അനുരാഗ തുടിപ്പുകൾ

പ്രേമം ദിവ്യമാണ്‌. അനശ്വരമാണ്‌. അനുഭൂതിദായകമാണ്‌. ഉദിക്കുന്ന സൂര്യനെ പോലെയാണ്‌. തിളങ്ങുന്ന ചന്ദ്രനെ പോലെയാണ്‌. വിടരുന്ന പൂക്കളെ പോലെയാണ്‌. നിത്യ നിർമ്മലവും നിതാന്ത സുന്ദരവും ആണ്‌. ഹൃദയഹാരിയും സുഗന്ധിയുമാണ്‌. മനസ്സിൽ പ്രേമമുണ്ടാകുന്നു. മാംസത്തിൽ കാമമുണ്ടാകുന്നു. നിർമ്മലവും നിഷ്‌കളങ്കവുമായ മനസ്സിലെ പ്രേമം ജനിക്കുകയുള്ളു. മാംസത്തിലാണെങ്കിൽ കാമവികാരങ്ങളുടെ അലകൾ ഒഴിഞ്ഞ നേരമില്ല. ലൈലയും, മജ്‌നുവും, ദേവദാസും പാർവതിയും, ഹീരയും രഞ്ചയും ഒക്കെ പ്രേമത്തിനു വേണ്ടി ജീവൻ വെടിഞ്ഞത്‌ അവർ നിഷ്‌കളങ്കരായതുകൊണ്ടാണ്‌.

ഒരു ഹിന്ദി സിനിമയിലെ പാട്ടിനിടക്കു നായകൻ പറയുന്നുണ്ട്‌. കിസ്സിസ്സെ പ്യാർ കർക്കെ ദേഖിയെ ജിന്ദകി കിത്തനി ഹസീൻ ഹെ? (ആരെയെങ്കിലും പ്രേമിച്ചു നോക്കൂ, അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്ന്‌) അനശ്വരനായ വയലാർ പാടി “കൊതിതിരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? പ്രേമത്തെ പലപ്പേഴും മനുഷ്യർ വ്യഭിചരിക്കുന്നതുകൊണ്ടാണ്‌ അതു തെറ്റിദ്ധരിക്കപ്പെടുന്നത്‌.

പ്രേമം മാംസ നിബദ്ധമാകുമ്പോൾ ചില്ലറ പ്രശ്‌നങ്ങൾ ഉത്‌ഭവിക്കുന്നു. ‘പ്രേമമെ നിൻ പേരു കേട്ടാൽ പേടിയാം – വഴി പിഴച്ച കാമ കിങ്കരന്മാർ ചെയ്യും കടും കൈകളാൽ’. മാംസം ഉപയോഗിച്ചു കഴിഞ്ഞാൽ കേടു വരാതെ സൂക്ഷിക്കണം. അതിന്‌ ഒരു ഫ്രിഡ്‌ജ്‌ വേണം. ഫ്രിഡ്‌ജിന്‌ ഊർജം അല്ലെങ്കിൽ വൈദ്യുതി ആവശ്യമാണ്‌. വൈദ്യുതിയുടെ കാര്യത്തിൽ അനാസ്‌ഥ കാണിച്ചാൽ ഷോക്കടിക്കും. അങ്ങനെ പോകുന്നു പൊല്ലാപ്പുകൾ. എന്നാൽ പ്രേമം അഭൗമമായ അനുഭൂതിയാണ്‌. മുഖകുരു കവിളിൽ പൊട്ടുന്ന കാലത്തു ”ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവെ എന്നു മനസ്സുകൊണ്ടെങ്കിലും ഉരുവിടാതിരുന്ന ഒരു ആൺകുട്ടിയുണ്ടെങ്കിൽ, ഉണ്ടായിരുന്നെങ്കിൽ അവനു മാതാപിതാക്കൾ കടുക്ക കഷായം കോരിക്കൊടുത്തു കാണും. വാസന്ത പൗർണ്ണമി രാവിൽ പ്രിയമുള്ളോരാരോ വരുമെന്നു ഒരിക്കലെങ്കിലും കിനാവു കണ്ടിട്ടില്ലാത്ത ഒരു പേൺകുട്ടിയുമുണ്ടാകില്ല. മലയാളികളിൽ മിക്കവരും സത്യസന്ധമായും മറച്ചുവച്ചും ഉറക്കെ പറയുന്ന സ്വയം സ്വഭാവ സർട്ടിഫിക്കറ്റിലെ പ്രമാദമായ വാചകം “ഞാൻ വിവാഹത്തിനു മുമ്പു പ്രേമിച്ചിട്ടില്ല” എന്നുള്ളതു വാസ്‌തവത്തിൽ ശരീര ശുദ്ധിയെപറ്റിയാണ്‌. മനസ്സിന്റെ സ്വകാര്യ മുറികളിൽ ആരും ഒരു കാലത്തും അറിയാത്ത വിരുന്നു കാരുണ്ടായിരുന്നു എന്ന്‌ ഒരിക്കലും തെളിയാത്ത സത്യമായി അവശേഷിക്കുന്നു. ചില വല്ല്യമ്മമാർ പുല്ലും നഖവും കൊഴിയുമ്പോൾ അവരുടെ യൗവ്വന കാലത്തു തോന്നിയ ശൃംഗാര സ്‌ഫുരണങ്ങളുടെ രഹസ്യ കഥകൾ പല്ലില്ലാത്ത മോണ കാട്ടി വെളിപെടുത്താറുണ്ട്‌.

