(ശ്രീമതി സരോജ വർഗീസിന്റെ ആത്‌മകഥ ഃ ഓർമ്മയുടെ സരോവര തീരങ്ങളിൽ-ഒരാസ്വാദനം)
പ്രശസ്‌തരായവർക്ക് മാത്രമെ ജീവചരിത്രം എഴുതാൻ കഴിയു, അവർ മാത്രമെ എഴുതാവു അല്ലെങ്കിൽ അവർ മാത്രമെ അതു നിർവഹിക്കാറുള്ളു എന്ന് ഒരു പൊതു ധാരണയുണ്ട്. അറിയപ്പെടാത്ത പലരും അവരുടെ ജീവിത ചരിത്രം എഴുതിയപ്പോഴാണ് പ്രശസ്‌തരായത്…. വെറുതെ വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടി ആവശ്യമില്ലാത്ത വിവാദങ്ങൾ ചേർത്ത് പ്രസിദ്ധിനേടുന്നവരുമുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരി ശ്രീമതി സരോജ വർഗീസിന്റെ ആത്മകഥ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു തലം പൂണ്ട് നിൽക്കുന്നു. ഭാഗ്യവശാൽ സംഘർഷങ്ങളും, പ്രതിസന്ധികളും, സങ്കടങ്ങളും കൊണ്ട് സംഭവബഹുലമായ ഒരു ജീവിതമല്ലായിരുന്നു ശ്രീമതി സരോജയുടേത്. ഹൈന്ദവ പുരാണങ്ങളിൽ സരോജം അല്ലെങ്കിൽ താമര, ഐശ്വര്യത്തിന്റെ സഫലതയുടെ, സമ്പന്നതയുടെ ഒക്കെ പ്രതീകമാണ്. ഈജിപ്‌റ്റുകാർ ഈ പുഷ്‌പത്തെ സൃഷ്‌ടിയുടേയും പുനർജന്മത്തിന്റെയും പ്രതീകമായി കാണുന്നു. ശ്രീമതി സരോജയും പേര് അന്വർഥമാക്കികൊണ്ട് ഇതു വരെ ജീവിച്ചുവെന്ന് അവരുടെ പുസ്‌തകതാളുകൾ, അല്ലെങ്കിൽ താമരയിതളുകൾ നമ്മെ മനസ്സിലാക്കിക്കുന്നു.
ശ്രീമതി സരോജ വർഗീസിന്റെ ആത്മകഥയെ അമേരിക്കയിലേക്ക് കുടിയേറി പാർത്തവരുടെ കഥകളിലൊന്നായി കാണാവുന്നതാണ്. ജീവിതത്തിന്റെ പകുതിയിലേറെ കാലമായി വിദേശത്ത് കഴിയുന്ന അവരുടെ ജീവിത കഥയുടെ ചുരുൾ നിവരുമ്പോൾ പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങളെ കുറിച്ചൊന്നും പരമാർശമില്ലെങ്കിലും ഒരു മലയാളി കുടുംബ വിശേഷങ്ങൾ അതിൽ അവിടവിടെ സ്വാഭാവികമായും വന്നുചേരുന്നു.
