വിഷു സംക്രമമായി. മീനച്ചൂടിൽ വലഞ്ഞ് അവശയായ ഭൂമി ഒരു ആഘോഷത്തിന് തുടക്കമിട്ടുക്കഴിഞ്ഞു. ഇടിമുഴക്കവും, മിന്നലുമായിട്ടാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. മുഴങ്ങുന്ന പടക്കങ്ങളും, മിന്നൽ പിണരുകൾ തൂകുന്ന വിവിധ തരം കമ്പി തിരികളും അങ്ങനെ ഒരു ഉത്സവമേളമാണ് മലയാളികൾക്ക് വിഷു. നീലം മുക്കിയ ശുഭ്ര വസ്‌ത്രം പോലെ തെളിഞ്ഞ മാനം, പൊൻ വെയിൽ പുടവ ചുറ്റി സ്വപ്‌നം കാണുന്ന പ്രകൃതി. അന്നൊക്കെ വെയിലിനു പോലും എന്തു ഭംഗിയായിരുന്നു. ഉച്ച വെയിലിൽ പാടി മയങ്ങുന്ന വിഷു പക്ഷികൾ വിഷു ഫലം പറയാൻ വരുന്ന പണിക്കർ. മലയാളക്കര ആഘോഷങ്ങളുടെ ആഭരണങ്ങളണിഞ്ഞ് നിൽക്കുന്ന ഒരു സുന്ദരിയാണ്. മലയാളികൾ ആ ആഭരണങ്ങളെ വർഷം തോറും തേച്ച് മിനുക്കി പൂർവ്വാധികം ശോഭയുള്ളതാക്കികൊണ്ടിരിക്കുന്നു.
മറുനാടൻ മലയാളിയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ തൃശ്ശൂരിലെ എന്റെ വീടും കുട്ടിക്കാലവും ഓർമയിലേക്ക് തള്ളികയറുന്നു. ന്യൂയോർക്കിലെ വസന്തകാല ഋതുവിലാണ് വിഷു വരുന്നതെങ്കിലും തണുപ്പിൽ നിന്നും രക്ഷപെടാത്ത ദിവസങ്ങൾ ഗ്രൃഹാതുരത്വം കൂട്ടുകയാണ് ചെയ്യുന്നത്.
വിഷു സംക്രമം അതായത് വിഷുവിന്റെ തലേന്നാൾ മുതൽ കുട്ടികൾ ആഹ്ലാദഭരിതരാകുകയായി. പടക്കങ്ങളും, മത്താപ്പൂവും, കമ്പിത്തിരികളുമായി ആർത്തുല്ലസിക്കുന്ന നിഷ്‌ക്കളങ്കമായ ബാല്യത്തിന്റെ ആവേശങ്ങളിൽ പ്രകൃതിയും അവരോടൊപ്പം കൂടുന്നു.
വിഷു കാലത്തെ ഏറ്റവും മനോഹരമായ കാഴ്‌ചയാണ് കൊന്നപ്പൂക്കൾ. തനി പത്തരമാറ്റ് സ്വർണ്ണത്തിൽ പണിതെടുത്ത പൂക്കൾ. ആ പുഷ്‌പങ്ങൾ പൊന്നരഞ്ഞാണം പോലെ പ്രഭാത സൂര്യകിരണങ്ങളിൽ മിന്നിതിളങ്ങുന്നത് ആബാലവൃദ്ധം ജനങ്ങൾക്കും സന്തോഷം പകരുന്നു. ഗുരുവായുരപ്പന്റെ അരമണിയാണ് ഈ കൊന്നപ്പൂക്കൾ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. പ്രകൃതിയുടെ കനക ധാരയായി കവികൾ ഇതിനെ വിശേഷിപ്പിക്കുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയും ഇത്തിരി കൊന്നപ്പൂക്കളും മനസ്സിലുണ്ടാകണമെന്ന് വൈലോപ്പിള്ളി പാടുമ്പോൾ കവി അയ്യപ്പ പണിക്കർ പാടുന്നു. കണികൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ല.