ചരിത്രത്തിന്റെ താളുകളിൽ അനശ്വര പ്രേമത്തിന്റ അനവധി കഥകൾ നമ്മൾ വായിക്കുന്നു. ഇതിഹാസങ്ങളുടെ ഏടുകളിൽ നിന്നു എഴുത്തുകാർ മെനഞ്ഞെടുത്ത കഥകളിലും പ്രേമത്തിന്റെ ദിവ്യമായ അനുഭവവും അതു സാക്ഷാത്‌കരിക്കപെടാൻ ഭാഗ്യമില്ലാതിരുന്ന കമിതാക്കൾ മരണം കൈവരിച്ചതും ഭംഗിയായി വിവരിച്ചിരിക്കുന്നു. വടക്കെ ഇന്ത്യയിലെ പ്രേമാർദ്രരായ പെൺകുട്ടികളുടെ വീരനായകനാണ്‌ പൃഥ്വിരാജ്‌ ചൗഹാൻ. ജയചന്ദ്‌ രാജാവിന്റെ മകളായ സംയുക്തയും പൃഥ്വിരാജ്‌ ചൗഹാനും അനുരാഗബദ്ധരായി. അച്ഛന്റെ എതിർപ്പിനെ അവഗണിക്കാൻ സംയുക്ത തയ്യാറായപ്പോൾ ഒറ്റക്കു ഒരു കുതിരപ്പുറത്തു വന്നു കാമുകിയെ ധീരതയോടെ കൂട്ടിക്കൊണ്ടു പോയയാളാണ്‌ പൃഥ്വിരാജ്‌. ആ വൈരാഗ്യം തീർക്കാൻ ജയചന്ദ്‌ പൃഥ്വിയെ ഒരു മുസ്‌ലിം സുൽത്താന്‌ ഒറ്റികൊടുത്തു. ആ ഒറ്റി കൊടുക്കൽ ഭാരതത്തിൽ മുസ്‌ലിം ഭരണത്തിനു തുടക്കം കുറിച്ചു.

ദുഷ്യന്തനു ശകുന്തളയോടു തോന്നിയതു അനുരാഗമല്ലായിരുന്നു എന്ന്‌ ഈ ലേഖകൻ വിശ്വസിക്കുന്നു. അതു വെറും പച്ച കാമമായിരുന്നു. ശകുന്തള നടന്നപ്പോൾ നിതംബങ്ങളുടെ ഭാരം കൊണ്ടു ഉപ്പുറ്റി മണ്ണിൽ താഴ്‌ന്നു കിടക്കുന്നതു നോക്കി രതിരസം നുണയുന്ന ദുഷ്യന്തന്റെ മനസ്സിൽ നിർമ്മല രാഗമല്ലായിരുന്നു. മുനികന്യകയുടെ അഴകുള്ള അംഗോ പാംഗങ്ങങ്ങളിലേക്ക്‌ കാമ കണ്ണുകൾ അയച്ചു മന്നവൻ നിന്നു കൊതിയൂറി. ഇണയോടു തോന്നുന്ന വികാരത്തിനു മുഴുവനായി മനുഷ്യൻ പ്രേമം എന്നു വിളിക്കുന്നതു ശരിയല്ല. ഇപ്പോൾ പീഡനം എന്ന ഒരു വാക്കു ഉദയം ചെയ്‌തിട്ടുള്ളത്‌ കാലത്തിന്റ ആവശ്യമായതുകൊണ്ടായിരിക്കും.