ആത്മകഥകളിൽ പല ഭാഗവും തിളക്കമേറി നിൽക്കുന്നുണ്ട്. എന്നാൽ അത് മിക്ക ആത്‌മകഥകളിലും ാണുന്ന ആത്‌മപ്രശംസയല്ല. ആത്മകഥകളിൽ അത് സാധാരണവും ഒരു പരിധി വരെ വായനക്കാർക്ക് അത് സ്വീകാര്യവുമാണ്. ചിലർ എഴുതുമ്പോൾ അവരെ പുണ്യാളനോ, പുണ്യാളത്തിയോ ആയി ചിത്രീകരിക്കാറുമുണ്ട്. (Biographyക്ക് പകരം Hagiography) ശ്രീമതി സരോജ വർഗീസ് സത്യസന്ധമായി അവരുടെ ജീവിതാനുഭവങ്ങൾ അടുക്കും ചിട്ടയുമായി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ്. കൂടാതെ അനുഗ്രഹീത എഴുത്തുകാരിയായ അവർ അനേകം ലേഖനങ്ങളിലൂടെ, കഥകളിലൂടെ അവരുടെ ജീവിത ദർശനവും, കാഴ്‌ചപ്പാടും നമ്മളിലേക്ക് പകർന്ന് തന്നിട്ടുമുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്ന ശ്രീമതി സരോജ വർഗീസിൽ നിന്നും വളരെ അകലെയല്ല അവർ എന്നാണ് ഈ ജീവിത കഥ സുവ്യക്തമാക്കുന്നത്…. അങ്ങനെ സംഭവിച്ചത് ജീവിത ശൈലിയിലും അതെകുറിച്ചു എഴുതിയതിലും സത്യസന്ധത പാലിച്ചത് കൊണ്ടാണ്. ജീവിതം ഒരു തുറന്ന പുസ്‌തകം പോലെ എന്ന ചൊല്ലും ഒരു പരിധി വരെ ഇവിടെ അന്വർഥമാകുന്നു. ഒരു ആത്മകഥ എഴുതാൻ മാത്രം ശ്രീമതി സരോജ വർഗീസ് ആരാണ് എന്ന ചോദ്യം അവരെപ്പറ്റി കേട്ടിട്ടുള്ളവർ ചോദിച്ചേക്കാം. ഒരു മാതൃക കുടുംബിനി, എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക എല്ലാറ്റിലും ഉപരി വേദ പുസ്‌തകങ്ങളിൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്ന ഒരു നിറഞ്ഞ ഭക്ത. അൽപ്പാൽപ്പം കവിതകളും എഴുതുന്ന കവിയിത്രി അങ്ങനെ അവരെ വിശേഷിപ്പിക്കാം. ആ വിശേഷണം നമ്മൾക്ക് അവരുമായുള്ള പരിചയത്തിന്റെ ഒരു പരിഛേദം മാത്രമാണ്. ആത്മകഥ വായിക്കുമ്പോൾ അവരിലുള്ള ആദർശ ശുദ്ധിയും, സ്വഭാവ മഹിമയും, കുലിനത്വവുമുള്ള, സർവ്വോപരി പരീക്ഷണങ്ങളിൽ പതറാതെ നിന്ന് ദൈവവിശ്വാസത്തിൽ അടിയുറച്ച് മുന്നോട്ട് നീങ്ങുന്ന ഒരു മാതൃകസ്‌ത്രീ രത്നമാണവർ എന്ന് നാം കാണുന്നു. അങ്ങനെയുള്ളവർ ധാരാളമുണ്ടല്ലോ; അവർക്കൊന്നും ഇങ്ങനെ എഴുതാൻ കഴിയുന്നില്ലല്ലോ? എന്ന ചോദ്യം ഉയരാം.
ആ കഴിവ് ശ്രീമതി സരോജയെ വ്യത്യസ്‌തയാക്കുന്നു. പുസ്‌തകത്തിൽ ആത്മപ്രശംസക്ക് ഊന്നലും, പ്രാധാന്യവും ശ്രീമതി സരോജ വർഗീസ് കൊടുക്കാത്തതു മൂലവും വായനക്കാരൻ ചോദിക്കാം ഇതിൽ അസാധാരണമായി ഒന്നും (പ്രത്യക്ഷത്തിൽ) കാണുന്നില്ലെന്ന്. അസാധാരണമൊന്നുമില്ലാത്ത ഒരു സാധാരണ ജീവിത ചരിത്രം എന്നു വിധിയെഴുതുന്നവർ മറക്കുന്ന/ചിന്തിക്കാത്ത ഒരു കാര്യം ചുരുക്കമായി സ്‌പർശിക്കുകയാണീ ആസ്വാദനത്തിൽ സാധാരണത്വത്തിലെ അസാധാരണത്വമാണ് പുസ്‌തകത്തിന്റ മേന്മ.
ശ്രീമതി സരോജ വർഗീസിന്റെ ആത്മകഥയിൽ നേട്ടങ്ങളാണ് കൂടുതൽ. അമേരിക്കയിലെ ഒരു ആസ്‌പത്രിയിൽ ഉദ്യോഗത്തിനുള്ള നിയമനവും കൊണ്ടാണ് അവർ വരുന്നത്. തുടക്കം തന്നെ സുഗമം അതുകൊണ്ട് തന്നെ പിന്നീടുള്ള ജീവിത യാത്രയിൽ മുള്ളുകളേക്കാൾ വിധി അവർക്കു വേണ്ടി പൂക്കൾ വിതറി. അതിന് അവർ ദൈവത്തോട് അളവറ്റ നന്ദി പുസ്‌തകത്തിൽ പലയിടത്തും പറയുന്നുണ്ട്. മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിൽ അവർക്കുണ്ടായിട്ടുള്ള തിക്‌താനുഭവങ്ങളെ പലരും ചെയ്യാറുള്ളപോലെ അമിതമായി വർണ്ണിക്കുന്നില്ല. മറിച്ച് ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളും നന്മകളും വിവരിക്കാനാണ് അവർക്ക് ഉത്‌സാഹം. ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്‌നേഹിപ്പാൻ ഞാനാരാണെൻ ദൈവമെ എന്ന് അവർ ഹൃദയം തുറന്ന് പാടുന്നു.
