. ഓണനിലാവ് ഉദിപ്പിക്കുന്നു. ഓണപ്പുടവകൾ ചുറ്റി, ഉറ്റവർക്കും, പ്രിയപ്പെട്ടവർക്കും ഓണസ്സമ്മാനങ്ങളുമായി എല്ലാവർക്കും ഒരിടത്ത് സമ്മേളിക്കാം. പപ്പടവും, പഴവും, പായസവും കൂട്ടി ഓണ സദ്യയുണ്ട് ഓണപ്പാട്ടുകൾ പാടി സന്തോഷിക്കാം. മാവേലി ഒരു പ്രതീകമാണ്. എങ്കിലും പ്രജാവത്സലനായ ആ ചക്രവർത്തി വരുമെന്ന ചിന്തയും അല്ലെങ്കിൽ അദ്ദേഹം അദൃശ്യനായി തിരുവേണനാളിൽ നമ്മുടെ കൂടെയുണ്ടെന്ന ചിന്തയും നല്ലതാണ്. കാരണം അതു ഈശ്വര സങ്കല്‌പ്പത്തിനു തുല്യമാണ്. വിശ്വാസമാണു ദൈവം. ഈശ്വരനിൽ വിശ്വസിക്കുമ്പോൾ ജീവിതം സുഖദമാകുന്നു. മാവേലി നാട് വാണീടും കാലം മാലോകരെല്ലാരും ഒന്നുപോലെ, മാലോകരെല്ലാരും ഒന്നുപോലെ ആകുക എന്ന മഹത്വ സുന്ദരമായ ആദർശത്തോടെ എല്ലാവർഷവും നമുക്ക് ഓണത്തെ എതിരേൽക്കാം, ആഘോഷിക്കാം.
Generated from archived content: essay1_aug26_10.html Author: sudheer_panikkaveettil