വെയിലും, നിലാവും, പൂക്കളും, പൂമ്പാറ്റകളുമൊത്ത് ഒരു ദിവാസ്വപ്‌നം പോലെ കുട്ടിക്കാലത്ത് വിഷുദിനങ്ങൾ ആഘോഷിച്ചത് ഇപ്പോഴും മനസ്സിലേക്ക് തികട്ടിവരുന്നു. ചുറ്റുമുള്ള അമ്പലങ്ങളിലെ പ്രത്യേക പൂജയും, മണിയൊച്ചയും, കുളിച്ച് കുറിതൊട്ട് ക്ഷേത്ര ദർശനം കഴിച്ച് വരുന്നതും ഒപ്പമുള്ള കൂട്ടുകാരും ഒരിക്കലും മറക്കാത്ത ഓർമ്മകളാണ്. മറുനാട്ടിൽ അതും ഭാരതത്തിന് പുറത്ത് കഴിയുന്നത് കൊണ്ടാകാം നാട്ടിലെ വിശേഷ ദിവസങ്ങൾ നമ്മൾ കൂടുതൽ ഓർക്കുന്നത്.
ഒരു മഴയുടെ ലക്ഷണവും നോക്കി കർഷകർ കാത്തിരിക്കുന്നതും വിഷുവിനോടടുത്താണ്. വിഷു ദിവസം മഴ പെയ്യുന്നതും അന്ന് തന്നെ ഉഴുതിട്ട നിലങ്ങളിൽ കർഷകർ വിത്ത് വിതക്കുന്നതും കാണാവുന്നതാണ്. വിത്ത് പാകുന്നതും മുളപ്പിക്കുന്നതും സൃഷ്‌ടിയാണ്. ജനിമൃതിയുടെ ഒരു തനി പകർപ്പാണ് പ്രകൃതി കാട്ടിത്തരുന്നത്.
ഇളവെയിലേറ്റ് പറമ്പിലൊക്കെ ചുറ്റിയടിക്കുമ്പോൾ എത്ര തരം പക്ഷികളെയാണ് കാണുന്നത്. അവധിക്കാലത്തിന്റെ സന്തോഷം പകരാൻ മാവിൽ നിന്നും ഇടക്കിടെ വീഴുന്ന മാമ്പഴങ്ങൾ ചിലതെല്ലാം പൂവ്വാലനണ്ണാൻ കടിച്ച് നോക്കിയതായിരിക്കും. പഴുത്ത മാങ്ങകൾ കരണ്ട് കൊണ്ടിരിക്കുമ്പോൾ അവ പെട്ടെന്ന് കൈവിട്ട് പോകുന്നത് കണ്ട് അണ്ണാറകണ്ണന്മാർ ഒരു തരം ശബ്‌ദം ഉണ്ടാക്കിചാടി നടക്കുന്നത് കാണാൻ രസമാണ്. ഒരു അണ്ണാറക്കണ്ണനെ കാണുന്നത് തന്നെ അന്ന് എത്രയോ ആഹ്ലാദകരമായിരുന്നു. അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ, ഒരു കൊച്ചു മാമ്പഴം തന്നെ പോ…. എന്ന് സ്‌നേഹത്തോടെ കൊഞ്ചുന്ന കുട്ടികളിൽ അലിവ് തോന്നുന്ന അണ്ണാറക്കണ്ണനും, ഒപ്പം എവിടെ നിന്നോ വരുന്ന കാറ്റുംകൂടി ഒരു മാമ്പഴം വീഴ്‌ത്തുമെന്നത് ഉറപ്പാണ്. മുത്തച്ഛന് വെറ്റില മുറുക്കാൻ നൂറു തേച്ച് കൊടുത്തുകൊണ്ടിരിക്കുന്ന മുത്തശ്ശിയും മാമ്പഴം കിട്ടിയ സന്തോഷത്തോടെ ഓടിവരുന്ന ഞങ്ങളെ കണ്ട് തോള്‌മുട്ടണതോടയാട്ടി ചിരിക്കുന്നതും മനസ്സിൽ മായാതെ നിൽക്കുന്നു. കുട്ടികൾ മാത്രമല്ല വൃക്ഷക്കൊമ്പുകളിലിരുന്ന് കിളികളും പാട്ട്‌പാടി ഈ ആഘോഷങ്ങളിൽ പങ്കുചേരുന്നു. വിത്തും കൈക്കോട്ടും, അച്‌ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് – കിളികളുടെ ഭാഷ വശമുള്ളവർ അവരുടെ പാട്ടുകളെ അങ്ങനെ വിശദീകരിക്കുന്നു.