ശ്രീമതി സരോജയുടെ ജീവചരിത്രം അതിന്റെ വിശുദ്ധിയോടും എളിമയോടും കൂടി പ്രകാശിച്ച് നിൽക്കുന്നു. ജീവചരിത്രം എങ്ങനെ ആയിരിക്കണമെന്നു നിയമങ്ങൾ ഒന്നുമില്ലെന്നും ശ്രീമതി സരോജ വ്യക്തമാക്കുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ നിറം പിടിപ്പിച്ചും മോടി കൂട്ടിയും അല്ലെങ്കിൽ കാൽപ്പനിക ഭാവങ്ങൾ അലിയിച്ചും പലരും എഴുതാറുണ്ട്. ശ്രീമതി സരോജ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങളെ അതിശയോക്‌തി കലർത്താതെയാണ് പറഞ്ഞിരിക്കുന്നത്. അത്‌കൊണ്ട് ആ ആവിഷ്‌കാര ശൈലി ലളിതവും, നൂതനവും, മേന്മയുമുള്ളതായി. പ്രണയത്തേയും വിവാഹജീവിതത്തെയും പറ്റി അറിയാനായിരിക്കും ഒരു സ്‌ത്രീയുടെ ജീവിത കഥ കിട്ടുമ്പോൾ വായനക്കാരൻ ശ്രദ്ധിക്കുന്നത്. ഇവരുടെ ജീവിതത്തിൽ അവിചാരിതമായി കണ്ടുമുട്ടിയ ഒരാൾ തന്നെ ജീവിത പങ്കാളിയായി വരുന്നു. കണ്ടുമുട്ടുന്നതും ഒരു കൂട്ടുകാരിയുടെ വീട്ടിൽ വച്ചാണ്. സുരക്ഷിതമായ കണ്ടുമുട്ടൽ. വളരെ വിശുദ്ധമായ ഒരു സൗഹൃദം കാരണവന്മാരിലൂടെ നേരെ വിവാഹത്തിലെത്തുന്നത് മൂലം പ്രണയത്തിന്റെ മാധുര്യവും തീഷ്‌ണതയും സ്വാഭാവികമായി അറിയാൻ/അനുഭവിക്കാൻ വഴിയില്ല. തന്നെയുമല്ല ആദ്യസമാഗമത്തിൽ ഒരു പ്രേമം മൊട്ടിടുന്നുമില്ല. പ്രണയമായിരുന്നോ എന്ന് സ്വയം ചോദിച്ച് കൊണ്ട് ഒരു നല്ല സൗഹൃദ ബന്ധത്തെപ്പറ്റിയും പറയുന്നുണ്ട്. ഞാൻ താമരയാണ് വെള്ളത്തിൽ നിന്നാലും വെള്ളം തൊടുന്നില്ലെന്നു ധ്വനി. അങ്ങനെ ഒരു സംഭവം വിവരിക്കുന്നത് തന്നെ ഹൃദയശുദ്ധിയുടേയും തെളിഞ്ഞ മനസ്സാക്ഷിയുടേയും ഒരു അനാവരണമാണ്. ഒരു പക്ഷെ യഥാസ്‌തികത്തിന്റെ വേലികെട്ടിൽ സംതൃപ്‌തമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു അവർ എന്നു അതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. യുവതികളിൽ പ്രകടമാകേണ്ട സ്വഭാവശുദ്ധിക്ക് ഒരു മാതൃക കാട്ടുകയാണ് എഴുത്തുകാരി.
