അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

ഐശ്വര്യത്തിന്റേയും ശുഭ- മംഗള ദര്‍ശനങ്ങളുടേയും സുപ്രതീക്ഷകളുടെയും സന്ദേശമാണു വിഷു നല്‍കുന്നത്. വിത്തിറക്കാന്‍ കര്‍ഷകര്‍ മഴ നോക്കി നില്‍ക്കുന്നതും ഇക്കാലത്താണ്. മഴമേഘങ്ങളെ പ്രണയിച്ച് വിളിക്കുന്ന / കരയുന്ന വിഷുപക്ഷികളുടെ പാട്ടുകള്‍ കര്‍ഷകന്റെ കാതുകളില്‍ തേന്മഴ പെയ്യിക്കുന്നു. നാട്ടില്‍ മീനച്ചൂട് കൊടിയേറുന്നതിനോടൊപ്പം തന്നെ പൂരങ്ങളും ഉത്സവങ്ങളും കൊടിയേറുകയായി . പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും ആനന്ദകരമായ ഒരു വിശേഷമാണ് വിഷു. കണിയോടൊപ്പം അവര്‍ക്ക് കൈനീട്ടവും കിട്ടുന്നു. കൂടാതെ ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളുടെ സമൃദ്ധിയാല്‍ സമ്പന്നമാകുന്ന മാസം. പ്രകൃതി ദേവിയുടെ അമ്പലനടയില്‍ സ്വര്‍ണ്ണ മാലകള്‍ ചാര്‍ത്തി പൂത്ത് നില്‍ക്കുന്ന കണിക്കൊന്നകള്‍ പ്രകൃതിയും മനുഷ്യരും ഒരുമിച്ച് കൊണ്ടാടുന്ന ഒരു ഉത്സവമായി വിഷുവിനെ കണക്കാക്കാം. പതിവു പോലെ ഇക്കൊല്ലവും വിഷു പടിക്കലോളമെത്തി. ഏഴാം കടലിനക്കരെ നിന്നു . ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എന്തു സുഖം . കണികണ്ടുണരുന്ന മേടപ്പുലരി നമ്മെ മാടി വിളിക്കുന്ന പോലെ അന്നത്തെ വെയിലിനു പോലും എന്തു ഭംഗിയായിരുന്നു. ഉച്ച വെയില്‍ പാടി മയങ്ങുന്ന വിഷു പക്ഷികള്‍, വിഷു ഫലം പറയാന്‍ വരുന്ന പണിക്കര്‍, പൊട്ടി പൊട്ടി ചിരിക്കുന്ന പടക്കങ്ങള്‍, വര്‍ണ്ണ പ്രഭ തൂവിക്കൊണ്ട് കത്തുന്ന പലതരം മത്താപൂ, കമ്പിത്തിരി തുടങ്ങിയവ. സൂര്യപ്രകാശം ഏറ്റുവാങ്ങി സ്വര്‍ണ്ണാഭരണം പോലെ തിളങ്ങുന്ന കൊന്നപ്പൂക്കള്‍ വിഷുവിനു പ്രകൃതി ഒരുക്കുന്ന അലങ്കാരമായി എല്ലാവരേയും ആനന്ദിപ്പിക്കുന്നത് വിഷുവിന്റെ മാത്രം പ്രത്യേകതയാണ്.

വിഷുവിന്റെ പ്രധാന ചടങ്ങ് കണി കാണലാണ്. കണി കാണാനുള്ള സാധങ്ങള്‍ ഒരു ഉരുളിയില്‍ ഒരുക്കുന്നു. വിഷുവിനു സ്വര്‍ണ്ണ നിറവുമായി ഒരു ബന്ധം കാണുന്നുണ്ട്. ഉരുളി പഞ്ചലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതിനു മഞ്ഞ നിറമാണ്. ഉരുളിയില്‍ വയ്ക്കുന്ന പൂക്കളും പഴങ്ങളും മഞ്ഞയാണ്. ഉടച്ച നാളികേരത്തിന്റെ ഓരോ പകുതിയില്‍ കത്തി നില്‍ക്കുന്ന ദീപത്തിനു സുവര്‍ണ്ണ ശോഭയാണ്. ഭഗവാന്‍ കൃഷ്ണനു പ്രിയമുള്ള മഞ്ഞപ്പട്ടിന്റെ പ്രതീകമായിരിക്കാം ഈ സ്വര്‍ണ്ണമയം. സ്വര്‍ണ്ണ വര്‍ണ്ണങ്ങളും ദീപത്തിന്റെ പ്രകാശം ഐശ്വര്യത്തിനെയും സമൃദ്ധിയേയും പ്രതിഫലിപ്പിക്കുന്നു. കൂടാതെ കണി കാണാന്‍ വയ്ക്കുന്ന ഉരുളിയില്‍ ഒരു വാല്‍ക്കണ്ണാടി കൂടിയുണ്ട്. അതില്‍ ഒരാള്‍ നോക്കുമ്പോള്‍ പ്രതിബിംബിക്കുന്ന സ്വന്തം മുഖം ‘’ തത്ത്വമസി’‘ ( അത് നീയാണ്) നിന്നില്‍ ഈശ്വരന്‍ നിലകൊള്ളുന്നു എന്ന ഉപനിഷദ് വചനം ഓര്‍മ്മിപ്പിക്കുകയാണ്. താത്വികമായി ചിന്തിക്കുമ്പോള്‍ കണി കാണല്‍ സ്വയം കാണലാണ്. നമ്മള്‍ നമ്മളെ തന്നെ കാണുമ്പോള്‍ മനസ്സിലോര്‍ക്കുമ്പോള്‍ നമ്മള്‍ നമുക്ക് ചുറ്റുമുള്ള സമൃദ്ധി കാണുന്നു. ഈ ലോകം സുന്ദരവും സുമോഹനവുമാണ്. എന്നാല്‍ മനുഷ്യര്‍ ‍ഭാഷയുടെ, മതത്തിന്റെ കോലം കെട്ടി അതിനെ വികൃതമാക്കുന്നു.