മലയാളത്തിലെ മാമ്പഴക്കാലം എന്ന പേരിൽ യശ്ശശരീരനായ ജോസഫ് മുണ്ടശ്ശേരി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അദ്ദേഹം എത്രയോ മനോഹരമായിട്ടാണ് ആ കാലത്തെ വിവരിച്ചിരിക്കുന്നത്. അന്നത് വായിക്കുമ്പോൾ കൗമാരം വിട്ടിട്ടില്ലാത്ത ഈ ലേഖകൻ കോളേജ് തലത്തിൽ എത്തിയപ്പോഴാണ് ആ ലേഖനത്തിന്റെ മാധുര്യം പൂർണ്ണമായി ആസ്വദിച്ചത്.
ന്യൂയോർക്കിൽ പ്രവാസിയായി കഴിയുമ്പോൾ മനസ്സ് ഒരു സമുദ്രം പോലെ ഭൂതകാലത്തിലേക്ക് അലയടിച്ചുയരുന്നു. കരയെ ഉമ്മ വയ്്്ക്കാൻ ഓടി വരുന്ന ഓളങ്ങൾ ആഗ്രഹിച്ചത് കണാതെ മടങ്ങിപോകുമ്പോൾ വീണ്ടും കണ്ട് വീണ്ടും തിരിച്ച് വന്ന അനുരാഗ വിവശരായി ആശകൈവിടാതെ നിരന്തരം ആ കർമ്മം തുടർന്ന്‌കൊണ്ടിരിക്കുന്നു. പ്രവാസിയുടെ മനസ്സും ആ ഓളങ്ങൾ പോലെ ഒരിക്കലും അടങ്ങുന്നില്ല.
ഇവിടെ ഒരു സദ്യയിലോ, പ്രസംഗത്തിലോ ഉൾപ്പെടുത്തിക്കൊണ്ട് ഏതെങ്കിലും സംഘടനക്കാർ വളരെ പരിശ്രമിച്ചും അദ്ധ്വാനിച്ചും ആഘോഷിക്കുന്ന വിഷുവിന് നാട്ടിലെ വിഷുവിന്റെ പകരം ആകാൻ കഴിയുന്നില്ല. ഒരു പക്ഷെ നാനാതരം ആളുകളുടെ ചിന്തകൾ, അനുഭവങ്ങൾ വ്യത്യസ്‌ഥമാകുന്നത് കൊണ്ടായിരിക്കും.
നാട്ടിലെ വീട്ടിൽ സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമായി പങ്കിടുന്ന വിഷു ഭൂമിയിൽ സ്വർഗ്ഗതുല്യമായ അനുഭൂതി പകരുന്നു. വിഷു സംക്രമ സന്ധ്യ കറുത്ത് തുടങ്ങിയാൽ കമ്പിത്തിരികളും മത്താപ്പൂക്കളുമായി കുട്ടികളും, വലിയ, വലിയ പടക്കങ്ങളുമായി ചേട്ടന്മാരും ആഘോഷങ്ങൾ ആരംഭിക്കുകയായി. വൈദ്യുത ദീപങ്ങൾ കെടുത്തുമ്പോൾ മിന്നിപ്രകാശിക്കുന്ന വർണ്ണശബളമായ കമ്പിത്തിരികളും പൂത്തിരികളും ആകാശത്തെ നക്ഷത്രങ്ങൾ ഭൂമിയിൽ ഉദിച്ചപോലെ സൗന്ദര്യം പ്രദർശിപ്പിക്കുന്നു. തൊടിയിലെ നിലാവും അപ്പോൾ മുഖ പ്രസാദത്തോടെ മന്ദഹസിച്ച് നിൽക്കുന്നു. ചിലപ്പോൾ അയൽപ്പക്കത്തെ കുട്ടികളും അവരുടെ പടക്കങ്ങളും പൂത്തിരികളുമായി വരുന്നു. കുട്ടികളുടെ ഹർഷാരവങ്ങളും, സന്തോഷപ്രകടനങ്ങളും കണ്ട് മുതിർന്നവർ വീടിന്റെ പൂമുഖത്ത് ഇരുന്ന് അവരുടെ ബാല്യ-കൗമാര കാലങ്ങൾ അയവിറക്കുന്നു. നാളേക്ക് കണിയൊരുക്കുന്ന കാര്യത്തിൽ അമ്മയും മുത്തശ്ശിയും അപ്പോൾ ചർച്ച നടത്തുകയായിരിക്കും. സന്തോഷത്തിന്റെ നിമിഷങ്ങൾ എപ്പോഴും ഹ്രസ്വമാണ്. ഞങ്ങൾ കുട്ടികൾക്ക് പുലരും വരെ കളിക്കാൻ മോഹം. എന്നാൽ രാവേറെയാകുമ്പോൾ കളി, വിനോദങ്ങൾക്ക് വിരാമമായി.