നാൽപ്പത് വർഷത്തെ ആതുരസേവനത്തോടൊപ്പം കുടുംബം, സമൂഹം, മതപരമായ കൂട്ടായ്‌മകൾ, സാഹിത്യ പ്രവർത്തനങ്ങൾ, ദാനധർമ്മ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടി വന്നപ്പോഴെല്ലാം സ്വയം വളർന്ന് വന്ന സാഹചര്യവും മാതാപിതാക്കളിൽ നിന്നും ആർജ്ജിച്ച സ്വഭാവ ശുദ്ധിയും അവർക്ക് വഴികാട്ടി. അമേരിക്കയിലെ കണ്ണഞ്ചിക്കുന്ന ജീവിത പ്രവാഹത്തിൽ ഒലിച്ച് പോകാതെ (മെൽടിങ്ങ് പോട്ടിൽ പൂർണ്ണമായി അലിഞ്ഞ് ചേരാതെ ഗ്രാമത്തിന്റെ വിശുദ്ധിയും, എളിമയും, സാംസ്‌കാരിക പൈതൃകവും കൈവിടാതെ അവർ കാത്ത് സൂക്ഷിച്ചു) അവർ ഒരു സന്തുഷ്‌ട കുടുംബം സ്‌ഥാപിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികൾക്ക് അവരുടെ മക്കൾ വളർന്ന് വിവാഹപ്രായമാകുമ്പോൾ, മക്കൾ അവരുടെ ഇണയെ സ്വന്തം ഇഷ്‌ടത്തിനു കൊണ്ടുവരുമ്പോൾ, മാനസിക സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും നമ്മൾ അറിയുന്നില്ലെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഇതിന്റെ പേരിൽ അരങ്ങേറ്റം നടത്താറുണ്ട്. ഇതുമൂലം ചില മാതാ-പിതാക്കൾ നിത്യ രോഗികളാകുകയോ, മരിക്കുകയോ ഒക്കെ ചെയ്യുന്നു. ശ്രീമതി സരോജയുടെ പുത്ര വധുവായി വന്ന പെൺകുട്ടി ഒരു വെളുത്ത അമേരിക്കകാരിയാണ്. പൗരസ്‌ത്യ-പാശ്ചാത്യ സംസ്‌കാരങ്ങളുടെ സംഗമമായി കണ്ട് മനുഷ്യർ നിർണ്ണയിക്കുന്ന വിവേചനങ്ങൾക്ക് ഉപരിയായി ഇരു കുടുംബങ്ങളും ചേർന്ന് മകന്റെ വിവാഹം അവർ ഗംഭീരമാക്കുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന വചനം ശ്രീമതി സരോജ മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
സ്വന്തം മാതാവിനോടും, ദൈവപുത്രനോടുമുള്ള സ്‌നേഹവിശ്വാസങ്ങൾ അവരുടെ ഓരോ തുടിപ്പിലുമുണ്ടെന്നു പുസ്‌തകത്തിലെ ഓരോ വരിയും വ്യക്തമാക്കുന്നു. അചഞ്ചലമായ ദൈവവിശ്വാസവും, സ്വർഗസ്‌ഥരായ മാതാപിതാക്കളെപ്പറ്റിയുള്ള നിരന്തമായ ഓർമ്മയും ജീവിതത്തിൽ ആഗന്തുകങ്ങളായി വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ അവർക്ക് കരുത്ത് പകരുന്നു.