തന്നെക്കാൾ ആറു വയസ്സിനു ഇളയ പുരുഷനെ ഭർത്താവായി സ്വീകരിച്ച ആംഗലകവയത്രി എലിസബത്തു ബ്രൗണിങ്ങിന്റെ പ്രേമ വിവാഹമായിരുന്നു. കവിയായ റോബർട്ട്‌ ബ്രൗണിങ്ങിനെയാണ്‌ അവർ വിവാഹം ചെയ്‌തത്‌. അദ്ദേഹത്തിനു വേണ്ടി അവർ രചിച്ച കവിതയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “എന്റെ ആത്മാവിൽ നിന്റെ കാലടി സ്വരം കേട്ടപ്പോൾ ഭൂമിയുടെ മുഖഛായ മാറിപോയി” ഇംഗ്ലണ്ടിലെ ഡ്യൂക്കായിരുന്ന എഡ്വേർഡ്‌ എട്ടാമൻ രണ്ടു തവണ വിവാഹമോചനം തേടിയ ഒരമേരിക്കകാരിയെ വിവാഹം കഴിക്കാൻ വേണ്ടി അദ്ദേഹത്തിന്‌ കിട്ടേണ്ടിയിരുന്ന സിംഹാസനം വേണ്ടെന്നു വച്ചു. രാജാവാകുന്നതിനേക്കാൾ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കുന്നത്‌ സന്തോഷകരമെന്നു അദ്ദേഹം കരുതി. നോക്കണേ പ്രേമത്തിന്റെ ഒരു മാസ്‌മരശക്തി.

പ്രേമ വിവശനായി ദെൽഹി സിംഹാസനം ഒരു നർത്തകിയുടെ കാൽ കീഴിൽ വക്കാൻ തയ്യാറായ ഒരു പാദുഷയെപറ്റി വായനക്കാർ കേട്ടിരിക്കും. ജഹാംഗീർ ചക്രവർത്തി. അദ്ദേഹത്തിന്റെ പ്രേമം പൂവണിഞ്ഞില്ല. വേറെ വിവാഹം കഴിച്ചെങ്കിലും മനസിന്റെ ചെപ്പിൽ അനാർക്കലിയെന്ന പെൺകുട്ടിയെ ജഹാംഗീർ കൊണ്ടു നടന്നു. അവളെ കുറിച്ച്‌ കവിത വരെ എഴുതി. “ഭൂമിയിലെ മനുഷ്യന്റെ അന്ത്യവിധി നടപ്പാക്കുന്ന ദിവസം അനാർക്കലിയുടെ സുന്ദര വദനം ദർശിക്കാൻ ഭാഗ്യമുണ്ടാകുകയാണെങ്കിൽ അദ്ദേഹം അള്ളായോടു നന്ദി പറയുമെന്നാണ്‌ കവിത.

കവിയും കാമുകനും ഉന്മാദിയും ഓരേ കൂട്ടത്തിൽ പെടുത്താവുന്നവരാണെന്നു ഷേക്‌സ്‌പിയർ അഭിപ്രായപെടുന്നു. മനുഷ്യാ നീ മണ്ണാകുന്നു എന്നു മതം പറയുമ്പോൾ റഷ്യയിൽ നിന്നും പുഷ്‌കിൻ എന്ന കവി പറയുന്നു ”Not all of me is dust.“ പ്രേമലോലുപരാകുമ്പോൾ കവികൾ മനോഹരമായ കവിതകൾ രചിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ വിപ്രലംബ ശൃംഗാര ഭാവത്തിൽ നിന്നുടലെടുത്തിട്ടുള്ള സന്ദേശകാവ്യങ്ങൾ മനുഷ്യഹൃദയങ്ങളെ എക്കാലവും വശീകരിച്ചിട്ടുണ്ട്‌. വലിയ കോയി തമ്പുരാന്റെ മയൂരസന്ദേശത്തിലെ താഴെകൊടുക്കുന്ന വരികൾ വായിക്കുക.