പക്ഷെ കിടന്നാൽ ഉറക്കം വരില്ല. മുത്തശ്ശന്റെ കയ്യിൽനിന്നും കിട്ടുന്ന കൈനീട്ടത്തെപ്പറ്റിയായിരിക്കും ചിന്ത മുഴുവൻ. അങ്ങനെ കിടക്കുമ്പോൾ അയൽപക്കങ്ങളിൽ നിന്നും പടക്കത്തിന്റെയും, ആർപ്പുവിളികളുടേയും ശബ്‌ദങ്ങൾ കേൾക്കാം. അവർക്ക് അകമ്പടിയെന്നോണം ഇടക്കിടെ ഓരോ മാമ്പഴങ്ങൾ വീഴുന്ന ഒച്ചയും വെളളിയുരുക്കിയ പോലെ നിലാവിൽ മുങ്ങി നീരാടുന്ന പ്രകൃതി. അന്നൊക്കെ നമ്മുടെ മലയാളക്കര എത്രയോ മനോഹരവും സുന്ദരവുമായിരുന്നു. ടി.വി. സീരിയലുകളിലെ ദുഃഖപുത്രിമാരെ കണ്ട് കണ്ണീരൊഴുക്കുന്ന വീട്ടമ്മമ്മാർ അന്നില്ല. പെൺവാണിഭം&പീഢനം എന്നീ പദങ്ങൾ പോലും അന്ന് കേട്ടിരുന്നില്ല. അനശ്വര കവികളായ പി. ഭാസ്‌കരനും, വയലാർ രാമർമ്മയും എഴുതിയ പോലെ “ മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്നൊരു നാട്, ചുറ്റം കുളമുള്ള ചെന്താമരയുള്ള മുറ്റത്ത് തണലുള്ള വീടുകൾ എല്ലാം എല്ലാം ഇന്ന് പ്രവാസിയുടെ മനസ്സിൽ മാത്രം അവശേഷിക്കുന്നു. നര കയറി തുടങ്ങിയ പ്രവാസികൾ ആസ്വദിക്കുന്ന അനുഭൂതികളുടെ ലോകം അവർക്കായി കാത്തിരിക്കുന്നില്ല അവശേഷിക്കുന്നില്ല.
രാവിലെ കണിയൊരുക്കി അമ്മ വന്ന് വളിക്കുമ്പോൾ ഉണരുന്നത് ഉത്സാഹത്തോടും സന്തോഷത്തോടും കൂടിയാണ്. കണ്ണ് പൊത്തിപ്പിടിച്ച് കണികാണിക്കാൻ അമ്മ കൊണ്ട് പോകുമ്പോൾ മനസ്സിൽ ഒരു ദിവ്യാനുഭൂതിയാണ്. അന്ന് കൂട്ടിയായിരുന്നപ്പോൾ സംശയമില്ല. വിശ്വാസം മാത്രം. കാർവർണ്ണനെ കണ്ട്, ഉരുളിയിൽ നിറച്ച് വച്ച സമൃദ്ധിയും ആഭരണങ്ങളും കണ്ട് തൊഴുമ്പോൾ ഒരു വർഷം മുഴുവൻ സുഖപ്രദമാകുമെന്ന മുതിർന്നവരുടെ വിശ്വാസം തന്നെ കുട്ടികൾക്കും. കാൽ പിണച്ച് വച്ച് ഓടക്കുഴലുമായി നിൽക്കുന്ന മുരളീധരന്റെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു. ”ഉണ്ണീ, ഇനി കണ്ണ് തുറക്കുക“ എന്ന അമ്മയുടെ ശബ്‌ദവും കാതിൽ മുഴങ്ങുന്നു. ഇവിടെയും നാട്ടിൽ നിന്നും കൊണ്ട് വന്ന കലണ്ടറിൽ വിഷു എന്ന ദിവസം കാണുന്നുണ്ട്. ജീവിത സന്‌ധാരണത്തിനുള്ള നെട്ടോട്ടത്തിൽ ആശ്വസിക്കാനും, ആഹ്ലാദിക്കാനും സമയമെവിടെ. ജിവിതം ഇവിടെ യാന്ത്രികമാകുകയാണ്. എന്നാൽ സഹൃദയരും ഒരേ അഭിരുചിക്കാരുമായ കുറച്ച് സുഹൃത്തുക്കളുമായി ഈ ദിവസത്തിന്റെ ഓർമ്മ പങ്ക് വക്കുമ്പോൾ അത് ആനന്ദദായകമാകുന്നു.