ആത്‌മകഥകൾ സ്വയം ജീവിതത്തെ പരിശോധിക്കാനും വിലയിരുത്താനും എഴുത്തുകാർ ഉപയോഗപെടുത്തുമ്പോൾ ആ അനുഭവങ്ങളുടെ വെളിച്ചം വായനക്കാരന്റെ ജീവിതത്തിലേക്കും വീശുന്നു. ജീവിതത്തിലെ വെല്ലുവിളികളെ അവർ എങ്ങനെ അഭിമുഖീകരിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം, ആത്മസംതൃപ്‌തി അതിലൂടെ അതെല്ലാം മറ്റുള്ളവർക്കും മാർഗ്ഗദർശനമാകാനും സാധിക്കും. ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങൾ അവ നൽകിയ ആത്മനിർവൃതി. പിൽക്കാലത്ത് അതിന്റെ ഓർമ്മ പകരുന്ന അനുഭൂതി. നമ്മുടെ സങ്കല്‌പ്പത്തിൽ നിന്നും വ്യത്യസ്‌തമായ ജീവിത താൽപ്പര്യങ്ങളുള്ളവരുമായി കൂട്ടിമുട്ടുമ്പോൾ അവരിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനുള്ള ധൈര്യം അതിൽ കുണ്‌ഠിതപെടാതെ മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം ഇതെല്ലാം നേടിയത് നിത്യ പ്രാർത്ഥനകളിലൂടേയും യേശുദേവനിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെയും ബലം കൊണ്ടാണെന്ന് അവർ ഓരോ വിവരണങ്ങളിലൂടെ വായനക്കാരനെ അറിയിക്കുന്നു. ഉദ്യോഗരംഗത്ത് കണ്ടുമുട്ടിയ സന്യാസികളിൽ നിന്നുമുണ്ടായ അനുഭവങ്ങൾ ഒരു പാഠമായി അവർ മനസ്സിലാക്കുന്നു. സ്വാർഥതൽപ്പരരും സങ്കുചിതമനോഭാവമുള്ളവരുമായി അവർ ഏത് ഉന്നത സ്‌ഥാനം വഹിക്കിലും അവരിൽ നിന്നും അകന്നു നിൽക്കാനുള്ള വ്യക്തി പ്രഭാവം അവർക്കുണ്ടായിരുന്നു. അതു ശ്രീമതി സരോജയുടെ പിൽക്കാല ജീവിതാനുഭവങ്ങളിലും അവർ വികസിപ്പിച്ചെടുക്കുന്നതായി കാണുന്നു.
സത്യസന്ധതയോടെ എഴുതുമ്പോഴും എല്ലാ വിവരണങ്ങളിലും വളരെ സൂക്ഷ്‌മമായ സമീപനം പാലിച്ചിട്ടുണ്ട്. ജീവിതചരിത്രം വായിച്ച് തീരുമ്പോൾ ശ്രീമതി സരോജയുടെ ജീവിത സാഫല്യം വായനക്കാർ മനസ്സിലാക്കുന്നു. ജീവിതത്തിലെ എല്ലാ റോളുകളും ഭംഗീയായി നിർവ്വഹിച്ചു. അത് എങ്ങനെയെന്നാണ് അവർ ലളിതമായി പ്രതിപാദിച്ചിരിക്കുന്നത്. ബാല്യ കാലത്ത് കുടുംബത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയപ്പോൾ ഉദ്ദേശിച്ച വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ലെങ്കിലും നേടിയ വിദ്യാഭ്യാസത്തിൽ സംതൃപ്‌തയായി അതിലൂടെ ജീവിത പുരോഗതി പ്രാപിക്കാനുള്ള ആത്മധൈര്യവും ഉത്സാഹവും അവർ കാണിച്ചു വിജയിച്ചു.
എഴുത്തിൽ കാണിച്ച സൂക്ഷ്‌മതയും സത്യസന്ധതയും ജീവിതത്തിൽ ഉടനീളം അവർ പാലിക്കുന്നുണ്ട്. അതു ഒരു താമരപൊയ്‌ക പോലെ സുന്ദരവും പ്രശാന്തവുമായിരുന്നു. അതിൽ താമരപൂക്കൾ പോലെ അവരുടെ സൗഭാഗ്യങ്ങൾ വിരിഞ്ഞു. താമര വിടരാൻ സൂര്യ രശ്‌മികൾ സഹായിക്കുന്ന പോലെ ഈ ജീവചരിത്രത്തിൽ അവർ എപ്പോഴും വാഴ്‌ത്തുന്ന ഒരു സൂര്യപ്രകാശം യേശു ദേവനാണ്. ഈശ്വര വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം നയിച്ച് ഇത് വരെ ജീവിത സാഫല്യം നേടിയ ഒരു മഹതിയുടെ ജീവചരിത്രമാണ് ഇത്, എല്ലാവിധ നന്മകളോടും കൂടി ഇനിയും അനേകം വർഷം സന്തോഷത്തോടും ആരോഗ്യത്തോടുംകൂടി ജീവിക്കാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ ആസ്വാദനം ഉപസംഹരിക്കുന്നു. (പുസ്‌തകത്തിന്റെ കോപ്പി ആവശ്യമുള്ളവർ ശ്രീമതി സരോജ വർഗീസുമായി ബന്ധപ്പെടുക. ഇ-മെയിൽഃ sarojavarghese@yahoo.com, ഫോൺ ഃ 718-347-3828)
പ്രസാധനം – പ്രഭാത് ബുക്ക് ഹൗസ്.
വില – 110&-
Generated from archived content: book1_jan22_11.html Author: sudheer_panikkaveettil