കോടക്കാർ കൊണ്ടിരുളിയലുമീയമ്പരം

കാണവെ മാൻ

പേടക്കണ്ണാൾ വിരഹവിധുരീ

ഭാവമാർന്നെന്റെ നാഥ

കൂടെകൂടെക്കരയുമതിനാലാശു നീ

യന്തികേ ചെന്നാടൽക്കെല്ലാമറുതിയുളവാ

ക്കേണമെൻ ക്ഷേമമോതി

പ്രേമത്തെ ആധാരമാക്കിയുള്ള രചനകൾ മറ്റു ഭാഷകളിലുമുണ്ട്‌. ഹിന്ദിയിലേയും, ഉറുദുവിലേയും, ഗസലുകളും ഷയരികളും കവി ഭാവനയുടെ ഉദാത്ത മേഖലകൾ തേടുന്നവയാണ്‌. ഈ ലേഖകൻ കേട്ട ഒരു ഹിന്ദി-ഉറുദു ഗസലിന്റെ സ്വതന്ത്ര വിവർത്തനം ഇങ്ങനെഃ കാമുകൻ ഓർക്കുന്നപോലെയാണ്‌ ആവിഷ്‌കാരം. ”എന്റെ പേര്‌ പുസ്‌തകതാളിൽ എഴുതുമ്പോൾ ലജ്ജ കൊണ്ടു വിടർന്ന ചുണ്ടിനെ അവൾ കൈവിരലുകൾ കൊണ്ടു മറയ്‌ക്കുന്നുണ്ടാകും. സ്വപ്‌നങ്ങളുടെ കരവലയങ്ങളിൽ എന്നെ പുണർന്നു കൊണ്ട്‌ അവൾ ഉറക്കത്തിൽ മന്ദഹസിക്കുന്നുണ്ടാകും. മനസ്സിൽ പ്രേമം നിറയുമ്പോൾ കവികൾ കുത്തി കുറിക്കാത്തെന്താണ്‌? ഇംഗ്ലീഷിൽ ഈ ലേഖകൻ വായിച്ച ഒരു കവിത ഓർമ്മയിൽ നിന്നും സ്വതന്ത്ര വിവർത്തനം ചെയ്യുന്നു. ഇവിടെ നായകൻ നായികയോടു പറയുന്നതാണ്‌ സന്ദർഭം. മനോഹരങ്ങളാണു നീ താമസിക്കുന്ന പർവ്വതനിരകളും, ഫലങ്ങൾ നിറഞ്ഞ പ്രകാശമാനമായ താഴ്‌വരകളും. അവിടത്തെ അരുവികളുടെ നിർത്‌ഢരി കേട്ടു നീ പാടുന്ന പാട്ടുകൾ അതിമനോഹരങ്ങളാണ്‌. എവിടെയാണ്‌ ആ മനോഹരമായ താരണി കാനനപ്രദേശം. ആ അഭൗമമായ അന്തരീക്ഷത്തിൽ എല്ലാ കാലത്തും വിടർന്നു വിലസുന്ന പൂക്കൾക്കിടയിലൂടെ എനിക്ക്‌ ചുറ്റി നടക്കണം.

മുഗൾ സാമ്രാജ്യത്തിലെ സൗന്ദര്യരാധകനായ ഷാജഹാൻ ചക്രവർത്തി പ്രിയ പത്നി മുംതാസിന്റെ ഓർമ്മക്കായി വെണ്ണകല്ലിൽ ഒരു സ്‌മാരകം പണിതു. ഇരുപതു വർഷംകൊണ്ടു ഇരുപതിനായിരം ജോലിക്കാർ കെട്ടിയുയർത്തിയ സ്‌നേഹ സ്‌മാരകം ലോകത്തിലെ ഏഴു അത്ഭുതങ്ങളിൽ ഒന്നായി നില കൊള്ളുന്നു. കാലത്തിന്റെ കപോലത്തിൽ ഒരു കണ്ണുനീർത്തുള്ളി എന്നു വിശ്വമഹാകവി രവീന്ദ്ര നാഥ്‌ ടാഗോർ ഈ സ്‌മാരകത്തെ വിശേഷിപ്പിച്ചിരിക്കുന്നു.

ടൈമൂറിന്റെ സുന്ദരിയായ ബീബി ജൈത്രയാത്ര കഴിഞ്ഞു തിരിച്ചെത്തുന്ന സുൽത്താന്‌ തന്റെ അനുരാഗത്തിന്റേയും അഭിനന്ദനത്തിന്റെയും ചിഹ്നമായി നൽകാൻ ഒരു വെണ്മണി സൗധം വേണമെന്നാഗ്രഹിച്ചു. അതിനായി വിദഗ്‌ദ്ധനായ ഒരു ശിൽപിയേയും വരുത്തി. എന്നാൽ ഏഴഴകും തികഞ്ഞ അതി സുന്ദരിയായ സുൽത്താനയെ കണ്ടു ശിൽപ്പിയുടെ ഹൃദയം മിടിച്ചു. സൗധത്തിന്റെ പണിതീർക്കാൻ പ്രതിഫലമായി ശിൽപ്പി ചോദിച്ചത്‌ “ബീബി തൻ കപോലത്തിൽ ഒരു ചുംബനം മാത്രമായിരുന്നു.” നിവൃത്തിയില്ലാതെ ബീബി ശിൽപ്പിയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നാൽ ശിൽപ്പി ചുംബിച്ച കവിളിൽ ഒരു വട്ടകല കരുവാളിച്ചു കിടന്നു. കഴൂകീട്ടും, തുടച്ചിട്ടും, നുള്ളിയിട്ടും മാഞ്ഞുപോകാത്ത ഒരു കല. പ്രേമശിൽപ്പി എന്ന പേരിൽ യശ്ശരീരനായ എസ്സ്‌. കെ. പൊറ്റെകാടു പ്രസ്‌തുത കഥ കവിതയിലാക്കീട്ടുണ്ട്‌.