ഇവിടെ എന്റെ വീടിന്റെ ജാലകവാതിൽക്കൽ വിഷു പക്ഷിയെപോലെ ഒരു പക്ഷി വന്നിരുന്ന് എന്തൊക്കെയോ പാടാറുണ്ട്. അതിന്റെ വരവ് ഞാനറിയാതെ ഞാൻ കാത്തിരുന്നു. ഞാനൊറ്റക്കിരിക്കുന്നത് കണ്ടിട്ടൊ എന്തൊ ആ പക്ഷി ചിലപ്പോൾ അതിന്റെ കൂട്ടുകാരെയും വിളിച്ച് വരാറുണ്ട്. ഒരു പക്ഷെ നാട്ടിലെ വിഷു പക്ഷിയെപോലെ ഈ കിളികളും വിഷു സമാഗമത്തെപ്പറ്റി പാടുകയാകും. പ്രഭാതത്തിലെ കുട്ടികളുടെ സംഗീത കച്ചേരി അടുത്ത മുറിയിൽ ഉറങ്ങുന്ന രാവിലെ വൈകിയുണരുന്ന എന്റെ മകളുടെ ഉറക്കം കെടുത്തുന്നു. എന്ത് ചെയ്യാം? ന്യൂയോർക്കിൽ ഇപ്പോൾ വസന്ത കാലമാണല്ലോ. കിളികൾ ആഹ്ലാദഭരിതരാണ്. അവർ പ്രകൃതിയെ പ്രഭാതത്തെ പാടി പുകഴ്‌ത്തുകയാണ്. ഇണയെ ആകർഷിക്കുകയാണ്. ഞാനപ്പോൾ ഒ.എൻ.വി. സാർ എഴുതി ജയചന്ദ്രൻ പാടി പ്രസിദ്ധമാക്കിയ കവിതാ ശകലം അൽപ്പം മാറ്റി മനസ്സിൽ മുളുന്നു. ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലെ എന്നോമൽ പുത്രി ഉറക്കമാണ്, ഉണർത്തരുതേ…. ഭാഷയേക്കാൾ മനുഷ്യന്റെ മനോവികാരങ്ങൾ പക്ഷികളും, ജന്തുക്കളും തിരിച്ചറിയുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കിളികളപ്പോൾ ”കള്ളൻ ചക്കേട്ടു കണ്ടാൽ മിണ്ടണ്ട“ ഇങ്ങനെ കിടന്ന് ഉറങ്ങിക്കോ? എന്ന് വളരെ ഹൃദ്യമായി ചിലച്ച് കൊണ്ട് പറന്ന് പോകുന്നു. ന്യൂയോർക്കിലെ പക്ഷികൾ യാങ്കി ഭാഷയിലല്ലേ പാടേണ്ടത് എന്ന് സംശയിക്കുന്നവരോട് എനിക്ക് പറയാനുള്ളത് വിഷുവല്ലെ, ഓർമ്മകൾ ഉണരുകയില്ലേ, ഞാനങ്ങനെ കേൾക്കാൻ കൊതിക്കുകയാണെന്നാണ് ഗ്രഹാതുരത്വത്തിന്റെ മറ്റൊരു ഭാഷ്യം.
അതെ വിഷു വന്നു കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ ഓർമ്മകളുടെ ഓളങ്ങൾ അലയടിപ്പിച്ച് കൊണ്ട് പ്രവാസികളിൽ, ഗൃഹാതുരത്വത്തിന്റെ നൊമ്പര കാറ്റ് വീശിക്കൊണ്ട്.
ശുഭം.
Generated from archived content: essay1_apr19_10.html Author: sudheer_panikkaveettil