അമേരിക്കയിലെ വിഷുക്കാലം പൂക്കളാലും സുഗന്ധങ്ങളാലും കിളികളുടെ പാട്ടു കച്ചേരികളാലും സമൃദ്ധമാണ്. കാരണം അപ്പോള്‍ ഇവിടെ വസന്തകാലമാണ്. ഗൃഹാതുരത്വത്തിന്റെ നേരിയ വിഷാദം‍ നിറയുമെങ്കിലും ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പലതും ഇവിടെ കാണാം. ഇടയ്ക്കിടെയുള്ള മഴയില്‍ നനഞ്ഞ് നില്‍ക്കുന്ന പ്രകൃതിയും അവളെ തോര്‍ത്തിയുണര്‍ത്തുന്ന സൂര്യ ദേവനും പണ്ടത്തെ മലയാളനാടിന്റെ പ്രതിച്ഛായ പകര്‍ന്ന് കണ്ണിനും കരളിനും അനുഭൂതി പകരുന്നുണ്ട്. പുതുമഴ പെയ്യുന്ന താളവും പുത്തന്‍ മണ്ണിന്റെ ഗന്ധവും ഇവിടേയും ഓര്‍മ്മകളെ കുളിരണിയിക്കുന്നു. വിഷുക്കാലത്തെ ഇടിമുഴക്കവും മിന്നല്‍ പിണരുകളും കുട്ടികള്‍ പൊട്ടിക്കുന്ന പടക്കങ്ങള്‍ക്കും കത്തിച്ച് വിടുന്ന വര്‍ണ്ണസ്ഫുല്ലിംഗങ്ങള്‍ക്കും പകരമാണെന്നു കവി പറയുന്നു. വിഷു ദിനത്തില്‍ ആദ്യ കിരണങ്ങള്‍‍ പതിക്കും മുമ്പേ മലയാളികള്‍ കണികാണുന്ന വസ്തുക്കളില്‍ ( ഗ്രന്ഥവും സ്വര്‍ണ്ണപ്പതക്കവും) വിദ്യയുടേയും ധനത്തിന്റെയും ദേവതമാരുടെ സാന്നിദ്ധ്യമുണ്ടെന്നും കവി കാണുന്നു. സൂര്യന്‍ ഒരേ കണ്ണു കൊണ്ട് എല്ലാം കാണുന്ന പോലെ നമ്മള്‍ കണി കാണാന്‍ വച്ചിരിക്കുന്ന വിവിധ വസ്തുക്കളെ ഒരേ കണ്ണാല്‍ കാണുന്നു. അതെപോലെ കണി കാണാന്‍ നമ്മള്‍ തുറക്കുന്ന കണ്ണു അദ്വൈതം എന്ന ശാശ്വത സത്യത്തിലേക്കാണെന്നും സമര്‍ത്ഥിക്കുന്നു. പടക്കം പൊട്ടിച്ചും കണി കണ്ടും വിഷുക്കട്ട കഴിച്ചും ആഘോഷിക്കുമ്പോള്‍ ഈ വിശേഷ ദിനം മനുഷ്യര്‍ക്ക് ചില പാഠങ്ങള്‍ നല്‍കുന്നു എന്നും ഓര്‍ക്കുക.

സന്ധ്യ മയങ്ങുമ്പോള്‍ ചക്രവാക പക്ഷികളെപ്പോലെ പ്രവാസികള്‍ മനസ്സിലെ നൊമ്പരം അടക്കി അവരുടെ ജന്മനാട്ടിലേക്ക് അകക്കണ്ണുകൊണ്ട് നോക്കി നില്‍ക്കുന്നു. അകലെയാണെങ്കിലും അത് അരികില്‍ തന്നെ അല്ലെങ്കില്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുന്നു. ഗൃഹാതുരത്തിന്റെ ഇരുട്ട് പതുക്കെ വ്യാപിക്കുന്നു. നാട്ടില്‍ നമ്മളെ ആരും ഓര്‍ക്കുന്നില്ല എന്ന് പരശുരാമനേപ്പോലെ ഒരു വിഷാദചിന്തയും അപ്പോള്‍‍ മനസ്സാകെ നിറയുന്നു.

ഗൃഹാതുരത്വം മറക്കാന്‍ എല്ലാവരുമൊത്ത് ഈ മറുനാട്ടില്‍ വിഷു ആഘോഷിക്കുക. എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ വിഷു നേരുന്നു.

Generated from archived content: essay1_apr13_13.html Author: sudheer_panikkaveettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here