സോളമൻ ചക്രവർത്തിക്ക്‌ ഒരു ഇടയ കന്യകയിൽ ജനിച്ച അഭിനിവേശം ഒരു മനോഹരമായ കാവ്യമായി രൂപാന്തരംകൊണ്ടു. “നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്തെ നിന്റെ പ്രേമം എത്ര മനോഹരം, ഉത്തമ ഗീതത്തിൽ നമ്മൾ വായിക്കുന്നു. ബൈബിളിലെ ഉത്തമഗീതം എന്നറിയപെടുന്ന ഈ സുന്ദര സൃഷ്‌ടി മത വിശ്വാസികൾ ‘സഭക്കു ക്രിസ്‌തുവിനോടുളള’ സ്‌നേഹത്തെ കുറിച്ചു പ്രതിപാദിക്കുന്നതായി കരുതപ്പെടുന്നു. എന്തായാലും ഏകദേശം മുവ്വായിരം വർഷങ്ങൾക്കുമുമ്പു രചിച്ച ഈ കൃതി അതുല്യ സാഹിത്യ സൃഷ്‌ടിയായി നിലകൊള്ളുന്നു. ഇതിലെ നായികയായ അജപാല ബാലിക ചക്രവർത്തിയുടെ കൊട്ടാരത്തിലെ പ്രൗഡിയും ആഡംബരങ്ങളും കണ്ടു മോഹിക്കപ്പെടുന്നില്ല. അവൾ ആരിൽ അനുരക്‌തയാണോ അയാളിൽ അവൾ മനസ്സൂന്നി അടിയുറ ച്ചു നിന്നു. ഒരു പ്രലോഭങ്ങൾക്കും അവളെ വശീകരിക്കാൻ സാധിച്ചില്ല. ചക്രവർത്തി അവളെ അവളുടെ കാമുകനു തന്നെ നൽകി. അനശ്വര പ്രേമത്തിന്റെ മറ്റൊരു കഥ.

ഞാൻ എന്റെ പ്രിയന്നുള്ളവൾ

അവന്റെ ആഗ്രഹം എന്നോടാകുന്നു

പ്രിയാ, വരിക, നാം വെളിമ്പ്രദേശത്തു പോക

നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.

അവർ അതികാലത്ത്‌ എഴുന്നേറ്റു സ്‌നേഹത്തിന്റെ മുന്തിരിവള്ളി തളിർക്കുകയും, പൂ വിടരുകയും, മാതളനാരകം പൂക്കുകയും ചെയ്‌തുവൊ എന്നു നോക്കട്ടെ. അവിടെ വച്ചു അവർ പ്രേമം പങ്കുവയ്‌ക്കട്ടെ.

എല്ലാ വായനക്കാർക്കും, എഴുത്തുകാർക്കും, അഭ്യുദ്യയകാംക്ഷികൾക്കും, അവരുടെ പ്രേമഭാജനങ്ങൾക്കും നിതാന്തവും, പ്രേമനിർഭരവുമായ ദിനങ്ങൾ ആശംസിച്ചുകൊണ്ടും പ്രേമിച്ച പെൺകുട്ടിയെ മറക്കേണ്ടിവന്ന ഒരു കാമുകന്റെ ഹൃദയവികാരങ്ങൾ ചേതോഹരമായി വർണ്ണിക്കുന്ന ശ്രീ പി. ഭാസ്‌കരന്റെ കവിതയിൽ നിന്നും ഒരു ഭാഗം ഉദ്ധരിച്ച്‌ കൊണ്ടും ഈ കുറിപ്പ്‌ ചുരുക്കുന്നു.

ആയിരം വികാരങ്ങൾ ആയിരം സങ്കൽപ്പങ്ങൾ

ആയിരം വ്യാമോഹങ്ങൾ ഇവയിൽ മുങ്ങി തപ്പി

പണ്ടത്തെ കളിതോഴൻ കാഴ്‌ച വക്കുന്നു മുന്നിൽ

രണ്ടു വാക്കുകൾ മാത്രം ”ഓർക്കുക വല്ലപ്പോഴും“

Generated from archived content: essay1_april9_11.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English